24 April Wednesday
അമൽ എന്ന ഹിച്ച്‌ ഹൈക്കറുടെ ജീവിതം

എങ്ങനെയെന്നറിയില്ല, എവിടേക്കെന്നറിയില്ല; ഈ യാത്ര

എം കെ പത്മകുമാർUpdated: Friday Sep 13, 2019



ആലപ്പുഴ
എങ്ങനെ, ഇന്ന സ്ഥലത്തേക്കെന്നില്ല. എന്നാൽ എങ്ങിനെയെങ്കിലും ഏതെങ്കിലും സ്ഥലത്തേക്ക്‌– -കഴിഞ്ഞവർഷം നവംബറിലെ തണുപ്പുള്ള ഒരു സന്ധ്യയിൽ അമൽ ജീവൻ ജെയിംസ്‌ എന്ന യുവാവിന്റെ ഹിച്ച്‌ ഹൈക്കർ ജീവിതം തുടങ്ങുന്നത്‌ ഇങ്ങിനെയാണ്‌. ഇപ്പോൾ വർഷം ഒന്നാകുമ്പോൾ ഈ ഇരുപത്തിയാറുകാരൻ കടന്നുപോയ ദേശങ്ങളുടെ പട്ടികയിൽ മുംബൈയും ഛത്തീസ്‌ഗഢും ഹിമാചൽ പ്രദേശുമൊക്കെ ഇടംപിടിച്ചു കഴിഞ്ഞു.

ദേശ സഞ്ചാരത്തെക്കുറിച്ചാണെങ്കിൽ ഇത്രയ്‌ക്കങ്ങ്‌ പറയാനുണ്ടോ എന്ന സംശയം ഉയരാം, ന്യായമാണത്‌. പക്ഷെ അമലിന്റെ യാത്രകളുടെ രീതിശാസ്‌ത്രം മനസിലാകുമ്പോഴാണ്‌ ഇതിന്റെ പ്രത്യേകത അറിയുക. മാർഗത്തെക്കുറിച്ച്‌ മുൻകൂട്ടി തീരുമാനിക്കാതെ ലക്ഷ്യം മനസിലുറപ്പിക്കാതെനിന്ന നിൽപ്പിലുള്ള യാത്രകളാണിത്‌. ‘ഹിച്ച്‌ ഹൈക്കിങ്’ എന്നറിയപ്പെടുന്ന അപരിചിതരിൽനിന്ന്‌ ലിഫ്റ്റ്‌ വാങ്ങിയുള്ള ദേശാടനം. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും, വീണിടം വിഷ്‌ണുലോകം എന്നൊക്കെയാണ്‌ ഈ യാത്രയുടെ ‘മുദ്രാവാക്യം’.

എടത്വ പാണ്ടി കരിക്കംപള്ളി തറവാട്ടിലെ അമൽ നോർത്ത്‌ പൊലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ അച്ഛന്റെ ക്വാർട്ടേഴ്‌സിലാണ്‌ കഴിഞ്ഞ ഒരു പതിറ്റാണ്ടായി താമസിക്കുന്നത്‌. എടത്വ സെന്റ്‌ അലോഷ്യസ്‌ കോളേജിൽനിന്ന്‌ ധനതത്വ ശാസത്രത്തിൽ ബിരുദം, ബംഗളൂരുവിൽ എംബിഎ പഠനം. പക്ഷെ പൂർത്തിയാക്കിയില്ല. ഇക്കാലത്താണ്‌ ആദ്യ പ്രണയമായ ഫോട്ടോഗ്രാഫിക്കൊപ്പം യാത്രകളോടും ഇഷ്‌ടം കൂടുന്നത്‌.

എറണാകുളത്ത്‌ ഹോട്ടൽ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ ഇവന്റ്‌, ഫാഷൻ ഫോട്ടോഗ്രഫിയുമായി കഴിയുമ്പോഴാണ്‌ യാത്രകളെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുന്നത്‌. ബൈക്കിൽ കറങ്ങിയാലോ എന്നായിരുന്നു ആദ്യചിന്ത. ഇതാണെങ്കിൽ എളുപ്പവും. സുഹ‌ൃത്ത്‌ ദിവ്യേന്ദ്‌ രാജീവിനൊപ്പം രൂപീകരിച്ച ‘ക്ലബ്‌ ബോസ്‌’ എന്ന ബൈക്കുകാരുടെ കൂട്ടായ്‌മയുണ്ട്‌. ഇതിൽ 150ലേറെ അംങ്ങളും. അതിനാൽ യാത്ര എളുപ്പവും. പക്ഷെ അതിലൊരു സാഹസികതയില്ല. ആയിടയ്‌ക്കാണ്‌ ഹിച്ച്‌ ഹൈക്കർമാർ ഗുരുവായി കാണുന്ന ക്രൊയേഷ്യക്കാരൻ ടോമിസ്ലാവ്‌ പെർകോയെ വായിച്ചത്‌. പിന്നെ പ്ലാൻ മാറ്റി. ലിഫ്റ്റടിച്ച്‌ നാടുചുറ്റാൻ തീരുമാനമായി. കൈയിൽ 2500 രൂപ മാത്രം. പിന്നെ അത്യാവശ്യം വസ്‌ത്രങ്ങൾ. കാനൻ 77ഡി ക്യാമറ. ശവക്കോട്ട പാലത്തിൽനിന്ന്‌ സുഹ‌ൃത്ത്‌ അസ്ഹറുദീനൊപ്പം യാത്ര തുടങ്ങി. ആദ്യം വന്ന ലോറിക്ക്‌ കൈകാണിച്ചു. അത്‌ നിർത്തി. ചേർത്തലവരെ സുഖയാത്ര. പിന്നെ ലോറിയലും കാറിലുമൊക്കെയായി വാളയാർ ചെക്ക്‌ പോസ്‌റ്റുവരെ. അവിടുന്ന്‌ ബംഗളൂരുവിലേക്ക്‌.

