29 May Monday

ചക്സം: പൗരാണികതയിലേക്കൊരു തൂക്കുപാലം

കെ ആർ അജയൻUpdated: Saturday Sep 19, 2020


 

 

പ്രാർഥനാചക്രങ്ങൾ ഉറപ്പിച്ച ഒരു കൽക്കട്ടിനുമുന്നിൽ ഇറങ്ങി. ചക്സം പാലത്തിലേക്ക് നടക്കാനുള്ളത് ഇവിടെനിന്നാണ്.  പഴയ പാലത്തിനു സമാന്തരമായി മറ്റൊന്ന് പണികഴിപ്പിച്ചിട്ടുണ്ട്. അതിലൂടെ വാഹനം ഓടുന്നു. എന്നാൽ ചക്സം പാലം കാണാനാണല്ലോ ഇതുവരെ വന്നത്.  കാടിനുള്ളിലേക്ക് ഇറങ്ങിപ്പോകുന്ന പടികളിലൂടെ നടന്നു. അകലെയായി തകരഷീറ്റിട്ട് മറച്ച ചെറിയ ഷെഡ്ഡ് കാണാം. നടന്നെത്തി അതിനുള്ളിലേക്ക് കയറുമ്പോൾ ഇതാ മുന്നിൽ ചക്സംപാലം.  തവാങ്‐ചു നദി പൊട്ടിച്ചിരിച്ചൊഴുകുന്നു.

പുലർച്ചെ ഇറങ്ങിയാൽ ഒരു മാരുതി വാൻ സംഘടിപ്പിച്ച് അതിൽ കിട്പിയിൽ എത്തിക്കാമെന്ന് താമസസ്ഥലത്തെ ദീദി ഉറപ്പുനൽകി. വൈകുന്നേരം നാലുമണിക്ക് തിരികെ എത്താനുള്ള വാഹനവും ഉറപ്പാക്കി.

ഞങ്ങൾ ഇതുവരെ യാത്ര ചെയ്തതെല്ലാം കുന്നുകളിൽനിന്ന് കുന്നുകളിലേക്കും താഴ്വരകളിലേക്കുമൊക്കെയാണ്. അരുണാചലിന്റെ സ്വന്തമായ ഗ്രാമങ്ങളിലേക്ക് ഒന്നും കടന്നില്ല. കാരണം ഞങ്ങളുടെ വഴിയിൽ അത്തരമൊന്നും ഇല്ലായിരുന്നു എന്നതുതന്നെ. മോംഗ്യൻ വംശജരായ ഗ്രാമീണർ ഏറെയുള്ള ഗ്രാമങ്ങളാണ് കിട്പിയും മുക്തോ‌യും.  എല്ലാം ഈ ഗ്രാമങ്ങളിലും നേരിട്ടെത്താൻ വാഹനം ലഭിക്കുമെങ്കിലും കാട്ടിനുള്ളിലെ ഊടുവഴിയിലൂടെ നടക്കാൻ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. അരുണാചൽ കാടിന്റെ നനുത്ത തണുപ്പിൽ, ഉയരം കുറഞ്ഞ മരങ്ങൾക്കിടയിലൂടെ തെറ്റിത്തെറിച്ചൊഴുകുന്ന നീർച്ചാലുകൾ കടന്ന്, ചോര കുത്താൻ എത്തുന്ന അട്ടക്കുട്ടികളെ പിഴുതെറിഞ്ഞു നടക്കുക.

പുലർച്ചെ 5.30ന് വാഹനവുമായി ഡ്രൈവർ എത്തി. പ്രഭാതഭക്ഷണം വഴിയിൽ കിട്ടുമെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞതിനാൽ പ്രത്യേകിച്ച് ഒന്നും കരുതിയില്ല. മഞ്ഞുമൂടിയ വഴി പിന്നിട്ട് ഗോതമ്പ് പാടങ്ങൾക്കിടയിലൂടെ വാഹനമോടുന്നു. ഇടയ്ക്ക് വയലിൽ ചോളം പൂത്തുനിൽക്കുന്നു. പാടം അവസാനിക്കുന്നിടത്ത് കാട് തുടങ്ങുന്ന ഗ്രാമം. ഇരുണ്ട് സമൃദ്ധമായ വനപ്രദേശം താണ്ടുമ്പോൾ തകർന്നു തരിപ്പണമായ കാട്ടുപാത. വൃക്ഷങ്ങളുടെ വേരുകൾ കെട്ടുപിണഞ്ഞുകിടക്കുന്ന വഴി. മാരുതി വാൻ അതിനുമീതെ ചാടിയാണ് മുന്നോട്ടോടുന്നത്.  ഇടയ്ക്ക് വഴി മുറിച്ച് നീർച്ചാലുകൾ. തവാങ് ജില്ലയിലെ ഒരു താലൂക്കിന് മൊത്തമായി വിളിക്കുന്ന പേരാണ് കിട്പി. ഇതേ പേരിൽ ഗ്രാമപഞ്ചായത്തുമുണ്ട്. കിട്പി താലൂക്കിൽ 31 ഗ്രാമങ്ങളുണ്ട്. ഇതെല്ലാം ചേർന്ന് കിട്പി സർക്കിൾ എന്നാണ് അറിയപ്പെടുന്നത്.

