27 April Saturday

വൈക്കരയിലെ ഹേ: ഒരു പുസ്തകപ്പട്ടണത്തിന്റെ കഥ

അനിത തമ്പിUpdated: Friday Dec 17, 2021

ഹേ നഗരത്തിലെ പുസ്‌തകശാലകൾ

ഹേയിലെ പലതരം സാമാനങ്ങൾ വിൽക്കുന്ന ഒരു നാട്ടുചന്തയുടെ ഒരു മൂലയ്‌ക്ക്‌ നിലത്തു വിരിച്ച കട്ടിച്ചാക്കിൽ പഴയപുസ്തകങ്ങളുമായി ഇരിക്കുന്ന ഒരു വൃദ്ധൻ. പുസ്തകങ്ങൾ വെറുതെ നോക്കാം എന്നു കരുതി ഞാൻ അടുത്തുചെന്നു. നിരത്തിവച്ച കുറച്ചുപുസ്തകങ്ങളിൽ അതാ സൂസി താരുവും കെ ലളിതയും ചേർന്ന് എഡിറ്റു ചെയ്ത ‘വിമൺ റൈറ്റിങ്‌ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രണ്ടു വോള്യങ്ങളും! അനിത തമ്പി എഴുതുന്നു.

നൊബേൽ സമ്മാനിതനായ നോവലിസ്റ്റ് ജോൺ കൂറ്റ്‌സി സുഹൃത്തും അമേരിക്കൻ എഴുത്തുകാരനുമായ പോൾ ഓസ്റ്റർക്കെഴുതിയ ഒരു കത്തിൽ 2008 ഒടുവിൽ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. എന്തോ ഒന്ന് സംഭവിച്ചു എന്നാണദ്ദേഹം പറയുന്നത്. എന്താണ് സംഭവിച്ചത്?

വെട്ടുകിളികൾ വന്നിറങ്ങി നമ്മുടെ വിളകളത്രയും നശിപ്പിച്ചിട്ടില്ല, തുടർച്ചയായ വരൾച്ച ഉണ്ടായിട്ടില്ല, ആടുമാടുകളും കോഴിതാറാക്കളും പകർച്ചവ്യാധികൾ ബാധിച്ച് ചത്തൊടുങ്ങിയിട്ടില്ല. ഭൂകമ്പത്തിൽ റോഡുകളും വീടുകളും പാലങ്ങളും  ഫാക്റ്ററികളും നിലംപൊത്തിയിട്ടില്ല. യുദ്ധത്തിൽ തോൽപ്പിച്ച് ശത്രു സൈന്യം നമ്മുടെ നഗരങ്ങളും ധനധാന്യ നിലവറകളും കൊള്ളയടിച്ച് നമ്മെ അടിമകളാക്കിയിട്ടില്ല. നീണ്ടുപോകുന്ന യുദ്ധത്തിൽ നമ്മുടെ യുവാക്കളത്രയും വീണുപോകുകയോ നാം അവശേഷിക്കുന്ന വിഭവങ്ങളത്രയും വീണ്ടും വീണ്ടും ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. വിദേശ നാവികസേനകൾ നമ്മുടെ സമുദ്രങ്ങൾ പിടിച്ചടക്കി നമുക്ക് വന്നുകൊണ്ടിരിക്കുന്ന ചരക്കുകൾ തടഞ്ഞുവച്ചിരിക്കുകയുമല്ല. അതായത് പ്രത്യക്ഷത്തിൽ ഒന്നും സംഭവിച്ചിട്ടില്ല.

നഗരങ്ങൾ പഴയപടി തുടരുന്നു, വയലുകൾ വിളയുന്നു, കടകൾ പ്രവർത്തിക്കുന്നു. ഇരുട്ടിവെളുത്തപ്പോൾ പിന്നെ എന്താണ് നമ്മെ കൂടുതൽ ദരിദ്രരാക്കിയത്? സാമ്പത്തികവിദഗ്‌ധർ പറയുന്നത് ചില നമ്പറുകൾ മാറി എന്നാണ്. ഉയർന്നുനിന്നിരുന്ന ചില നമ്പറുകൾ താഴ്‌ന്നുപോയി, അതുകൊണ്ട് നമ്മൾ കൂടുതൽ ദരിദ്രരായി. എങ്കിൽ നമ്മെ നൊടിയിൽ ദരിദ്രരാക്കുന്ന ഈ നമ്പറുകൾ മാറ്റി ധനികരാക്കുന്ന നമ്പറുകൾ കൊണ്ടുവന്നുകൂടേ? അല്ലെങ്കിൽ യഥാർഥത്തിൽ നമ്മുടെ ചുറ്റുമുള്ള സ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന നമ്പറുകളെങ്കിലും ഉപയോഗിച്ചുകൂടേ? പ്ലേറ്റോയുടെ ഗുഹയിൽ എന്നപോലെ മിന്നുന്ന സ്‌ക്രീനുകൾ മാത്രം നോക്കി കുനിഞ്ഞ ചുമലുകളും ഹ്രസ്വദൃഷ്ടികളും ആയി തുടർന്നാൽ മതിയോ മനുഷ്യർ?

