24 April Wednesday

ഇതാ യഥാർത്ഥ ജീവിതത്തിലെ "അമ്പിളി"; അങ്കമാലി ടു ഹിമാലയം അപ്പൂപ്പന്റെ ഹെര്‍ക്കുലിസ് സൈക്കിളിൽ

സ്വന്തം ലേഖകന്‍Updated: Monday Nov 11, 2019

കൊച്ചി > മലയാളികൾ ബുള്ളറ്റിലും ബൈക്കിലുമൊക്കെ ഉത്തരേന്ത്യയിലെ മഞ്ഞുപുതച്ച മലകൾ കയറിത്തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. ട്രിപ്പന്മാർക്ക്‌ പ്രചോദനമായി നീലാകാശം പച്ചക്കടലും ചുവന്ന ഭൂമിയും ഗപ്പിയുമൊക്കെ ഇറങ്ങി. അമ്പിളിയിൽ സൈക്കിൾ ചവിട്ടി ഹിമാലയത്തിലേക്ക്‌ പോകുന്നതും കണ്ടു. യഥാർത്ഥ ജീവിതത്തിലെ അമ്പിളിയെ പരിചയപ്പെടുത്തുകയാണ്‌ റിനോയ്‌ സെബാസ്‌റ്റ്യൻ സംവിധാനം ചെയ്‌ത "ദ റിയൽ അമ്പിളി' എന്ന ഡോക്യുമെന്ററി. അങ്കമാലിക്കാരനായ എവിന്‍ രാജുവാണ്‌ അപ്പൂപ്പന്റെ പഴയ ഹെര്‍ക്കുലിസ് സൈക്കിളും എടുത്ത്‌ ഹിമാലയം കറങ്ങിയത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ കര്‍ദുങ്ല പാസിലേക്കാണ്‌ എവിൻ സൈക്കിള്‍ ചവിട്ടി കയറിയത്‌.  യാത്രയിലെ ചെലവുകൾക്കായി ചെറിയ ജോലികൾ ചെയ്തും കാഴ്ചകൾ കണ്ടുമായിരുന്നു എട്ടുമാസം നീണ്ട എവിന്റെ യാത്ര.

ലഡാകിൽ ഒരു മ്യൂസിക്‌ വീഡിയോയുടെ ഷൂട്ടിന്‌ വേണ്ടി എത്തിയതാണ്‌ സംവിധായകൻ റിനോയ്‌. അവിടെ ഒരു റസ്‌റ്റോറന്റിൽവച്ചാണ്‌ എവിനെ കാണുന്നത്‌. എവിന്റെ കഥകളും യാത്രയോടുള്ള ഇഷ്‌ടവുമെല്ലാം കേട്ടപ്പോൾ ഒരു ചെറിയ വീഡിയോ ചെയ്‌താലോ എന്ന്‌ റിനോയ്‌ക്ക്‌ തോന്നി. അങ്ങനെ രണ്ട്‌ ദിവസംകൂടി അവിടെ താമസിച്ച്‌ എവിന്റെ യാത്രയുടെ വിവരങ്ങൾ ചിത്രീകരിച്ചു. കർതുങ്‌ലാ പാസിലൂടെ ഷൂട്ടിങ്ങിനായി വീണ്ടും സൈക്കിൾ ചവിട്ടി.

സിനിമാറ്റിക്കായ റീക്രിയേഷൻ പോലെയാണ്‌ യാത്രയുടെ ചിത്രീകരണം. കാണുന്ന ഏതൊരാൾക്കും യാത്രചെയ്യാൻ പ്രചോദനം തോന്നുന്ന വീഡിയോ ആണ്‌ "ദ റിയൽ അമ്പിളി'.

ജനുവരി 27ന് പുലര്‍ച്ചയൊണ് എവിന്‍ തന്റെ അപ്പച്ചന്റെ ഹെര്‍ക്കുലിസ് സൈക്കിളില്‍ ഹിമാലയത്തിലേക്ക് യാത്ര തിരിക്കുന്നത്. പക്ഷേ യാത്രയുടെ ചെലവിന് വേണ്ടുന്ന പണം കൈയിലുണ്ടായിരുന്നില്ല. നാട്ടിലെ ഒരു സുഹൃത്തിന്റെ കൂടെ കാറ്ററിംങ് പോലെയുള്ള ചെറിയ ജോലികള്‍ക്ക് പോയി കിട്ടിയ പണം കൊണ്ടാണ് യാത്രക്കായൊരുങ്ങിത്. അങ്ങനെ ഏതാനും ജോഡി വസ്ത്രങ്ങളും സൈക്കിള്‍ പമ്പും മാത്രം കൈയില്‍ കരുതി എവിന്‍ യാത്ര തിരിച്ചു.



കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ചണ്ഡിഗഢ്, ഒടുവില്‍ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ എത്തി. വെറുതേ പോവുകയല്ല കടന്നുപോയ ഈ സംസ്ഥാനങ്ങളിലെ പ്രധാനസ്ഥലങ്ങളായ വശിഷ്ഠ്, സൂററ്റ്, പോര്‍ബന്തര്‍, റാണ്‍ ഒഫ് കച്ച്, ജയ്പുര്‍, ഉദയ്പുര്‍, ജോധ്പുര്‍,പുഷ്‌കര്‍,ആഗ്ര, താജ്മഹല്‍, ഡൽഹിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ കണ്ടാണ് മണാലിയിലെത്തിയത്. സൈക്കിളിൽ യാത്ര ചെയ്യുക എന്നതായിരുന്നില്ല എവിന്റെ ആഗ്രഹം. പകരം ഈ സ്ഥലങ്ങളെല്ലാം കണ്ട് ആസ്വദിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ സൈക്കിൾ കൊണ്ട്പോകാൻ ബുദ്ധിമുട്ടുണ്ടായ സ്ഥലങ്ങളിലെല്ലാം സൈക്കിള്‍ ഒതുക്കി വെച്ച് പൊതുഗതാഗതം ഉപയോഗിച്ചു.

നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്ത് സ്വരുക്കൂട്ടിയ പണം കൊണ്ടാണ് എവിന്‍ യാത്ര തുടങ്ങിയത്. ഛണ്ഡീഗഡില്‍വെച്ച് കൈയില്‍ കരുതിയിരുന്ന പണവും ഭക്ഷണവും തീര്‍ന്ന സാഹചര്യമുണ്ടായി. പിന്നീടുണ്ടായ ഓരോ സാഹചര്യത്തിലും നിരവധിപേരാണ് സഹായിച്ചത്. "യാത്രക്കിടെ കൈയിൽ കാശില്ലാതെ വിശന്ന് വലഞ്ഞിരുന്ന എനിക്ക് ഛണ്ഡീഗഡിലെ ടോള്‍പ്ലാസയില്‍ വെച്ച് ഭക്ഷണം നല്‍കിയ സണ്‍ഫില്‍റ്റര്‍ വില്‍ക്കുന്നവർ, അജ്മീരില്‍ വെച്ച് വയറ് നിറയെ ഭക്ഷണം വാങ്ങി നല്‍കിയ മുറുക്കാന്‍ കടയിലെ ചേട്ടൻ, മണാലിയില്‍ സഹായം ചെയ്തു തന്ന സുഹൃത്ത് ഗവന്‍, കര്‍ദുംഗ്ളയിലെ മലയാളി പട്ടാളക്കാർ, ഇവരെയൊന്നും മറക്കാന്‍ കഴിയില്ല. ഡൽഹിയിൽവെച്ച് രണ്ട് തവണ ഫോൺ മോഷണം പോയി. അങ്ങനെയുള്ള സംഭവങ്ങളൊഴിച്ചാൽ ജീവിതത്തിലെ മനോഹരമായ സമയമായിരുന്നു."- എവിൻ പറയുന്നു.

ഡോക്യുമെന്ററി ചുരുങ്ങിയ ദിവസംകൊണ്ട്‌ രണ്ടരലക്ഷം പേർ കണ്ടുകഴിഞ്ഞിട്ടുണ്ട്‌. സംവിധാനവും കാമറയും റിനോയ്‌ തന്നെയാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. സുഹൈൽ ബക്കറാണ്‌ സൗണ്ട്‌ ഡിസൈനും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്‌, സംഗീതം ആശാജീവൻ, കളർ നികേഷ്‌ രമേഷ്‌, സൗണ്ട്‌ മിക്‌സ്‌ ഡാൻ ജോസ്‌, അസി. കാമറ ടോജോ കപ്പിത്താൻ, സബ്‌ ടൈറ്റിൽ ലിഡിയ പ്രസാദ്‌, പോസ്‌റ്റ്‌ സ്‌റ്റുഡിയോ മാഡ്‌ റിവർ പോസ്‌റ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top