26 April Friday

ധനുഷ്‌കോടിയിലെ 'പ്രേതഭൂവി'ലൂടെ

സന്ധ്യ ഇUpdated: Friday Dec 22, 2017

സന്ധ്യ ഇ

സന്ധ്യ ഇ

ഒരു തീവണ്ടിയിലെ യാത്രികരെയടക്കം ഒരു ദേശത്തെയാകെ വിഴുങ്ങിയ ചുഴലി ധനുഷ്‌കോടിയില്‍  വീശിയിട്ട് ഡിസംബര്‍ 22 ന് 53 വര്‍ഷം പിന്നിടുന്നു. ഇന്നും ദൃശ്യങ്ങള്‍ നടുക്കം പകരുന്ന ഈ 'പ്രേതനഗര'ത്തിലേക്ക് നടത്തിയ യാത്രയെപ്പറ്റി കവിയും കഥാകൃത്തുമായ സന്ധ്യ ഇ എഴുതുന്നു.

ചില യാത്രകളിലേക്ക് നമ്മള്‍  എത്തിച്ചേരുകയാണ്. അല്ലെങ്കില്‍ ആരോ വിളിച്ചിട്ടെന്നപോലെ പുറപ്പെടുകയാണ്. ചരിത്രമോ മിത്തോ കഥയോ സംഭവങ്ങളോ കെട്ടുപിണഞ്ഞുകിടക്കുന്ന ആ ഭൂമികകളില്‍ ഒരുപക്ഷേ  അല്പനേരം മാത്രമേ  ചെലവഴിക്കുകയുള്ളൂവെങ്കിൽക്കൂടി  കാലങ്ങള്‍ക്കപ്പുറത്തേക്ക്, മണ്‍മറഞ്ഞുപോയ  ആരുടെയൊക്കെയോ വികാരവിചാരങ്ങളുടെ ഭാഗമായിത്തീർന്നേക്കാം നമ്മള്‍. ലോകത്തിലെല്ലാവരും, എല്ലാ സംഭവങ്ങളും എല്ലാ ചലനങ്ങളും എങ്ങനെയൊക്കെയോ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുണ്ട് എന്ന സത്യം ഒരു തിരിച്ചറിവാകും അപ്പോൾ . ഒരു രാമേശ്വരംധനുഷ്‌കോടി യാത്ര ഉണര്‍ത്തിവിട്ട ചില ചിന്തകളാണീ കുറിപ്പില്‍. ചുഴലിക്കാറ്റ് കടലിലേക്കെടുത്തെറിഞ്ഞ തീവണ്ടിയുടെ ഡ്രൈവർ കാറ്റിന്റെ മുന്നറിയിപ്പുണ്ടായിട്ടും വണ്ടിയെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നു വായിച്ചു. പേരുപോലുമറിയാത്ത ആ ഡ്രൈവറുടെ വേദനകൾക്കും ധൈര്യത്തിനും ഉത്കണ്ഠകൾക്കും നിസ്സഹായതക്കും ഒപ്പമായി മനസ്സ്.

