26 April Friday

ആഷ്‌ഡൗൺ ഫോറെസ്റ്റ്: വിന്നിക്കഥകളുടെ പച്ചിലക്കൂട്ടിലൂടെ ...ആന്‍ പാലി എഴുതുന്നു

ആന്‍ പാലി Updated: Tuesday Mar 10, 2020

പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'


ഷ്ടപ്പെട്ട കഥകളുടെ വേരുകൾ തേടിയിറങ്ങിയ ഒരു യാത്ര. അതിലൊന്ന്‌ ഒരു മാന്ത്രികക്കിണറാണ്‌ , രണ്ട് കുട്ടിക്കാലത്തെ ഹീറോ വിന്നി ദി പൂവിന്റെ ഹൺഡ്രഡ് ഏക്കേഴ്‌സ് വുഡ്‌ഡിനു പ്രേരകമായൊരിടം, അഷ്‌ഡൗൺ ഫോറെസ്റ്റ്.

ഒരു ചെറിയ ഉറവയിലെ വെള്ളത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്ന വിശ്വാസത്തിൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഒരു വലിയ ടൗണ്ഷിപ് രൂപപ്പെട്ട കഥയുണ്ട്. കെൻറ് എന്ന കൗണ്ടിയിലെ ടൺബ്രിഡ്ജ് വെൽസിൽ ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപാണ് സംഭവം. അല്പസ്വല്പം ആഘോഷങ്ങളും സന്തോഷങ്ങളുമായൊക്കെ നടന്ന ഡഡ്‌ലി നോർത്ത് എന്ന പ്രഭുകുമാരന് കുതിരപ്പുറത്തിങ്ങനെ പോകുമ്പോൾ വല്ലാത്തൊരു അന്തർദാഹം. ചുറ്റും നോക്കിയപ്പോൾ ആകെ കണ്ടത് തവിട്ടും ചുവപ്പും ഇടകലർന്ന ഊറ്റുവെള്ളമാണ്! വേറൊരു നിർവ്വാഹമില്ലാത്തതിനാൽ ഡഡ്‌ലികുമാരൻ അതെടുത്തങ്ങ് കുടിച്ചു. പിന്നെ ബോധം വന്നപ്പോൾ ശരീരത്തിനാകെ ഒരുന്മേഷം! ആഹാ, എന്തൊരുത്സാഹം എന്ന്


തിരിച്ചറിഞ്ഞ കക്ഷി അതിനടുത്തുള്ള റ്റേൺബ്രിഡ്ജിൽ താമസിച്ച് സുഖചികിത്സ തുടങ്ങി, ഡെയിലി ഈ വെള്ളം കുടിച്ചു, കുടിച്ചു ഒടുവിൽ അത്രയും കാലം ഉറക്കമിളച്ചും യാത്ര ചെയ്തും കൂട്ടുകാരുടെ കൂടെ കുത്തിമറിഞ്ഞുമൊക്കെയുള്ള ക്ഷീണം മാറിയപ്പോൾ ഡഡ്‌ലിക്ക് പെരുത്ത സന്തോഷം. മിത്രത്തിന്റെ രൂപ-ഭാവമാറ്റം കണ്ടപ്പോൾ ബാക്കിയുള്ള മിത്രോംസിനും ഇതൊരു ഒന്നൊന്നര ഐഡിയ ആയിത്തോന്നി. എന്നാപ്പിന്നെ പൊണ്ണത്തടീം നെഞ്ചെരിച്ചിലും കൈവിറയുമൊക്കെ അങ്ങ് മാറ്റിക്കളയാമെന്ന് പറഞ്ഞു എല്ലാരും അവിടേക്കെത്താനും തുടങ്ങി. എന്തായാലും കുറച്ചു വർഷങ്ങൾക്കുള്ളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ താമസസൗകര്യങ്ങൾ, കുളിക്കാനും കുടിക്കാനും ഓജസ്സും സൗന്ദര്യവും തിരിച്ചുപിടിക്കാനുമൊക്കെയുള്ള വ്യത്യസ്ത പാക്കേജുകൾ എന്നിങ്ങനെ ഓരോന്നായി വന്നും കൂടിയും കഴിഞ്ഞപ്പോൾ ടൺബ്രിഡ്ജ്  എന്ന കുട്ടി നഗരം ടൺബ്രിഡ്ജ് വെൽസെന്ന ഒന്നാന്തരം റിസോർട് ടൗണായി മാറി. ഊറ്റുവെള്ളത്തിന് 'കാലിബിയാട് സ്‌പ്രിങ് ' എന്ന കുലീനനാമവും ലഭിച്ചു. (കാലിബിയാട് എന്ന് പറഞ്ഞാൽ അയൺ റിച്ച് എന്നാണ് കേട്ടോ അർത്ഥം).

