24 September Sunday
ഭാഗം: 3

ചരിത്രത്തെ മണ്ണിട്ട് മൂടാത്ത നാട്- ഡോ. കെ ടി ജലീലിന്റെ ഇന്തോനേഷ്യൻ കുറിപ്പുകൾ മൂന്നാം ഭാഗം

ഡോ.കെ ടി ജലീൽUpdated: Wednesday May 31, 2023

 ഭാഗം: 3

അറേബ്യൻവൽക്കരത്തിന് (Arabianisation) വിധേയമാകാത്ത ഇസ്ലാമാണ് ഇന്തോനേഷ്യയിൽ. നൂറ്റാണ്ടകൾക്ക് മുമ്പ് തന്നെ ഇന്തോനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ അറേബ്യയിൽ നിന്ന് ഇസ്ലാമിക പ്രബോധകരെത്തിയതായാണ് ചരിത്രം. തദ്ദേശവാസികൾ ഇസ്ലാം സ്വീകരിച്ചപ്പോൾ വിശ്വാസപ്രമാണങ്ങളെ മാത്രമേ വരിച്ചുള്ളൂ. പ്രാദേശിക സംസ്കാരങ്ങളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ഉപേക്ഷിച്ചില്ല. കേരളത്തിലും ഒരു പരിധിവരെ അങ്ങിനെയായിരുന്നു. എന്നാൽ ഗൾഫ് കുടിയേറ്റം കേരളീയ മുസ്ലിങ്ങളെ അറേബ്യനൈസേഷന് അടിപ്പെടുത്തി.

മുൻകയ്യും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങൾ മറക്കലാണ് ഇസ്ലാമിൽ സ്ത്രീയുടെ വസ്ത്രധാരണ രീതി. എന്നാൽ അറേബ്യയിൽ പണ്ടേക്കുപണ്ടേ നിലനിന്നിരുന്ന 'പർദ്ദ' പ്രസ്തുത വ്യവസ്ഥകൾ പാലിച്ച് ആ രാജ്യക്കാർ മുസ്ലിങ്ങളായതിന് ശേഷവും തുടർന്നു. അത് ഇസ്ലാമിക വേഷമായാണ് പിന്നീട് പ്രചാരം നേടിയത്. 86% ത്തോളം മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയിൽ പർദ്ദയും നിഖാബും (മുഖമൂടി) ധരിച്ച ഒരു മുസ്ലിം സ്ത്രീയെ മാത്രമാണ് കാണാനായത്.  എന്നാൽ നല്ലൊരു ശതമാനം മുസ്ലിം സ്ത്രീകളും ഇസ്ലാമിക വേഷവിധാന സമ്പ്രദായം അവരുടെ പരമ്പരാഗത വേഷത്തിലേക്ക് പരിവർത്തിപ്പിച്ചിരിക്കുകയാണ്. പാൻസും ജുബ്ബയുമാണ് ഭൂരിഭാഗം സ്ത്രീകളുടെയും വേഷം. കൂടെ ഹിജാബും (ശിരോവസ്ത്രം) ധരിച്ചിട്ടുണ്ട്.

ആരാധനാ സമയത്ത് മാത്രം ഇസ്ലാമിക വേഷം സ്വീകരിക്കുന്നവരും ധാരാളമുണ്ട്. വസ്ത്ര ധാരണത്തിലോ പേരിലോ ഒരാളുടെയും മതം തിരിച്ചറിയാനാവില്ല. ഇഷ്ടമുള്ളവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ അണിയാം. അതിലൊന്നും ഒരു വിലക്കുമില്ല.

ഭക്ഷണ കാര്യത്തിലും അങ്ങിനെതന്നെ. മത കാർക്കഷ്യത ഒട്ടുമേ ഇല്ലാത്ത നാടാണ് ഇന്തോനേഷ്യ. വിശ്വാസത്തിൻ്റെ പേരിലുള്ള തല്ലിക്കൊല്ലലോ ബീഫിനെയും പോർക്കിനെയും ചൊല്ലിയുള്ള ചുട്ടുകൊല്ലലോ മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളോ ഇല്ലാത്ത രാജ്യം. ആർക്കും ഇഷ്ടപ്പെട്ട വേഷം ധരിക്കാം. ഇഷ്ടമുള്ളത് ഭക്ഷിക്കാം. ഒരാളും ചോദ്യം ചെയ്യില്ല. അടിച്ച് പഞ്ചറാക്കുകയുമില്ല. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത പ്രാദേശിക ആചാരങ്ങളെയും ആഘോഷങ്ങളെയും വരിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. ആ അദ്ധ്യാപനം ജീവിതത്തിൽ വള്ളിപുള്ളി തെറ്റാതെ  പുലർത്തിയ ഇന്തോനേഷ്യൻ സമൂഹം അഭിനന്ദനമർഹിക്കുന്നു.