പ്രത്യക്ഷത്തിൽ ബാലിശമാംവിധം നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന ഈ ചോദ്യങ്ങൾക്ക് കൂറ്റ്സിയുടെ കത്തിൽ ഒരടിക്കുറിപ്പും ഉണ്ട്.

ജെ എം കൂറ്റ്‌സി

ജെ എം കൂറ്റ്‌സി

ചീത്ത നമ്പറുകൾക്കുപകരം നല്ല നമ്പറുകൾ കൊണ്ടുവരിക എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് പഴയ ചീത്ത സാമ്പത്തിക വ്യവസ്ഥയ്‌ക്കുപകരം പുതിയ നല്ല വ്യവസ്ഥ ഉണ്ടാവുക, അതായത് ലോകത്ത് സാമ്പത്തിക നീതി നടപ്പിലാവുക എന്നാണെന്ന്. പോൾ ഓസ്റ്റർ മറുപടിക്കത്തിൽ, ചുമ്മാ നോട്ട് അച്ചടിച്ചിറക്കിയാണല്ലോ സർക്കാരുകൾ ഇതു മറികടക്കുന്നതെന്ന് കുഴങ്ങുന്നു. കൂറ്റ്‌സി തുടർന്നെഴുതുന്ന മറ്റൊരു കത്തിൽ, 1930 കളിലെ മാന്ദ്യകാലത്ത് ലക്കുകെട്ട് എസ്രാ പൗണ്ട് നാട്ടിൻപുറത്തെ സർവജ്ഞനാട്യക്കാരനെപ്പോലെ സാമ്പത്തികവിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിരുന്നുവെന്ന് ഓർത്തുകൊണ്ട് താൻ ഒരു സമ്പത്തികകാര്യ കമന്റേറ്റർ ആകേണ്ടതില്ല എന്നൊരു ജാമ്യമെടുത്ത് പിൻവാങ്ങുന്നുണ്ട്.

അറിവില്ലായ്‌മ നടിക്കുന്ന കൂറ്റ്സിയുടെ ചോദ്യങ്ങളുടെ ഉള്ള് പക്ഷേ, വെള്ളം പോലെ ലളിതവും വ്യക്തവും ശക്തവുമാണ്. കാണാനും അനുഭവിച്ച് ബോധ്യപ്പെടാനും കഴിയുന്നതും കഴിയാത്തതും എന്ന ആ വ്യത്യാസത്തെപ്പറ്റി, നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾക്കുമേൽ നമുക്കുള്ള പിടി എത്രത്തോളമെന്നതിനെപ്പറ്റി, ഉള്ള ചിന്ത. മൂർത്തമായതും സത്യമായതും ഉണ്മയിൽ വർത്തിക്കുന്നതും ആയ ചെറുവ്യവസ്ഥകൾ വിട്ട് അമൂർത്തമായതും മിഥ്യയായതും വിശ്വാസത്തിന്മേൽ വർത്തിക്കുന്നതും ആയ വലിയ സംവിധാനങ്ങളിൽ ചെന്നെത്തിയിട്ടുള്ള ലോകജീവിത, സാമ്പത്തിക വ്യവസ്ഥയെപ്പറ്റിയുള്ള വിചാരം.

**************

‘ഇന്ന്, കൊല്ലവർഷം 1192 ചിങ്ങമാസം ഒന്നാം തീയതി ആലപ്പുഴയെ ഞാനിതാ ഒരു സ്വതന്ത്രപരമാധികാരദേശമായി പ്രഖ്യാപിക്കുന്നു, ഞാനായിരിക്കും ഈ ദേശത്തിന്റെ റാണി. എന്റെ പശുവിനെ ദേശത്തിന്റെ പ്രധാനമന്ത്രിയായി ഞാൻ അവരോധിച്ചിരിക്കുന്നു.’