തമിഴ്‌നാട്ടിലെ പാമ്പൻ  ദ്വീപിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള ഒരു തീരദേശ നഗരമാണ് ധനുഷ്‌കോടി. .ശ്രീലങ്കയിലെ തലൈമാന്നാറിലേക്ക് 29 കിലോ മീറ്ററേ ഇവിടന്നുള്ളൂ. ധനുഷ്‌കോടിയില്‍ നിന്നും തലൈമാന്നാറിലേക്ക് ഒരു ഫെറി സര്‍വീസ് ഉണ്ടായിരുന്നു. ധനുഷ്കോടിയിലേക്ക്തീവണ്ടി മാര്‍ഗ്ഗം വരുന്നവർ  ബോട്ടില്‍ കയറി തലൈമാന്നാറില്‍ ഇറങ്ങുകയും പിന്നീട് വീണ്ടും റെയില്‍ വഴി ശ്രീലങ്ക (അന്ന് സിലോണ്‍) യിലേക്ക് ചെല്ലുകയുമായിരുന്നു, പതിവ്. 1982 നു ശേഷം ഈ ഫെറി സര്‍വീസു നിര്‍ത്തലാക്കി. ഹിന്ദു ഐതിഹ്യപ്രകാരം ശ്രീരാമന്‍ സീതയെ വീണ്ടെടുക്കാനായി ശ്രീലങ്കയിലേക്ക് പോയത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കുന്നു. രാമസേതു എന്നറിയപ്പെടുന്ന, വാനരസേന പണിതീര്‍ത്തതായി കരുതപ്പെടുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെയാ‌ണ്. സ്ക്കൂളും ആശുപത്രിയും പള്ളിയും അമ്പലവും പോസ്റ്റോഫീസും റെയില്‍സ്റ്റേഷനും ഒക്കെയുള്ള ഒരു നഗരം 1964 ലെത്തി ഭീകരമായ കൊടുങ്കാറ്റിനുശേഷം ആള്‍പ്പാര്‍പ്പില്ലാതെയായി. പ്രേതനഗരമെന്ന് മുദ്രകുത്തപ്പെട്ടു.

1964 ഡിസംബര്‍ 22ാം തിയതി രാത്രി ഏകദേശം 9 മണിക്ക് പാമ്പനിലെ തന്റെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ 653ാം നമ്പര്‍ ട്രെയിനിന്റെ ഡ്രൈവര്‍ എന്തു പറഞ്ഞാലും ഇറങ്ങിയിരിക്കുക? പതിവുപോലെ ഭാര്യയോട്, വാതില്‍ ശരിക്കടക്കണമെന്നും മൂത്തകുട്ടിയോട് നാളെ സമയത്ത് സ്ക്കൂളിലേക്കിറങ്ങണമെന്നുമാവാം. നേരത്തെ ഉറക്കം പിടിച്ച ഇളയകുഞ്ഞിന്റെ തലയില്‍ പതുക്കെ തടവിക്കാണും. ഇറങ്ങാന്‍ നേരം ഒന്നുകൂടി തിരിഞ്ഞ് നോക്കി ഭാര്യയോട് “അമ്മക്കുള്ള മരുന്നുകഴിഞ്ഞോ? നാളെ വരുമ്പോള്‍ കൊണ്ടുവരാം” എന്നും പറഞ്ഞിട്ടുണ്ടാവാം. അപ്പോള്‍ അതു സാധാരണദിവസം തന്നെയായിരുന്നു. കാലാവസ്ഥ മാറിമറിയുമെന്നും താനിനിയൊരിക്കലും വീട്ടിലേക്ക് തിരിച്ചു വരില്ലെന്നും അയാളറിഞ്ഞിരിക്കാനിടയില്ല. വരാന്‍ പോകുന്ന ചുഴലിക്കാറ്റ് എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമായിരിക്കും എന്നറിയാന്‍ ഒരു പക്ഷേ അന്നത്തെ സാങ്കേതികതയും വികസിച്ചു കാണില്ല.
 
റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരിക്കും ഓഫീസര്‍മാരുടെ മുഖങ്ങള്‍ അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുക.  ധനുഷ്‌കോടിയില്‍ കനത്ത ചുഴലിക്കാറ്റിന്റെ ഭീഷണിയുണ്ടെന്ന് അവര്‍ അടക്കം പറയുന്നത്  അയാള്‍  കേട്ടു കാണും. കൂട്ടത്തില്‍ സൌമ്യനായ ഓഫീസറോട്  വണ്ടി  റദ്ദാക്കുന്നതല്ലേ  നല്ലത് എന്ന് ചോദിച്ചു  കാണും. ആജ്ഞകളനുസരിച്ചാല്‍  മതി  എന്നയാള്‍  സാധാരണ  വിട്ടുള്ള  ഗൌരവത്തില്‍ പറഞ്ഞിട്ടുണ്ടാവും. ദൈവമേ, എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഈ യാത്രക്കാരെ സുരക്ഷിതരായി അവിടെയെത്തിക്കണേ എന്ന് കരളുരുകി പ്രാര്‍ത്ഥിച്ചാവും അന്നയാൾ  വണ്ടിയില്‍ കയറിയിരിക്കുക. ഒരുവേള, ഒരുള്‍പ്രേരണയാല്‍ ഒന്നുകൂടി വീട്ടിലേക്കൊന്നു പോകാനും പ്രിയപ്പെട്ടവരെ ഒരു നോക്കുകൂടി അവസാനമായി കാണാനും അയാള്‍ കൊതിച്ചുകാണും. പക്ഷേ കര്‍ത്തവ്യ നിര്‍വ്വഹണവ്യഗ്രതയില്‍ അയാള്‍ക്ക് അത് സാധിച്ചിട്ടുണ്ടാവില്ല .