കേരളീയ മുസ്ലിം സ്ത്രീകൾ സ്വീകരിച്ച വസ്ത്രധാരണ രീതി, കറുപ്പ് സൂപ്പും മുഴു കയ്യോടെയുള്ള പെൺകുപ്പായവും മുഖമക്കനയും നീണ്ട തട്ടവുമായിരുന്നു. അതാണ് പിന്നീട് പർദ്ദക്ക് വഴിമാറിയത്. മതത്തിൻ്റെ വേഷവിധാനങ്ങളെ ചിലർ കച്ചവട താൽപര്യങ്ങൾക്ക് ഉപയോഗിച്ചപ്പോഴാണ് ''പർദ്ദ' വേരുറച്ചത്. അതോടെ വസ്ത്ര ശീലത്തിലെ 'അറേബ്യനൈസേഷൻ' കേരളത്തിലും ഇന്ത്യയിലും നടന്നു.

പൂർവ്വ സംസ്കാരത്തെ കൈവിടാതെ ഇസ്ലാമിനെ വരിച്ച ഇന്തോനേഷ്യൻ രീതിയോടാണ് എനിക്ക് താൽപര്യം തോന്നിയത്. പെരുമാറ്റ രീതികളിലും പഴയ ഹൈന്ദവബൗദ്ധ പാരമ്പര്യങ്ങൾ അവർ ഉപേക്ഷിച്ചില്ല. ഏത് മുസ്ലിം വീട്ടിലേക്ക് കയറിച്ചെന്നാലും കുട്ടികളും മുതിർന്നവരും നമ്മളെ കൈകൂപ്പിയാണ് അഭിവാദ്യം ചെയ്യുക. കേരളത്തിൽ കൈകൂപ്പി സ്വീകരിക്കുന്ന ശീലം മുസ്ലിങ്ങൾക്കിടയിൽ പൊതുവെ കുറവാണ്. പാശ്ചാത്യ രീതിയായ ഹസ്തദാനവും അറേബ്യൻ സമ്പ്രദായമായ ആലിംഗനവുമാണ്  സാധാരണ കണ്ട് വരുന്നത്. കൈകൂപ്പൽ ഇസ്ലാമിക വിരുദ്ധമാണെന്ന് കരുതുന്നവർ  അപൂർവ്വമെങ്കിൽ പോലും നമ്മുടെ നാട്ടിലുണ്ട്.

ഇസ്ലാമിക സംസ്കാരവും അറേബ്യൻ സംസ്കാരവും ഒന്നല്ല. രണ്ടാണ്. അതൊന്നാണെന്നാണ് പലരും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്. തലപ്പാവും തൊപ്പിയുമൊക്കെ അറബ്പേർഷ്യൻ രീതികളാണ്. തല മറക്കാൻ ടവ്വലും നീളം കുറഞ്ഞ മുണ്ടുമാണ് കേരളത്തിലെ മുസ്ലിങ്ങൾ പണ്ട് കാലത്ത് ഉപയോഗിച്ചത്. മലയാളി മുസ്ലിങ്ങളും തമിഴ് മുസ്ലിങ്ങളും പ്രാദേശിക വസ്ത്രധാരണം  അവലംബിച്ചവരാണ്. അതിൻ്റെ നേട്ടം ഇരു സംസ്ഥാനത്തെയും മുസ്ലിങ്ങൾക്ക് ലഭിച്ചു. മുണ്ടും ഷർട്ടുമാണ് മലയാളിയുടെ പരമ്പരാഗത വേഷം. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രൈസ്തവരുമെല്ലാം അതാണ് പിന്തുടർന്നത്.

പാൻസും ഷർട്ടും ധരിക്കുന്നതിലും വകഭേദമില്ല. മുമ്പ് പാവാടയും മുട്ടിന് താഴെ കൈ നീണ്ട് നിൽക്കുന്ന ജംബറും തട്ടവുമാണ് മഹാ ഭൂരിഭാഗം മുസ്ലിം പെൺകുട്ടികളുടെയും വേഷം. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്കിടയിൽ മാനസിക സാംസ്കാരിക ഐക്യം രൂപപ്പെടുത്തിയതിൽ പ്രാദേശിക സംസ്കാരങ്ങളെ ഉൾകൊണ്ട് ഇസ്ലാമിക തത്വങ്ങൾ പാലിച്ച് ജീവിച്ചത് സ്വാധീനം ചെലുത്തിയതായി കാണാം.

കേരളത്തിലും തമിഴ്നാട്ടിലും പ്രാദേശിക ഭാഷയാണ് മുസ്ലിങ്ങൾ മതപരവും മതേതരവുമായ കാര്യങ്ങൾക്ക് ഉപയോഗിക്കുക. എന്നാൽ മറ്റു ഇന്ത്യൻ പ്രദേശങ്ങളിൽ ഉർദുവാണ് വീട്ടിലും മതകാര്യങ്ങൾക്കും മുസ്ലിങ്ങൾ ആശ്രയിക്കുന്നത്. മറ്റുകാര്യങ്ങൾക്കാകട്ടെ പ്രാദേശിക ഭാഷയും. ഭാഷാസാംസ്കാരിക പൊരുത്തം ജനങ്ങളെ മാനസികമായി കൂടുതൽ അടുപ്പിക്കും. അതുകൊണ്ടാണ് ഇന്തോനേഷ്യയിൽ ഒരു വീട്ടിൽ തന്നെ മുസ്ലിംഹൈന്ദവ ബൗദ്ധക്രൈസ്തവ വിശ്വാസികളെ അച്ഛനായോ അമ്മയായോ മക്കളായോ സഹോദരീ സഹോദരൻമാരായോ കാണാനാവുന്നത്.

