19 April Friday

ഒരു മിഥുനം മോഡൽ ഹണിമൂൺ ട്രിപ്പ്

അഭിഷേക് രാജ്Updated: Wednesday Mar 7, 2018

അഭിഷേക് രാജ്

അഭിഷേക് രാജ്

ചിരിക്കാൻ വരട്ടെ. ഹണിമൂൺ ട്രിപ്പ് കുടുംബത്തോടൊപ്പം ആയാൽ എന്താ കുഴപ്പം? അവധിക്ക് നാട്ടിൽ വരുമ്പോ കുടുംബമായി ഒരു യാത്ര പതിവുള്ളതാണ്. പുതുതായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കക്ഷി കുടുംബത്തിലെ എല്ലാവരുമായും ഒന്ന് അടുക്കാൻ ഒന്നിച്ചുള്ള ഒരു യാത്ര തന്നെയല്ലേ ഏറ്റവും നല്ല മാർഗ്ഗം! മാത്രവുമല്ല അനിയൻ പുള്ളി ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് ചേക്കേറാൻ അധികം ദിവസങ്ങളുണ്ടായിരുന്നില്ല. ഇപ്പോഴല്ലെങ്കിൽ പിന്നെ അടുത്തൊന്നും എല്ലാവരും ഒരുമിച്ചുള്ള ഒരു യാത്ര എളുപ്പമല്ല. വിവാഹം കഴിഞ്ഞയുടൻ വിരുന്നിൻറെയും ഓണത്തിൻറെയും തിരക്കുകൾക്കിടയിലായിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങളുടെ ആദ്യത്തെ യാത്ര. ഒരർത്ഥത്തിൽ പറഞ്ഞാൽ ഹണിമൂൺ ട്രിപ്പ് തന്നെ.

പ്രവാസജീവിതം തുടങ്ങിയ അന്നുമുതൽ നാട്ടിൽ വരുമ്പോ ചെയ്യുന്ന ഓരോ യാത്രകളും മനസ്സിന് പ്രിയപ്പെട്ടതാണ്. യാത്രകളെപ്പറ്റി വരുന്ന മനോഹരമായ എഴുത്തുകളും ചിത്രങ്ങളും അടുത്ത അവധിക്കാലം വരുന്നതുവരെ ഇരിക്കപ്പൊറുതി തരാറില്ല. അങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു സമയമായപ്പോൾ വലിച്ചടുപ്പിച്ച ഒരു സ്ഥലമാണ് ധനുഷ്‌കോടി.

പത്തനംതിട്ട ജില്ലയിലെ അടൂർ എന്ന സ്ഥലത്ത് വെച്ചായിരുന്നു മസ്‌ക്കറ്റിൽ ഒപ്പം ജോലിചെയ്യുന്ന ഒരു അടുത്ത സുഹൃത്തിൻറെ കല്ല്യാണം. കല്ല്യാണവും കൂടാം, ആ വഴി ധനുഷ്‌കോടിക്കും പോകാം - ഒരു വെടിക്ക് രണ്ടു പക്ഷി! സോറി സാധാരണ പക്ഷികളുടെ എണ്ണം കൂടാറാണ് പതിവ്. എപ്പോഴും തുറന്ന മനസ്സോടെയേ ഞങ്ങൾ യാത്ര പോകാറുള്ളൂ. ഇത്ര മണിക്ക് അവിടെയെത്തും, ഇത്ര മണിക്ക് ഭക്ഷണം കഴിക്കും, ഇത്ര മണിക്ക് ഉറങ്ങും, ഇന്ന സ്ഥലങ്ങളിൽ മാത്രമേ പോകൂ, എന്നൊക്കെയുള്ള ടൈറ്റ് പ്ലാനുകളൊന്നും ഒരിക്കലും ഇടാറില്ല എന്ന് സാരം.

വഴിയരികിലെ കാഴ്ച്ചകൾ ആസ്വദിക്കുക, കിട്ടുന്നതെന്തോ അത് കഴിക്കുക, എവിടെയെത്തുന്നോ അവിടെ തങ്ങുക, അങ്ങനെയങ്ങനെ. കാണാൻ കഴിയാത്തതിനേക്കാൾ കണ്ടതുകൊണ്ട് തൃപ്‌തിപ്പെടുക എന്നതാണ് ശീലം. എങ്ങോട്ട് പോയാലും എത്തിച്ചേരുന്ന സ്ഥലങ്ങളേക്കാൾ ഭംഗിയുള്ള കാഴ്ച്ചകൾ അങ്ങോട്ടുള്ള വഴികളിൽ നമുക്ക് കിട്ടും എന്ന് എവിടെയോ വായിച്ചിട്ടുള്ളത് ഓരോ യാത്ര കഴിയുമ്പോഴും കൂടുതൽ തെളിയുന്നു.

