26 April Friday

വൈവിധ്യങ്ങളുടെ നഗരം -ബ്രൈറ്റ് ബ്രിസ്റ്റോൾ!...ആന്‍ പാലി എഴുതുന്നു

ആന്‍ പാലി Updated: Monday Jan 27, 2020

പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'

പൂച്ചകളെപ്പോലെയാണ് നഗരങ്ങൾ എന്ന് എവിടെയോ കേട്ടിട്ടുണ്ട്, രാത്രിയാവുമ്പോൾ സ്വയം അനാവൃതമാവുന്ന പ്രകൃതം!

ആളും ബഹളവും നിറഞ്ഞ ലണ്ടൻ പോലെയല്ല ഇന്ഗ്ലണ്ടിലെ മറ്റു നഗരങ്ങൾ. മഞ്ഞുകാലമായാൽ നാലുമണിയാവുന്നതിനു മുൻപേ ഇരുട്ട് മൂടുന്ന പ്രദേശങ്ങൾ, അവിടെയ്ക്ക്  കരിയിലകൾ പരത്തി ചൂളമടിച്ചെത്തുന്ന കാറ്റും, വിജനമായ കരിങ്കൽ വഴികളുമൊക്കെ നമ്മളെ കുറച്ചൊന്നു ഭയപ്പെടുത്തും . ഒറ്റയ്ക്കാണെങ്കിൽ, വെറുതെ മുറിക്കുള്ളിൽ അടച്ചിരിക്കാൻ തോന്നുന്നത്ര തണുപ്പ് ശരീരത്തിനകത്തും  പുറത്തുമായി വരിഞ്ഞു മുറുക്കുന്ന അവസ്ഥ!


മഞ്ഞു പൊഴിയുന്ന ഒരു വൈകുന്നേരമാണ് ലണ്ടനിൽ നിന്നും ബ്രിസ്റ്റളിലേക്ക് വണ്ടി കയറിയത് , മൂന്നു മണിക്കൂറോളം  നീണ്ട ആ ബസ് യാത്രയിലാണ് ഞാൻ ആദ്യമായി കണ്ണെത്താദൂരത്തോളം മഞ്ഞു മൂടിക്കിടക്കുന്ന മരങ്ങളും ചെറിയ കുന്നുകളുമൊക്കെ കണ്ടത്. തെരുവുകളിലെ മഞ്ഞു പെട്ടെന്ന് തന്നെ മാറ്റുന്നത് കൊണ്ട് ലണ്ടനിൽ  വീടുകളുടെ മേൽക്കൂരയിൽ മാത്രമേ  മഞ്ഞു കാണാറുള്ളൂ. പാലായിലെ എന്റെ തൊട്ടയല്പക്കത്തെ  റ്റീനച്ചേച്ചിയുടെ വീട്ടിലേക്കായിരുന്നു യാത്ര. ക്രിസ്മസ് ആയത് കൊണ്ട് ലണ്ടനിൽ ഒറ്റയ്ക്ക് നിൽക്കേണ്ടെന്ന നിർബന്ധമായിരുന്നു ചേച്ചിക്ക്.

അല്ലെങ്കിലും, ചേച്ചിയുടെ വീട്ടിൽ പോവുന്നത് എനിക്കൊത്തിരി സന്തോഷമുള്ള ഒരു കാര്യമാണ്. കല്യാണം കഴിഞ്ഞിട്ടും ജോലിത്തിരക്കുകളുണ്ടായിട്ടും പഴയ ഇഷ്ടങ്ങളൊക്കെ അതുപോലെതന്നെ സൂക്ഷിക്കുന്ന ഒരാളാണ് റ്റീനച്ചേച്ചി. ഓരോ തവണ ചെല്ലുമ്പോളും ആ വീടിന്റെ ചുവരുകളിൽ ചേച്ചി വരച്ച ഒരു പുതിയ ചിത്രമോ , പുതുതായി തുന്നിയ പട്ടുപാവാട അണിഞ്ഞു ചിരിച്ചുകൊണ്ട് നിൽക്കുന്ന കുഞ്ഞുമോളോ,തൂവെള്ളമേശവിരിപ്പിന്മേൽ ഗാംഭീര്യത്തോടെ കാത്തിരിക്കുന്ന   ഒരു കേക്കോ ബിരിയാണിയോ ഉണ്ടാവും. എത്ര വലിയ യാത്രയുടെയും ക്ഷീണമൊക്കെ മറക്കാൻ ആ കാഴ്ചകൾ തന്നെ ധാരാളം.

