26 April Friday

മഞ്ഞലകൾ നീക്കി നിറകുടം; സഞ്ചാരികൾ ഇടുക്കിയിലേക്ക്‌

സജി തടത്തിൽUpdated: Monday Oct 26, 2020
ചെറുതോണി > മഞ്ഞലകളും മഴക്കാറും നീങ്ങി നിറകുടം തുളുമ്പാനൊരുങ്ങിയതോടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇടുക്കി. കുളമാവ്‌, ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക്‌ നടുവിൽ കോട്ടകെട്ടിയപോലെ നീലനിറത്തിലുള്ള ജലാശയം പകരുന്നത്‌ വേറിട്ട അനുഭൂതിയാണ്‌. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394 അടി ആയതോടെ സഞ്ചാരികൾക്ക് മനോഹരകാഴ്‌ചയാണ്‌ സമ്മാനിക്കുന്നത്.
 
അണക്കെട്ട്‌ ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്ക് തുറന്നുനൽകി. ഹിൽവ്യൂ പാർക്ക്‌ തുറന്നതും ബോട്ടിങ് തുടങ്ങിയതും ഏറെ ആകർഷകമായി. വൈശാലിപ്പാറ, കൊലുമ്പൻ സ്‌മാരകം എന്നിവിടങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്‌. കോവിഡ് പ്രോട്ടോകോൾ കർശനമാണ്‌. 10 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സ്‌ കഴിഞ്ഞവരെയും ബോട്ടിലും ബഗ്ഗി കാറിലും യാത്രചെയ്യാൻ അനുവദിക്കില്ല.   അണക്കെട്ട് സന്ദർശിക്കാൻ 25 രൂപയാണ് ഫീസ്. ഹിൽവ്യൂ പാർക്ക് സന്ദർശനവും ബോട്ടിങ്ങും എല്ലാ ദിവസവും ഉണ്ടായിരിക്കും.
 
വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് ബോട്ടിങ്. 20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ സാമൂഹിക അകലം പാലിച്ച്‌ 10 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. അരമണിക്കൂറിന്‌ 145 രൂപയാണ് ഈടാക്കുന്നത്‌. അണക്കെട്ടിന്റെ സമീപ സഞ്ചാരകേന്ദ്രങ്ങളും ഉണർന്നു. ഇടുക്കി ജലാശയത്തിന്റെ മുകൾകാഴ്‌ചയൊരുക്കി കാൽവരിമൗണ്ട്‌ സഞ്ചാരകേന്ദ്രവും സജീവമായി. കരിമ്പൻ–- അട്ടിക്കളം റൂട്ടിൽ കരിമ്പൻകുത്ത്‌, ഇഞ്ചവരകുത്ത്‌ വെള്ളച്ചാട്ടങ്ങളും വന്യസൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top