23 February Friday

ആനച്ചാലിലെ മധുര മനോഹര കാഴ്‍ചകള്‍

സ്വന്തം ലേഖകൻUpdated: Sunday Oct 8, 2023

ആനച്ചാൽ ടൗൺ

 ആനച്ചാൽ > ഐതിഹാസികമായ കുടിയേറ്റ സമരങ്ങളുടെ ചരിത്രമുറങ്ങുന്ന ആനച്ചാലിന്റെ വികസന വഴികളിൽ പുതിയ നാഴികക്കല്ല് സൃഷ്‍ടിക്കാൻ നാടൊരുങ്ങുന്നു. മൂന്നാറിന്റെ കവാടം എന്നറിയപ്പെടുന്ന ആനച്ചാലിൽ ദിവസവും സഞ്ചാരികളുടെ തിരക്കാണ്. രണ്ട് പാർക്കുകള്‍, വ്യൂ പോയിന്റിലേക്കുള്ള ട്രക്കിങ്, രണ്ടു കിലോമീറ്റർ അകലെ കേരള ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബോട്ടിങ്, കഥകളി, കളരിപ്പയറ്റ്, ഫൈഫ് സ്റ്റാര്‍ റിസോര്‍ട്ടുകള്‍. സഞ്ചാരികള്‍ക്കായി ആനച്ചാലില്‍ ഇല്ലാത്തതൊന്നുമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലാണ് ആനച്ചാല്‍ പിന്നോട്ട് പോകുന്നത്. 

ഡ്രെയ്‍നേജും 
മുഖകാന്തിയും
 
തോമസ് ഐസക് ധനകാര്യ മന്ത്രിയും എം എം മണി മന്ത്രിയുമായിരുന്നപ്പോള്‍ കിഫ്ബി പണമുപയോഗിച്ചും അഡ്വ. ജോയ്‌സ് ജോർജ് എംപി ആയിരുന്നപ്പോള്‍ അനുവദിച്ച പണമുപയോഗിച്ചും ജില്ലയിലെ മുഴുവൻ റോഡുകളും ദേശീയ നിലവാരത്തിലേക്ക് ഉയർത്തി. ആനച്ചാലിലെ റോഡുകളെല്ലാം ഒപ്പം മികച്ചതായി. എന്നാൽ വേണ്ടത്ര ഡ്രെയ്നേജ് സംവിധാനം ഒരുക്കിയില്ല. മഴക്കാലത്ത് ടൗണിലൂടെ നടക്കാൻ പോലുമാകാത്ത വിധം ഒഴുകിയെത്തുകയാണ് മഴവെള്ളം. വിനോദ സഞ്ചാരികളെ ഏറ്റവും അകർഷിക്കുന്ന നിലയിൽ ടൗണിനെ മനോഹരമാക്കേണ്ടതുണ്ട്. ഇരുവശങ്ങളും ടൈൽ വിരിച്ചും പ്രധാന ഭാഗങ്ങളിൽ പൂച്ചെടികൾ നട്ടും ശുചിമുറികൾ നിർമിച്ചും ടൗൺ മനോഹരമാക്കണം. ആനച്ചാലിനെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലോകത്തിന് മാതൃകയാകുന്ന നാടാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
 
വേണം പാര്‍ക്കിങ്
 
സഞ്ചാരികളെ സ്വീകരിക്കാൻ ആവശ്യമായ പാര്‍ക്കിങ് സൗകര്യമില്ലാത്തത് പ്രധാന പ്രശ്‍നമാണ്. സ്വകാര്യ ഉടമകളുടെ കൈവശമുള്ള കെട്ടിടങ്ങളുടെ മുൻ വശത്തുള്ള പാർക്കിങ്ങല്ലാതെ പൊതുയിടമില്ല. ആനച്ചാലിലേക്ക് വിവിധ ടാക്സി വാഹനങ്ങളുമായി വരുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും പ്രാദേശിക ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് വരുമ്പോൾ വേണ്ട സൗകര്യവുമില്ല. വെള്ളത്തൂവൽ പഞ്ചായത്ത് മുൻ കൈയെടുത്ത് വികസനത്തിന്റെ പുതുരൂപം ആനച്ചാലിന് സമ്മാനിക്കുകയാണ്. ഇതിനായുള്ള ആലോചനാ യോ​ഗം തിങ്കള്‍ വൈകിട്ട് നാലിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും. എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ കെ വി ശശി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സോളി ജീസസ്, അഡ്വ. എം ഭവ്യ, പള്ളിവാസൽ പഞ്ചായത്ത്‌ പ്രസിഡന്റ് വി ജി പ്രതീഷ്കുമാർ, വെള്ളത്തൂവൽ പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ചു ബിജു, കെ ആർ ജയൻ തുടങ്ങിയവര്‍ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top