ക്ലിഫ്ടൺ സസ്പെന്ഷൻ ബ്രിഡ്ജ്

ക്ലിഫ്ടൺ സസ്പെന്ഷൻ ബ്രിഡ്ജ്


ഓരോ ബ്രിസ്റ്റോൾ യാത്രയിലും പുതുതായി എവിടേക്കെങ്കിലുമൊക്കെ പോവുന്ന പതിവുണ്ട്. അങ്ങനെ ഏറ്റവും ആദ്യം പോയിക്കണ്ടത് 150 വർഷത്തിനുമേൽ പാരമ്പര്യമുള്ള ക്ലിഫ്ടൺ സസ്പെന്ഷൻ ബ്രിഡ്ജാണ്, ആവോൺ നദിക്കു കുറുകെ ക്ലിഫ്റ്റനും ലെവുഡ്‌സും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വമ്പൻ പാലം.  ബ്രിട്ടീഷ് വാസ്തുവിദ്യയുടെ ഉത്തമദൃഷ്ടാന്തങ്ങളായി നഗരത്തിൽ കത്തീഡ്രലും മ്യൂസിയം ആൻഡ് ആര്ട്ട് ഗാലറിയും ഒക്കെയുണ്ട്. മ്യൂസിയത്തിൽ ചെന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് ഏറെ പരിചയമുള്ള ഒരു മുഖം കൂടിയുണ്ട്,  സതിക്കും ശൈശവവിവാഹത്തിനുമെതിരെ ധര്‍മ്മയുദ്ധം നടത്തിയ രാജാ രാം മോഹൻ റോയിയുടെ പൂർണ്ണകായചിത്രം. എച്. ബി.ബ്രിഗ്സ് വരച്ച  ആ വലിയ ചിത്രം തന്നെയാണ് നമ്മൾ സാമൂഹികപാഠപുസ്തകത്തിൽ കണ്ടു പരിചയിച്ച രാജാറാം മോഹൻ റോയ്. ബ്രിസ്റ്റലിൽ വെച്ചാണ് റോയ് അന്തരിച്ചത് . ബ്രിസ്റ്റോൾ നഗരത്തിലെ റോയിയുടെ  പ്രതിമയും രാജാറാംമോഹൻ എന്ന പേരിട്ട നടവഴിയും സ്മാരകമണ്ഡപവുമെല്ലാം അദ്ദേഹത്തോടുള്ള ആ നാടിന്റെ ആദരവ് വ്യക്തമാക്കുന്നതാണ്.

എന്നാൽ,പഴമയുടെ മഞ്ഞത്താളുകൾ മാത്രമല്ല, ചടുലതയാർന്ന പുതുനിറങ്ങൾ കൂടി കുടഞ്ഞെറിഞ്ഞതാണ് ബ്രിസ്റ്റൾ നഗരത്തിലെ ഓർമ്മചിത്രങ്ങൾ. ഗ്രഫീറ്റി നിറഞ്ഞ മതിലുകളും 'അർനോൾഫിനിയും','R W A യും'  'അപ്‌ഫെസ്റ്റ് ഗാലറിയുമൊക്കെപ്പോലെ'  കോൺടെംപൊററി ആർട്ടിനും ഇടം നൽകുന്നൊരു നഗരം. അവയിൽത്തന്നെ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട നിമിഷങ്ങൾ സമ്മാനിക്കുന്നത് ബ്രിസ്റ്റലിലെ ഹാർബറിലാണെന്നു നിസ്സംശയം പറയാം. ബ്രിസ്റ്റൾ നഗരത്തിന്റെ ഏറ്റവും രസകരമായ അനുഭവങ്ങൾ തുടങ്ങുന്നതും പടർന്നു വിടരുന്നതുമെല്ലാം ഹാർബറിനും അതിനോട് ചേർന്ന ഇടങ്ങളിലുമാണ്. അതിപ്പോൾ ഫെറി ബോട്ടോ, നഗരം ചുറ്റിക്കാണുന്നതിനുള്ള ടൂറിസ്റ്റ് ബോട്ട് സെർവീസോ, തുഴവഞ്ചിയോ എന്തുമാവട്ടെ, തെരഞ്ഞെടുക്കുവാൻ ഇഷ്ടംപോലെ വൈവിധ്യങ്ങളുണ്ടെന്നതും ബ്രിസ്റ്റൾ ഹാര്ബറിന്റെ പ്ലസ്‌പോയിന്റാണ്. ശാസ്ത്രകൗതുകമുള്ള കുട്ടികളാണെങ്കിൽ 'വി ദ ക്യൂരിയസ്' സന്ദർശിക്കാം. കുഞ്ഞുമനസ്സുകളിൽ കൂട്ടിവെച്ചിരിക്കുന്ന ഒരുപാടു ചോദ്യങ്ങൾക്കു അനുഭവങ്ങളിലൂടെ ഉത്തരം നല്കുന്നരിടം, കുട്ടികളുടെ കൂടെ ഒന്ന് വെറുതെ പോയിനോക്കാം എന്നും പറഞ്ഞു വരുന്ന അച്ഛനുമമ്മയും ആദ്യമൊന്നു മിഴിച്ചു നിൽക്കുകയും പിന്നെ ഓരോന്നായി പരീക്ഷിച്ചു നോക്കുകയും ചെയ്യുന്നത് കാണാൻ കഴിയുന്ന സയൻസ് സെന്റർ ആണ് അവിടം. ഹാർബറിൽ തന്നെയുള്ള അക്വാറിയവും ബ്രിസ്റ്റോൾ സൂവുമൊക്കെ കുട്ടിപ്പട്ടാളത്തിന് ഫോണും ടാബുമൊക്കെ മറക്കാനുള്ള സ്ഥലങ്ങൾ തന്നെയാണ്.