ഗോംഖെലിങ്ങിലെ ഗ്രാമീണ സ്‌ത്രീ

ഗോംഖെലിങ്ങിലെ ഗ്രാമീണ സ്‌ത്രീ

എല്ലായിടത്തുമായി ഏതാണ്ട് 3000 താഴെയാണ് താമസക്കാർ. ഖിമ്രു എന്ന ഗ്രാമത്തിലാണ് അധികം ജനസംഖ്യ, 600 നും 700 നും ഇടയിൽ.  ഖ്രോംഗ്‌ടൺ ഗോൻപ ഗ്രാമത്തിൽ രണ്ടുപേരാണ് താമസക്കാർ. തോങ്മിൻ ഗോംപെ, ഗാങ്ഗതെങ്, അന്നി ഗോംപെ  തുടങ്ങിയ ഗ്രാമങ്ങളിൽ 20ൽ താഴെയാണ് ജനസംഖ്യ. ബുദ്ധമതക്കാരായ ആദിവാസി ഗോത്രവിഭാഗമാണ് കൂടുതലും.  മറ്റു മതക്കാർ പേരിന് മാത്രമേയുള്ളൂ. വാഹനം വഴിയിൽ ഒരിടത്ത് നിർത്തിയെങ്കിലും അവിടെ കഴിക്കാൻ ഭക്ഷണമൊന്നും കിട്ടിയില്ല. ഗ്രാമത്തിലെ പീടികകൾ ഒന്നും തുറക്കാനുള്ള സമയമായിട്ടില്ല. രാവിലെ പട്ടിണിയാണെന്ന് ഉറപ്പായി.

പ്രാർഥനാചക്രങ്ങൾ ഉറപ്പിച്ച ഒരു കൽക്കട്ടിനുമുന്നിൽ ഇറങ്ങി. ചക്സം പാലത്തിലേക്ക് നടക്കാനുള്ളത് ഇവിടെനിന്നാണ്.  പഴയ പാലത്തിനു സമാന്തരമായി മറ്റൊന്ന് പണികഴിപ്പിച്ചിട്ടുണ്ട്. അതിലൂടെ വാഹനം ഓടുന്നു. എന്നാൽ ചക്സം പാലം കാണാനാണല്ലോ ഇതുവരെ വന്നത്.  കാടിനുള്ളിലേക്ക് ഇറങ്ങിപ്പോകുന്ന പടികളിലൂടെ നടന്നു. അകലെയായി തകരഷീറ്റിട്ട് മറച്ച ചെറിയ ഷെഡ്ഡ്കാണാം. നടന്നെത്തി അതിനുള്ളിലേക്ക് കയറുമ്പോൾ ഇതാ മുന്നിൽ ചക്സംപാലം. തവാങ്‐ചു നദി പൊട്ടിച്ചിരിച്ചൊഴുകുന്നു. ഇരുമ്പുകമ്പികളിൽ ഇരുവശത്തും കൊളുത്തിയിട്ടിരിക്കുകയാണ് പാലം. ചങ്ങലപോലെ നെയ്ത പഴയ നടവഴി പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അതിനുമീതെ ഈറ്റ മെടഞ്ഞെടുത്ത് താൽക്കാലിക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ പാലം ഉപയോഗിക്കുന്നില്ല. പൗരാണികതയുടെ ഗന്ധവുംപേറി തുരുമ്പുവീണ കൊളുത്തിൽ തൂങ്ങി കാറ്റിലുലഞ്ഞാണ് കിടപ്പ്.  ബുദ്ധതോരണങ്ങൾ കാറ്റിലിളകുന്നു.  പാലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾത്തന്നെ അപകടം മണക്കുന്നു. പേടിപ്പെടുത്തുന്ന ഉലച്ചിൽ. എല്ലാം ആധുനിക നിർമാണവൈദഗ്ധ്യത്തെയും തോൽപ്പിക്കുന്നതാണ് പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ തൂക്കുപാലം.

ഒന്നാം ദലൈലാമയുടെ ശിഷ്യനായ താങ്ടൺ ഗ്യാൽപോ എന്നറിയപ്പെട്ട ചക്സങ് വാൻപോ ലാമയാണ് ഈ പാലത്തിന്റെ നിർമ്മാതാവ്.  ഹിമാലയൻ പ്രദേശങ്ങളിൽ ഇത്തരം നൂറിലേറെ പാലങ്ങളുടെ ഉപജ്ഞാതാവാണ് അദ്ദേഹം.  1420 നും 1430 നും ഇടയിലാണ് ചക്സം നിർമ്മിച്ചതെന്നു കരുതുന്നു. പിൽക്കാലത്ത് ഒട്ടേറെ അപകടങ്ങൾക്കും നിരവധിപേരുടെ മരണത്തിനും ഈ പാലം സാക്ഷിയായിട്ടുണ്ട്. പതിനാലാം ദലൈലാമ ചൈനയിൽനിന്ന് പലായനം ചെയ്തത് ഇതുവഴിയാണെന്ന് ഗ്രാമീണർ വിശ്വസിക്കുന്നു. എന്നാൽ അതിന് ചരിത്രപരമായ പിൻബലം ഒന്നുമില്ല. ഇന്ത്യ‐തിബറ്റൻ അതിർത്തിപ്രദേശമായ കാർപോ പാസ് കടന്ന് രഹസ്യമാർഗത്തിലൂടെ ദിരാങ്ങിലെത്തി അസമിലെ തേസ്പൂരിൽപലായനം പൂർത്തിയാക്കിയതാണ് പറയപ്പെടുന്നത്. എന്നാൽ കിട്പിക്കാർ വിശ്വസിക്കുന്നത് അദ്ദേഹം ചക്സം പാലം കടന്നുപോയിഎന്നാണ്.

