08 May Wednesday

കേംബ്രിഡ്‌ജിൽ മഞ്ഞു പൊഴിയുമ്പോൾ ...ആൻ പാലി എഴുതുന്നു

ആൻ പാലിUpdated: Tuesday Feb 18, 2020


പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'


യാത്രയിൽ അയാൾക്കരികിലാവും സീറ്റെന്നാണ് കരുതിയത്. അയാൾ,ഞങ്ങളുടെ ക്യാമ്പസിലെ പബ്ബിൽ  സ്ഥിരഗായകൻ, തോളൊപ്പമുള്ള മുടി ഒരു പോണിടെയ്ൽ ആയി കെട്ടി, വലിയ തുകൽസഞ്ചിയിൽ നിറയെ പുസ്തകങ്ങളുമായി കാപ്പിയും കുടിച്ചു അലസമായി ഇരിക്കുന്ന ചാരനിറക്കണ്ണുകളുടെ ഉടമ, അന്റോണിയോ.

ക്യാമ്പസിനുള്ളിൽ ചെയ്ത് തീർക്കാനുള്ള പ്രേസേന്റ്റേഷനുകളുടെയും ഗ്രൂപ് ആക്ടിവിറ്റികളുടേയും തിരക്കിൽ ഭക്ഷണം പോലും ഒഴിവാക്കി ഓടിപ്പാഞ്ഞു നടക്കുമ്പോൾ, ഏറെ സമാധാനത്തിൽ, ചിരിച്ചുകൊണ്ട് ഒരാൾ കൂട്ടുകാരോട് കുശലം പറഞ്ഞിരിക്കുന്നത് കാണുമ്പോൾ ഒരിത്തിരി അസൂയ ഉണ്ടാവുമല്ലോ, അതും അയാൾ സുന്ദരനും കലാകാരനും നിറയെ സ്ത്രീസുഹൃത്തുക്കൾ ഉള്ളവനുമാണെങ്കിൽ. അല്പം ആരാധനയും ഇഷ്ടവുമെല്ലാം ചേർത്ത് മിനുസപ്പെടുത്തിയ  കൺക്കിലുക്കങ്ങൾ കൊണ്ട് അരികിലൂടെ നടന്നുപോയെങ്കിലും ഒരിക്കലും നേരിട്ട് സംസാരിക്കാൻ കഴിയാതെ പോകുന്നതെന്തേ എന്ന് മനസ്സ് ആകുലപ്പെടുത്തുന്ന ഒരാൾ...
കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി

കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി


ആ മാസത്തെ ട്രിപ്പിന് പോകുന്നവരുടെ ലിസ്റ്റ് നോട്ടീസ്ബോർഡിൽ പ്രത്യക്ഷപ്പെട്ടപ്പോളാണ് ട്രാവൽ പാർ‌ട്‌ണറായി അന്റോണിയോയുടെ പേര് കൂടി കണ്ടത്. എന്നാൽ രാവിലെ കുളിച്ചൊരുങ്ങി വണ്ടിയിൽ കയറി ഇരുന്നപ്പോൾ കൂടെവന്നിരുന്നതോ ഏതോ ഒരു ഹിസ്റ്ററി പ്രൊഫസ്സർ, അയാളാണ് ടൂർ ഇൻസ്ട്രക്ടർ. അനുനാസികാ ശബ്ദത്തിൽ മൈക്ക് ചേർത്തുപിടിച്ച്, രാജ്യത്തിൻറെ ചരിത്രം മുഴുവനും പറഞ്ഞു പഠിപ്പിച്ചേ  അടങ്ങൂ എന്ന് നിർബന്ധം പിടിച്ചൊരാൾ. പിറകിലെ സീറ്റിലേക്ക് കണ്ണോടിച്ചു. പിറകിലെ സീറ്റിൽ ഹൂഡീസ് കൊണ്ട് മുഖം മറച്ച് ഒരാൾ സുഖമായി ഉറങ്ങുന്നു. പ്രൊഫെസർ ഹെന്രി എട്ടാമന്റെ രണ്ടാം ഭാര്യ അന്നെബോളിന്റെ കഥ വരെയേ എത്തിയിട്ടുള്ളൂ. ബാക്കി നാല് ഭാര്യമാരുടെ വിശേഷങ്ങൾ പറയാൻ വീണ്ടും കുറേ സമയമെടുക്കും. ചെവിക്കുള്ളിൽ ഹെഡ് ഫോൺ തിരുകിവെച്ച് കണ്ണുകളടച്ചു, ഇളയരാജയുടെ കൂട്ട് പിടിച്ച് രണ്ടു മണിക്കൂറുകൾ. ചൂളമടിച്ചു കോട്ടിനുള്ളിൽ കൂടി കയറി തണുപ്പിക്കുന്ന കാറ്റിന്റെ ശബ്ദമുള്ള കേംബ്രിഡ്ജിലെ ഏതോ ഒരൊഴിഞ്ഞ തെരുവിലാണ് ബസ് നിർത്തിയത്.

