25 May Saturday
തെരഞ്ഞെടുപ്പ് യാത്രകള്‍

വിപ്ലവനായകന്‍ സുന്ദരയ്യയുടെ നാട്ടില്‍; അമരാവതിയുടെ ഹൃദയം തേടി

വി ജെയിന്‍Updated: Friday May 24, 2019

വി ജയിന്‍

വി ജയിന്‍

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി തമിഴ്നാട്ടിലും ആന്ധ്രയിലും ഉത്തര്‍പ്രദേശിലും നടത്തിയ
യാത്രകളെപ്പറ്റി ദേശാഭിമാനി സ്‌പെ‌ഷ്യല്‍ കറസ്‌പോണ്ടന്റ്
വി ജയിന്‍ എഴുതുന്നു.

കൊടുംചൂടില്‍ ആന്ധ്രയുടെ തെക്കുനിന്ന് വടക്കോട്ടുള്ള യാത്രയാണ്. നെല്ലൂര്‍, ഓംഗോള്‍ തുടങ്ങി പരിചയമുള്ള സ്ഥലങ്ങളാണ്. നെല്ലൂരില്‍ വിശദമായ സന്ദര്‍ശനം മുമ്പ് നടത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും തെലങ്കാന സമരനായകനുമായ പി സുന്ദരയ്യയുടെ വീട്ടില്‍ പോയിട്ടുണ്ട്. അത് 10 വര്‍ഷം മുമ്പാണ്.

വൈകുന്നേരം ഏഴ് മണിയായി വിജയവാഡയിലെത്താന്‍. ബസ് സ്റ്റാന്‍ഡിലിറങ്ങി നേരേ പ്രജാശക്തി ഓഫീസിലേക്ക് പോയി. ബസവപുന്നയ്യ വിജ്ഞാനകേന്ദ്രത്തിന്റെ ഒരു നിലയിലാണ് പ്രജാശക്തി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവിടെയെത്തി ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ തുളസീദാസിനെയും ചീഫ് എഡിറ്റര്‍ ശര്‍മയെയും കണ്ടു. ആന്ധ്ര, കേരള രാഷ്ട്രീയത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. അടുത്ത ദിവസം അമരാവതിയില്‍ പോകണമെന്നും പുതിയ തലസ്ഥാനനിര്‍മ്മാണത്തിന് ഇരയാവുന്ന കര്‍ഷകരെ കാണണമെന്നും പറഞ്ഞു.

ബ്യൂറോ ചീഫ് വല്ലഭനേനി സുരേഷിനെയാണ് എനിക്ക് സഹായിയായി നിശ്ചയിച്ചുതന്നത്. അടുത്തുതന്നെയുള്ള ഒരു ലോഡ്ജും ശരിയാക്കി തന്നു. ഭക്ഷണം കഴിക്കാനുള്ള സ്ഥലവും കാണിച്ചുതന്നു സുരേഷ്. അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് വരാമെന്നു പറഞ്ഞ് പോയി. രാവിലെ ഏഴരയ്ക്കുതന്നെ ഞാന്‍ തയ്യാറായി. സുരേഷ് എട്ട് മണിക്ക് എത്തിയില്ല. ഒന്‍പത് മണിയായപ്പോള്‍ എത്തി. നേരേ അമരാവതിയിലേക്ക് പുറപ്പെട്ടു.

