19 April Friday

ഫ്രഞ്ച് വിപ്ലവ സ്മാരകം: ലോകാത്ഭുത നിര്‍മ്മിതിയായി ഈഫല്‍ ഗോപുരം

ലക്ഷ്മീദേവി സി എസ്Updated: Monday Oct 7, 2019

പാരീസിലെ പ്രശസ്തമായ ഒരു ലോകാത്ഭുത നിര്‍മ്മിതിയാണ് 324 മീറ്റര്‍ ഉയരവും 10,000 ടണ്‍ ഭാരവുമുള്ള പൂര്‍ണ്ണമായും ഇരുമ്പുകൊണ്ട് നിര്‍മ്മിതമായ ഈഫല്‍ ഗോപുരം.

1889 ല്‍ ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷിക എക്സ് പൊസിഷന്‍ യൂണിവേഴ്സല്ലെ (Exposition Universialle World Fair) ലോക മേളയോടനുബന്ധിച്ചാണ് ഇത് പണികഴിപ്പിച്ചത്. പ്രശസ്ത ഫ്രഞ്ച് വാസ്തു ശില്പി ഗസ്റ്റേവ് ഈഫലിന്‍റെ അനുസ്മരണാര്‍ത്ഥമാണ് ഈഫല്‍ എന്ന് ടവറിനു പേര്. പാരീസിലെ ഏറ്റവും ഉയരം കൂടിയ ഈ നിര്‍മ്മിതി പണികഴിപ്പിക്കാനായി ഏകദേശം രണ്ടു വര്‍ഷമെടുത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവ നിര്‍മ്മിച്ച് പാരീസില്‍ കൊണ്ടുവന്ന് കൂട്ടി യോജിപ്പിക്കുകയായിരുന്നു.

ഈ ഗോപുരത്തിന് മൂന്ന് പ്ലാറ്റ് ഫോമുകളാണുള്ളത്. 108 തട്ടുകളായുള്ള ഈ നിര്‍മ്മിതിക്ക് 1710 പടികളുണ്ട്. 704 പടികള്‍ കയറിയാല്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്താം. ഇവിടെ റസ്റ്റാറന്‍റുകളും, സുവനീര്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നു. ചുറ്റുമുള്ള ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ താഴേ ശാന്തമായി ഒഴുകുന്ന സൈന്‍ നദിയും, ചിട്ടയായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളും, ഇടയ്ക്കിടെ പച്ചപ്പില്‍ പൊതിഞ്ഞു നില്‍ക്കുന്ന പാര്‍ക്കുകളുടെയും മനേഹരമായ കാഴ്ച ദൃശ്യമാകും. ലിഫ്റ്റുകളും ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ ലിഫ്റ്റുകളുടെ സഹായത്തോടെ എത്തിച്ചേരാം.

ഗോപുരത്തിനു മുകളില്‍ റോഡിയോ സംപ്രേഷണ ടവ്വറും, വാന നിരീക്ഷണ കേന്ദ്രവും കാലാവസ്ഥ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.

രാത്രിയില്‍ ദീപാലംകൃതമായ ഈഫല്‍ ഗോപുരം അവിസ്മരണീയമായ കാഴ്ചയാണ്.

ഗോപുരത്തിനുള്ളില്‍ കടക്കുന്നതിന് ടിക്കറ്റ് എടുക്കേണ്ടതാണ്. ഇവിടെയും skip the line’ സംവിധാനം ലഭ്യമാണ്. (മുന്‍കൂട്ടി ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ വലിയ നീളമുള്ള ക്യൂവില്‍ നില്‍ക്കാതെ നിങ്ങള്‍ക്ക് അകത്തു കടക്കാവുന്ന സംവിധാനമാണിത്)

സ്നേഹത്തിന്‍റെ പ്രതീകമായും ഈഫല്‍ ഗോപുരത്തെ കരുതുന്നു. ധാരാളം ഫോട്ടോഷൂട്ട് നടക്കുന്ന ഒരിടമാണിത്.

ഏകദേശം 7 കോടി ആള്‍ക്കാരെങ്കിലും ഒരുവര്‍ഷം ഈഫല്‍ ഗോപുരം സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്. അതിലൊരാളാകാന്‍ എനിക്കും കഴിഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top