ഒരു മണിക്കൂറോളം പാലത്തിനരികിൽ ചെലവിട്ട്, പുതുതായി നിർമ്മിച്ച ഇരുമ്പുപാലം കടന്ന് ഞങ്ങൾ കാട്ടിലേക്ക് കയറി.മുക്തോ എന്ന ഗ്രാമമാണ് ലക്ഷ്യം. പരമ്പരാഗത കടലാസ് നിർമാണ ഗ്രാമമാണ് മുക്തോ.കാടിനുള്ളിലെ ഗോംഖെലിങ് ഗ്രാമം കടന്നുവേണം അവിടെയെത്താൻ. അരുവികളും ചതുപ്പും നിറഞ്ഞ അടിവാരക്കുന്നിലൂടെ ഞങ്ങൾ വലിഞ്ഞുകയറുകയാണ്.
  

ഗോംഖെലിങ് ഗ്രാമം. പാടങ്ങൾക്ക്‌ നടുവിലാണ്‌ വീടുകൾ

ഗോംഖെലിങ് ഗ്രാമം. പാടങ്ങൾക്ക്‌ നടുവിലാണ്‌ വീടുകൾ

ഒരു മണിക്കൂറോളം പാലത്തിനരികിൽ ചെലവിട്ട്, പുതുതായി നിർമ്മിച്ച ഇരുമ്പുപാലം കടന്ന് ഞങ്ങൾ കാട്ടിലേക്ക് കയറി. മുക്തോ എന്ന ഗ്രാമമാണ് ലക്ഷ്യം. പരമ്പരാഗത കടലാസ് നിർമാണ ഗ്രാമമാണ് മുക്തോ. കാടിനുള്ളിലെ ഗോംഖെലിങ് ഗ്രാമം കടന്നുവേണം അവിടെയെത്താൻ. അരുവികളും ചതുപ്പും നിറഞ്ഞ അടിവാരക്കുന്നിലൂടെ ഞങ്ങൾ വലിഞ്ഞുകയറുകയാണ്. വിശപ്പിന്റെ അതികാഠിന്യം. നീർച്ചോലയിലെ തണുത്ത വെള്ളമാണ് ആകെ ആശ്വാസം. ആരും സാധാരണ നടക്കാത്ത കാടായതിനാൽ വ്യക്തമായ വഴിയില്ല. മുകളിൽ ഒരു ഗ്രാമമുണ്ടെന്ന ഉറപ്പിലാണ് യാത്ര. വിറകുകൾ ക്ഷേത്രാകൃതിയിൽ അടുക്കിവച്ച ഒരു പ്രദേശമുണ്ട്. അതിനെ ചുറ്റിയാണ് മുന്നോട്ടു വഴിതെളിയുന്നത്. മുമ്പെന്നോ കത്തിച്ച ദേവദാരുതണ്ടുകൾ അവിടവിടായി കൂടിക്കിടക്കുന്നു.  തോളോളം വളർന്നുയയർന്ന പുല്ലുകൾ വകഞ്ഞുമാറ്റിയാണ് നടക്കുന്നത്. മറുവശത്ത് കുന്നിൽ ഹെലിക്കോപ്റ്റർ വട്ടമിടുന്നു. ഒരു കാലത്ത് തീവ്രവാദി ഗ്രൂപ്പുകളൊക്കെ സജീവമായിരുന്ന ഗ്രാമങ്ങളാണ് അരുണാചലിലേത്.
ഞങ്ങൾ കുന്നു കയറിക്കൊണ്ടിരുന്നു.  ഏതാണ്ട് ഒന്നരമണിക്കൂർ കയറിയെത്തിയത് കുന്നുകളെ ചുറ്റിപ്പോവുന്ന റോഡിലാണ്.
   
കിട്‌പി ഗ്രാമക്കാഴ്‌ച

കിട്‌പി ഗ്രാമക്കാഴ്‌ച

അരുണാചലിൽ, പ്രത്യേകിച്ചും തവാങ്ങിൽ ട്രെക്കിങ്‌ പാതകളെല്ലാം റോഡുകൾക്ക് അനുബന്ധമാണ്. വേണമെങ്കിൽ റോഡിലൂടെയും നടക്കാം.  ബിജുവിന്റെ കാലിൽ അട്ടകൾ കോർത്തുതൂങ്ങി ചോരകുടിച്ചുകിടപ്പുണ്ട്. അവയെയെല്ലാം ഒരു വഴിക്കാക്കാൻ വീണ്ടും അരമണിക്കൂർ എടുത്തു. ഇതിനിടെ വഴിയിലൂടെ കാറോടിച്ചുവന്ന ഒരാളെ തടഞ്ഞുനിർത്തി, ഗ്രാമത്തിലെത്താനുള്ള വഴി തിരക്കി. റോഡുമാർഗം പോയാൽ മൂന്ന് മണിക്കൂർ. നടന്നുകയറിയാൽ രണ്ടുമണിക്കൂർ. വിശപ്പ് അതിന്റെ എല്ലാ ദേഷ്യത്തോടെയും ആക്രമിക്കുന്നു.  ഗ്രാമത്തിലെത്തിയാൽ മാത്രമേ എന്തെങ്കിലും ഭക്ഷണത്തിന് നിവൃത്തിയുള്ളൂ. വീണ്ടും കയറ്റം തുടങ്ങി. ഊടുവഴികൾ നിരവധിയാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ വഴിതെറ്റും. ആകെ ആശ്വാസം അടുത്തെവിടെയോ റോഡുണ്ട് എന്നത് മാത്രമാണ്. രണ്ടാമത്തെ കുന്നിലേക്ക് കയറുമ്പോൾ അടുത്ത കുന്നിനുമീതെ കൃഷിയിടങ്ങൾ തെളിഞ്ഞു. ഗ്രാമം തീരെ ദൂരെയല്ലെന്ന അറിയിപ്പ്. കാട് നിറഞ്ഞൊഴുകുന്ന പുഴ കടന്നെത്തുമ്പോൾ മുട്ടക്കോസുകൾ ചിരിച്ചു നിൽക്കുന്ന കുന്നിൻമേട്. വരമ്പുകളിൽ ഉണക്ക വിറകിൻകഷണം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.

