28 March Thursday

ഓണത്തെ വരവേൽക്കാൻ ശാന്തൻപാറയിൽ നീലക്കുറിഞ്ഞിയും

സുധീഷ്‌ സുരേഷ്‌Updated: Sunday Aug 23, 2020

ശാന്തൻപാറ  > വസന്തത്തിന്റെ നീലിമ സമ്മാനിച്ച് ‌ശാന്തൻപാറയിൽ നീലക്കുറിഞ്ഞി പൂവിട്ടു. മൂന്നാറിൽനിന്ന്‌ ഏകദേശം 25 കിലോമീറ്റർ മാറി പൂപ്പാറയ്‌ക്കടുത്ത് പശ്ചിമഘട്ട മലനിരകളിൽപ്പെടുന്ന മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ അടുത്തായി ശാന്തൻപാറ പഞ്ചായത്തിലെ  തോണ്ടിമലയിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. പൂപ്പാറയിൽനിന്ന്‌ മൂന്ന്‌ കിലോമീറ്റർ മാറി മലകയറുന്ന വഴികൾ ഏതൊരു സാഹസിക വാഹനപ്രേമിയെയും ത്രസിപ്പിക്കും.

മലകയറി ചെന്നാൽ വഴിയുടെ ഇരുവശങ്ങളിലും മൂന്ന് ഏക്കറോളം നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നു. നീലക്കുറിഞ്ഞികൾക്ക്‌ ഇടയിലൂടെ കടന്നുവരുന്ന കാറ്റിനെ കാത്തുനിൽക്കുന്ന ആരും ‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീഷിച്ചു ഞാൻ നിന്നു’ എന്ന് മൂളാതിരിക്കില്ല. രാവിലെ മല കയറിയെത്തുന്ന മൂടൽമഞ്ഞും കുറിഞ്ഞിപ്പൂവിന്‌ അലങ്കാരമാകും. 2018ൽ രാജമലയിൽ നീലക്കുറിഞ്ഞി പൂവിട്ടപ്പോൾ പ്രളയംകാരണം ആ മനോഹര കാഴ്‌ച പലർക്കും നഷ്‌ടമായി. ഇത്തവണ തോണ്ടിമലയിൽ പൂത്തപ്പോഴും കോവിഡ് കാരണം ഈ മനോഹരദൃശ്യം ‌ പലർക്കും നഷ്ട‌മാകും. അതുകൊണ്ടുതന്നെ ഓരോ കുറിഞ്ഞിച്ചെടിയും ഇങ്ങനെ പറയുന്നുണ്ടാകും ‘ഞാൻ എന്ത് ചെയ്യാനാ, എന്നോടൊന്നും തോന്നരുതേ മക്കളേ’ എന്ന്. മലയിൽനിന്നാൽ ആനയിറങ്കൽ ജലാശയവും കാണാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top