ഹൈന്ദവ പുരാണങ്ങളിലെ ദേവ വാഹനമായി അറിയപ്പെടുന്ന 'ഗരുഡ'യുടെ പേരാണ്  86% ഇസ്ലാംമത വിശ്വസികൾ താമസിക്കുന്ന ഇന്തോനേഷ്യ, അവരുടെ ഔദ്യോഗിക എയർലൈൻസിന് നൽകിയിരിക്കുന്നത്. ഗരുഡനാണ് ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നം. അല്ലാതെ ഒട്ടകമല്ല! എല്ലാ സർക്കാർ ഓഫീസുകളിലും ഗരുഡൻ്റെ ശിൽപവും ചിത്രവും കാണാം. പുത്രി, സിത്ര, ദേവി, മഹാറാണി, മേഘ, പുഷ്പിത, സത്യവതി, അനിത, ഗീത, മാരിയ, ഷെർലി, ഇന്ദിര, സിന്ത അഥവാ സീത, ഷിൻത, യൂലി, വാന്തി തുടങ്ങിയവയെല്ലാം  മുസ്ലിം സ്ത്രീകളുടെയും പേരുകളാണ്.

രാജ, രാമ, കൃഷ്ണ, അർജുന, ബീമ, പുത്ര, ദേവ, ഹരി, ബുദി, ധർമ്മ, ഇന്ദ്ര, ചന്ദ്ര, ഭക്തി, ഡാവിഡ്, സത്യവാൻ, ആദിരാജ, ആദിത്യ, റിഡോ, ബാംബാംഗ് യുധോയോനൊ മുതലായ പേരുകൾ മുസ്ലിം പുരുഷൻമാർക്കും യഥേഷ്ടമുണ്ട്. ഒന്നാം ഖലീഫ അബൂബബക്കർ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പും ശേഷവും അബൂബക്കറാണ്. രണ്ടാം ഖലീഫ ഉമർ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പും പിമ്പും ഉമറാണ്. മൂന്നാം ഖലീഫ ഉസ്മാൻ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പും പിമ്പും ഉസ്മാനാണ്. നാലാം ഖലീഫ അലി ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പും പിമ്പും അലിയാണ്. അവരാരും വിശ്വാസം മാറിയപ്പോൾ  പേര് മാറ്റിയിട്ടില്ല.  മുസ്ലിങ്ങളാകാൻ അറബി പേരുകൾ സ്വീകരിക്കണമെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ഇന്തോനേഷ്യൻ കറൻസിയിൽ ഉണ്ടായിരുന്ന ഗണപതിയോട് സാദൃശ്യമുള്ള അടയാളം അവർ മായ്ച്ചിട്ടില്ല. ചരിത്രം തിരുത്തിയിട്ടില്ല. ഏതെന്തിലും ചരിത്ര ഭാഗങ്ങൾ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ല.

തെക്കുകിഴക്കൻ ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തെ ആറാമത്തെയും വലിയ മസ്ജിദാണ് ജക്കാർത്തയിലെ 'ഇസ്തിഖ്ലാൽ മസ്ജിദ്'. സ്വാതന്ത്ര്യം എന്നാണ് ഇസ്തിഖ്ലാലിൻ്റെ അർത്ഥം. യാത്രക്ക് തീരുമാനിക്കുമ്പോൾ തന്നെ അവിടെ പോകാൻ ഉദ്ദേശിച്ചിരുന്നു. ഇന്തോനേഷ്യൻ സ്വതന്ത്യത്തിൻ്റെ ഓർമ്മക്കായി നിർമ്മിച്ചതാണ് ഇസ്തിഖ്ലാൽ മസ്ജിദ്. 2 ലക്ഷം ആളുകൾക്ക് ഒരു സമയത്ത് നമസ്കരിക്കാം. മക്കയിലെ 'ഹറമിൻ്റെ'മാതൃകയിലാണ് പള്ളിയുടെ ഉൾഭാഗം നിർമ്മിച്ചിട്ടുള്ളത്. 12 മില്യൻ US ഡോളറാണ് ഇതിനായി ചെലവിട്ടത്. സുകാർണോയുടെ കാലത്ത് ആരംഭിച്ച് സുഹാർത്തോയുടെ കാലത്ത് പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്ത വമ്പൻ മസ്ജിദ്.