മുക്‌തോ ഗ്രാമത്തിലെ കടലാസ്‌ നിർമാണം

മുക്‌തോ ഗ്രാമത്തിലെ കടലാസ്‌ നിർമാണം

പാടം തുടങ്ങുന്നു. റാഗിയും ചോളവുമൊക്കെയാണ് കൃഷി. തക്കാളിയും മത്തനും വെള്ളരിയും എല്ലാം വിളയിട്ടു നിൽക്കുന്ന പാടങ്ങൾ. അതിനോട് ചേർന്ന ചെറിയ തിട്ടപ്രദേശങ്ങളിൽ കാടുപോലെ ചരസ് ചെടികൾ. നമ്മുടെ നാട്ടിലേതിനെക്കാൾ ചെറിയ ഇലയുള്ള കഞ്ചാവ് ചെടിയുമുണ്ട്. മുമ്പൊരിക്കൽ നന്ദാദേവി ബേസ്ക്യാമ്പിലേക്ക് നടക്കുമ്പോൾ തദ്ദേശീയനായ കഴുതക്കാരൻ പന്നാറാം ചരസ് ഉണ്ടാക്കി കാണിച്ചത് ഓർത്തു.
വഴിയിലെ കുന്നൊട്ടി കാട്ടുചേമ്പും കാട്ടുവാഴയും തളർത്തു നിൽക്കുന്നു.  ഇടതിങ്ങി വളരുന്ന വാഴക്കൂട്ടം ചുറ്റിലും ഇരട്ട് സമ്മാനിക്കുന്നു. വഴി അവസാനിക്കുന്നിടത്ത് ചെറിയൊരു തകര വാതിലുണ്ട്. ഗ്രാമകവാടമെന്ന് നിശ്ചയമായിരുന്നു.  തള്ളിത്തുറന്ന് ഉള്ളിലേക്ക് കടന്നു. അവിടെ ഒരു കാവൽക്കാരനുണ്ട്.  വിശന്നുതളർന്ന ഞങ്ങൾക്ക് ഭക്ഷണത്തിന് വല്ല സാധ്യതയുമുണ്ടോയെന്ന് അയാളോട് ചോദിച്ചു. അകലെ ഉയരെ കുന്നിൻതലപ്പിൽ പാറിക്കളിക്കുന്ന പതാക ചൂണ്ടിക്കാട്ടി അയാൾ പാടത്തേക്കിറങ്ങി. സത്യത്തിൽ ആ ചൂണ്ടിക്കാട്ടലിൽ വിശപ്പ് കെട്ടടങ്ങി.  അത്രയും ദൂരംകൂടി കയറുന്നത് ആശങ്കയുണർത്തി.

ഹിമാലയൻ ഗ്രാമങ്ങളിൽ സാധാരണ ഇത്തരത്തിൽ പെട്ടുപോയാൽ അവിടത്തെ ഗ്രാമീണർ ഭക്ഷണം ഉണ്ടാക്കിത്തരുന്ന രീതി പലയിടത്തുമുണ്ട്. ആദ്യം കണ്ട കുടിലിൽ തട്ടിനോക്കി. ആരുമില്ല. തൊട്ടടുത്ത് മുകളിലേക്ക് കോൺക്രീറ്റ് പടികൾ തുടങ്ങുന്നു. അതിനടുത്ത് തകരഗേറ്റിട്ട് മറ്റൊരു വീട്. ഒന്നുരണ്ടുവട്ടം തട്ടിയശേഷമാണ് അതിനുള്ളിൽ നിന്ന് ഒരു യുവതി പുറത്തേക്ക് വന്നത്‌. എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിത്തരാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു അവളുടെ മറുപടി. അവളുടെ അടുക്കളയിൽ ഒന്നും ബാക്കിയില്ല. വൈകിട്ട് മുകളിൽപോയി വന്നാലേ ധാന്യപ്പൊടിപോലുമുള്ളൂ. 