ആ രാത്രിവണ്ടിയില്‍ കയറിയവര്‍ ബന്ധുക്കളെക്കാണാനോ കച്ചവടത്തിനോ, മീന്‍ പിടിത്തത്തിനോ അതോ ആശുപത്രിയില്‍ക്കിടക്കുന്ന ആര്‍ക്കോ കൂട്ടിരിക്കാനോ ഒക്കെ പോയവരാവും. സാധാരണക്കാര്‍. ഒരുപക്ഷേ അച്ഛനൊപ്പം പോകാന്‍ വാശി പിടിച്ച്  കയറിയ ഒരു കുഞ്ഞുണ്ടാവാം, അതില്‍. ആദ്യമായി തീവണ്ടിയില്‍ കൌതുകത്താല്‍ കണ്ണുമുഴിച്ച് ഇരുവശവും നോക്കി, വൈകിയിട്ടും ഉറങ്ങാതെ. തെളിഞ്ഞ ദിവസമാണെങ്കില്‍ ദൂരെ, അയല്‍ രാജ്യത്തെ ,മാന്നാര്‍ ഗ്രാമത്തിലെ ലൈറ്റുകള്‍ കാണാം. അവിടെയെന്താവും ഉണ്ടാവുക, അങ്ങോട്ടു കൊണ്ടുപോകുമോ എന്നൊക്കെയുള്ള മകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നേരിട്ടു കാണിച്ചു കൊടുക്കാന്‍ പോകുന്നതിന്റെ ചാരിതാര്‍ത്ഥ്യവുമായി അച്ഛനവനെ ചേര്‍ത്തു പിടിച്ചിരിക്കാം. “ഉടനെ മടങ്ങി വരില്ലേ ഞാന്‍” എന്നു കാമുകിയോടു യാത്ര പറഞ്ഞു പുറപ്പെട്ട ഒരു കാമുകനുണ്ടാവാം. ഒന്നിനുമല്ലാതെ വെറുതെ യാത്ര പോകുന്നവരുമുണ്ടാവാം. ഒരു ഭ്രാന്തനോ കവിയോ ഉണ്ടാവാം. അവരുടെയൊക്കെ വിധി നിമിഷാര്‍ദ്ധത്തില്‍ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാനായിരുന്നു എന്നറിഞ്ഞേയില്ലല്ലോ.

