26 April Friday
ഓണാവധിക്ക്‌ 15000 പേർ അണക്കെട്ടിലെത്തി

ചിങ്ങമാസക്കുളിരിൽ മിടുക്കിയായി ഇടുക്കി

ജോബി ജോർജ്‌Updated: Monday Sep 16, 2019

ഇടുക്കി> ചിങ്ങമാസക്കുളിരിൽ ഇടുക്കി അണക്കെട്ട്‌ സഞ്ചാരികൾക്ക്‌ സ്വന്തം. കാനനഛായയിൽ ഇടുക്കി –-ചെറുതോണി –-കുളമാവ്‌ അണക്കെട്ടുകളിലായി പരന്നുകിടക്കുന്ന നീലത്തടാകം. കൊലുമ്പൻ സ്‌മാരകം, ഡിടിപിസിയുടെ ഹിൽവ്യു പാർക്ക്‌ തുടങ്ങി വിശാലമായ കാഴ്‌ചകളാണ്‌ ഇവിടെയുള്ളത്‌. ഇടുക്കി അണക്കെട്ട്‌ നിർമാണ കാലത്ത്‌ ജലം തിരിച്ചുവിടാൻ നിർമിച്ച ഗുഹയിലാണ്‌ സംവിധായകൻ ഭരതൻ വൈശാലി സിനിമയിലെ ഗാനരംഗങ്ങൾ ചിത്രീകരിച്ചത്‌.

കടത്തനാട്ട്‌മാക്കം, ഇടുക്കി ഗോൾഡ്‌, പളുങ്ക്‌ തുടങ്ങി നിരവധി സിനിമകൾ ഒപ്പിയെടുത്തിട്ടും ഈ സൗന്ദര്യം പച്ചപ്പിലും നീലപ്പിലും കോടമഞ്ഞിലും പ്രകൃതിയുടെ വരക്കൂട്ടുകൾ അണിയുന്നു. ഋതുഭേദങ്ങൾ മാറുന്നതിനനുസരിച്ച്‌ ഇവിടത്തെ കാഴ്‌ചകളും മാറുന്നു. കുളമാവ്‌ അണക്കെട്ടിനടുത്തുനിന്നും ജലാശയത്തിലൂടെ വനംവകുപ്പിന്റെ യാത്രാബോട്ടും ഒരുക്കിയിട്ടുണ്ട്‌. കാട്ടാനയും കാട്ടുപോത്തും വെള്ളംകുടിക്കാനായി തീരത്തെത്തും. മരച്ചില്ലകളിൽ ചാഞ്ചാടി കുരങ്ങും അണ്ണാനും  മരംകൊത്തിയും വേഴാമ്പലും... തീരുന്നില്ല, ഇവിടത്തെ ജൈവവൈവിധ്യങ്ങൾ.

ഓണാവധിക്ക്‌ 15,000 പേരാണ്‌ ഇടുക്കി ജലസംഭരണിയിൽ എത്തിയത്‌. തൊടുപുഴ –- കട്ടപ്പന സംസ്ഥാനപാതയിലാണ്‌ ഇടുക്കി ആർച്ച്‌ ഡാം. ചെറുതോണി അണക്കെട്ടിന്‌ മുന്നിലുള്ള കൗണ്ടറിൽനിന്നും പ്രവേശന പാസ്‌ ലഭിക്കും. മുതിർന്നവർക്ക്‌ 25 രൂപയും കുട്ടികൾക്ക്‌ 10 രൂപയുമാണ്‌ ഫീസ്‌.

ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി അണക്കെട്ടുകൾക്ക്‌ മുകളിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറും  ട്രാവലറുമുണ്ട്‌. ചെറുതോണി അണക്കെട്ടിന്‌ മുകളിലൂടെ സഞ്ചരിച്ച്‌ ആർച്ച്‌ ഡാം വരെയെത്തി തിരികെയെത്തും ബഗ്ഗികാറുകൾ. ഒരാൾക്ക്‌ 50 രൂപയാണ്‌ ഫീസ്‌. ഇതുവരെ അഞ്ച്‌ ലക്ഷം രൂപയോളം ഹൈഡൽ ടൂറിസത്തിന്‌ വരുമാനം ലഭിച്ചു. ഇക്കുറി നവംബർ 30 വരെയാണ്‌ അണക്കെട്ട്‌ സഞ്ചാരികൾക്കായി തുറക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top