ഇത്രയധികം സ്റ്റീൽ ഒരു പക്ഷെ ലോകത്തെ മറ്റൊരു പള്ളിക്കും ഉപയോഗിച്ചിട്ടുണ്ടാവില്ല. പ്രൊട്ടസ്റ്റൻ്റ് ക്രൈസ്തവ മതക്കാരനായ ഇന്തോനേഷ്യക്കാരൻ ഫ്രഡറിക് സിലാബാനാണ് പള്ളിയുടെ ശിൽപി. ഭീമാകാരൻ സ്റ്റീൽ തൂണുകളിലാണ് മസ്ജിദ് പണിതിരിക്കുന്നത്. ഏഴ് വാതിലുകളുണ്ട്. സ്വർഗ്ഗ വാതിലുകളുടെ പേരുകളാണ് ഇവക്ക് നൽകിയിട്ടുള്ളത്. രണ്ട് താഴികക്കുടങ്ങളാണ് പള്ളിക്കുള്ളത്. പ്രധാന പ്രാർത്ഥനാ ഹാളിന് മുകളിലുള്ള താഴികക്കുടത്തിന് 45 മീറ്റർ വ്യാസമുണ്ട്. 1945 ൽ സ്വാതന്ത്യം കിട്ടിയതിനെയാണത്രെ ഇത് സൂചിപ്പിക്കുന്നത്. പന്ത്രണ്ട് ലോഹത്തൂണുകളാണ് ഈ വൻ താഴികക്കുടത്തെ താങ്ങി നിർത്തിയിരിക്കുന്നത്.  പ്രവാചക ജന്മദിനമായ റബീഉൽ അവ്വൽ 12 നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ജലീൽ പറഞ്ഞു. പള്ളിക്ക് 5 നിലകളാണ്. ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളെയും ഇന്തോനേഷ്യയുടെ പഞ്ചശീല ആശയങ്ങളെയുമാണത്രെ അഞ്ചു നിലകൾ പ്രതിനിധീകരിക്കുന്നത്.

രണ്ടാം താഴികക്കുടം എട്ടു മീററർ വ്യാസത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. ഇത് സ്വാതന്ത്ര്യം കിട്ടിയ എട്ടാം മാസമായ ആഗസ്റ്റിനെ സൂചിപ്പിക്കുന്നു.  ജർമ്മനിയിൽ നിന്നുള്ള സ്റ്റീലാണ് പള്ളി പണിയാൻ ഉപയോഗിച്ചിരിക്കുന്നത്. മാർബിളാവട്ടേ ഇറ്റലിലിയിൽ നിന്നും. അല്ലാഹു ഏകനാണെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമായാണ് ഒരു മിനാരം മാത്രം ഇസ്തിഖ്ലാൽ മസ്ജിദിന് നിർമ്മിച്ചതത്രെ. ഇതിൻ്റെ നീളം 66.66 മീറ്ററാണ്. ഖുർആനിലെ 6666 സൂക്തങ്ങളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. മിനാരത്തിനു മുകളിലെ അഗ്രഭാഗം 30 മീറ്റർ ഉയത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഖുർആനിലെ 30 ഭാഗങ്ങളെ (ജുസ്ഹ്) സൂചിപ്പിക്കുന്നു.

പള്ളിയുടെ അങ്കണത്തിലുള്ള താൽക്കാലിക സ്റ്റാളുകളിൽ ചെറിയ ചെറിയ ബിസിനസ്സുകൾ നടക്കുന്നുണ്ട്. പ്രാർത്ഥനക്ക് വരുന്നവരിലെ ആവശ്യക്കാർ മടങ്ങിപ്പോകുമ്പോൾ ഇവിടെ സാധനങ്ങൾ വാങ്ങിപ്പോകുന്നത് കണ്ടു. സ്ത്രീകൾക്ക് ഖുർആൻ പഠനത്തിനുളള സൗകര്യവും പള്ളിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നിരവധി സ്ത്രീകൾ ഖുർആൻ പഠിക്കുന്നത് കുറച്ചു സമയം ഞങ്ങൾ നോക്കി നിന്നു. അംഗശുദ്ധി വരുത്തുന്ന സ്ഥലവും ശുചിമുറികളും ഉൾപ്പടെ ഭീമാകാരൻ പള്ളിയുടെ എല്ലാ ഭാഗവും എത്ര വൃത്തിയിലാണെന്നോ പരിപാലിച്ചിരിക്കുന്നത്.

അക്കാര്യത്തിൽ മസ്ജിദിൻ്റെ നടത്തിപ്പുകാർക്ക് നൂറിൽ നൂറ് മാർക്ക് കൊടുക്കണം. ഇസ്തിഖ്ലാൽ പള്ളിയുടെ താഴത്തെ നിലയിൽ പകുതി സ്ഥലം സ്ത്രീകൾക്കാണ് നീക്കിവെച്ചിരിക്കുന്നത്.

ഉയരത്തിലുള്ള മറയൊന്നും സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രാർത്ഥനാ ഇടങ്ങൾ വേർതിരിക്കാൻ വെച്ചിട്ടില്ല. രണ്ടടി ഉയരത്തിൽ ഒരു ഡിവൈഡറേയുള്ളൂ. പരസ്പരം കാണാനും സംസാരിക്കാനുമാകും. സ്ത്രീകൾ അവിടെ പ്രാർത്ഥിക്കുന്നതും കിടന്നുറങ്ങുന്നതും കണ്ടു. 'ചിലിവൂം' നദി പള്ളിയുടെ കോമ്പൗണ്ടിലൂടെയാണ് തടസ്സമില്ലാതെ ഒഴുകുന്നത്. സുഹൃത്ത് ജലീലിനെ കൂടാതെ എൻ്റെ മണ്ഡലക്കാരനും കോലൊളൊമ്പ് സ്വദേശി നൗഷാദും ജക്കാർത്തയിലെ ലുലു സെൻ്റെറിലെ എക്സ്പോർട്ട് വിംഗ് ജനറൽ മേനേജർ പാലക്കാട് ചിറ്റൂർക്കാരൻ ഹരികുമാറും ലുലുവിലെ തന്നെ വെയർഹൗസ് മാനേജർ നാട്ടിക സ്വദേശി അഖിലും സമയമെടുത്ത് മസ്ജിദ് കാണാൻ കൂടെപ്പോന്നത് അനുഗ്രഹമായി.