ചക്‌സം പുതിയപാലം

ചക്‌സം പുതിയപാലം

വീടിനരികിലെ സബർജല്ലി മരത്തിലേക്ക് ഞങ്ങളുടെ കണ്ണുകൾ നീണ്ടു. ഇലകളെയും മറച്ച് കായ്ച്ചു പഴുത്തു തൂങ്ങുകയാണ് സബർജല്ലി. മരത്തിൽ ഒന്നുതൊട്ടപ്പോൾതന്നെ എട്ടുപത്തെണ്ണം താഴേക്ക് വീണു. അവളൊന്നും മിണ്ടിയില്ല. ഞങ്ങൾ മത്സരിച്ച് തിന്നു. ഇതിനിടെ പാടത്തേക്കിറങ്ങി അവൾ മുഴുത്ത രണ്ട് വെള്ളരിക്കയും തക്കാളിയുമൊക്കെ കൊണ്ടുവന്നു.
 വിശപ്പ് മാറിക്കഴിഞ്ഞപ്പോഴാണ് അവളെക്കുറിച്ച് തിരക്കിയത്. ആ വീട്ടിൽ അവൾ ഒറ്റയ്ക്കാണ്. അവിവാഹിത. യഥാർത്ഥത്തിൽ അരുണാചലുകാരിയല്ല, നേപ്പാളാണ് സ്വദേശം. ഇവിടെ വന്നുകൂടി. മുന്നിൽ കാണുന്ന കൃഷിയിടത്തിന്റെ കാവൽക്കാരിയും തൊഴിലാളിയുമാണ്. കുറച്ച് രൂപ ഭക്ഷണത്തിന്റെ വിലയായി ഞങ്ങൾ നൽകിയെങ്കിലും അവളത് കൈപ്പറ്റിയില്ല. വിശന്നെത്തിയവർക്ക് അന്നമൂട്ടിയതിന്റെ ആനന്ദക്കണ്ണീരായിരുന്നു അവളുടെ കണ്ണുകളിൽ.

 സൂര്യകാന്തിപ്പൂക്കൾ കൊഴിഞ്ഞുകിടക്കുന്ന പടികളിലൂടെ മുകളിലേക്ക് നടന്നു. എല്ലാ വീടുകളെയും ബന്ധിപ്പിച്ചാണ് പടിക്കെട്ട്. ഓരോ വീടിന്റെയും ഉമ്മറത്തുകൂടിയാണ് വഴി നീളുന്നത്.  വീടുകളുടെ തകര മേൽക്കൂരകളിൽ മുളകും ധാന്യങ്ങളുമെല്ലാം ഉണക്കാൻ നിരത്തിയിരിക്കുന്നു.  ഒന്നര മണിക്കൂറെടുത്ത് പടി കയറിയെത്തിയത്  ഗ്രാമത്തിലെ ഏക ലോവർ പ്രൈമറി സ്കൂളിന്റെ മുറ്റത്താണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദർശനത്തിനെത്തുന്ന ദിവസമാണ്. സ്കൂളും പരിസരവുമെല്ലാം വൃത്തിയായി കിടക്കുന്നു. സ്കൂൾ മുറ്റത്തേക്ക് കയറുന്ന വഴിയിൽ ഇടതുവശത്ത് ഓഫീസിനോട് ചേർന്ന് പാചകപ്പുര. രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നടന്നുതളർന്ന ഞങ്ങളെ കണ്ടപ്പോൾ ജീവനക്കാർ കുശലം ചോദിച്ചു. ഓഫീസിലെ കസേരകൾ പുറത്തേക്കിട്ട് ഞങ്ങയെിരുത്തി.

ചക്‌സം നദി

ചക്‌സം നദി

നിമിഷങ്ങൾക്കുള്ളിൽ ചൂടാറാത്ത കടുപ്പത്തിലുള്ള ചായയുമെത്തി. കേരളത്തിൽനിന്ന് വരുന്നുവെന്ന് പറഞ്ഞപ്പോൾ അധ്യാപകർക്കും ജീവനക്കാർക്കും പെരുത്ത് സന്തോഷം. വിദ്യാഭ്യാസ ഓഫീസർ വരുന്നതറിഞ്ഞ് നാട്ടുകാരിൽ ചിലരും എത്തിയിട്ടുണ്ട്. പരാതി പേപ്പറുകളും കയ്യിലുണ്ട്. അതിലൊരാൾ തനി ഗ്രാമീണൻ. കീറിപ്പറിഞ്ഞ വസ്ത്രവും പാറിപ്പറക്കുന്ന മുടിയുമുള്ളയാൾ. ഉറയിൽ  കൊടുവാൾ പോലുള്ള ആയുധമുണ്ട്. വിറകുവെട്ടാനുള്ളതാണ്. അയാളെ ഞങ്ങൾ പരിചയപ്പെട്ടു. മോംഗ്യ വംശജനായ അയാൾക്ക് പറയാനുള്ളത് സ്കൂളിന്റെ അവസ്ഥയെക്കുറിച്ചാണ്. കുട്ടികൾ കുറവാണെങ്കിലും പ്രവർത്തനം നന്നായി നടത്തണമെന്ന പക്ഷക്കാരൻ. തങ്ങൾക്ക് കിട്ടാത്ത വിദ്യാഭ്യാസം കുട്ടികൾക്കെങ്കിലും കിട്ടണമെന്ന് ആഗ്രഹമുണ്ട്. സർക്കാർ ഫണ്ട്അനുവദിക്കുന്നതിൽ വളരെക്കുറച്ച് മാത്രമാണ് സ്കൂളിലെത്തുന്നത്. പുതുതായി കുട്ടികളെ സ്കൂളിലെത്തിക്കാൻ ആരും താൽപ്പര്യമെടുക്കുന്നില്ല. യഥാർത്ഥത്തിൽ പള്ളിക്കൂടത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത് അപ്പോൾ മാത്രമാണ്. വിദ്യാഭ്യാസ ഓഫീസർ വരുന്നതിനാലാലാണോയെന്ന് അറിയില്ല, സ്കൂളിന്റെ അതുവരെയുള്ള വിവരങ്ങളെല്ലാം ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  ക്ലാസ് അഞ്ച്‌ വരെ ആകെ കുട്ടികളുടെ എണ്ണം 20. ഏറ്റവും കൂടുതൽ കുട്ടികൾ അഞ്ചാം ക്ലാസിലാണ്. പത്തുപേർ. സ്കൂളിൽ കുട്ടികളുടെ തലയെണ്ണൽ ഒരു വലിയ സംഭവമാണല്ലോ. അവരുടെ എണ്ണത്തിനനുസരിച്ചാണല്ലോ സ്കൂളിന്റെയും അധ്യാപകരുടെയുമെല്ലാ നിലനിൽപ്പ്.