റിച്ചാർഡ്‌ ബൂത്ത്‌

റിച്ചാർഡ്‌ ബൂത്ത്‌

ഇങ്ങനെയൊരു പ്രഖ്യാപനം ആലപ്പുഴപ്പട്ടണത്തിൽ ആരെങ്കിലും നടത്തിയാൽ എങ്ങനെയിരിക്കും എന്ന് ഞാൻ ആലോചിച്ചു പോയത് 1193 മേടമാസം ഒടുവിൽ  2017 മേയ്‌ മാസത്തിൽ വെയ്‌ൽ‌സ് സന്ദർശിക്കുമ്പോഴാണ്. അക്കൊല്ലത്തെ ഹേ ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് ഞാനവിടെ എത്തിയത്. വെയ്‌ൽസിന്റെയും ഇംഗ്ലണ്ടിന്റെയും അതിർത്തിയിൽ വൈ നദിയുടെ തീരത്ത് ഹേ എന്ന് പേരുള്ള നാട്, ചെറുപട്ടണം. പട്ടണത്തിൽ ചുറ്റിനടക്കുമ്പോൾ ‘ഹേയുടെ സ്വാതന്ത്ര്യത്തിന്റെ നാല്പതാം വർഷം’ എന്ന് എല്ലാടവും വലുതായി എഴുതിയിരിക്കുന്നു. പലതവണ ഈ പ്രഖ്യാപനം കണ്ടു, തെരുവുകളിലും കടകളിലും മതിലുകളിലും എമ്പാടും. എനിക്കറിയുന്ന ചരിത്രത്തിലെങ്ങും അങ്ങനെയൊരു സമരമില്ല.

അഞ്ച് നൂറ്റാണ്ട് മുന്നേതന്നെ വെയ്‌ൽ‌സ് ഔദ്യോഗികമായി ഇംഗ്ലണ്ടിനോട് ചേർക്കപ്പെട്ടതാണ്. ഭാഷയും സംസ്‌കാരവും മുൻ‌നിർത്തിയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ശക്തമായ ഒഴുക്ക് പത്തൊമ്പതാം നൂറ്റാണ്ടു മുതൽക്കേയുണ്ട് എങ്കിലും  വെയ്‌ൽ‌സ് സ്വാതന്ത്ര്യസമരമൊന്നും നടത്തിയതായി അറിവില്ല. വെയ്‌ൽ‌സിന്റെ സാമ്പത്തിക, വിഭവസ്ഥിതി വച്ചുനോക്കിയാൽ യു കെ യിൽ നിന്ന് വിടുതലിനായി അങ്ങനെയൊരു സമരത്തിന് ഇപ്പോൾ യാതൊരു സാധ്യതയുമില്ല. ഈ ചെറുപട്ടണത്തിന് ഇത്രമാത്രം ആഘോഷിക്കാൻ വക നൽ‌കുമാറ് നാല്പതുവർഷം മുൻപ് എന്താണ് ഇവിടെ നടന്നത്?

അങ്ങനെ ആലോചിച്ച് പട്ടണത്തിലൂടെ നടക്കുമ്പോൾ ഒരു പുസ്തകക്കടയുടെ മുന്നിൽ അതാ വീണ്ടും ഈ ദുരൂഹമായ ‘നാല്പതാം സ്വാതന്ത്ര്യദിനം’ പ്രഖ്യാപിക്കുന്ന ബാനറുകളും കാൻവാസ് സഞ്ചികളും. ഉള്ളിലേക്ക് കയറിച്ചെന്നു. കൗണ്ടറിലിരുന്ന കണ്ണടക്കാരൻ നല്ല തിരക്കിൽ. കുറച്ചുനേരം കാത്തു. കടയിലെ പണിക്കാരുടെ പെരുമാറ്റം കണ്ടിട്ട് അയാൾ ജോലിക്കാരനല്ല, ഉടമസ്ഥനായിരിക്കാം എന്നു തോന്നി. അല്പസമയം കടയിൽ ചുറ്റിനടന്ന് പുസ്തകങ്ങൾ നോക്കി. തിരിച്ചു വന്നപ്പോഴും അയാൾ കമ്പ്യൂട്ടറിന്‌ മുന്നിൽത്തന്നെ. കൗണ്ടറിനടുത്തുചെന്ന് പതുക്കെ അന്വേഷിച്ചു, ‘‘എന്താണ് ഈ നാല്പതു വർഷത്തെ സ്വാതന്ത്ര്യത്തിന്റെ കഥ  ?” അയാൾ കമ്പ്യൂട്ടറിൽ കണക്കെഴുതുന്ന പണി നിർത്തി, എന്നെയൊന്ന് നോക്കി.

“എവിടുന്നാണ്?”
“കേരളം എന്നു പറയും. ഇന്ത്യയിൽ നിന്ന്.’’
“ഇവിടെ കാണാൻ വന്നതായിരിക്കും, അല്ലേ?”
“അതെ. ഫെസ്റ്റിവലിൽ കവിത വായിക്കാനും.’’
“അതുകൊള്ളാം. ഇരിക്കൂ.’’