ഇസ്തിഖ്ലാൽ മസ്ജിദിൻ്റെ തൊട്ടടുത്ത് തല ഉയർത്തി നിൽക്കുന്ന ജക്കാർത്തയിലെ കത്രീഡ്രൽ ചർച്ചും സന്ദർശിച്ചു.

1901ലാണ് ഈ  കാത്തലിക്ക് ചർച്ച് സ്ഥാപിച്ചത്. ഇസ്തിഖ്ലാൽ മസ്ജിദിന് മുഖാമുഖമായാണ് ചർച്ച് നിൽക്കുന്നത്. വെള്ളിയാഴ്ചകളിൽ മസ്ജിദിലേക്ക് വരുന്നവരുടെ വണ്ടികൾ പാർക്ക് ചെയ്യാൻ ചർച്ചിൻ്റെ കോമ്പൗണ്ട് തുറന്നു കൊടുക്കും. ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും ചർച്ചിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മസ്ജിദിൻ്റെ പാർക്കിംഗ് ഏരിയയും തുറന്ന് കൊടുക്കും. മതങ്ങൾ കലഹിക്കാനുള്ളതല്ല പരസ്പരം അടുത്തറിയാനും സൗഹൃദത്തിൽ കഴിയാനുമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്ന കാഴ്ച മനസ്സിനേകുന്ന കുളിര് പറഞ്ഞറിയിക്കാനാവില്ല. 

ഞായറാഴ്ച ആയിരുന്നതിനാൽ ചർച്ചിനകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അത്രക്ക് തിരക്കായിരുന്നു. കാവൽക്കാരനോട് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. 2008 ൽ സ്ഥാപിതമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇന്തോനേഷ്യൻചൈനീസ് പ്രൊട്ടസ്റ്റൻ്റ് ചർച്ചിലേക്കാണ് അവിടന്ന് പോയത്. 8000 ആളുകൾക്ക് ഒരു സമയത്ത് ഒത്തുകൂടാനാകുന്ന ആരാധനാലയം. മതപഠന കേന്ദ്രവും ചർച്ചിനോട് അനുബന്ധമായുണ്ട്. കാൽവിൻ കൃസ്ത്യൻ സ്കൂളും പ്രവർത്തിക്കുന്നത് ചർച്ചിനോട് ചേർന്നാണ്. സൊഫീലിയ ഫൈൻ ആർട്സ് സെൻ്റെറും ഒഗസ്റ്റിൻ ലൈബ്രറിയും പ്രൊട്ടസ്റ്റൻ്റ് ചർച്ചിനെ പ്രോജ്വലമാക്കി അതേ സമുച്ഛയത്തിൽ പ്രവർത്തിക്കുന്നു.

2004ലാണ് കേരള സമാജം ഇന്തോനേഷ്യ രൂപീകരിച്ചത്. ഇന്തോനേഷ്യയിലെ വിവിധ ദ്വീപുകളിലായി ആയിരത്തോളം മലയാളി കുടുംബങ്ങളാണത്രെ ഉള്ളത്. ഇതുൾപ്പടെ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇന്തോനേഷ്യയിൽ ജീവിക്കുന്നത്. ഇവരിൽ തദ്ദേശീയ പൗരത്വമുള്ളവരുമുണ്ട്. ആദ്യമായാണ് ഇന്തോനേഷ്യൻ മലയാളി കൂട്ടായ്മക്ക്  ലോക കേരള സഭാംഗത്വം നൽകിയതിലൂടെ ഒന്നാം പിണറായി സർക്കാരിൻ്റെ സമയത്ത് കിട്ടിയത്. ആറു വർഷമായി കേരള മലയാളി സമാജത്തിൻ്റെ പ്രസിഡണ്ടായ ബെന്നി മാത്യു വാഴപ്പിള്ളിൽ ജോസഫാണ് ഇന്തോനേഷ്യൻ മലയാളി സമൂഹത്തെ ലോക കേരള സഭയിൽ പ്രതിനിധീകരിക്കുന്നത്.