പരിശോധകൻ എത്തുമ്പോൾ ഞങ്ങൾ കുറെപ്പേർ ക്യാമറയും മറ്റുമായി ഇരിക്കുന്നത് തുടക്കത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തി. എന്നാൽ ഞങ്ങളാരെന്ന് ബോധ്യമായപ്പോൾ അദ്ദേഹവും ചങ്ങാതിയായി. കേരളത്തിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് എല്ലാമറിയുന്ന അദ്ദേഹം ഞങ്ങളെയും കൂട്ടിയാണ് ക്ലാസ് മുറി സന്ദർശിച്ചത്. സ്കൂൾ മന്ദിരത്തിന് മുകളിലത്തെ മുറിയിൽ മാത്രമാണ് ക്ലാസുകൾ. രണ്ട് മേശയും അതിനുപിന്നിലെ ബെഞ്ചും മാത്രമുള്ള ക്ലാസിൽ ആറ്‌ കുട്ടികൾ ഇരിപ്പുണ്ട്.  എല്ലാ ക്ലാസിലുമുള്ളവർ. ഉദ്യോഗസ്ഥർ അവരുടെ പ്രാദേശിക ഭാഷയിൽ എന്തോ ചോദിച്ചു. കുട്ടികൾ സ്വിച്ചിട്ടപോലെ നൽകിയ മറുപടികേട്ട് അദ്ദേഹം ചിരിച്ചു. ഏതാണ്ട് അരമണിക്കൂർ ക്ലാസിൽ ചിലവിട്ട് ഞങ്ങൾ പുറത്തിറങ്ങി.

ഗോംഖെലിങ് ഗ്രാമത്തെക്കുറിച്ച് കൂടുതൽ പറഞ്ഞത് ആ വിദ്യാഭ്യാസ ഓഫീസറാണ്. കിട്പിക്കും മുക്തോക്കും  ഇടയിലുള്ള ഗ്രാമമാണിത്.  168 പേർ മാത്രം അധിവസിക്കുന്ന ഉപഗ്രാമം.  ബുദ്ധമതത്തിൽനിന്ന്  പൂർണമായിട്ടല്ലെങ്കിലും വിട്ടുനിൽക്കുന്ന സമൂഹമാണ് ഇവിടെ. ആദിവാസി ഗോത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരെങ്കിലും ഹിന്ദു, ജൈനമതക്കാരാണ് കൂടുതലും.  ഇതുകാരണം മറ്റ് വിഭാഗങ്ങളിൽനിന്ന് ഇവർ  നേരിയ അകൽച്ച നേരിടുന്നുണ്ട്. ഗ്രാമത്തിൽ കുട്ടികളുടെ എണ്ണം കുറവായതാണ് സ്കൂളിൽ എണ്ണം കുറയാൻ കാരണം.  തൊട്ടടുത്ത ഗ്രാമത്തിലേക്ക് ഒരുകിലോമീറ്റർ ദൂരമുണ്ട്. അതുകാരണം മറ്റു പ്രദേശങ്ങളിൽനിന്നുള്ള കുട്ടികൾക്ക് എത്താൻ ബുദ്ധിമുട്ടുണ്ട്. മോൻപ വിഭാഗക്കാരുടെ കുട്ടികൾ സാധാരണ ഇവിടെ വരാറില്ല. ഗോത്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന വംശീയത തന്നെയാണ് പ്രധാന പ്രശ്നം. ഒരു വിദ്യാലയവും അടച്ചുപൂട്ടരുതെന്ന പേമഖണ്ഡ മന്ത്രിസഭയുടെ  തീരുമാനം കാരണമാണ് നാമമാത്രമായി സ്കൂൾ പ്രവർത്തിക്കുന്നത്. വെറുതെ ഒരു കണക്കെടുപ്പ് നടത്തി.  പ്രഥമാധ്യാപകൻ ഉൾപ്പെടെ ജീവനക്കാരുടെ എണ്ണം 6. പഠിതാക്കളുടെ എണ്ണം കണക്ക് പ്രകാരം 10. യഥാർത്ഥത്തിൽ ഏഴുപേർ.
 മുക്തോ ഗ്രാമത്തിലേക്ക് ഇത്തിരി ദൂരമേയുള്ളൂവെന്നും വേണമെങ്കിൽ സ്വന്തം വാഹനത്തിൽ ഞങ്ങളെ എത്തിക്കാമെന്നും വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. നടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. വഴി കേറി എത്തുമ്പോൾ ഗോംഖെലിങ്ങിൽ പുതിയ മൊണാസ്ട്രി നിർമ്മാണം പുരോഗമിക്കുന്നു.  അതും വളരെ ഉയർന്ന നിലയിൽ.  ഉത്തരം കിട്ടാത്തത്  ഒന്നുമാത്രം. ബുദ്ധിസ്റ്റുകൾ കുറവായ ഗ്രാമത്തിൽ ഇത്രയും വലിയ മൊണാസ്ട്രി ഉയർന്നതെങ്ങനെ.