പുറപ്പെട്ടപ്പോള്‍ ഒരു മൂളിപ്പാട്ടുപോലെയോ ഒരു മന്ത്രണം പോലെയോ തോന്നിയ കാറ്റ് പതുക്കെപ്പതുക്കെ ശക്തിയാര്‍ജ്ജിച്ചു വരുന്നത് ഡ്രൈവര്‍ അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. പകുതിദൂരം പിന്നിട്ടിട്ടുണ്ടാവാം. വഴിയില്‍ നിര്‍ത്തിയിടാന്‍ ഉത്തരവില്ല. ലക്ഷ്യസ്ഥാനത്തെത്താതെ വഴിയില്ല. കാറ്റു ശക്തിയാര്‍ജ്ജിച്ചു വരവേ അയാളുടെ ഉള്ളിലെ മകനോ ഭര്‍ത്താവോ, അച്ഛനോ വല്ലാതെ സങ്കടപ്പെട്ടിട്ടുണ്ടാവും. വര്‍ഷങ്ങളുടെ പരിചയം വെച്ച് അയാള്‍ ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുണ്ടാവും. പഠിച്ച പണി മുഴുവനെടുത്ത് ആ വലിയ വാഹനത്തെ അയാള്‍ പാളത്തോടു ചേര്‍ത്തു നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ചു കാണും. പക്ഷേ കാറ്റിനന്ന് പിശാചിന്റെ സ്വഭാവമായിരുന്നല്ലോ. എല്ലാം തകര്‍ത്തെറിഞ്ഞ വരാവൂ എന്ന ആജ്ഞ കിട്ടിയവനെപ്പോലെ അത് ആഞ്ഞടിച്ചു. മൂന്നുനാള്‍ക്കിപ്പുറം വരാനിരുന്നു   ക്രിസ്തുമസ്സെങ്കിലും ആകാശത്ത് അന്ന് ഒറ്റ നക്ഷത്രം പോലും ഉദിച്ചിരുന്നില്ല. അവശിഷ്ടങ്ങളില്‍ നിന്ന് പള്ളി പുനര്‍ജനിച്ചു. പള്ളിമണി ഏതോ അജ്ഞാത സങ്കടത്താല്‍, ഭീതിയാല്‍ അടിച്ചുകൊണ്ടിരുന്നു. പള്ളിക്കകത്ത് രക്ഷകന്റെ ജനനസമയത്തു പാടാനുള്ള പാട്ടുകള്‍ പരിശീലിച്ചു കൊണ്ടിരുന്ന ഗായകസംഘം ഒന്നുമറിയാതെ പാടിക്കൊണ്ടിരുന്നു. മഞ്ഞുപോലെ വെളുത്ത താടിയുള്ള വൈദികന്‍ എന്തോ ആപത്തു മുന്നില്‍ കണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.ദൂരെ നിന്ന് പതിയെപ്പതിയെ കേട്ടിരുന്ന  ശബ്ദം ശക്തിയാര്‍ജ്ജിച്ചു. ഒരു ഹുങ്കാരത്തോടെ കാറ്റ് തിരമാലകളെ പള്ളിക്കകത്തേക്ക് അടിച്ചു കയറ്റി. ജനലുകള്‍ തുറന്ന്, വാതിലിടിച്ചു തെറിപ്പിച്ച് കടല്‍ വെള്ളം തള്ളിക്കയറുകയായിരുന്നു. ഒന്നു കണ്ണടച്ചു തുറക്കും മുമ്പ്, ഒന്നുകൂടി  പ്രാര്‍ത്ഥിക്കാനിടകിട്ടും മുമ്പ്, എല്ലാവരും ചിതറിത്തെറിച്ച് വീണു. ഉറങ്ങുമ്പോള്‍, സ്വപ്നം കാണുന്നുണ്ടായിരുന്നവര്‍, ഉറക്കം വരാതെ കിടന്നവര്‍, വാശി പിടിച്ചെവിടെയോ കരഞ്ഞിരുന്ന കുഞ്ഞുങ്ങള്‍, അവരുടെ കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, രേഖകള്‍, സമ്പാദ്യങ്ങള്‍,… എല്ലാം ഒന്നുമൊന്നുമല്ലാത്ത വിധം ഏതോ രാക്ഷസകൈകള്‍ കവര്‍ന്നെടുത്തു. വീടുകളിലേക്ക്, കടകളിലേക്ക് ഇരച്ചുകയറി. ഒരാശുപത്രിയെ സ്ക്കൂളിനെ, പോസ്റ്റ് ഓഫീസിനെ, റെയില്‍വേ സ്റ്റേഷനെ, പള്ളിയെ, റെയില്‍ പാളങ്ങളെ ഒക്കെ അത് പീച്ചിയെടുത്തു.  ഒരു നഗരം, ജനസഞ്ചയം നിമിഷനേരം കൊണ്ട് ഇല്ലാതായി. യാത്ര പുറപ്പെട്ടവരാരും തിരികെ വന്നില്ല. സ്ക്കൂളില്‍ പിന്നെ മണിയടിച്ചില്ല. പള്ളിയില്‍ നിന്ന് ദൈവം എന്നെന്നേക്കുമായി യാത്ര പറഞ്ഞു പോയി. മേല്‍വിലാസക്കാരനു കിട്ടാതെ അനേകം കത്തുകള്‍ ശൂന്യതയിലേക്കു മറഞ്ഞു.

