01 December Friday

ഭൂട്ടാനിലെ ബയോഫിലിയ എഫക്റ്റ്...യാത്രാപരമ്പര അവസാനിക്കുന്നു

പ്രസാദ്‌ അമോര്‍Updated: Friday Dec 6, 2019

പ്രസാദ്‌ അമോര്‍

പ്രസാദ്‌ അമോര്‍

ലോകത്തിലെ ഏക ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാനിലൂടെ പ്രസാദ്‌ അമോര്‍ നടത്തിയ യാത്ര ...അവസാനഭാഗം

ഭൂട്ടാനിലെ ഫോബ്‌ജിക താ‌ഴ്‌വാരത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച കിംസുനിമേ ലഹമ്മോ (Kimsunime Lhamo) റോയൽ തിംബു കോളേജിൽ നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം ഉപരിപഠനത്തിനായി ടോക്കിയോവിൽ എത്തിയതോടെ അവൾ അസ്വസ്ഥയായി.നഗരത്തിലെ ജനബാഹുല്യം, വ്യഗ്രരായ മനുഷ്യർ അംബരചുംബികളായ കോണ്ക്രീറ്റ് നിർമ്മിതികൾ, ക്രൂരമായ നാഗരിക ശബ്ദസാന്നിധ്യം.മലയടിവാരത്തിലെ വീട്ടിൽ ജനിച്ചുവളർന്ന അവൾക്ക് ആ സാഹചര്യങ്ങൾ തികച്ചും അപരിചിതവും അന്യവുമായിരുന്നു.മഞ്ഞു പുതച്ച പർവ്വതങ്ങൾ ചെങ്കുത്തായ പാറയിടുക്കുകൾ ഷുഭിതരായ ജലരാശികൾ എല്ലാമുള്ള തന്റെ ജന്മഗേഹം മാത്രമായിരുന്നു അവൾക്ക് പഥ്യം.ജപ്പാനിലെ ഉപരിപഠനം വേണ്ടെന്ന് വെച്ച് ഭൂട്ടാനിലെ പരിമിത സാഹചര്യങ്ങളിൽ പഠനം പൂർത്തീകരിച്ച അവൾ ഇന്ന് റോയൽ തിംബു കോളേജിൽ അധ്യാപികയായി ജോലിചെയ്യുകയാണ്.

മഞ്ഞു നിശേഷം നീങ്ങി ഉദിച്ചുയരുന്ന സൂര്യപ്രകാശത്തിൽ പച്ചപ്പ് അനാവൃതമായിക്കൊണ്ടിരിക്കുന്ന നവംബർ മാസത്തിലെ ഒരു മദ്ധ്യാഹ്നത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് പതിമൂവായിരം അടി ഉയരത്തിലുള്ള ഫോബ്‌ജിക താഴ്വാരത്തിലെ വിശാലമായ മൈതാനത്തിലെ ശ്യാമപ്രകൃതിയിലിരുന്ന് ഞങ്ങൾ സംസാരിക്കുകയാണ്:

"ലോകത്തിന്റെ ഏതു കോണിലായാലും ഭൂട്ടാനിൽ ജനിച്ചുവളർന്നവർക്ക് തങ്ങളുടെ ജന്മദേശത്തേയ്ക്ക് എത്തിപ്പെടാനുള്ള പ്രേരണയുണ്ടാകും". കിംസുനിമേ പറഞ്ഞു.

പച്ചപ്പുള്ള പ്രകൃതിയിലെ ശാന്തമായ സായാഹ്നങ്ങൾ വൃക്ഷത്തണലുകളും നദികരയിലെ ആരവവും ഉള്ള പ്രകൃതി സാഹചര്യങ്ങളിൽ നിര്ന്നിമേഷായായി ഇരിക്കുന്ന നിമിഷങ്ങൾ, നിർജ്ജനമായ നടവഴികളിലൂടെയുള്ള യാത്രയിൽ പർവ്വതങ്ങളിൽ നിന്ന് വരുന്ന ശീതക്കാറ്റ് വിശ്രാന്തി നൽകുന്ന സ്വച്ഛത എല്ലാം നഷ്ടപ്പെടുന്നത് ഭീകരമാണ്. പക്ഷേ ഭൂട്ടാനിലെ ദരിദ്ര പരാധീനതകൾ എന്നെ വ്യാകുലമാക്കുകയാണ്.

കിംസുനിമേ ലഹമ്മോയുടെ വാക്കുകളിൽ തന്റെ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉത്കണ്ഠകളുമുണ്ട്.

