കൊച്ചി > നൂറ്റാണ്ടുകള്‍ക്കുമുമ്പ് വ്യാപാരത്തിനായി വിദേശികള്‍ വന്ന വഴികളിലൂടെ നടന്നപ്പോള്‍ ടെക്സാസില്‍നിന്നെത്തിയ പോള്‍ സാല്‍മോണിന്റെ കണ്ണുകളില്‍ അത്ഭുതത്തിന്റെ തിരയിളക്കം. വിദേശികള്‍ മറന്ന വഴികളില്‍നിന്നുകണ്ടെത്തിയ അവശിഷ്ടങ്ങളെ അരുമയോടെ സൂക്ഷിച്ചുവച്ചിരിക്കുന്നതിലെ കൌതുകം വാക്കുകളില്‍ ഒതുക്കാനാകില്ലെന്ന് പോള്‍ പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിനെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുസിരിസ് പട്ടണവും കേരളത്തിന്റെ മനോഹാരിതകളും കണ്ടു മടങ്ങി. കേരള ട്രാവല്‍ മാര്‍ട്ടില്‍ പ്രതിനിധികളായെത്തിയവര്‍ക്കാണ് മുസിരിസ് സ്പൈസ് റൂട്ട് യാത്ര ഒരുക്കിയത്.
ക്രിസ്തുവിന് 1000 വര്‍ഷം മുമ്പ് സജീവമായിരുന്ന സംസ്കാരത്തിന്റെ ശേഷിപ്പുകളുടെ നേര്‍ക്കാഴ്ച പലരെയും അത്ഭുതപ്പെടുത്തി. പോര്‍ച്ചുഗീസുകാര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുസിരിസുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തെളിവുകളായി ലഭിച്ച ചരിത്രാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം അവര്‍ സന്ദര്‍ശിച്ചു. മുസിരിസില്‍ ഗവേഷണം നടത്തിയപ്പോള്‍ ലഭിച്ച കല്ലുകളും പാത്രങ്ങളുടെ അവശിഷ്ടങ്ങളും ആയുധങ്ങളും അവര്‍ക്ക് കൌതുകമായി. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുസിരിസില്‍ നാഗരിക സംസ്കാരം നിലനിന്നിരുന്നതിന്റെ ചരിത്രാവശിഷ്ടങ്ങളാണ് കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ചിന്റെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള കല്ലുകളും വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍, ലോഹയുഗത്തില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയും മുസിരിസിലെ ശേഖരത്തില്‍ ഉണ്ട്.
പൈതൃക ടൂറിസംപദ്ധതികള്‍ക്ക് ലോകമെമ്പാടും സന്ദര്‍ശകര്‍ ഏറിവരികയാണെന്ന് പോള്‍ സാല്‍മോണ്‍ പറഞ്ഞു. അതിനാല്‍തന്നെ വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ കേരളത്തിന് ഇതില്‍ മികച്ച സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍നിന്നെത്തിയ സിങ്‌ഗ്വാങ് മാസികയുടെ പ്രതിനിധി ഡെയ്ജിങ് വാങ് ചരിത്രഗവേഷണത്തില്‍ കേരളം കാണിക്കുന്ന താല്‍പ്പര്യത്തെ പ്രകീര്‍ത്തിച്ചു. കേരളത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ധാരാളം ഘടകങ്ങള്‍ ഉള്ളതായി ഡെയ്ജിങ് വാങ് പറഞ്ഞു. ചൈനയിലും ജൂതപ്പള്ളികളുണ്ടെങ്കിലും അവയെല്ലാം അഭയാര്‍ഥികളായെത്തിയവര്‍ പണിതതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലുള്ളവ വര്‍ഷങ്ങളുടെ ചരിത്രം പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പെയ്ന്‍, ഫ്രാന്‍സ്, ഇറ്റലി, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും യാത്രയില്‍ ഒപ്പമുണ്ടായി.
നോര്‍ത്ത് പറവൂരിലുള്ള സിനഗോഗും ചെറായി ബീച്ചും സംഘം സന്ദര്‍ശിച്ചു. ഇവര്‍ക്കായി തിരുവാതിരയും പാട്ടും അടങ്ങുന്ന നാടന്‍കലകളും അവതരിപ്പിച്ചു. 'ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ്' ബോട്ടില്‍ കൊടുങ്ങല്ലൂരിലേക്കു തിരിച്ച സംഘം സൂര്യാസ്തമയത്തോടെ കൊച്ചിക്ക് യാത്രയായി. വിദേശികളും സ്വദേശികളും അടങ്ങുന്ന 80 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സംഘത്തില്‍ ഉണ്ടായി.
ചിത്രങ്ങള്‍: എം എ ശിവപ്രസാദ്

പട്ടണം ഉല്‍ഖനനത്തില്‍ ലഭിച്ച പാത്രങ്ങളും മറ്റും

ഉല്‍ഖനനത്തില്‍ ലഭിച്ച ലോഹങ്ങളില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..