മികച്ച സംഘാടകനും കോൾ വ്യവസായിയുമാണ് ബെന്നിച്ചൻ. ഈ അംഗീകാരം വലിയ കാര്യമായാണ് ജക്കാർത്തൻ മലയാളികൾ കാണുന്നത്. അനൗദ്യോഗിക സന്ദർശനമായിട്ടും ബെന്നി ചുമതലപ്പെടുത്തിയതനുസരിച്ച് സമാജം സെക്രട്ടറി നസ്റിൽ ബാനുവിൻ്റെ നേതൃത്വത്തിൽ ഒരു ലഞ്ച് പാർട്ടിയും യോഗവും കേരള സമാജം ഒരുക്കിയിരുന്നു.അവിടെ വെച്ച് പലരെയും പരിചയപ്പെട്ടു. 27 വർഷമായി ജക്കാർത്തയിൽ ഒരു പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്ന വിഷ്ണുകുമാർ പല കാര്യങ്ങളും സംസാരിച്ചു. ഡോക്ടർമാർ, നഴ്സുമാർ, അഭിഭാഷകർ എന്നീ ഉയർന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്തോനേഷ്യയിൽ വർക്കിംഗ് വിസ കിട്ടില്ലത്രെ. അതുപോലെ ഇന്തോനേഷ്യൻ പൗരൻമാർ വ്യാപൃതമായ സാധാരണ തൊഴിൽ മേഖലയിലും വിദേശികൾക്ക് വിസ നൽകില്ല. സാങ്കേതിക വിഗ്ദർക്കും മാനേജീരിയൽ ലെവലിൽ ജോലി ചെയ്യുന്നവർക്കും വലിയ ബിസിനസ് നിക്ഷേപകർക്കും മാത്രമേ ഇന്തോനേഷ്യൻ ഗവ: വിസ അനുവദിക്കൂ. അതാണ് നിലവിലെ നിയമം.

പല മലയാളികളും വലിയ സംരഭകരായും വൻകിട കമ്പനികളുടെ എക്സിക്യൂട്ടീവ് സ്റ്റാഫായുമാണ് ജക്കാർത്തയിൽ എത്തിയിരിക്കുന്നത്. ചെറുകിടഇടത്തരം  ബിസിനസ് ഉൾപ്പടെ ഇന്തോനേഷ്യക്കാർക്ക് ചെയ്യാൻ കഴിയുന്ന ഒരു  രംഗത്തേക്കും അധികൃതർ വിസ നൽകില്ല. അവരുടെ രാജ്യത്തെ പൗരന്മാരുടെ തൊഴിൽ ഉറപ്പുവരുത്താനാണ് ഇന്തോനേഷ്യൻ സർക്കാരിൻ്റെ ഈ ജാഗ്രത. വലിയ സംരഭകർക്കും സാങ്കേതിക വിദഗ്ദർക്കും മാനേജീരിയൽ മേഖലയിലെ പ്രൊഫഷണൽസിനും നല്ല സാദ്ധ്യതയാണ് ജക്കാർത്തയിൽ. വിഷ്ണുവാണ് തൻ്റെ പരിചയ സമ്പത്തിൻ്റെ വെളിച്ചത്തിൽ ഇതെല്ലാം പറഞ്ഞത്.

ചന്ദ്രിക മുൻ എഡിറ്റർ റഹീം മേച്ചേരിയുടെ സഹോദരിയുടെ മകൻ ജാഹിദ് ഫസലിനെയും ഭാര്യ അയ്ഷാ ശബ്നത്തെയും കേരള സമാജത്തിൽ വെച്ച് കണ്ടു. ഫിഷ് എക്സ്പോർട്ടറായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നിതിൻ, അജ്മൽ, അർജുൻ വിജയ്, ധീരജ്, ഗായത്രി, ജയപ്രകാശ്, ബിൻസി, ജോൺ, ആൻ, സുമില, ബോബി, മെറീന, സാജിദ് മുഹമ്മദ്, ശ്രീജിത് എന്നിവവരെയും കൂട്ടായ്മയിൽ പരിചയപ്പെട്ടു. വൻകിട നിക്ഷേപകനായി ജക്കാർത്തയിലെത്തി മലയാളികളുടെ അഭിമാനം ഉയർത്തിപ്പിടിച്ചത് ലോകത്തിലെ എണ്ണം പറഞ്ഞ വ്യവസായികളിൽ പ്രമുഖനായ എം.എ യൂസുഫലി സാഹിബാണ്. ലുലുവിന് ആറ് വലിയ ഹൈപ്പർമാർക്കറ്റുകളാണ് ജക്കാർത്തയിൽ ഉള്ളത്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ജനസംഖ്യയുള്ള ഇന്തോനേഷ്യയുടെ ബിസിനസ് സാദ്ധ്യതയെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിന് അദ്ദേഹം പ്രശംസ അർഹിക്കുന്നു.

ഗതാഗതക്കുരുക്കും സ്ഥല സന്ദർശനങ്ങളുടെ ആധിക്യവും സമയത്തെ എത്രപെട്ടന്നാണ് വിഴുങ്ങിയതെന്നോ? യാത്രക്ക് ഞങ്ങൾ വേഗം കൂട്ടി. മുഹമ്മദ് നബിയുടെ നാൽപതാമത്തെ സന്താന പരമ്പരയിൽ പെടുന്ന സയ്യിദ് അബൂബക്കർ ബിൻ ആൽവി ബഖ്സാൻ ജമാലുള്ളാഹില്ലൈലിയുടെ മഖ്ബറ (ശവകുടീരം) സന്ദർശനം അൽപ്പം  ധൃതിയിലാക്കി.

