25 April Thursday

സഞ്ചാരികളെ വരവേല്‍ക്കാന്‍ അളകാപുരി വെള്ളച്ചാട്ടമൊരുങ്ങി

ജ്യോതിഷ് ബാലകൃഷ്ണന്‍Updated: Friday Jul 13, 2018


ശ്രീകണ്‌ഠാപുരം> സഞ്ചാരികളെ വരവേല്‍ക്കാന്‍ മിനുക്ക് പണികള്‍ നടത്തി കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടമൊരുങ്ങി.മലയോരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കാഞ്ഞിരക്കൊല്ലി.പ്രവൃത്തികള്‍ക്കായി അടച്ചിട്ട വെള്ളച്ചാട്ടം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തത്.വിനോദ സഞ്ചാരികള്‍ക്ക് ഏറെ സുരക്ഷിതവും,സൗകര്യ പ്രദവുമാകും വിധമാണ് കാഞ്ഞിരക്കൊല്ലിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്.

വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങള്‍ ഹാന്റ് റൈല്‍ ഇട്ട് ബലപ്പെടുത്തുകയും,അപകടങ്ങള്‍ ഒഴിവാക്കാനായി വേലികള്‍ കെട്ടിത്തിരിക്കുകയും വെള്ളത്തില്‍ ചവിട്ടാതെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് എത്തുവാനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങുവാന്‍ കരിങ്കല്‍ കൊണ്ട് പടവുകളും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തി.



ഏകദേശം 25 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തിയാണ് അളകാപുരി വെള്ളച്ചാട്ടത്തിലും,ശശിപ്പാറയിലുമായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ചെലവഴിച്ചത്.ഒരേ സമയം നൂറിലേറെ ആളുകള്‍ക്ക് വെള്ളച്ചാട്ടം ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്.അവധി ദിവസങ്ങളില്‍ 600 മുതല്‍ 700 വരെയും മറ്റ് ദിവസങ്ങളില്‍ 150 മുതല്‍ 200 വരെ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ഇവിടെ വന്ന് പോകുന്നുണ്ട്.വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലും 20 രൂപ ടിക്കറ്റ് വച്ചാണ് പ്രവേശനം.

അളകാപുരി വെള്ളച്ചാട്ടത്തില്‍  നിന്ന് 2 കിലോമീറ്റര്‍ മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂപോയിന്റ്. ഇവിടെയും സുരക്ഷാ വേലികളും,ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.അളകാപുരി വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്ന് ശശിപ്പാറയിലേക്ക് സ്വകാര്യ ജീപ്പ് സര്‍വ്വീസ് നടത്തുന്നുണ്ട്.500 രൂപ നല്‍കിയാല്‍ ശശിപ്പാറയില്‍ എത്തി ഭംഗി ആസ്വദിച്ച് തിരികെ വരാം.മദ്യപാനത്തിനും,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമെതിരെ ശക്തമായ നിരീക്ഷണമാണ് ഫോറസ്റ്റ് അധികൃതര്‍ നടത്തുന്നത്.കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രമേ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടുകയുള്ളൂ.



ഇത് കൂടാതെ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദിവസ കൂലിയില്‍ വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.മഴക്കാല ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ ആദ്യം വരെയാണ് സീസണ്‍.രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

ശ്രീകണ്ഠപുരം പയ്യാവൂര്‍-ചന്ദനക്കാംപാറ വഴി കാഞ്ഞിരക്കൊല്ലിയില്‍ എത്താം. 29 കിലോമീറ്ററാണ് ദൂരം. ഇരിട്ടി- ഉളിക്കല്‍-മണിക്കടവ് വഴിയും എത്തിച്ചേരാം 30 കിലോമീറ്റര്‍ ദൂരമാണുള്ളത്‌
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top