ഹിസ്റ്ററി പ്രൊഫെസറിൽ നിന്നും മൈക് വാങ്ങി സ്റ്റുഡൻറ് കോർഡിനേറ്റർ ബെത് സംസാരിച്ചു തുടങ്ങി, "ഇനി എല്ലാവരും കണ്ടുമുട്ടേണ്ടത് വൈകിട്ട് അഞ്ചുമണിക്കാണ്. കാണാൻ പോകേണ്ട സ്ഥലങ്ങളെപ്പറ്റിയും കയ്യിൽ കരുതേണ്ട ഐഡിയെപ്പറ്റിയുമൊക്കെ തലേന്ന് തന്നെ മെയിൽ അയച്ചിട്ടുള്ളത് എല്ലാവരും കരുതിയിട്ടുണ്ടാവുമല്ലോ,എല്ലാവർക്കും ശുഭദിനം."  അല്പം മുൻപ് വരെ എല്ലാവരേയും ഉറക്കത്തിലേക്ക് പറഞ്ഞയച്ചയാളെന്ന ഓർമ്മ പോലുമില്ലാതെ, ബസ്സിറങ്ങിയ ഉടൻ കൂടുതൽ പേരും ടൂർ ഇൻസ്ട്രക്ടർക്കൊപ്പം നടന്നു തുടങ്ങി. ചിലങ്ങനെയാണ്, ചിറകുകൾ ഉരുമ്മി മാത്രം പറക്കാൻ പഠിച്ചവർ,സ്വന്തം ഇഷ്ടങ്ങൾക്കപ്പുറം കൂട്ടം കൂടലിന്റെ സുരക്ഷിതത്വം തേടുന്നവർ!

കോർപ്പസ് ക്ലോക്ക്

കോർപ്പസ് ക്ലോക്ക്

ഒറ്റയ്ക്ക് നടക്കുന്നവർ സമയത്തെക്കുറിച്ചും ബോധവാന്മാരാകണമല്ലോ , ആദ്യം പോയത് കോർപ്പസ് ക്രിസ്റ്റി കോളേജിലെ  'കോർപ്പസ് ക്ലോക്ക്' കാണാനാണ്. സ്വർണ്ണം പൂശിയ സ്റ്റീൽ ചക്രങ്ങൾക്ക് മേലേ, ഓരോ സെക്കണ്ടും കാലുകൾ കൊണ്ട് വലിച്ചുനീട്ടി വിഴുങ്ങുന്ന പുൽച്ചാടി. ആരാണാവോ ഇതിനെ പുൽച്ചാടി എന്നൊക്കെ പേരിട്ടത് ? ഇടയ്ക്കിടെ കണ്ണുകൂടി ചിമ്മുന്ന ആ 'സമയം-വിഴുങ്ങിയെ'ക്കണ്ടാൽ ഏതോ വ്യാളിയെന്നേ തോന്നൂ. ചാടിക്കളിക്കുന്ന  പച്ച നിറമുള്ള ഒരു സുന്ദരൻ പുൽച്ചാടിയെ പ്രതീക്ഷിച്ച് ചെന്നവരെ കുറച്ചൊന്നു ഭയപ്പെടുത്തുന്ന രൂപം.