മുക്തോഗ്രാമം ഒരു പരിധിവരെ പരിഷ്തമാണ്. സമീപ ഗ്രാമങ്ങൾക്കെല്ലാം റേഷൻ അനുവദിക്കുന്ന പ്രധാന ഡിപ്പോ ഇവിടെയാണ്. ഞങ്ങൾ നടന്നെത്തുമ്പോൾ ഗ്രാമമാകെ പ്രതിമാസ റേഷൻ വാങ്ങുന്ന തിരക്കിലാണ്.  പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾ ഗോതമ്പ്,അരി തുടങ്ങിയ ചരക്കുകൾ ചുമലിലേറ്റി  കവലയിലുടെ മടങ്ങുന്നു. രസമുള്ള കാഴ്ചയാണെങ്കിലും ഞങ്ങളുടെ പ്രശ്നം ഭക്ഷണമായിരുന്നു.
 

ഗോംഖെലിങ് കാട്ടിനുള്ളിൽ  സ്ഥാപിച്ചിട്ടുള്ള ഓർമസ്‌തൂപം

ഗോംഖെലിങ് കാട്ടിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഓർമസ്‌തൂപം

മുക്തോഗ്രാമം ഒരുപരിധിവരെ പരിഷ്കൃതമാണ്.  സമീപ ഗ്രാമങ്ങൾക്കെല്ലാം റേഷൻ അനുവദിക്കുന്ന പ്രധാന ഡിപ്പോ ഇവിടെയാണ്. ഞങ്ങൾ നടന്നെത്തുമ്പോൾ ഗ്രാമമാകെ പ്രതിമാസ റേഷൻ വാങ്ങുന്ന തിരക്കിലാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾ ഗോതമ്പ്,  അരി തുടങ്ങിയ ചരക്കുകൾ ചുമലിലേറ്റി കവലയിലുടെ മടങ്ങുന്നു. രസമുള്ള കാഴ്ചയാണെങ്കിലും ഞങ്ങളുടെ പ്രശ്നം ഭക്ഷണമായിരുന്നു. അരി ഡിപ്പോയോടു ചേർന്ന് ചെറിയൊരു തട്ടുകടയുണ്ട്. മോമോ പോലുള്ള ചെറുകടിയും ചായയും കിട്ടും. പിന്നെ വലിയ വിലയില്ലാത്ത നാടൻ മദ്യവും.  വെള്ളരിയും മത്തനും പടർന്നുകയറിയ മേൽക്കൂരയ്ക്കു താഴെ ഞങ്ങളിരുന്നു. ഇതിനിടെ റോഡിനരികിലെ കാഴ്ച കാണാൻ പോയപ്പോഴാണ് തൊട്ടടുത്ത് ഒരു പീടിക  ശ്രദ്ധയിൽപ്പെട്ടത്. ഞാൻ അങ്ങോട്ട് നടന്നു.  യുവതിയും ഭർത്താവും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന വീടാണ് കട. ഭക്ഷിക്കാൻ സാധാരണയുള്ളതെല്ലാം കിട്ടും.  ഉണ്ടാക്കിയെടുക്കാനുള്ള താമസം മാത്രമേയുള്ളൂ. കടയോട് ചേർന്ന കുളിപ്പുരയിൽ പുഴമീനും കോഴിയും ആട്ടിറച്ചിയുമൊക്കെ സൂക്ഷിക്കുന്ന ഫ്രീസറുമുണ്ട്. എല്ലാവരോടും കൂടുതൽ ആലോചിക്കാനൊന്നും നിൽക്കാതെ ചോറും സബ്ജിയും മത്സ്യവും കോഴിവറുത്തുമെല്ലാം ഓർഡർ ചെയ്തു. ഒപ്പമുള്ളവർ മുകളിലത്തെ ധാബയിൽ ബീഫ് മോമോയൊക്കെ തിന്നുന്ന തിരക്കിലായിരുന്നു.