റിച്ചാർഡ്‌ ബൂത്തിന്റെ ബുക്‌ഷോപ്പ്‌

റിച്ചാർഡ്‌ ബൂത്തിന്റെ ബുക്‌ഷോപ്പ്‌

ഇരുന്നു. അയാൾ കമ്പ്യൂട്ടറിനു മുന്നിൽ നിന്നെഴുന്നേറ്റുവന്നു. കസേര വലിച്ചിട്ടിരുന്നു. കഥ പറഞ്ഞു. റിച്ചാർഡ് ബൂത്ത് എന്ന മനുഷ്യന്റെയും അയാൾ പ്രാന്തെടുത്ത് പുനഃസൃഷ്ടിച്ച ഒരു പട്ടണത്തിന്റെയും അതിവിചിത്രമായ കഥ. ഹേയിൽ ജനിച്ചുവളർന്ന ആളാണ്  റിച്ചാർഡ് ബൂത്ത്. റിച്ചാർഡ് ജോർജ് വില്യം പിറ്റ് ബൂത്ത്. വയസ്സിപ്പോൾ എഴുപത്തെട്ട്. ഓക്‌സ്‌ഫോർഡിൽ പഠിച്ചുവന്ന വിദ്വാനാണ്. 1977 ഏപ്രിൽ ഒന്നിന് റിച്ചാർഡ് ബൂത്ത് ഒരു വിളംബരം നടത്തി ഹേയെ ഒരു സ്വതന്ത്ര ദേശമായി പ്രഖ്യാപിച്ചുകളഞ്ഞു. ദേശത്തിന്റെ രാജാവായി മൂപ്പർ സ്വയം അവരോധിച്ചു. തന്റെ കുതിരയെ ദേശത്തിന്റെ പ്രധാനമന്ത്രിയുമാക്കി. അതുമല്ല, നാട്ടുകാർക്ക് പാസ്‌പോർട്ടടിച്ച് കൊടുക്കാനും തുടങ്ങി. അത് വലിയ വാർത്താപ്രാധാന്യം നേടി. അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമെങ്ങും ചർച്ചയായി. അതിന്റെ നാൽപ്പതാം വാർഷികമാണിപ്പോൾ ആഘോഷിക്കുന്നത്.

റിച്ചാർഡിന്റെ ആ വിളംബരത്തിന് ഒരു പശ്ചാത്തലമുണ്ട്. ഓക്‌സ്‌ഫോർഡിലെ പഠനമൊക്കെ പൂർത്തിയാക്കി വന്ന ചെറുപ്പക്കാരനായ റിച്ചാർഡിന് വലിയ നഗരങ്ങളിൽ നല്ല ജോലി ലഭിക്കുമായിരുന്നു. പക്ഷേ, ആളിന്റെ ആലോചന പോയത് മറ്റൊരു വഴിക്കാണ്. ചെറുപ്പക്കാർ നഗരങ്ങളിലേക്ക് കുടിയേറുമ്പോൾ ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളും സാമ്പത്തികമായി ഉണർവില്ലാതെ ക്ഷയിച്ചുപോകുന്ന കാലം. തന്റെ പട്ടണമായ ഹേയുടെ സാമ്പത്തിക ഉണർച്ചയും അതിജീവനവും എങ്ങനെ സാധ്യമാക്കാം എന്നായി റിച്ചാർഡിന്റെ അന്വേഷണം.

1961 ൽ ഹേയിലെ ഒരു പഴയ ഫയർ സ്റ്റേഷനിൽ റിച്ചാർഡ് ഒരു പുസ്തകക്കട തുടങ്ങി. പിന്നീട് നാട്ടിലെ കുറെ ചെറുപ്പക്കാരെ ഒപ്പം കൂട്ടി അമേരിക്കയിൽ പോയി. അവിടെ പുസ്തകക്കടകൾ അടച്ചുപൂട്ടുന്ന നാളുകളായിരുന്നു.

അതിന്റെ ഭാഗമായി 1961 ൽ ഹേയിലെ ഒരു പഴയ ഫയർ സ്റ്റേഷനിൽ റിച്ചാർഡ് ഒരു പുസ്തകക്കട തുടങ്ങി. പിന്നീട് നാട്ടിലെ കുറെ ചെറുപ്പക്കാരെ ഒപ്പം കൂട്ടി അമേരിക്കയിൽ പോയി. അവിടെ പുസ്തകക്കടകൾ അടച്ചുപൂട്ടുന്ന നാളുകളായിരുന്നു. അവിടുന്ന് കിട്ടാവുന്നത്ര പുസ്തകങ്ങൾ വാങ്ങിക്കൂട്ടി കപ്പലുകളിൽ നാട്ടിലെത്തിച്ചു. നാട്ടിലെ മറ്റു പലരും ആ വഴി പിന്തുടർന്നു.