സുഹൃത്തിൻറെ കല്യാണത്തിൻറെ തലേദിവസം ഉച്ചയോടെ രണ്ടുമൂന്നു ദിവസത്തേക്കുള്ള വസ്‌ത്രങ്ങളും പാക്ക് ചെയ്‌ത്‌ ഞങ്ങൾ അടൂർ ലക്ഷ്യമാക്കി യാത്ര തിരിച്ചു. മൂടിക്കെട്ടിയ ആകാശം. റോഡിൽ അധികം തിരക്കില്ല. ഈ ആനപ്രേമം പോലെയാണ് വണ്ടിപ്രേമവും. എവിടെപ്പോയാലും എനിക്ക് ഡ്രൈവ് ചെയ്യുന്നതാണ് ഇഷ്‌ടം. റഹ്മാൻറെ മെലഡികളും മേമ്പൊടിക്ക് ഇത്തിരി മഴയും ഉണ്ടെങ്കിൽ മണിക്കൂറുകൾ പോകുന്നതറിയില്ല. എത്ര നേരം വേണമെങ്കിലും ഡ്രൈവ് ചെയ്യാം. വർഷത്തിലൊരിക്കൽ ആയതുകൊണ്ട് അച്ഛനും അനിയനും അതങ്ങു സഹിക്കും. യാത്ര തുടങ്ങുന്നതിനു മുൻപ് രണ്ടുപേരുടേയും കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങിച്ച എഗ്രിമെന്റിൽ ഈ കണ്ടീഷൻ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

ഏറ്റുമാനൂർ - പുതുപ്പള്ളി - മല്ലപ്പളളി - ചെങ്ങന്നൂർ വഴിയാണ് യാത്ര. ഏറ്റുമാനൂർ കഴിഞ്ഞപ്പോൾ മുതൽ ചെറിയ മഴ ഉണ്ടായിരുന്നെങ്കിലും മ്മടെ ചാണ്ടിച്ചൻറെ പുതുപ്പള്ളി എത്തിയപ്പോഴേക്കുമാണ് കനത്തത്. മഴയെന്നു പറഞ്ഞാൽ നല്ല പെരുമഴ. അധികദൂരം മുന്നോട്ട് കാണാനാവാത്ത അവസ്ഥ. പ്രവാസികൾക്ക്, പ്രത്യേകിച്ച് ഗൾഫുകാർക്ക് മഴ ഒരു നൊസ്റ്റാൾജിയ ആണല്ലോ. അതുകൊണ്ട് ഹസാർഡ് ഒക്കെ ഇട്ട് പാട്ടൊക്കെ കേട്ട് പതുക്കെ മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരുന്നു. വൈകിട്ടോടെ അടൂരെത്തി ടൗണിൽ തന്നെയുള്ള ഒരു ഹോട്ടലിൽ കൂടി.

നല്ലോണം വിശ്രമിച്ച് പിറ്റേദിവസം കല്ല്യാണവും കൂടി വധൂവരന്മാരുടെ കൂടെ നിന്ന് ഫോട്ടവും പിടിച്ച് ആദ്യപന്തിയിൽ തന്നെ സദ്യയും ഉണ്ട് ഞങ്ങൾ സ്ഥലം കാലിയാക്കി. പത്തനാപുരം, പുനലൂർ, തെന്മല, ചെങ്കോട്ട, കോവിൽപ്പട്ടി, ഏർവാടി വഴി രാമേശ്വരം ആണ് പ്ലാൻ. നല്ല ദൂരമുള്ളതുകൊണ്ട് അന്നുതന്നെ രാമേശ്വരം എത്തുമോ എന്ന് സംശയമായിരുന്നു. ഏതായാലും സമയം കളയാതെ ഞങ്ങൾ വച്ചുപിടിച്ചു. ദോഷം പറയരുതല്ലോ, നല്ല കിടിലൻ സദ്യയായിരുന്നു. പതിവുപോലെ അമ്മ നല്ല കിടിലൻ ഉറക്കം. ഇത്തവണ ഒരു കട്ട കമ്പനിയും കൂടെയുണ്ടെന്ന് മാത്രം. വേറാര്, നുമ്മടെ ഭാര്യ തന്നെ. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നീണ്ട ഒരു റോഡ് യാത്ര. ഇതൊരു തുടക്കം മാത്രമാണെന്ന് പാവം അറിയുന്നുണ്ടോ എന്തോ. ഇനി എത്ര കിടക്കുന്നു ഓടിത്തീർക്കാൻ.