അതൊന്നുമല്ല എനിക്ക് വേണ്ട കാഴ്ച എന്ന് പരിഭവിച്ചു കൊണ്ട് മുന്നോട്ടു നടന്നു. മിനിറ്റുകൾക്കുള്ളിൽ, കെട്ടിടങ്ങൾ അതിരുതീർക്കുന്നയിടം കഴിഞ്ഞയുടൻ പച്ചപ്പിന്റെ മണം എത്തി, കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ! മണ്ണും മരങ്ങളും കാറ്റും വെളിച്ചവും പിന്നിയിട്ട വഴികളിലൂടെ നടക്കുന്ന ആനന്ദം! ഫൗണ്ടനുകളും ഗ്ലാസ്‌ഹൗസുകളും വിവിധയിനം ചെടികളും വെറുമൊരു പഠനകേന്ദ്രം മാത്രമല്ല, മനസ്സിനെ സ്ലോ-മോഷനിലേക്ക് കടത്തിവിടുന്ന കിളിവാതിൽ കൂടെയാണ്.

കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ

കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ

നാല്പത് ഏക്കർ സ്ഥലത്തെ എണ്ണായിരത്തിലധികം സസ്യജാലങ്ങൾ മുഴുവനായും കണ്ടുതീർക്കാനാവില്ലെന്ന് ബോധ്യപ്പെട്ട ആ പുൽത്തകിടിയിലേക്കിരിക്കാം, കണ്ണുകളടച്ചു ശുദ്ധവായു ആവുന്നത്ര ഉള്ളിലേക്കെടുക്കാം, പിന്നേയും ശാന്തമായി മുന്നിലുള്ള നിമിഷങ്ങൾ ആസ്വദിക്കണമെങ്കിൽ നിവർന്ന് കിടക്കാം, വേണമെങ്കിൽ ഒന്നുറങ്ങുകയും ചെയ്യാം, ആരും ശല്യപ്പെടുത്തില്ലെന്നുറപ്പ്! എത്ര തിരക്കുണ്ടെങ്കിലും കാണാൻ മറക്കരുതാത്ത ഒരു ആപ്പിൾ മരമുണ്ടവിടെ. ഗുരുത്വാകർഷണസിദ്ധാന്തത്തിന്റെ കണക്കുകൾ ഉത്തരങ്ങളാക്കുന്നതിന് മുൻപേ ആപ്പിൾ വീഴ്ത്തിയ മരത്തിന്റെ പിൻഗാമി.
കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡനിലെ ആപ്പിൾ മരം

കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡനിലെ ആപ്പിൾ മരം

ഐസക് ന്യൂട്ടനോടുള്ള കേംബ്രിഡ്‌ജിന്റെ ഇഷ്ടം അതിൽ മാത്രമൊതുങ്ങുന്നുമില്ല. യൂണിവേഴ്‌സിറ്റിയിലെ Wren ലൈബ്രറിയിൽ ന്യൂട്ടന്റെ പ്രിൻസിപിയയുടെ ആദ്യ കോപ്പിയും അവസാനംവരെ സൂക്ഷിച്ചു വെച്ച ഏതാനം നോട്ട്-പുസ്തകങ്ങളും ഉണ്ട്. ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്രജ്നൻ  ഒടുവിലത്തെ നാളുകളിൽ ഭ്രമകൽപ്പനകളിൽ പെട്ടുവെന്നാണ് ചരിത്രം. വിലപ്പെട്ട കുറേയധികം കുറിപ്പുകൾ കത്തിച്ചു കളയുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ മുടി പരിശോധിച്ചപ്പോൾ അവയിൽ മെർക്കുറിയുടെ അംശങ്ങൾ കണ്ടെത്തുകയും അതാവാം മനോവിഭ്രാന്തികൾക്കുള്ള കാരണമെന്നും കണ്ടുപിടിച്ചു. അല്ലെങ്കിലും എന്തിനും ഉത്തരം തേടിപ്പിടിക്കാൻ കൊതിക്കുന്നവരാണല്ലോ ശാസ്ത്രജ്ഞർ.ബൊട്ടാണിക്കൽ ഗാർഡനിലെ ചെടികളും പൂക്കളും റോക്ക് ഗാർഡനുമൊക്കെ കണ്ടതിന് ശേഷം നേരേ നടന്നു, ഫിറ്റ്‌സ്‌വില്യം മ്യൂസിയത്തിലേക്ക്.