കഥയൊക്കെ ഇങ്ങനെ കേട്ട് എന്നാലല്ലേ വെള്ളവും കിണറും കണ്ടിട്ടേ ഉള്ളൂ കാര്യം എന്ന ഉറച്ച തീരുമാനവുമായാണ് സ്‌ട്രാറ്റ് ഫോഡിൽ  നിന്നും വണ്ടി കയറിയത്. ദോഷം പറയരുതല്ലോ , നല്ല ഗംഭീരമഴ. ഇതൊക്കെ എത്ര കണ്ടതാണ്, മഴയത്ത് ഓടിക്കളിച്ചുനടന്ന എന്നോടാണോ മത്സരം എന്ന ഭാവത്തിൽ ടൺബ്രിഡ്ജ് വെൽസിൽ ചെന്നിറങ്ങി.

മഴയുടെ കൂടെ കാറ്റും തണുപ്പും കൂടി വന്നാൽ കുട പറന്നു പോകുമെന്നും അത് പിടിക്കാൻ ഓടിയാൽ മറിഞ്ഞു വീഴുമെന്നും എന്റെ കാലും കുടയുടെ കാലും ഒരേപോലെ കഷ്ടത്തിലാവുമെന്നും പരീക്ഷിച്ചറിഞ്ഞ ദിവസം. ദേഷ്യവും സങ്കടവും ഇത്രത്തോളം തോന്നിയ വേറൊരു യാത്രയില്ല.

ശുദ്ധജലത്തിനോളം പോന്ന മറ്റൊരു മരുന്നില്ല എന്നൊരു സ്ലോവാക്കിയൻ പഴമൊഴിയുണ്ട്. ഇന്നിപ്പോൾ ഡയറ്റിങ്ങും ബോഡി ക്ലൻസിങ്ങുമൊക്കെ ചെയ്യുന്നവർ ലിറ്റർകണക്കിന് വെള്ളം കുടിക്കുന്നത് പതിവാക്കുന്നതിനും എത്രയോ മുൻപേ തലമുറകൾക്കായി കരുതിവെച്ച അറിവാണത് ! ആദ്യം തന്നെ ചെന്നത് കാലിബിയാട് സ്പ്രിങ്ങിലാണ്.അവിടെയൊരു അമ്മച്ചി വിക്ടോറിയൻ കാലഘട്ടത്തിലെ ഉടുപ്പൊക്കെയിട്ട് ഇരിപ്പുണ്ട്.