ഭൗതിക വികസനത്തിലൂടെ കാണുന്ന മനുഷ്യവികാസത്തിന്റെ ഒരു ആഗോള ബോധം ലോകമെമ്പാടും വളർന്നുവന്ന പ്രത്യക്ഷ സാഹചര്യത്തിൽ പഴയ ശീലങ്ങളും ആചാരങ്ങളും വാമൊഴി ചരിത്രങ്ങളും പൗരാണികമായ അവശേഷിപ്പുകളും,ഗോത്രജീവിത സമവാക്യങ്ങളും നിലനിർത്താൻ കിണഞ്ഞു ശ്രമിക്കുന്ന ഭൂട്ടാനീസ് ആധുനികജീവിതത്തിലെ ചടുല താളങ്ങൾക്കിടയിൽ ചകിതരാവുകയാണ്.ഭൗതിക മാനദണ്ഡങ്ങൾക്ക് വിലകല്പിക്കാൻ വിസമ്മതിക്കുന്ന അധികാരികവർഗ്ഗം പർവ്വതീകരിച്ച സ്തുതിവാക്കുകളിൽ മയങ്ങി നിര്ജീവമാവുകയാണ്. ബുദ്ധ മാർഗ്ഗത്തിന്റെ അവസാന ഇടമായി പ്രകീർത്തിക്കപ്പെടുന്ന ഭൂട്ടാൻ ദാരിദ്ര്യത്തിന്റെ ആത്മക്ഷയത്തിന്റെ പരാധീനകളിൽ പെട്ട് ഉലയുന്ന കാഴ്ചകളുമുണ്ട് .ആഗോളതാപനത്തിൽ മനുഷ്യരാശിയുടെ പ്രത്യാശയുടെ ഇടമായി കണക്കാക്കുന്ന ഭൂട്ടാൻ ഇല്ലായ്മയുടെ ഒരു ലോകം കൂടിയാണ്.പക്ഷെ ചില പ്രതീക്ഷകൾ ഭൂട്ടാൻ പരിപാലിക്കുന്നുമുണ്ട് .

ഒരു ബയോഫിലിയ എഫക്റ്റ് ഉണ്ടാക്കുന്ന അവിശ്വനീയമായ പ്രകൃതി സൗന്ദര്യമുള്ള ഒരു പ്രദേശമാണിത്.ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഇവൊല്യൂഷനറി ബയോളജിസ്റ്റായ എഡ്‌വേർഡ് ഒ വിൽസനാണ് ബയോഫിലിയ എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യൻ പ്രകൃതി തന്നെയാണ്. പ്രകൃതിയോടുള്ള നമ്മുടെ ആകർഷണം ജനിതകപരമായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. നമ്മുടെ ശാരീരികാരോഗ്യം വൈകാരിക നില എല്ലാം പ്രകൃതിയുമായുള്ള സ്വാധീനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണ്ടെത്തലുകൾ തെളിയിച്ചിട്ടുണ്ട്. നൈസർഗ്ഗികമായ പ്രകൃതി പ്രതിഭാസങ്ങളോട് താത്മ്യം പ്രാപിച്ചുകൊണ്ടുള്ള ജീവിത പരിചയങ്ങൾ ബയോഫിലിയ എഫ്ഫക്റ്റ് ഉണ്ടാക്കുന്നു.സ്വാഭാവിക പ്രകൃതി സാഹചര്യങ്ങളിൽ നിന്ന് അന്യമായ മനുഷ്യരെ അതിലേയ്ക്ക് കൊണ്ടുവരാനുള്ള മാർഗ്ഗങ്ങൾ ഒരു ക്ലിനിക്കൽ സാധ്യത തുറക്കുന്നുവെന്ന് ഗവേഷണങ്ങൾ അടിവരയിടുന്നു.ജീവിതത്തിലുണ്ടാകുന്ന വൈകാരിക ശൂന്യതക്കിടയിൽ ആശ്രയിക്കാവുന്ന തുരുത്താണ് പ്രകൃതിയുടെ പ്രശാന്തത.


നഗരവിഭ്രാന്തികളിൽ നിന്ന് ചില സമയങ്ങളിൽ രക്ഷപെട്ടു ഹരിതാഭമായ മേടുകളിലും താഴ്വാരങ്ങളിലും നദി തീരങ്ങളിലും പ്രകൃതിയുടെ സ്വച്ഛവും പ്രസന്നവുമായ മനോഹാരിതയിലും പരിസര നൈർമല്യത്തിലും ജീവിക്കുന്നത് ആരോഗ്യത്തിനുള്ള വാതായനങ്ങളാണ്.മനുഷ്യന്റെ ആന്തരികലോകം പ്രകൃതിയുടെ ഭാവഭേദങ്ങളോട് പ്രത്യക്ഷമായി പ്രതികരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുലർകാല രശ്മികളിലേയ്ക്ക് മിഴിതുറക്കുക. വെട്ടിത്തിളങ്ങുന്ന പർവ്വതത്തിന്റെ ധവള ശിഖിരങ്ങളിലെ വേഷപ്പകർച്ചകൾ കാണുക.കാടുകളുടെ ഓരങ്ങളിലൂടെ നടക്കുമ്പോൾ അനുഭവിക്കുന്ന സസ്യഗന്ധവും ആശ്ലേഷിക്കുന്ന കോടമഞ്ഞിലും ശീതക്കാറ്റിലും വൻ വൃക്ഷങ്ങളുടെ അമൂർത്തവും നിഗൂഢവുമായ പ്രത്യക്ഷത്തിലും വിലയിക്കുക, വർണ്ണ ഛായങ്ങൾ സൃഷ്ടിക്കുന്ന സുവർണ്ണ സായാഹ്നങ്ങളിൽ വെട്ടിത്തിളങ്ങുന്ന ഗിരിനിരകളിൽ നോക്കി സ്വച്ഛമായിരിക്കുക.