പഴയ ചിത്രങ്ങളും ശില്പങ്ങളും വീട്ടുസാമഗ്രഹികളും മാത്രമല്ല കഥകളിൽ കേട്ട യോദ്ധാക്കളുടെ പടച്ചട്ടയും ആയുധങ്ങളും വരെയുണ്ട്. അതും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവ. പാതി പൊട്ടിയും കുറെ ഭാഗം തുരുമ്പെടുത്തു പോയിട്ടുമുള്ള ചെറിയ നാണയത്തുട്ടുകളിൽ നിന്ന് പോലും വലിയ കഥകൾ പറഞ്ഞു തരാനുള്ള മ്യൂസിയം ക്യൂറേറ്റർമാരുടെ കഴിവ് അതിശയകരമാണ്. ഇവയെല്ലാം എവിടെ നിന്ന് എങ്ങനെയാവും സ്വന്തമാക്കിയതെന്ന ചിന്ത മഥിക്കുന്നില്ലെങ്കിൽ  ഫിറ്റ്‌സ്‌വില്യത്തിലെ കാഴ്ചകൾ മെല്ലെ നടന്ന് ആസ്വദിക്കാം. ഇനി കാണേണ്ടത് കേംബ്രിഡ്‌ജിലെ പ്രസിദ്ധമായ വാസ്തുവിദ്യയാണ്‌, പല കെട്ടിടങ്ങൾക്കും അഞ്ഞൂറ് വർഷത്തിന് മേലെയൊക്കെ പഴക്കമുണ്ട് . നടന്നു ചെന്ന് നിന്നത്  കിങ്സ് കോളേളേജ് ചാപ്പൽജ് ചാപ്പലിന്റെ മുൻപിലാണ് , നിശ്ശബ്ദമായ അന്തരീക്ഷം, പ്രൗഢമായ അകത്തളം, കിങ്‌സ് കോ നടന്നും ഇരുന്നുമൊക്കെ കണ്ട് തീർക്കാൻ കുറച്ചധികം സമയമെടുക്കും.

കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പഴക്കം ചെന്ന കോളേജുകളിൽ ഒന്നാണ് കിങ്സ് കോളേജ്. യൂണിവേഴ്സിറ്റി എന്നാണ് അറിയപ്പെടുന്നതെങ്കിലും അർദ്ധ-സ്വയംഭരണാധികാരമുള്ള മുപ്പത്തൊന്ന് കോളേജുകളും  നൂറോളം ഡിപ്പാർട്മെന്റുകളും ചേർന്ന ഒരിടമാണ് കേംബ്രിഡ്‌ജ്. ഇന്നും നിലനിൽക്കുന്ന ലോകത്തിലെ നാലാമത്തെ പഴക്കം ചെന്ന യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് കഴിഞ്ഞാൽ യൂകെയിലെ ഏറ്റവും ചരിത്രം അവകാശപ്പെടാൻ കഴിയുന്ന വിദ്യാകേന്ദ്രം.അവിടെയുള്ള ഓരോ കെട്ടിടങ്ങൾക്കും ലോകത്തെ മാറ്റിമറിച്ച ചിന്തകളുടെ വളർച്ചയിൽ, ദേശങ്ങളുടെ രൂപാന്തരങ്ങളിൽ, അറിവിന്റെ വിത്തുകൾ പാകിയെന്ന് അഭിമാനത്തോടെ അവകാശപ്പെടാൻ കഴിയും. നിശ്ശബ്ദതയാണ് ചിന്താശൃംഖലകൾക്ക് ഊർജ്ജം പകരുന്നതെങ്കിൽ കിങ്സ് കോളേജ് ചാപ്പൽ കുറേയധികം വിദ്യാർത്ഥികളുടെ സൂര്യനാണ്. ചൊല്ലിപ്പഠിപ്പിച്ച ജപമാലകൾക്കപ്പുറം മറ്റെന്തൊക്കയോ പറയാൻ തോന്നുന്നിടം.