വിജയവാഡയില്‍ നിന്ന് കൃഷ്ണാ നദിയിലെ പാലം കടന്നാല്‍ ഗുണ്ടൂര്‍ ജില്ലയായി. പാലം കടന്നാലുടന്‍ പെനുമാക എന്ന ഗ്രാമമാണ്. കൃഷിയാണ് ഇവിടെ പ്രധാന ജീവിതമാര്‍ഗം. അമരാവതിയിലേക്കുള്ള റോഡിലൂടെ പോകുമ്പോള്‍ പെനുമാകയില്‍ ഇറങ്ങി. അവിടെ ഒരു കളിത്തട്ട് പോലുള്ള സ്ഥലത്ത് രണ്ട് പാവപ്പെട്ട വൃദ്ധന്‍മാര്‍ ഇരിക്കുന്നു. ബുച്ചിയ്യയും സംഗിറെഡ്ഡിയും. അവരോട് സംസാരിച്ചു. അമരാവതി തലസ്ഥാനമാക്കാന്‍ കൃഷിക്കാരുടെ ഭൂമി ഏറ്റെടുക്കുകയാണല്ലോ, എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ഭൂമിയൊന്നുമില്ലെന്ന് ഇരുവരും പറഞ്ഞു.

 ഹൈക്കോടതി

ഹൈക്കോടതി


 എന്നാല്‍ കൃഷിഭൂമി ഏറ്റെടുത്തപ്പോള്‍ തങ്ങളുടെ തൊഴില്‍ ഇല്ലാതായെന്ന് അവര്‍ പറഞ്ഞു. മുമ്പ് പ്രതിദിനം 600 രൂപ വരെ തൊഴില്‍ ചെയ്ത് നേടിയിരുന്നു. ഇപ്പോള്‍ പണിയില്ല. ആ വരുമാനം നിലച്ചു. സര്‍ക്കാരില്‍ നിന്ന് പ്രതിമാസം കിട്ടുന്ന 2000 രൂപ പെന്‍ഷന്‍ മാത്രമാണ് ആശ്രയം. ഭൂമി സര്‍ക്കാരിന് നല്‍കാന്‍ തയാറാകാത്ത കര്‍ഷകരിലൊരാളാണ് പെനുമാക ഗ്രാമത്തിലെ  73 കാരനായ എം സദാശിവറാവു. 56 വര്‍ഷമായി കൃഷി ചെയ്യുന്നു. ധാന്യങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്ത് ഒരു വര്‍ഷം മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നു.

 തനിക്കെന്തിനാണ് തൊഴില്‍ ചെയ്യാതെ കിട്ടുന്ന പണമെന്ന് സദാശിവറാവു ചോദിക്കുന്നു. 60 സെന്റില്‍ കൃഷി ചെയ്യുന്ന ബി ശ്രീനിവാസ റെഡ്ഡിയും ഭൂമി നല്‍കാന്‍ തയ്യാറല്ല. കര്‍ഷകരായ എം സാംബശിവറാവു, എം കൃഷ്ണയ്യ, കെ എസ് ബ്രഹ്മറെഡ്ഡി എന്നിവരും സര്‍ക്കാരിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനെ ശക്തിയായി എതിര്‍ക്കുന്നു. അവിടെനിന്ന് വീണ്ടും മുന്നോട്ടുനീങ്ങി. തലസ്ഥാന നഗരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാണാന്‍ തുടങ്ങി.

കൃഷ്ണാനദിയുടെ തെക്കേ കരയില്‍ 217.23 ചതുരശ്ര കിലോമീറ്ററില്‍ (53748 ഏക്കര്‍) അന്താരാഷ്ട്ര നിലവാരത്തില്‍ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരം ഉയരുമ്പോള്‍ ഇല്ലാതാകുന്നത് അര ലക്ഷത്തോളം മനുഷ്യരുടെ ജീവിതമാര്‍ഗമാണ്. തലസ്ഥാന നഗരമേഖലാ വികസനത്തിനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലാന്‍ഡ് പൂളിങ് സമ്പ്രദായപ്രകാരം ഒരേക്കര്‍ ഭൂമിയുടെ ഉടമാവകാശം സര്‍ക്കാരിനു നല്‍കിയാല്‍ അതിന്റെ നാലിലൊന്ന് പശ്ചാത്തല സൗകര്യങ്ങളോടെ വികസിപ്പിച്ച് തിരികെ നല്‍കും.