സയ്യിദ് അബൂബക്കർ ബിൻ ആൽവി ബഖ്സാൻ ജമാലുള്ളാഹില്ലൈലിയുടെ മഖ്ബറ (ശവകുടീരം)

സയ്യിദ് അബൂബക്കർ ബിൻ ആൽവി ബഖ്സാൻ ജമാലുള്ളാഹില്ലൈലിയുടെ മഖ്ബറ (ശവകുടീരം)

യമനിൽ നിന്ന് ഇന്തോനേഷ്യയിലെത്തിയ പണ്ഡിതനാണ് സയ്യിദ് അബൂബക്കർ. ഇസ്ലാമികാദ്ധ്യാപനങ്ങൾ നിരവധി ശിഷ്യഗണങ്ങൾക്ക് പകർന്ന് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ മഹാൻ. 1814 ൽ തങ്ങൾ അവർകൾ മരണപ്പെട്ടു. തദ്ദേഹത്തെ ഖബറടക്കം ചെയ്തത് മദ്ധ്യ ജക്കാർത്തയിലെ മങ്കാദുഅയിലാണ്.

അദ്ദേഹത്തിൻ്റെ ശിഷ്യൻ അതിനോട് ചേർന്ന് സ്ഥാപിച്ച മസ്ജിദാണ് നൂറുൽ അബ്റാർ. നിരവധി തീർത്ഥാടകരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. നൂർ പള്ളിയുടെ ഉള്ളിലായി ഒരിക്കലും വറ്റാത്ത ഒരു കിണറുണ്ട്. കടലിലെ വേലിയേറ്റമനുസരിച്ച് കിണറ്റിലെ വെള്ളം ഉയരുകയും താഴുകയും ചെയ്യും. സയ്യിദ് അബൂബക്കർ അവർകളുടെ 'പോരിശ' അഥവാ മഹത്വം കൊണ്ടാണത്രെ കിണറ്റിലെ വെള്ളം പൂർണ്ണമായും വലിയാത്തതും വറ്റാത്തതും. ഉപ്പുരസം തിരെയില്ലാത്ത ശുദ്ധമായ കുടിവെള്ളമാണ് കിണറ്റിൽ. മറമാടപ്പെട്ട സിദ്ധൻ്റെ തലമുറയിലെ ഇപ്പോഴത്തെ കാരണവർ ചെറിയ ബക്കറ്റിൽ വെള്ളം മുക്കി ഞങ്ങൾക്ക് തന്നു. ജലീലും ഹരികുമാറും, നൗഷാദും

അഖിലും തീർത്ഥം കുടിച്ചു. ഞാൻ കുറച്ച് ദൂരത്തായതിനാൽ കുടിക്കാനായില്ല. സയ്യിദ് അബൂബക്കറിൻ്റെ ഖബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തിയാണ് മടങ്ങിയത്.

നാട്ടിലെ സുഹൃത്ത് പുറത്തൂരിലെ വിശ്വൻ മാഷുടെ മകൾ വൈഷ്ണയും ഭർത്താവ് പ്രമോദും ജക്കാർത്തയിലുള്ള വിവരം അദ്ദേഹം പറഞ്ഞിരുന്നു. പ്രമോദ് പ്രശസ്തമായ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ മാനേജരാണ്. അവരുടെ ഫ്ലാറ്റിൽ പോയി കഴിച്ച ഭക്ഷണം മറക്കില്ല. വൈഷ്ണയുടെ കൈപുണ്യത്തിന് ഒരു  A+ ഉറപ്പായും നൽകാം.

യാത്രക്കിടയിൽ  പട്‌മങ്ങാൻ തിമൂർ പഞ്ചായത്ത് ഓഫീസിലും കയറി. പഞ്ചായത്ത് സെക്രട്ടറി ബാപ അബ്ദുറഹ്മാൻ ഹകീമുമായി സംസാരിച്ചു. പഞ്ചായത്തോഫീസിലെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ അതിന് കഴിയാത്ത വയോജനങ്ങൾക്കും വിദ്യാഭ്യാസമില്ലാത്തവർക്കും നേരിട്ട് പഞ്ചായത്ത് ഓഫീസിൽ സേവനം ലഭ്യമാണെന്നും ഹകീമി വിശദീകരിച്ചു. സ്ഥിര ജീവനക്കാർ 11 പേരാണ്  ഓഫീസിൽ ഉള്ളത്. ക്ലർക്കുമാരും കമ്പ്യൂട്ടർ ഓപ്പറേറ്റർമാരും സ്വീപ്പർമാരും, ശുചീകരണ തൊഴിലാളികളും ഉൾപ്പടെ 94 പേർ കോൺട്രാക്ട് അടിസ്ഥാനത്തിലും അവിടെ ജോലി ചെയ്യുന്നു. ഇവർക്ക് മിനിമം വേതനമായ 22000 ഇന്ത്യൻ രൂപ മാസം ലഭിക്കുന്നു. കാക്കിയാണ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യൂണിഫോം. പഞ്ചായത്ത് സെക്രട്ടറിയെ കണ്ടാൽ സ്ഥലം പോലീസ് സബ് ഇൻസ്പെക്ട്രാണെന്ന് തോന്നും.

പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച്, ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറി തന്നെ വിൽക്കും. ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ കൊടുത്തയക്കും. ഓയിൽ മാലിന്യങ്ങൾ ശുചീകരണ തൊഴിലാളികൾ ശേഖരിച്ച് ബയോ ഡീസൽ പ്രൊസ്സസിംഗിന് അയക്കും. ഓയിൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് പ്രയാസകരമായി വന്നപ്പോൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തി.