ടൂറിസ്റ്റ് ആണെന്ന് മനസ്സിലാക്കിയ ഉടൻ അവര് ഒരു ഇരുമ്പു തവിയിൽ കുറച്ചു വെള്ളമെടുത്തു തന്നു, നല്ല തുരുമ്പു ചുവ, എന്നാലും ഗുണചരിത്രസംഹിത വായിച്ച ഓർമ്മയിൽ അതങ്ങു ഒറ്റയിറക്ക്. അരുചി മാറ്റാൻ ബാഗിൽ എന്തെങ്കിലും ചോക്ലേറ്റ് തെരഞ്ഞു നിന്ന എന്നോട് സംഭവനയൊക്കെ ആ പെട്ടീലോട്ട് ഇട്ടാൽ മതിയെന്ന് പറഞ്ഞു അമ്മച്ചി ഒരു ഇരുമ്പുപെട്ടി ചൂണ്ടിക്കാണിച്ചു. ആയിക്കോട്ടെ എന്ന് തലയാട്ടി നാട്ടിലെ പറമ്പിലെ നാല് കിണറുകളേയും അതിൽനിന്നുള്ള മധുരവെള്ളത്തേയും മനസ്സിൽ ധ്യാനിച്ച് 'മന്ദഗതി' രാഗത്തിൽ, വേദനിച്ച കാലും തിരുമ്മി നടന്നു ചെന്നത് കാൽവെർലി ഗ്രൗണ്ട്സിലാണ്.ശാന്തമായൊരിടം, കുറേ ചെറിയ കുന്നുകളിലെ പുൽത്തകിടികളിലൂടെ നടന്നും പുസ്തകം വായിച്ചും കിടന്നും ഉറങ്ങിയുമൊക്കെ സമയം ചെലവഴിക്കുന്നവരെ കാണാം. കാലുളുക്കി നടക്കാൻ വയ്യാത്തവർക്ക് ഇരിക്കാൻ നല്ല ബലമുള്ള ബെഞ്ചുമുണ്ട് !


റോയൽസും വലിയ സെലിബ്രിട്ടീസുമൊക്കെ വർഷങ്ങളായി വരുന്ന സ്ഥലമായതുകൊണ്ടാവാം ടൺബ്രിഡ്ജ് വെൽസിലെ റെസ്റ്റോറന്റുകളും ഷോപ്പിങ്ങുമൊക്കെ കുറച്ച് എക്സ്പൻസീവ് ആണ്. ബുട്ടീക്ക് ഷോപ്‌സും ഫൈൻ ഡായ്നിങ്ങുമൊക്ക ഇഷ്ടപ്പെടുന്ന ഇത്രയധികം പേരുണ്ടോ എന്ന് നമുക്ക് കൂടി തോന്നിപ്പിക്കുന്ന ഒരു നഗരം. അവിടുത്തെ പാൻടൈൽസ് കണ്ട് കഴിഞ്ഞാൽ പിന്നെ സമയം ചെലവാക്കണമെന്നുള്ളവർക്കു ചില ചെറിയ മ്യൂസിയങ്ങൾ കൂടിയുണ്ട്, പലതും ഒരു വീട്ടിലോ പള്ളിമുറിയിലോ ഒരുക്കിവെച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ കൂടുതലും കുടുംബപാരമ്പര്യമായി കിട്ടിയ മേശകസേരകളും പെയിന്റിങ്ങുകളും പാവക്കുട്ടികളുമൊക്കെയാവും. ലണ്ടനിലേയും ഓക്സ്ഫോർഡിലെയും കേംബ്രിഡ്ജിലേയുമൊക്കെ വലിയ മ്യൂസിയങ്ങൾ കണ്ടിട്ട് ആ പ്രതീക്ഷയിൽ ചെന്ന് കയറിയാൽ നിരാശയാവും ഫലം! ഓർമ്മിച്ചെടുക്കാവുന്ന മറ്റൊരു കാഴ്ച ബിബിസിയുടെ കെന്റ് റേഡിയോ സ്റ്റേഷൻ കണ്ടതാണ്.
വളരെ കൂൾ ആൻഡ് ക്യാഷ്വൽ ആയ അന്തരീക്ഷം, ജോലി ചെയ്യുകയാണെന്ന ഭാവം പോലും ആർക്കുമില്ല. 