ഭൂട്ടാനിലെ ഞങ്ങളുടെ ദിവസങ്ങളിൽ ചില സമയങ്ങളിൽ പൈൻ വൃക്ഷചുവട്ടുകളുടെ നിശബ്ദമായ സാന്നിധ്യത്തിൽ ഏകരായി ഇരുന്നു, ചിലപ്പോൾ മരങ്ങളുടെ ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യ കിരണങ്ങൾ ദർശിച്ചുകൊണ്ട് വീനീതരായി ഉലാത്തികൊണ്ടിരുന്നു.ഭൂട്ടാൻ ഭയാനകമായ സൗന്ദര്യമുള്ള ഒരിടമാണെന്ന് ഉറപ്പിക്കുന്ന വെളിപാടുകളുണ്ടായ ദിനരാത്രങ്ങളായിരുന്നു അതെല്ലാം.ജീവ വൈവിധ്യങ്ങളുടെ വാഗ്‌ദത്ത ഭൂമിയാണിത്.വിവിധ ജാതി കാട്ടുമരങ്ങളുടെ വന്യത,പതഞ്ഞൊഴുകുന്ന നദി പ്രവാഹങ്ങൾ ഹരിതാഭമായ കുന്നുകളും താഴ്വരകളുമുള്ള അവിശ്വനീയ സൗന്ദര്യത്തിന്റെ ഒരു ഹിമാലയൻ ഏകതാനത.

ഞങ്ങൾ താഴ്‌വരയിൽ നിന്ന് മലകയറുമ്പോൾ വിശാലവും വന്യവുമായ വിജനതയിൽ ഒറ്റതിരിഞ്ഞുള്ള അതീവ മനോഹരമായ ഒരു കൊച്ചു ഗൃഹത്തിനോട് ചേർന്നുള്ള കൃഷിയിടത്തിൽ നല്ല ചന്തമുള്ള ഒരു പെൺകുട്ടി കൃഷിപ്പണികളിൽ വ്യാപൃതയായിരിക്കുന്നത് കണ്ടു. അരികിലേയ്ക്ക് നടന്നു നീങ്ങിയപ്പോൾ അവൾ മുഖം മറച്ചു.അവളുടെ ആ നൈസർഗ്ഗികമായ ലാസ്യ ഭംഗിയുടെ ഒരു ചിത്രമെടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ സ്കാർഫ് കൊണ്ട് മുഖം മറച്ചു വിഫലമാക്കിയ അവൾ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു. ജനവാസം കുറഞ്ഞ വിസ്തൃതമായ ഒരു താഴ്വരയിലെ ഒറ്റപ്പെട്ട ഒരു കുടിലാണ് അവളുടേത്‌.

ഡിസംബറിലെ കഠിനമായ മഞ്ഞു വീഴ്ച്ച തുടങ്ങുന്നതിന് മുൻപേ പുനാഖയിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുമെന്ന് അവളുടെ പിതാവ് പറഞ്ഞു.

വിജനമായ ആ ഗ്രാമീണ പശ്ചാത്തലത്തെ ഹൃദ്യമാക്കിയ ആ പെൺകുട്ടിയുടെ സാന്നിധ്യം നൽകിയ കുളിർമയും കൗതുകവും നുകർന്ന് വന്യമായ അവിടത്തെ ശൈത്യം ശരീരത്തിൽ ആവാഹിച്ചുകൊണ്ടു പൈന്മരങ്ങളുടെ പ്രശാന്തതയിലൂടെ ഞങ്ങൾ മലകയറി. (അവസാനിച്ചു)

ഒന്നാം ഭാഗം: ഒരു ഹിമാലയൻ ഏകാന്തതയിൽ

രണ്ടാം ഭാഗം: പറോയിലെ രാത്രികൾ

മൂന്നാം ഭാഗം: ഭൂട്ടാനും സെക്സ് ടൂറിസവും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top