നാടെമ്പാടും ചെറുപുസ്തകക്കടകൾ പൊന്തുകയായി. ഉപേക്ഷിക്കപ്പെട്ടുകിടന്ന പല പഴയ കെട്ടിടങ്ങളും പുസ്തകശാലകളായി. റിച്ചാർഡ് ലോകമെമ്പാടും നിന്ന് പുസ്തകങ്ങൾ വാങ്ങി ഹേയിൽ എത്തിച്ചുകൊണ്ടിരുന്നു. ലോകം അറുപതുകളിലൂടെയും എഴുപതുകളിലൂടെയും കുതിച്ചു കടന്നു പോന്ന ‘നോക്കിനിൽക്കെ വളർന്നു വികസിക്കുന്ന’ വൻകിട ഉൽപ്പാദനവിപണനഉപഭോഗ വലയുടെ കണ്ണിചേരാതെ  ഒരു ചെറുപട്ടണത്തിന് എങ്ങനെ സ്വസ്ഥവും സുഖവുമായി ജീവിക്കാം എന്ന ആലോചനയുടെയും ആഗ്രഹത്തിന്റെയും ഫലം. എഴുപതുകളായപ്പോഴേക്കും ഹേ ഒരു പുസ്തകപ്പട്ടണമായി മാറി. രണ്ടാംകൈ (സെക്കന്റ് ഹാന്റ് ) പുസ്തകങ്ങളുടെ സ്വന്തം പട്ടണം. മഞ്ഞ ബട്ടർകപ്പ്‌ പൂക്കൾ മൂടിയ വിശാലമായ പുൽപ്പറമ്പുകളും പഴയ ഇംഗ്ലീഷ് ശൈലിയിൽ പണിത ഭംഗിയുള്ള വീടുകളും ഉള്ള പുഴക്കരയിലെ ഹേ പട്ടണത്തിലേക്ക് ആളുകൾ പുസ്തകങ്ങൾ തേടി വന്നുതുടങ്ങി, ആദ്യമാദ്യം യു കെയിൽ നിന്ന്, യൂറോപ്പിലെ മറ്റിടങ്ങളിൽ നിന്ന്, പിന്നെപ്പിന്നെ ലോകമെമ്പാടും നിന്ന്.

പോൾ ഓസ്‌റ്റർ

പോൾ ഓസ്‌റ്റർ

അങ്ങനെയിരിക്കെയാണ് 1977 ൽ ഏപ്രിൽ ഒന്നിന് റിച്ചാർഡ് ബൂത്ത്  ഹേയെ ഒരു സ്വതന്ത്ര ദേശമായി പ്രഖ്യാപിക്കുന്നത്. റിച്ചാർഡിന് ലേശം നൊസ്സുണ്ടെന്ന് അപ്പോഴേക്കും ഒരു ശ്രുതി പരന്നിരുന്നു. ആളിനെപ്പറ്റി പല കഥകളും പ്രചരിച്ചു.  ലക്കും ലഗാനുമില്ലാത്ത ഹിപ്പിജീവിതമാണ്, മദ്യപാനികളെയും ഭ്രാന്തരേയും മാത്രമേ ജോലിയ്‌ക്ക്‌ എടുക്കുകയുള്ളൂ, എന്നെല്ലാം. ലേശം പ്‌രാന്തും നല്ല ധൈര്യവും അസാമാന്യമായ കെൽപ്പും റിച്ചാർഡിനുണ്ടായിരുന്നുവെന്ന് ഉറപ്പ്. നൂറ്റാണ്ടുകൾ ഉറങ്ങിക്കിടന്ന ഒരു ഉൾനാടൻപട്ടണത്തെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ രണ്ടാംകൈ പുസ്തകങ്ങളുടെ തലസ്ഥാനമാക്കിമാറ്റാൻ അല്ലാതെ കഴിയുന്നതെങ്ങനെ? സ്വാതന്ത്ര്യപ്രഖ്യാപനം വലിയ കോളിളക്കമുണ്ടാക്കിയെങ്കിലും അത് ഹേ പട്ടണത്തിനും അവിടത്തെ പുസ്തകപ്പെരുപ്പത്തിനും വലിയ ദേശീയശ്രദ്ധ നേടിക്കൊടുത്തു.