തുടക്കമെങ്ങനെ എന്ന് ആകുലപ്പെട്ടിരിക്കുമ്പോൾ പിറകിൽ നിന്നൊരു പതിഞ്ഞ ശബ്ദം, 'ഹേയ്'.
പിറകിലെ ബെഞ്ചിലിരിക്കുന്ന അന്റോണിയോ, കയ്യിലെ പുസ്തകത്തിൽ എന്തോ വരച്ചുകൊണ്ടിരിക്കുന്നു.
"നിങ്ങൾ പള്ളിയിലൊക്കെ വരുമോ?" ഞാൻ പുരികം ചുളിച്ചു.
"വരാതെ പറ്റില്ലല്ലോ , ആർക്കിടെക്ട് അല്ലെ?" അന്റോണിയോ കണ്ണ് ചിമ്മി ചിരിച്ചു.
കിങ്സ് കോളേജ്. ചാപ്പലിന്റെ ഉൾവശം

കിങ്സ് കോളേജ്. ചാപ്പലിന്റെ ഉൾവശം

"മേലോട്ട് നോക്കിക്കേ ..."
കണ്ണുയർത്തി നോക്കി, പനയിലകൾ ചേർത്തുവെച്ച പോലുള്ള മേൽക്കൂര വിടർന്നു നിൽക്കുന്നു.
"ലോകത്തിലെ ഏറ്റവും വലിയ ഫാൻ വോൾട് ആണിത്. കണ്ടോ? "
അത്ഭുതം തന്നെയാണ് തോന്നിയത്. ഓരോ നൂലിഴകൾ പോലെ എത്ര മനോഹരമായാണ് ഭിത്തിയിൽ നിന്നും മേൽക്കൂരയിലേക്ക് അലങ്കാരങ്ങൾ പടർന്നു കയറിയത്...
"ആ ജനാലകളിലെ വർണ്ണച്ചില്ലുകൾ കണ്ടോ ? എങ്ങനെയൊക്കെയോ രണ്ടു മഹായുദ്ധം കടന്നിവിടം വരെയെത്തി ..."അന്റോണിയോ ചാപ്പലിലെ ബെഞ്ചിലേക്ക് മുഖമമർത്തി.
 കിങ്സ് കോളേജ് ചാപ്പൽ

കിങ്സ് കോളേജ് ചാപ്പൽ


"ഇവിടെ വേറെയും പള്ളികളുണ്ട് വരുന്നോ?"അന്റോണിയോ തുകൽസഞ്ചി തോളിലെടുത്തിട്ടു.
"വേണ്ട , ബോറടിക്കും"
"എങ്കിൽ നമുക്ക് ഇവിടുള്ള സ്ട്രീറ്റ്‌സ്‌ കാണാം." അത് എനിക്കും സമ്മതമായിരുന്നു.
ഒരു കോളേജിൽ നിന്നും മറ്റൊന്നിലേക്കുള്ള കല്ല് പാകിയ വഴികൾ കേംബ്രിഡ്‌ജിന്റെ നഗരഭംഗി ഒന്ന് കൂടി ആകർഷകമാക്കുന്നതാണ്. ചിലയിടത്ത് തെരുവുകളിലേക്ക് നീട്ടിയിട്ട കസേരകളിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. കുറേപ്പേർ പാട്ടു പാടിയും മൈമുകൾ ചെയ്തുമൊക്കെ കാണികളെ രസിപ്പിക്കുന്നു, അവർക്കു മുൻപിൽ വെച്ച തൊപ്പികളിലോ തൂവാലകളിലോ ചിലരൊക്കെ നാണയത്തുട്ടുകൾ വിതറുന്നു.
"വിശക്കുന്നില്ലേ ?" അന്റോണിയോ ചുറ്റുമുള്ള റെസ്റ്റോറന്റുകളിലേക്ക് കണ്ണുകൾ പായിച്ചു.
"ഉം , കഴിക്കാം ..."