ഓരോ നഗരവും ശീലിച്ചെറിയണമെന്ന നിർബന്ധമുള്ളവരാണെങ്കിൽ ബ്രിസ്റ്റളിലെ ബ്രൂവെറി ഫാക്ടറിയിലെ ടൂർ കൂടിയുണ്ട്. എല്ലാം കണ്ടു മനസിലാക്കാമെന്ന് മാത്രമല്ല, കുടിക്കാൻ കുറച്ചു ബിയറും കൂടി വാങ്ങാനാണെങ്കിൽ നല്ല ഡിസ്‌കൗണ്ടും കിട്ടും. ഇനി ലോക്കൽ ഷോപ്പിംഗ് ഇഷ്ടമുള്ളവർക്ക് പോകാൻ പറ്റിയ മറ്റൊരു സ്ഥലം കൂടിയുണ്ട്, 'ടോബാക്കോ ഫാക്ടറി'. പേര് കെട്ടൊന്നും പേടിക്കണ്ട, സംഭവം പഴയൊരു ഫാക്ടറി ഒക്കെ ആണെങ്കിലും ഇന്നവിടം ഞാറാഴ്ച്ചകളിലെ തിരക്ക് പിടിച്ച ലോക്കൽ മാർക്കറ്റും എക്സിബിഷനും ലൈവ് മ്യുസിക്കും ഇവെന്റ്‌സുമൊക്കെ നടക്കുന്ന ഒരു അടിപൊളി 'ഹാപ്പനിംഗ് കോർണർ' ആണ്. ബ്രിസ്റ്റൾ സന്ദർശനത്തിൽ ഒഴിവാക്കാൻ പറ്റാത്തൊരിടം!

നാനാത്വം അത്രമേൽ സ്വീകരിക്കപ്പെട്ട നഗരമായതുകൊണ്ട്  ബ്രിസ്റ്റളിലെ LGBTQ കമ്മ്യുണിറ്റിയുടെ ഫെസ്ടിവലുകളും രാത്രിജീവിതവുമെല്ലാം വളരെ നിറപ്പകിട്ടാർന്നതാണ്.എല്ലാവരേയും സ്വീകരിക്കുമെന്ന് തുറന്ന് പറയുമ്പോൾ  തന്നെ ,ആരെങ്കിലും അവിടേക്കുള്ള യാത്ര  ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അത് 'ഹോമോഫോബിയക്കാർ' മാത്രമാണ്.

തിടുക്കത്തിൽ കണ്ടുപോരേണ്ട ഒരിടമൊന്നുമല്ല ബ്രിസ്റ്റോൾ . ആസ്വദിച്ചു നടന്നും മെല്ലെയൊരിടത്തിരുന്ന് ഐസ്ക്രീം നുണഞ്ഞും ആവോൺ നദിയിലെ ഓളങ്ങൾ എണ്ണിയുമൊക്ക ജീവിതത്തെ ഒന്ന് സ്ലോമോഷനിലാക്കി, സമാധാനത്തോടെ കണ്ടു കണ്ണും മനസ്സും നിറയേണ്ടൊരിടം. അവിടെ നിന്നും തിരിച്ചു പോരുവാൻ ബാഗ് പാക്ക് ചെയ്യുമ്പോൾ, മനസ്സിലൊരു തെളിച്ചം കൂടുന്നുവെങ്കിൽ, മറ്റാരോ പറഞ്ഞു കേട്ട വെറുമൊരു വിശേഷണം മാത്രമല്ല , ശരിക്കും ‘ബ്രൈറ്റ്’ തന്നയാണ് ‘ബ്രിസ്റ്റോൾ’ നഗരമെന്ന് ആരും സ്വയം സമ്മതിച്ചു പോകും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top