27 April Saturday

ആലപ്പുഴയിൽ തുറക്കുന്നത് രണ്ട്‌ അഡ്വഞ്ചർ 
ടൂറിസം ഹബ്‌; കാലത്തിനൊപ്പം മാറാൻ ടൂറിസം മേഖല

സ്വന്തം ലേഖകൻUpdated: Tuesday Jan 3, 2023

ആലപ്പുഴ ബീച്ചിന് സമീപത്ത് ഡിടിപിസി ഒരുക്കിയ അഡ്വഞ്ചർ പാർക്കിലെ സിപ് ലൈനിൽ യാത്ര ചെയ്യുന്ന പെൺകുട്ടി

ആലപ്പുഴ > മാറുന്ന കാലത്തെ തിരിച്ചറിഞ്ഞ്‌ മാറ്റത്തിനൊപ്പം നീങ്ങാൻ ഡിടിപിസി. ജില്ലയിൽ രണ്ട്‌ അഡ്വഞ്ചർ വാട്ടർ സ്‌പോർട്‌സ്‌ ഹബ്ബുകൾകൂടി ആരംഭിക്കും. കൈനകരി വട്ടക്കായലിലും മാരാരി ബീച്ചിലുമാണ്‌ ഗോവൻ മാതൃകയിൽ അഡ്വഞ്ചർ വാട്ടർ സ്‌പോർട്‌സ്‌ ഹബ്ബുകൾ തുടങ്ങുന്നത്‌. സിവ്യൂ പാർക്കിന്റെ മാതൃകയിൽ സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക.
 
സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ ഏജ്‌ലെസ് കമ്പനിയാണ് സീവ്യൂപാർക്കിന്റെ സംരംഭകർ. കോവിഡിനുശേഷം ഈ സീസണിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്‌ 160 ശതമാനത്തിന്റെ വർധനയാണ്‌. ജില്ലയിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണവും ഈ സീസണിൽ പൂർവസ്ഥിതിയിലേക്ക്‌ മാറുമെന്നാണ്‌ മേഖലയുടെ പ്രതീക്ഷ.
 
ഈ സാധ്യതകളെ വരുന്ന സീസണുകളിൽ പരമാവധി ഉപയോഗപ്പെടുത്താനാണ്‌ ഡിടിപിസിയുടെ ശ്രമം. കായൽക്കാഴ്‌ചകൾ തേടി ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക്‌ പ്രായഭേദമന്യേ ആസ്വദിക്കാൻ കഴിയുന്ന മറ്റ്‌ കേന്ദ്രങ്ങൾ ഒരുക്കുകയാണ്‌ ലക്ഷ്യം. സീവ്യൂ പാർക്കിൽ 30ന്‌ ഉദ്‌ഘാടനംചെയ്‌ത അഡ്വഞ്ചർ ടൂറിസം പാർക്കിന്‌ പുറമേയാണിത്‌.
 
കൈനകരി വട്ടക്കായലിലും മാരാരി ബീച്ചിലും ഗോവൻ മാതൃകയിൽ അഡ്വഞ്ചർ സ്‌പോർട്‌സ്‌ ടൂറിസം ഹബ്‌ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കഴിഞ്ഞു. സ്‌പീഡ് ബോട്ട്, ബനാന റൈഡ്‌, വാട്ടർ സ്‌കൂട്ടർ അടക്കമുള്ള റൈഡുകൾ ഇവിടെ ഒരുക്കും. സുരക്ഷയ്‌ക്ക്‌ പ്രാധാന്യം നൽകിയാകും ഹബ്ബുകൾ പ്രവർത്തിക്കുക.  കൈനകരി വട്ടക്കായലിൽ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഡിടിപിസി സെക്രട്ടറി ലിജോ എബ്രഹാം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top