പുസ്തകപ്രേമികളുടെ പറുദീസയായി ഹേ വളർന്നപ്പോൾ 1988 ൽ ആദ്യത്തെ ഹേ ഫെസ്റ്റിവൽ നടന്നു. ഇപ്പോൾ ലോകത്തെ പ്രധാന ലിറ്റററി ഫെസ്റ്റിവലുകളിൽ ഒന്നാണ് ഹേ ഫെസ്റ്റിവൽ. കോവിഡ് കാലത്തിന്‌ തൊട്ടുമുൻപ് വരെ ഹേ ഫെസ്റ്റിവൽ സമയത്ത് ഏതാണ്ട് മൂന്നു മില്യൻ പൗണ്ടിന്റെ വരവുണ്ടായിരുന്നു. ആണ്ടിൽ അഞ്ചുലക്ഷത്തിലധികം ടൂറിസ്റ്റുകളും.
1999ൽ ‘എന്റെ പുസ്തകരാജ്യം’ (മൈ കിങ്ഡം ഓഫ് ബുക്‌സ്)  എന്നൊരു ആത്മകഥ റിച്ചാർഡ് എഴുതി. ഐതിഹ്യമെന്നോ കെട്ടുകഥയെന്നോ തോന്നാവുന്ന ഒരു ജീവിതരേഖ. 2019 ആഗസ്‌ത്‌ 20 ന് എൺപതാമത്തെ വയസ്സിൽ റിച്ചാർഡ് മരിച്ചപ്പോൾ ആളുകൾ പറഞ്ഞു: ‘രാജാവ് നാടുനീങ്ങി. രാജ്യം നീണാൾ വാഴട്ടെ.’

‘ദി ഗാർഡിയനി’ൽ  സ്റ്റീഫൻ വീക്‌സ് എഴുതിയ ചരമക്കുറിപ്പിൽ ലോകമെമ്പാടും നിന്നുള്ള ലൈബ്രറികളിൽ നിന്ന് റിച്ചാർഡ് ബൂത്ത് ഹേയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്: ‘ഒരിക്കൽ റിച്ചാർഡിന്റെ ബുക്‌ഷോപ്പിൽ നിന്ന് ഒരു പുസ്തകം കിട്ടി. 1150 ‐ 1400 കാലത്തെ ബ്രിട്ടീഷ് ഭൂപ്രഭുക്കളുടെ കീഴിൽ കർഷരുടെ ജീവിതാവസ്ഥകളെപ്പറ്റിയുള്ള പുസ്തകം. വില വെറും ഒരു പൗണ്ട്. പുസ്തകത്തിൽ അർക്കൻസാസ് സെമിനാരി ലൈബ്രറിയുടെ സീലും ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കുന്നവരുടെ പേരുകൾ എഴുതുന്ന േഫാറവും ഉണ്ടായിരുന്നു. ഒരേ ഒരാൾ മാത്രമാണ് ആ പുസ്തകം എടുത്തിരുന്നത്; ബിൽ ക്ലിന്റൺ.’

************** 

റിച്ചാർഡ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയപ്പോൾ പത്രക്കാർ ചോദിച്ചു, താങ്കൾ ഇപ്പറയുന്നത് കാര്യമായിട്ടാണോ എന്ന്.  ‘തീർച്ചയായും അല്ല, പക്ഷേ, ശരിക്കും രാഷ്ട്രീയത്തേക്കാൾ കാര്യമായിട്ടാണു താനും’ എന്നാണ് ആൾ മറുപടി പറഞ്ഞത്. വാസ്തവത്തിൽ ആ പ്രഖ്യാപനം ഒരു ഭ്രാന്തന്റെ ജല്പനമായിരുന്നില്ല. സാമ്പത്തിക സ്വയംപര്യാപ്തത എന്ന സങ്കൽപ്പമായിരുന്നു അത്. പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കുക, കേന്ദ്രീകൃതഭരണത്തിന്‌ കീഴിൽ അവഗണിക്കപ്പെടുന്ന ഗ്രാമീണസമൂഹങ്ങൾക്ക് സ്വന്തമായി സാമ്പത്തികമായ ഉണർവുണ്ടാക്കാനുതകുന്ന ഇടപെടലുകൾ നടത്തുക. പൊവിസ് (ജീം്യെ) എന്ന കൗണ്ടിയുടെ കൗൺസിലുമായി എന്നും ഇടങ്ങേറുകളാണ്  ഹേ നിവാസികൾക്ക്.

എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വെൽഷ് കവിയും നോവലിസ്റ്റുമായ ഷാൻ മെലാഞ്ജൽ പറഞ്ഞു: “സൂപ്പർ മാർക്കറ്റ് ഭീമൻ ടെസ്‌കോ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇതുവരെ ഒരു സ്റ്റോർ ഹേയിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല.’’  അതായത് റിച്ചാർഡ് ബൂത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ഫലത്തിൽ അവിടെ നടപ്പായിരിക്കുന്നു! നാട്ടിലെ സ്‌കൂൾ അടച്ചുപൂട്ടാനും ടെസ്‌കോ സൂപ്പർമാർക്കറ്റ് തുടങ്ങാനുമുള്ള നീക്കം അടുത്തകാലത്താണ് ഹേയിലെ നാട്ടുകാർ സമരം ചെയ്തു പൊളിച്ചത്; അതുപോലെ ഹേ ലൈബ്രറി പൂട്ടാനുള്ള നീക്കവും. ഹേ എന്നത് അവിടത്തുകാർക്ക് ഒരു വികാരമാണ്. പട്ടണം അവർക്ക് അത്രമാത്രം സ്വന്തപ്പെട്ടിരിക്കുന്നു.

അതാണ് അവരുടെ സ്വത്ത്. അതിന്റെ പ്രധാന പ്രേരണ തീർച്ചയായും റിച്ചാർഡ് തന്നെയാണ്. അരനൂറ്റാണ്ടോളം കഴിഞ്ഞിട്ടും ലോകം മുഴുവൻ വിപണിവ്യവസ്ഥയുടെ പിടിയിൽ പൂർണമായും അകപ്പെട്ടു കഴിഞ്ഞിട്ടും ആ വികാരം തെല്ലും മായാതെ ഇന്നും തുടരുന്നുവെന്നതാണ് അത്ഭുതം. ഇപ്പോഴും ആ കൊച്ചുപട്ടണത്തിൽ നാൽപ്പതിലധികം പുസ്തകക്കടകളുണ്ട്.
അധികാരികൾക്ക് തങ്ങളോട് ഒരു ഈർഷ്യയുണ്ടെന്നാണ് ഹേക്കാരുടെ പറച്ചിൽ. തങ്ങളെ അവർ മറ്റുള്ളവരെക്കാൾ വ്യത്യസ്തരായാണ് കാണുന്നത് എന്ന്. സാധാരണ വെൽഷുകാരെപ്പോലല്ല ഇവർ, തലതിരിഞ്ഞവരാണ് എന്ന മട്ട്.

അതായത് റിച്ചാർഡിനെ എങ്ങനെ കാണുന്നോ അങ്ങനെതന്നെ. ഈ വേറിട്ടനില്പിൽ പക്ഷേ, തങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് അവരുടെ പക്ഷം; സ്വന്തം കാലിൽ സ്വതന്ത്രമായുള്ള നിൽപ്പ്, ഈ നിൽപ്പും അതിന്റെ വ്യത്യസ്തതയും കാത്തുസൂക്ഷിക്കലാണ് പ്രധാനം എന്നും. ഹേ പണ്ടുപണ്ടേ വിചിത്രമായ ഒരിടമാണ്. അതിർത്തിയിൽ വസിക്കുന്നതുകൊണ്ടാവാം, വൈ നദിക്കരയിലെ കിടപ്പുകൊണ്ടാവാം, എഴുപതുകളുടെ തെറിച്ച ഭാവവും ഊർജവുമാണ് എക്കാലത്തും. അതിപ്പോഴും അപ്പടി തുടരുന്നു. വാസ്തവത്തിൽ ചേംബർ ഓഫ് കൊമേഴ്സ് അത് അഘോഷിക്കുകയാണ് വേണ്ടത്, അലങ്കോലമാക്കാൻ ശ്രമിക്കുകയല്ല എന്ന് ഹേക്കാർ പറയാറുണ്ട്; ഞങ്ങൾ പ്‌രാന്തരായിരുന്നോളാം, ഞങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്തോളാം, എന്ന്.

ഹേയിലെ പലതരം സാമാനങ്ങൾ വിൽക്കുന്ന ഒരു നാട്ടുചന്തയുടെ ഒരു മൂലയ്‌ക്ക്‌ നിലത്തു വിരിച്ച കട്ടിച്ചാക്കിൽ പഴയപുസ്തകങ്ങളുമായി ഇരിക്കുന്ന ഒരു വൃദ്ധൻ. പുസ്തകങ്ങൾ വെറുതെ നോക്കാം എന്നു കരുതി ഞാൻ അടുത്തുചെന്നു. നിരത്തിവച്ച കുറച്ചുപുസ്തകങ്ങളിൽ അതാ സൂസി താരുവും കെ ലളിതയും ചേർന്ന് എഡിറ്റു ചെയ്ത ‘വിമൺ റൈറ്റിങ്‌ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രണ്ടു വോള്യങ്ങളും!