ഏതോ ഒരു ഫൗണ്ടന്റെ അടുത്തുള്ള ചുവന്ന കസേരകൾ നിരത്തിയ റെസ്റ്റോറന്റിൽ ഞങ്ങൾ ഇരുന്നു. ഏതോ കോളേജിലെ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനമായിരുന്നു അന്ന്. കുറേപ്പേർ കറുത്ത ഗൗണും തൊപ്പിയും വെച്ച് നടന്നു വരുന്നു. കൗതുകത്തോടെ അവരെത്തന്നെ മിഴിച്ചു നോക്കുന്നതിനിടയിൽ അന്റോണിയോ പറഞ്ഞു , "ഇതിവിടെ സർവ്വസാധാരണമാണ്, ഇത്രയും കോളേജുകൾ ഇല്ലേ ?"

ഭക്ഷണം കഴിഞ്ഞു പിന്നേയും നടന്നു , ആദ്യം കണ്ടത് '  ലയൺ യാർഡാണ്‌ '. അത് കഴിഞ്ഞു വീണ്ടും തെരുവുകൾ .മുത്തുകളും കല്ലുകളും പതിപ്പിച്ച ആഭരണങ്ങൾ മുതൽ വിന്റേജ് ക്ലോക്കുകൾ വരെ നിരത്തി വെച്ചിരിക്കുന്ന കച്ചവടക്കാർ. വാങ്ങാനും വിൽക്കാനും മാത്രമല്ല കാഴ്ചക്കാരായും ഒരുപാടാളുകൾ നടന്നു നീങ്ങുന്ന വീഥികൾ...

കേംബ്രിഡ്ജിലെ 'ദ ബാക്ക്‌സ്‌

കേംബ്രിഡ്ജിലെ 'ദ ബാക്ക്‌സ്‌


പിന്നെ ചെന്നെത്തിയത് 'ബാക്സിലേക്കാണ്' , കുറേ കോളേജുകളുടെ പിൻവശമായതുകൊണ്ടാണ് ആ പേര്! കേംബ്രിഡ്ജിലെ ഏറ്റവും സുന്ദരമായ ഇടം. പ്രശാന്തമായ  ജലാശയങ്ങളും പുൽത്തകിടികളും നിറഞ്ഞ തുറസ്സായ പ്രദേശം. അവിടെ വെച്ചാണ് അന്റോണിയോ കാറ്റിൽ പറക്കുന്ന മുടിയിഴകൾ ഒതുക്കി ജോൺ ലെനന്റെ "Imagine there's no heaven
It's easy if you try
No hell below us
Above us only sky" എന്ന് പാടിയത് .

തിരികെ നടക്കുമ്പോൾ അയാൾ ചോദിച്ചു ," നിങ്ങളൊക്കെ എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകുമോ?"
ഞാൻ തോള് കുലുക്കി
"ഇല്ല, നേരം കിട്ടുമ്പോൾ മാത്രം , മടിച്ചിയാണ് ..."
അന്റോണിയോ ചിരിച്ചു, ശൈത്യകാലമാണ് , കേംബ്രിഡ്‌ജ് പെട്ടന്നിരുളുന്ന നഗരവും,ചുറ്റുമുള്ള  വഴിവിളക്കുകൾ പ്രഭ തൂവി തുടങ്ങി .
"ചിലിയിലും കുറേ പള്ളികളുണ്ട് , അല്ലെ?"
"ഉണ്ട്, പക്ഷെ പോവാറില്ല , ഞങ്ങൾ കമ്മ്യൂണിസ്റ്റാണ് ..."
"എങ്കിലും നിങ്ങൾ ആർകിടെക്‌ട്‌സിന് അതൊന്നും കാണാതിരിക്കാൻ കഴിയില്ലല്ലോ, അപ്പോൾ പോയല്ലേ പറ്റൂ..."
"അങ്ങനെ നിർബന്ധമൊന്നുമില്ല, ഇന്ന് താൻ അവിടേയ്ക്കു പോവുന്നത് കണ്ട് ഞാൻ പിറകെ വന്നുവെന്നേയുള്ളൂ ..."
മഞ്ഞ്  കാറ്റിൽ മാത്രമല്ല , മനസ്സിലും പൊഴിയും ...
ദൂരെയൊരു ബസ്സിലേക്ക് കുറേപ്പേർ നടന്നു കയറുന്നത് കണ്ടു , തിരികെപ്പോവാനുള്ള സമയമായല്ലോ, ഞങ്ങൾ ഒരുമിച്ച് ബസ്സിനരികിലേക്ക് ഓടി...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top