 തിരിച്ചു കിട്ടുന്ന ഭൂമിയില്‍ നാലിലൊന്ന് വാണിജ്യാവശ്യങ്ങള്‍ക്കും നാലില്‍ മൂന്ന് വീടിനുമായി ഉപയോഗിക്കാം. ജലലഭ്യതയുള്ള സ്ഥലമാണ് നല്‍കുന്നതെങ്കില്‍ പ്രതിവര്‍ഷം 50000 രൂപ നിരക്കില്‍ 10 വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് സൗജന്യം, കാര്‍ഷിക വായ്പ എടുത്തെങ്കില്‍ എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളും വന്നപ്പോള്‍ കര്‍ഷകര്‍ ഭൂരിഭാഗവും ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്തു.

 മുന്നൂറോളം കര്‍ഷകര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.ഗുണ്ടൂര്‍ ജില്ലയിലെ മംഗളഗിരി, തഡേപ്പള്ളി, തുല്ലൂര്‍ മണ്ഡലുകളിലെ കൃഷ്ണരായ പാലം, നൗലൂര്‍, കുറഗല്ലു, നീരുകൊണ്ട, ഉണ്ടവല്ലി, പെനുമാക, അബ്ബരാജപാലം തുടങ്ങി 29 വില്ലേജുകളിലെ 30,000 ഏക്കര്‍ ഫലഭൂയിഷ്ടമായ ഭൂമി സര്‍ക്കാരിന്റെ കയ്യിലെത്തി. ഇതില്‍ മൂന്നിലൊന്ന് ഭൂമിയോളമേ സര്‍ക്കാരിന്റെ ഭരണ സംവിധാനമൊരുക്കാനും മന്ത്രിമാര്‍, എംഎല്‍എമാര്‍ , ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ താമസ സൗകര്യത്തിനും ആവശ്യമുള്ളൂ.

പുതിയ തലസ്ഥാന നഗര നിര്‍മ്മാണമാണ് പദ്ധതിയെങ്കിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് പ്രധാന ഉള്ളടക്കമാണ്. കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് 996 ഏക്കര്‍ വിഐടി, എസ്ആര്‍എം തുടങ്ങിയ 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കുറഞ്ഞ വിലയ്ക്ക് നല്‍കി.അമരാവതി തലസ്ഥാന നഗരമായി 2014ല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി തെലുഗുദേശം നേതാക്കള്‍ ഈ പ്രദേശങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടി.

 അമരാവതിയിലെ പൂകൃഷി

അമരാവതിയിലെ പൂകൃഷി


 ലാന്‍ഡ് പൂളിങ് തുടങ്ങുന്നതിനു മുമ്പ് ഏക്കറിന് 25 ലക്ഷം രൂപ വരെയായിരുന്നു വില. ഇന്ന് നാല് കോടിക്ക് മുകളിലെത്തി.
അമരാവതി തലസ്ഥാന നഗര മേഖലയില്‍ താല്‍ക്കാലിക സെക്രട്ടറിയേറ്റ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.  ഹൈക്കോടതിയും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ ഏകദേശം 47,000 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നു. കരാര്‍ കിട്ടിയ കമ്പനികളില്‍ പലതും തെലുഗുദേശം നേതാക്കളുമായി ബന്ധമുള്ളത്.

പുതിയ തലസ്ഥാന നഗരത്തിന്റെ പേരിന് ആധാരമായ അമരാവതി എന്ന ചരിത്രനഗരം പുതിയ സെക്രട്ടറിയേറ്റില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്. ബിസി രണ്ടാം നൂറ്റാണ്ടു മുതല്‍ ബുദ്ധ സംസ്‌കാര കേന്ദ്രമായിരുന്നു ഇവിടം.  ശാതവാഹന രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഇത്. പുതിയ അമരാവതിയിലെ ബഹളങ്ങളൊന്നും ഈ കൊച്ചു പട്ടണം അറിഞ്ഞമട്ടില്ല. ഞാനും സുരേഷും അവിടെ പോയി.

നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തലസ്ഥാനനഗരത്തില്‍ നിന്ന് യഥാര്‍ഥ അമരാവതി പട്ടണത്തിലേക്ക് 28 കിലോമീറ്റര്‍ ദൂരമുണ്ട്. പഴയ ബുദ്ധിസ്റ്റ് കേന്ദ്രമായിരുന്നു അമരാവതി. അതിന്റെ അവശിഷ്ടങ്ങള്‍ എഎസ്‌ഐയുടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അരികില്‍ക്കൂടി കൃഷ്ണാനദി ശാന്തമായി ഒഴുകുന്നു. പട്ടണത്തിനും ഒരു ഉറക്കമട്ട്. പുതിയ അമരാവതി നഗരത്തിന്റെ ഒരു ജാടയുമില്ലാത്ത ഒരു പാവം പട്ടണം.
അമരാവതി പട്ടണത്തില്‍ നിന്ന് തിരിച്ച് വിജയവാഡയിലെത്തി.

ഉച്ചഭക്ഷണം കഴിച്ചശേഷം വാര്‍ത്തകള്‍ തയ്യാറാക്കി അയച്ചു.രാത്രി വിശാഖപട്ടണത്തേക്കുള്ള ട്രെയിനില്‍ കയറണം. പ്രജാശക്തി ഓഫീസില്‍ പോയി എല്ലാവരോടും യാത്രപറഞ്ഞു.വിശാഖപട്ടണത്തിന് മലയാളിയായ രാധാകൃഷ്ണ സഹായിക്കാനെത്തുമെന്ന് ചീഫ് എഡിറ്റര്‍ ശര്‍മ എന്നോട് പറഞ്ഞു.വിജയവാഡ സ്റ്റേഷനില്‍ രാത്രി  11.30ന് തന്നെയെത്തി. കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്നോട് ചോദിച്ചു, ഇനി ഹൗറയിലേക്ക് എപ്പോഴാ ട്രെയിനെന്ന്.

ഞാന്‍ റെയില്‍ ആപ്പ് നോക്കി പറഞ്ഞുകൊടുത്തു. ഹൗറയില്‍ പോകാതെ അസമിലേക്ക് പോകുന്ന ട്രെയിനില്‍ കുടുംബസമേതം കയറിയതാണ് ആ യുവാവ്. ആരോ തെറ്റിദ്ധരിപ്പിച്ച് വിജയവാഡയില്‍ ഇറക്കിവിട്ടതാണ്. ആ ട്രെയിന്‍ അസമിലേക്ക് പോകില്ലെന്നു പറഞ്ഞാണ് ഇറക്കിയത്. ഇനി ഹൗറയില്‍ ചെന്ന് വേറെ ട്രെയിനില്‍ പോകണം. ആ യുവാവിനോട് എനിക്ക് വല്ലാത്ത സഹതാപം തോന്നി. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. അസമില്‍ ജോര്‍ഹട്ടിനടുത്താണ് വീട്. കുടകില്‍ കാപ്പിത്തോട്ടത്തിലാണ് പണിയെടുക്കുന്നത്.

റിസര്‍വ് ചെയ്ത് പോകാന്‍ പാടില്ലേ എന്ന ഞാന്‍ ചോദിച്ചു. അത് ഒരിക്കലും കിട്ടാറില്ലത്രെ. അണ്‍റിസര്‍വ്ഡ് കോച്ചില്‍ കുട്ടികളുമായി മൂന്നു നാല് ദിവസത്തെ യാത്ര. സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. സംസാരിച്ചുനില്‍ക്കുന്നതിനിടയില്‍ എനിക്കുള്ള ട്രെയിന്‍ വന്നു. അയാള്‍ക്ക് എന്നെ അപ്പോള്‍ വിടാന്‍ തീരെ മനസ്സില്ലെന്നു തോന്നി. എനിക്കും കുറേനേരം കൂടി സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ പോകാതെ കഴിയില്ലല്ലോ. ട്രെയിനില്‍ കയറിയ ഉടനെ ഉറങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top