പഴയ താമസസ്ഥലത്ത്‌ രണ്ടുദിവസം. സ‌ുഹ‌ൃത്തുക്കൾ നൈസ്‌ റോഡിൽ കൊണ്ടുവിട്ടു. ഗോവവഴി മുംബൈയിലേക്ക്‌ പോകാനാണ്‌ തീരുമാനം. പക്ഷെ വാഹനങ്ങൾ ഒന്നും നിർത്തിയില്ല. ഒടുവിൽ ഗോവ എന്നെഴുതിയ ബോർഡുമായി കുറെ നേരം നിന്നു. ആരും കനിഞ്ഞില്ല. ഒടുവിൽ ഒരു നാഷണൽ പെർമിറ്റ്‌ ലോറി ചവിട്ടി. ഗോവയിലേക്കല്ല, നേരെ മുംബൈയിലേക്ക്‌. ഉത്തർപ്രദേശുകാരൻ ആസാദ്‌ ഭായിയാണ്‌ ഡ്രൈവർ. കേരളത്തിൽനിന്നുള്ള ഈ യുവാക്കളെ ഭായിക്ക്‌ പിടിച്ചു. പിന്നെ എല്ലാ ചെലവും ഭായിയുടെ വക. മുംബൈ നഗരത്തിനടുത്തുവരെ യാത്ര തരമായി. പിന്നെ സുഹ‌ൃത്തിന്റെ ഫ്ലാറ്റിൽ രണ്ടാഴ്‌ച. വെറുതെ മുറിയിൽ അടച്ചിരുന്നില്ല. നഗരം മുഴുവൻ കറങ്ങി. ‘ധാരാവി, ധാരാവി എന്ന്‌ കേട്ടിട്ടുണ്ടോ’ എന്ന സിനിമ ഡയലോഗ്‌ മനസിലോർത്ത്‌ പ്രശസ്‌തമായ ചേരിയിൽ ചെന്നു. പക്ഷെ പറഞ്ഞ്‌  പേടിപ്പിച്ചപോലെ വെട്ടും കുത്തും ഒന്നും കണ്ടില്ല. സാധാരണ ജീവിതം നയിക്കുന്ന കുറേ മനുഷ്യർ. പിന്നെ ദിവസവും അങ്ങോട്ടേക്കായി യാത്ര അവിടുത്തെ കുട്ടികളുമായി കൂട്ടുമായി. ക്രിസ്‌മസ്‌ അടുത്തതോടെ വീട്ടിലേക്ക്‌ മടങ്ങി.

പിറന്നാൾ മണാലിയിൽ ആഘോഷിക്കണമെന്ന മോഹത്തോടെയാണ്‌ മാർച്ചിൽ 2000 രൂപയുമായി അടുത്തയാത്ര പുറപ്പെട്ടത്‌. കൂട്ടുകാരൻ  റോഹൻ ഒപ്പം. പക്ഷെ ജന്മദിനമായ 26ന്‌ ചത്തീസ്‌ഗഢിൽ എത്താനേ കഴിഞ്ഞുള്ളൂ. അവിടെ യാത്രാമധ്യേ പരിചയപ്പെട്ട ക്യാപ്റ്റൻ ഗില്ലിന്റെ ആതിഥേയത്വത്തിൽ ഗംഭീരമായി ബർത്ത്‌ഡേ ആഘോഷിച്ചു. പിന്നെ ലോറിയിലും സ്‌കൂട്ടറിലും ബസിലുമൊക്കെയായി മണാലിയിലെത്തി. അവിടെ വൈശ്യംഭാഗംകാരൻ ധനേഷ്‌ ആതിഥേയനായി. രണ്ടാഴ്‌ച മലകയറ്റവും കാഴ്‌ച കാണലുമായി കൂടി. പിന്നെ ഡൽഹിവഴി നാട്ടിലേക്ക്‌.

യാത്രയ്‌ക്ക്‌ താൽക്കാലികമായി അവധി നൽകിയിരിക്കുകയാണിപ്പോൾ.  അടുത്ത യാത്രയ്‌ക്കുള്ള പണം സമാഹരിക്കണം. അതിനായി ഫോട്ടോഗ്രഫിയിൽ സജീവമായുണ്ട്‌. ഇന്ത്യ മുഴുവൻ കറങ്ങണം. അതാണ്‌ അമലിന്റെ അടുത്ത ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top