അങ്ങോട്ട് തീവണ്ടി അടുക്കുകയായിരുന്നു . സമയം 23.55. സിഗ്നല്‍ കാണുന്നില്ല. വര്‍ഷങ്ങളോളം ഒരേ പാതയിലൂടെ ഓടിച്ച പരിചയത്തില്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു. ഒരു വലിയ തിര വന്നതേ ഓര്‍മ്മയുള്ളൂ. 6 കോച്ചുകളും 115 ആളുകളും വെള്ളത്തിനടിലായി. ഇനിയൊരിക്കലും മടങ്ങി വരാത്ത അവവസാനവണ്ടി യുടെ സാരഥിയാകാനുള്ള നിയോഗം കൈപ്പറ്റിയ അയാൾ വളയം എന്നെന്നേക്കുമായി  കൈവിട്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രാന്വേഷകരില്‍ ചിലര്‍ ആളുകളും ആരവങ്ങളുമൊഴിഞ്ഞ നഗരാവശിഷ്ടങ്ങള്‍ കാണാനെത്തി. ചില ബാക്കികള്‍ സങ്കടക്കുറിപ്പുകളെന്നപോലെ നിന്നിരുന്നതു കണ്ടു പടമെടുത്തു മടങ്ങി, കടല്‍ എല്ലാത്തിനും സാക്ഷിയായി, തിരമാലകളുടെ ഭാഷയില്‍ സംസാരിച്ചിരുന്നത് വിവര്‍ത്തനം ചെയ്യാനറിയാതെ. അമ്പത്തിമൂന്നു വര്‍ഷം മുമ്പു നടന്ന ഒരു ദുരന്തം മനസ്സില്‍ പുനര്‍ജ്ജനിക്കുകയായിരുന്നു അപ്പോള്‍. അതിന്റെ ആഘാതത്തില്‍, സങ്കടത്തില്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ആ മണല്‍പ്പരപ്പില്‍ തറഞ്ഞു നിന്നു. ഓര്‍മ്മയില്‍ ഒരു തീവണ്ടി ചൂളം വിളിച്ചു വരുന്നുണ്ടായിരുന്നു. ഒരു കുഞ്ഞിക്കൈ ആരോടോ യാത്ര പറയാനെന്നപോലെ ജനാലയിലൂടെ പുറത്തേക്ക് നീളുന്നുണ്ടായിരുന്നു. ഉള്ളില്‍ എരിയുന്ന കനലുമായി ഹതഭാഗ്യനായ ഡ്രൈവര്‍ എഞ്ചിന്‍ റൂമില്‍ മിടിക്കുന്ന ഹൃദയവുമായി ചക്രം പിടിക്കുന്നുണ്ടായിരുന്നു.  
 


തീരത്ത് തലങ്ങും വിലങ്ങും ഓടിച്ചിരുന്ന ടെംപോ ട്രാവലറില്‍ ഞെങ്ങിഞെരുങ്ങിയിരിക്കുമ്പോള്‍, മടക്കയാത്രയില്‍ അസ്വസ്ഥമായിരുന്നു മനസ്സ്. അകന്നകന്നു പൊയ്ക്കൊണ്ടിരുന്ന ആ തിരസ്കൃത നഗരത്തിൽ ഉണ്ടായിരുന്നിരിക്കാം, ആരോ. അവിടെ. ഏതോ ജന്മത്തില്‍ സഹയാത്രികരായിരുന്നവര്‍, പ്രിയപ്പെട്ടവര്‍.  ഏതോ അജ്ഞാത ബന്ധങ്ങളാൽ കൊരുക്കപ്പെട്ടവർ . അവരാവാം ഈ കുറിപ്പെഴുതാതെ എനിക്ക് സ്വൈര്യം തരാതിരുന്നവർ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top