റേഷൻകാർഡുകൾക്ക് മൂന്നുനിറമാണ്.  മഞ്ഞയും വെള്ളയും പിന്നെ മങ്ങിയ നിറവും.  എപിഎൽ, ബിപിഎൽ, എഎവൈ എന്നൊക്കെയാണ് തരംതിരിവ്.  ഫെയർ പ്രൈസ് ഷോപ്പ് എന്ന ബോർഡും അതിന്റെ നമ്പരും ഡിപ്പോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന സ്റ്റോക്കും  വിലയും എഴുതേണ്ട ബോർഡ് ശൂന്യമാണ്. സ്ത്രീകളുടെ കാര്യമായ തിരക്കുണ്ട്. പ്രായമുള്ള സ്ത്രീകൾ സൗഹൃദം പങ്കിടുന്ന തിരക്കിലാണ്. പടിക്കെട്ടിൽ കൂടിയിരിക്കുന്നവർ മിക്കപേരും കമ്പിളി നെയ്യുന്ന തിരക്കിലാണ്. അതിനിടയിൽ  അവർ ഗ്രാമകാര്യങ്ങളും ചർച്ച ചെയ്യുന്നു.  യുവതികൾ പലരും ചാക്കുകെട്ടുകൾ ചുമലിലേറ്റി വാഹനങ്ങളിലേക്ക് നടക്കുന്നു. കുറെ പുരുഷന്മാരും സഹായിക്കാനുണ്ട്.  ധാന്യങ്ങൾ നൽകുന്നത് കാർഡിൽ രേഖപ്പെടുത്തുന്ന ജോലിയിൽ വ്യാപൃതരാണ് ചില യുവതികൾ. ഓരോന്നും തരംതിരിച്ചുനൽകുന്ന തുണ്ടുകടലാസുമായി ക്യൂ നിൽപ്പുണ്ട്.  ആകെ ഒരു ഉത്സവാന്തരീക്ഷം.   

മുക്‌തോ ഗ്രാമത്തിലെ പൊതുവിതരണ കേന്ദ്രത്തിന്‌  മുന്നിൽ റേഷൻ വാങ്ങാനെത്തിയവരുടെ തിരക്ക്‌

മുക്‌തോ ഗ്രാമത്തിലെ പൊതുവിതരണ കേന്ദ്രത്തിന്‌ മുന്നിൽ റേഷൻ വാങ്ങാനെത്തിയവരുടെ തിരക്ക്‌

ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്ത ചെറിയ കടയിലേക്ക് നടന്നു. മുകളിലത്തെ കടയിൽ നിന്നുവാങ്ങിയ മദ്യം സേവിക്കാൻ കടയുടമയായ സ്ത്രീ അനുവാദം തന്നു. ഗ്ലാസും തണുത്ത വെള്ളവുമെല്ലാം മേശമേൽ കൊണ്ടുവച്ചു. സസ്യയെണ്ണയിൽ മൊരിയുന്ന മീൻ ഓരോന്നായി കോരിയെടുത്ത് അവളുടെ ഭർത്താവ് മേശയിൽ നിരത്തി. മുള്ളുപോലും  അവശേഷിപ്പിക്കാതെ അതെല്ലാം തിന്നൊടുക്കുമ്പോൾ ഭക്ഷണമെത്തി.
പരമ്പരാഗത രീതിയിൽ കടലാസ് നിർമിക്കുന്ന കുറെ സ്ഥലങ്ങൾ മുക്തോ ഗ്രാമത്തിലുണ്ട്.  അവിടെ എത്താൻ 10 കിലോമീറ്റർ ദൂരം നടക്കണം. 

ഏതെങ്കിലും വാഹനം കിട്ടുമോയെന്ന് തിരക്കിയെങ്കിലും രക്ഷയില്ല.  നടക്കാൻതന്നെ തീരുമാനിച്ചു.  പേപ്പർ നിർമാണമെന്ന് കേൾക്കുമ്പോൾ അതിന്റെ സാങ്കേതികതയും ഉപകരണ സാധ്യതയുമൊന്നും ചിന്തിക്കേണ്ട. ഇവിടെ കടലാസ് നിർമ്മിക്കുന്നത് പൂർണമായും കൈകൊണ്ടാണ്. അരുണാചലിലെ  ബുദ്ധാശ്രമങ്ങളിൽ പൂജാകർമങ്ങൾക്ക് ഉപയോഗിക്കുന്നത് ഈ കടലാസാണ്. ബുദ്ധ പഠിതാക്കളുടെ നോട്ടുപുസ്തകം നിർമ്മിക്കുന്നതും ഇതിലാണ്. മന്ത്ര‐തന്ത്രങ്ങൾക്ക് മഷിയടയാളം നൽകുന്ന കടലാസെന്നർഥം.  ഒരുകാലത്ത് ഗ്രാമത്തിന്റെ കുലത്തൊഴിലായിരുന്നെങ്കിലും ഇപ്പോൾ ചുരുക്കം കുടുംബങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ.

കാട്ടിൽ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം വള്ളിയുടെ തൊലിയാണ് പ്രധാന അസംസ്കൃതവസ്തു. പാതി ഉണങ്ങിയ തൊലി പ്രത്യേക അനുപാതത്തിൽ മൺപാത്രത്തിൽ പുഴുങ്ങി തല്ലി പരുവപ്പെടുത്തുന്നു. പിന്നെ അതിനെ കുഴമ്പുരൂപത്തിലാക്കും. പ്രത്യേകം തയ്യാറാക്കിയ മെഷിൽ കുഴമ്പ് കനംകുറച്ച് പറ്റിപ്പിടിക്കും. അത് നല്ല വെയിലിൽ ഉണക്കിയെടുക്കുന്നതാണ് കടലാസ്. ഒരു കടലാസിന് ലഭിക്കുന്നത് വെറും പത്ത് രൂപയാണ്. ഒരുദിവസം ഒരിടത്ത് ഏറിയാൽ പത്ത്‐പതിനഞ്ച് കടലാസ് നിർമിക്കും. സ്ത്രീകളാണ് ഇതിന്റെപ്രധാന നിർമാതാക്കൾ .   (തുടരും )
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top