 

ഹേ നഗരം. മറ്റൊരു കാഴ്‌ച

ഹേ നഗരം. മറ്റൊരു കാഴ്‌ച

ഹേയിലെ പലതരം സാമാനങ്ങൾ വിൽക്കുന്ന ഒരു നാട്ടുചന്തയുടെ ഒരു മൂലയ്‌ക്ക്‌ നിലത്തു വിരിച്ച കട്ടിച്ചാക്കിൽ പഴയപുസ്തകങ്ങളുമായി ഇരിക്കുന്ന ഒരു വൃദ്ധൻ. പുസ്തകങ്ങൾ വെറുതെ നോക്കാം എന്നു കരുതി ഞാൻ അടുത്തുചെന്നു. നിരത്തിവച്ച കുറച്ചുപുസ്തകങ്ങളിൽ അതാ സൂസി താരുവും കെ ലളിതയും ചേർന്ന് എഡിറ്റു ചെയ്ത ‘വിമൺ റൈറ്റിങ്‌ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രണ്ടു വോള്യങ്ങളും! നല്ല വിലയുള്ള പുസ്തകമാണ്. ഇറച്ചിയ്‌ക്കും മുട്ടയ്‌ക്കും പഴങ്ങൾക്കും പച്ചക്കറികൾക്കും ഇടയിൽ നിന്ന് ആ രണ്ടു വോള്യങ്ങളും വെറും അഞ്ചു പൗണ്ടിന് ഞാൻ വാങ്ങി. അപ്പോഴതാ തൊട്ടടുത്ത്, 1725 ൽ ഇറങ്ങിയ അലക്‌സാണ്ടർ പോപ് പരിഭാഷപ്പെടുത്തിയ ഹോമറിന്റെ ഒഡീസിയുടെ രണ്ടാം വോള്യത്തിന്റെ അഞ്ചാം പുസ്തകം. ചണക്കടലാസിൽ പഴയ ലിപിയിൽ അടിച്ചത്. അതും ആ ചന്തയിൽ നിന്ന് എനിക്കൊപ്പം തിരുവനന്തപുരത്തേക്ക് പോന്നു.

************  
പുസ്തകമാവാം, പൂക്കളാവാം, മീനോ മധുരമോ ആവാം, കുരുമുളകോ കശുവണ്ടിയോ റബ്ബറോ ആവാം, മൺപാത്രങ്ങളോ കൈത്തറിയോ കഥകളിയോ കവിതയോ ആവാം, സ്വന്തമായുള്ളതെന്തോ അതിൽ ഊന്നി, അതിനെ പാലിച്ച്, അതിന്റെ അറിവും രസവും ലോകവുമായി പങ്കുവച്ച്, അങ്ങനെയും ഒരു ദേശത്തിന് സുഖവും സ്വാസ്ഥ്യവും കണ്ടെത്താനാവും. അതിരറ്റ വളർച്ചയ്‌ക്ക്‌ ആർത്തി കൊള്ളാതെ, അദൃശ്യമായ ലോകമഹാവലയിൽ കുടുങ്ങാതെ, അങ്ങനെയും ഒരുവിധം സ്വതന്ത്രരായി പുലരാനാവും. അത്രേയുള്ളൂ ഈ  കഥയുടെ ‘ഗുണപാഠം.’

***********

തൽക്കാലത്തേക്ക് തന്റെ കച്ചവടം തന്നെ നിർത്തിവച്ച് ഹേയുടെയും റിച്ചാർഡ് ബൂത്തിന്റെയും കഥ വലിയ ആവേശത്തോടെ ചങ്കിൽ തട്ടി സമയമെടുത്ത് പറഞ്ഞുതന്ന റോബർട്ട് എന്ന ആ കടയുടമയോട് ഞാൻ ചോദിച്ചു.
“താങ്കൾക്ക് റിച്ചാഡ് ബൂത്തിനെ നേരിട്ട് അറിയുമോ?’’

ആൾ എഴുന്നേറ്റ് ആറടി ഉയരത്തിൽ നിവർന്നുനിന്നു. നെഞ്ചത്ത് കൈവച്ച് ഉറക്കെ പ്രഖ്യാപിച്ചു.
“അയാം ഹിസ് ബാസ്റ്റാഡ് സൺ” (ഞാൻ അയാളുടെ അവിഹിത സന്തതിയാണ്).

അതുപറഞ്ഞ് അയാൾ പൊട്ടിച്ചിരിക്കുമെന്ന് പ്രതീക്ഷിച്ച് ഞാൻ നിന്നു.
അയാൾ ചിരിച്ചില്ല .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top