എങ്കിലും വായനയും സ്വപ്നം കാണലുമൊക്കെ കൂട്ടുള്ളൊരു ബാല്യം ഉണ്ടായിരുന്നെങ്കിൽ സസ്സെക്‌സിൽ ഉറപ്പായും കാണേണ്ട ഒരിടമുണ്ട് , 'ആഷ്‌ഡൗൺ ഫോറെസ്റ്റ്'. എ. എ . മിലിൻ എഴുതിയ 'വിന്നി ദി പൂ' എന്ന കുട്ടികളുടെ കഥ നടന്നത് ഇവിടെയാണ്. മിലിന്റെ മകൻ ക്രിസ്റ്റഫർ റോബിൻസിനെക്കൊണ്ട് നടക്കാൻ പോയിരുന്ന ആഷ്‌ഡൗൺ ഫോറെസ്റ്റ് ആണ് ഇ.എച്.ഷെപ്പേർഡിന്റെ ഇല്ലസ്ട്രേഷനിൽ '100 ഏകേർസ് ഓഫ് വുഡ്' ആയി മാറിയത്. കുട്ടികൾ ഏറ്റവുമധികം വായിക്കുകയും കാർട്ടൂണായി കാണുകയും ചെയ്ത വിന്നി ദി പൂവിന്റെ ആരാധകർക്കിടയിലൂടെ കുറെ ദൂരം നടക്കണം. കാടിന്റെ ഒരോർത്തു ചെന്ന് നിന്നിട്ട് ഒറ്റയ്ക്കായിപ്പോയല്ലോ എന്ന് സങ്കടപ്പെടെരുതെന്ന് വിന്നി പറഞ്ഞിട്ടുണ്ട് , നമ്മൾത്തന്നെ നമുക്ക് വേണ്ടപ്പെട്ടവരെ അന്വേഷിച്ചു ചെല്ലണമെന്നും. ലവ്വിന്റെ സ്പെല്ലിങ് ചോദിച്ച പിഗ്ലെറ്റിനോട് അത് എഴുതിപ്പഠിക്കാനുള്ളതല്ലല്ലോ അനുഭവിക്കാനുള്ളതല്ലേ എന്ന് പറഞ്ഞു കൊടുത്ത ഫിലോസഫർ കൂടിയാണ് കക്ഷി. ആ കാട്ടിലെ തണുപ്പും കാറ്റും മുഖത്തെ തഴുകുമ്പോൾ ആരുമൊന്ന് ശാന്തരാവും. അപ്പോൾ ചുറ്റുമൊന്നു കണ്ണോടിക്കണം.
വിന്നിയുടെ  വീട്

വിന്നിയുടെ വീട്



അവിടെയുള്ള പോസ്റ്റിക്‌സ് ബ്രിഡ്ജിൽ നിന്നും താഴേക്ക് കൈ നീട്ടുന്ന കുട്ടികളെ കാണണം. അവർ ചിരിക്കുന്നതിന്റെ ഒപ്പം ചിരിക്കണം. കാൽമുട്ടിലെ ഞെരിക്കുന്ന വേദനയെ , ഓർമ്മിച്ചെടുത്ത വിന്നിക്കഥകളുടെ പച്ചിലക്കൂട്ടിൽ പൊതിഞ്ഞു വയ്ക്കണം, ക്രിസ്റ്റഫർ റോബിന്റെ കൂട്ടുകാരിയായി തൊട്ടടുത്ത മരപ്പൊത്തിലെ വിഷണ്ണനായ മൂങ്ങയെ നോക്കി കണ്ണുരുട്ടണം. വിന്നിയുടെ തേൻഭരണിയിൽ ഇനിയും മധുരം ബാക്കിയുണ്ടെന്ന് മന്ത്രിക്കുന്ന മനസ്സിനോട് നന്ദി പറയണം. അല്ലെങ്കിലും എല്ലാ പരിഭവങ്ങൾക്കുമൊടുവിൽ ഒരു ദിനത്തെ ഇതിൽക്കൂടുതൽ സംതൃപ്‌തമായി അടയാളപ്പെടുത്തുന്നതെങ്ങനെയാണ് ?

കാര്‍ട്ടൂണ്‍ കഥാപാത്രമായി വിന്നി ദ പൂ

കാര്‍ട്ടൂണ്‍ കഥാപാത്രമായി വിന്നി ദ പൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top