എല്ലാ വെള്ളിയാഴ്ചയും കുട്ടികളോട് ഓയിൽ മാലിന്യങ്ങൾ കൊണ്ടുവരാൻ പറഞ്ഞു. കുട്ടികളും വീട്ടുകാരും സഹകരിച്ചു. സംഘടിതമായി ഇത് ശേഖരിച്ച് പ്രൊസ്സസ് ചെയ്യും. എണ്ണപ്പലഹാരങ്ങൾ ധാരാളം ഉപയോഗിക്കുന്നതിനാൽ വീടുകളിൽ ഓയിൽ മാലിന്യം മോശമല്ലാതെ ഉണ്ടാകും. അവ മണ്ണിലൊഴിച്ച് പരിസ്ഥിതി മലിനീകരണമുണ്ടായി ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് ഓയിൽ മാലിന്യം പഞ്ചായത്ത് നേരിട്ട് സ്കൂളുകൾ വഴി ശേഖരിക്കുന്നത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിക്കുന്ന സ്ഥലവും ഞങ്ങൾ സന്ദർശിച്ചു. എത്ര വൃത്തിയോടെയാണ് അവിടം പോലും സൂക്ഷിച്ചിട്ടുള്ളതെന്നോ! ശുചീകര തൊഴിലാളികളുടെ അപാരമായ ശുചിത്വ ബോധം സമ്മതിക്കണം.

വരുന്നവഴി കേമയോറാനിലെ സെൻട്രൽ ജക്കാർത്തയിലുള്ള  പൊൾറസ് മെട്രോ പോലീസ് സ്റ്റേഷനിലും ഒന്നുകയറി. 70% കേസുകളും ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൻമേൽ എടുത്തതാണെന്ന് അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സുമിന്തോ പറഞ്ഞു. കൊലപാതക കേസുകൾ വളരെ കുറവാണ്.

മത സംഘർഷങ്ങളും കലാപങ്ങളും മതത്തിൻ്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളും ഇന്തോനേഷ്യയിൽ ഇല്ലെന്നാണ് അദ്ദേഹം ചോദ്യത്തിനുത്തരമായി മൊഴിഞ്ഞത്. പട്ടണ മദ്ധ്യത്തിൽ ആയിരുന്നിട്ട്

പോലും ആ പോലീസ് സ്റ്റേഷനിൽ വർഷത്തിൽ ശരാശരി രണ്ടോ മൂന്നോ കൊലപാതക കേസുകളേ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളുവെത്രെ. സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ നന്നേ കുറവാണ്. ആത്മഹത്യാ കേസുകൾ ഇല്ലെന്നു തന്നെ പറയാം. നന്നായി ഫർണിഷ് ചെയ്ത പോലീസ് സ്റ്റേഷൻ കാണാൻ നല്ല ഭംഗിയുണ്ട്. വളരെ മാന്യമായാണ് അവർ ഞങ്ങളെ സ്വീകരിച്ചത്.

രാത്രി ഭക്ഷണത്തിനായി ജക്കാർത്തയുടെ അങ്ങേ അറ്റത്തുള്ള ഇബ്രാഹിംകുട്ടിക്കയുടെ വീട്ടിലേക്കാണ് പോയത്. 42 വർഷം മുമ്പ് 1980 ൽ ഒരു അമേരിക്കൻ ഓയിൽ കമ്പനിയിൽ എഞ്ചിനീയറായാണ് ആലുവയിലെ പടിയൂർ സ്വദേശി എൻ.കെ ഇബ്രാഹിംകുട്ടി ജക്കാർത്തയിൽ എത്തിയത്. തൃശൂർ ഗവ:  എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദമെടുത്ത അദ്ദേഹത്തിന് വിദേശ കമ്പനിയിലാണ് ജോലി ലഭിച്ചത്. ഇരുപത് വർഷത്തോളം കമ്പനിയെ സേവിച്ചു. പിന്നീട് കമ്പനിയിൽ നിന്ന് വോളണ്ടറി റിട്ടയർമെൻ്റ് എടുത്ത ഇബ്രാഹിംകുട്ടി സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. ഇപ്പോൾ അഗ്രോ പ്രൊഡക്റ്റ് എക്സ്പോർട്ടറാണ്. ഇന്തോനേഷ്യൻ പൗരനായ ഇബ്രാഹിംകുട്ടി സാഹിബ് ജക്കാർത്ത മലയാളി കൂട്ടായ്മയുടെ നട്ടെല്ലാണ്. ഇന്ത്യയിലെയും ഇന്തോനേഷ്യയിലേയും സമകാലിക രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ കാര്യങ്ങൾ ഞങ്ങൾക്കിടയിൽ നീണ്ട ചർച്ചക്ക് വഴിവെച്ചു. വളരെ ഫലപ്രദമായ ഒരു സംവാദം. വിഭവ സമൃദ്ധമായ ഭക്ഷണ ശേഷം ഇനിയും കാണാമെന്ന ശുഭപ്രതീക്ഷയോടെ ഞങ്ങൾ തൽക്കാലത്തേക്ക് പിരിഞ്ഞു. (തുടരും)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top