വൈകാതെ തെന്മല റിസർവ് വനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ചുരമിറങ്ങി. കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ മാറി തമിഴ്‍നാടിൻറെ നല്ല കിടിലൻ റോഡ് തുടങ്ങി. വാഹനങ്ങൾ തീരെയില്ല എന്ന് പറയാം. അടിവാരം കഴിഞ്ഞു പിന്നങ്ങോട്ട് നീണ്ടു നിവർന്നു കിടക്കുന്ന വഴി. ഇരുവശവും നല്ല പച്ച നെൽപ്പാടങ്ങൾ. അങ്ങിങ്ങായി തെങ്ങുകൾ, പനകൾ. കുറച്ചുസമയം ചിത്രങ്ങളെടുക്കാൻ നിർത്തി. ഇവിടെ നീര (Palm Wine) വിൽക്കുന്ന കച്ചവടക്കാരെ സൂക്ഷിക്കുക. പഞ്ചസാര കലക്കിയ വെള്ളമായാണ് എനിക്ക് തോന്നിയത്. ഒരു പാള നീരക്ക് 60 രൂപയും വാങ്ങിയപ്പോ ചങ്കു പറിഞ്ഞു.

അധികം സമയം കളയാതെ ഗൂഗിൾ മാമൻ കാണിച്ചുതന്ന വഴികളിലൂടെ യാത്ര തുടർന്നു. സ്ഥിരമായി ഉപയോഗിക്കുന്നവർക്കറിയാം; മാമൻ കാണിച്ചുതരുന്ന വഴികൾക്ക് ചില പ്രത്യേകതകളുണ്ട്. ഏറ്റവും ദൂരം കുറഞ്ഞ റൂട്ടാണ് അങ്ങേര് കാണിച്ചുതരുക. അത് മിക്കവാറും ഹൈവേകൾ ഒഴിവാക്കി ഗ്രാമങ്ങളിലൂടെയാവും പോവുക. അങ്ങനെ ചെങ്കോട്ട മുതൽ ഏർവാടി വഴി രാമനാഥപുരം വരെ പട്ടണങ്ങളും ഹൈവേകളും ഒഴിവാക്കി ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര.

കൊച്ചു കൊച്ചു ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, പൂപ്പാടങ്ങൾ, ചെറുതും വലുതുമായ പുഴകൾ, പാലങ്ങൾ, ലെവൽ ക്രോസുകൾ, നൂറുകണക്കിന് വിൻഡ് മില്ലുകൾ, അങ്ങനെ പോകുന്നു മനോഹരമായ കാഴ്ച്ചകൾ. വല്ലപ്പോഴും എതിരെയും മുന്നിലും കണ്ടുമുട്ടുന്ന പബ്ലിക്ക് ബസ്സുകളും ഇരുചക്രവാഹനങ്ങളും കാളവണ്ടികളും ഒഴിച്ചാൽ ട്രാഫിക്ക് ഇല്ലേയില്ല. നമ്മുടെ നാട്ടിൽ അധികമൊന്നും കാണാത്ത കാഴ്ച്ചയാണ് ആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ മയിലുകൾ ഇറങ്ങി നടക്കുന്നത്. ഏതായാലും ഏർവാടി എത്തുന്നതിനു മുൻപ് ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾക്ക് മയിലുകളെ കാണാൻ ഭാഗ്യമുണ്ടായി.

വൈകുന്നേരം ചായ കുടിക്കാനായി ഒരു കൊച്ചു കവലയിൽ നിർത്തി. പതിവുപോലെ ഏറ്റവും തിരക്കുള്ള കടയിൽ തന്നെ കയറി. അതിനുപിന്നിലും ഒരു കഥയുണ്ട്. ഏറ്റവും തിരക്കുള്ള കടയിൽ താരതമ്യേന രുചിയുള്ള ഭക്ഷണവും കിട്ടും പഴകിയ ഭക്ഷണസാധനങ്ങൾ വിൽക്കാനുള്ള സാധ്യതയും വളരെ കുറവാണ്. നല്ല ചൂട് ചായയും കായ ബജി, ബോണ്ട, ഉള്ളിവട, തുടങ്ങിയ മനോഹരമായ കടികളും ഉള്ളിൽ ചെന്നപ്പോൾ എല്ലാരും ഉഷാർ. നേരെ രാമേശ്വരം പിടിക്കാം എന്നായി. നുമ്മ പിന്നെ പണ്ടേ റെഡിയാണല്ലോ.

നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. നേരം ഇരുട്ടിത്തുടങ്ങി. പതിയെ കാഴ്ച്ചകൾ പൂർണ്ണമായും മങ്ങി. ഗൂഗിൾ മാമൻ കട്ടക്ക് കൂടെ നിൽക്കുന്നതുകൊണ്ട് നോ ടെൻഷൻ. രാത്രിയായതുകൊണ്ട് അടുത്ത പമ്പിൽ കയറി ഫുൾ ടാങ്കടിച്ചു. ഏകദേശം 8 മണിയോടെ സിക്കൽ, ഏർവാടി, രാമനാഥപുരം വഴി രാമേശ്വരം പിടിച്ചു. രാമനാഥപുരം എത്തിയപ്പോഴേക്കും ഹൈവേയിൽ കയറി. സ്വാഭാവികമായും റോഡിൽ തിരക്ക് കൂടി. രാമേശ്വരം ടൗൺ എത്താറായപ്പോഴേക്കും ബുക്കിംഗ്.കോം വഴി ബുക്ക് ചെയ്‌ത ലോഡ്‌ജിലേക്ക് ഗൂഗിൾ മാമനെ തിരിച്ചുവിട്ടു. വൈകാതെ ലോഡ്‌ജിൽ എത്തി. റിസപ്‌ഷൻ കാണാൻ വലിയ ലുക്കൊന്നും ഇല്ലെങ്കിലും വൃത്തിയുള്ള മുറികൾ, അടച്ചുറപ്പുള്ള പാർക്കിംഗ് സൗകര്യവും ഉണ്ട്.

കുളിച്ചു ഫ്രഷായി തൊട്ടടുത്തുള്ള ആര്യഭവൻ റെസ്റ്റോറന്റിലേക്ക് നടന്നു. യാത്രകളിൽ പരമാവധി വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കാറ്. നോൺ വെജ് വല്ലപ്പോഴും മാത്രം. നല്ല ചൂട് മസാല ദോശയും വടയും ഫിൽറ്റർ കോഫിയും അടിച്ചു. നിങ്ങളിൽ പലരും എഴുതിയും കാണിച്ചും കൊതിപ്പിച്ച രാമേശ്വരത്തെ സൂര്യോദയം കാണണമല്ലോ. അതുകൊണ്ട് നേരത്തേ കിടന്നു.

രാവിലെ നാലുമണിക്ക് തന്നെ അലാറം അടിച്ചു. പൊതുവേ രാവിലെ പൊങ്ങാൻ ഏറ്റവും മടിയുള്ള ഞാൻ തന്നെയാണ് ആദ്യം എഴുന്നേറ്റത്. യാത്രയിലാണെങ്കിൽ രാവിലെ എഴുന്നേൽക്കാൻ വല്ലാത്ത ഒരു ഉത്സാഹമാണ്. എല്ലാവരേയും കുത്തിപ്പൊക്കി വാതിൽ തുറന്നു ടെറസിലേക്കിറങ്ങിയ ഞാൻ ഞെട്ടി. മഴ. രാത്രി എപ്പോഴോ തുടങ്ങിയ മഴയാണ്. ആകാശം മൂടിക്കെട്ടി നിൽക്കുന്നു. സൂര്യനെ കാണാൻ ഒരു സാധ്യതയുമില്ല. ഏതായാലും ഉറക്കം പോയല്ലോ. ഭാഗ്യപരീക്ഷണം തന്നെ ശരണം.

വണ്ടിയെടുത്തു നേരെ രാമേശ്വരം ക്ഷേത്രപരിസരത്തേക്ക് പോയി. കടൽത്തീരത്തുള്ള പ്രവേശനകവാടത്തിനരികിൽ പാർക്ക് ചെയ്‌ത്‌ ഞങ്ങളെല്ലാവരും കിഴക്കോട്ടു നോക്കിയിരുന്നു. അമ്മ ഇപ്പോഴും പകുതി ഉറക്കത്തിലാണ്. മഴയായതുകൊണ്ട് അധികസമയം പുറത്തിറങ്ങി നിൽക്കാനും വയ്യ. ഇടക്ക് സൈക്കിൾവാലാ ചായകൾ വാങ്ങിക്കുടിച്ച് ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഒന്നൊന്നര മണിക്കൂർ ഇരുന്നിട്ടും ജ്യോതീം വന്നില്ല തീയും വന്നില്ല. നിരാശയോടെ തിരിച്ചു ലോഡ്‌ജിൽ പോയി. കുളിച്ചു ഫ്രഷായി പ്രഭാതഭക്ഷണവും കഴിഞ്ഞു വീണ്ടും ക്ഷേത്രത്തിലേക്ക് പോയി.

ചെരുപ്പുകൾ കാറിൽ തന്നെയിട്ട് പുറത്തിറങ്ങി. നല്ല തിരക്ക്. നൂറുകണക്കിന് ആളുകൾ ഒറ്റക്കും കൂട്ടമായും കാണപ്പെട്ടു. ചിലർ ക്ഷേത്രത്തിലേക്ക് നടക്കുന്നു. ചിലർ കടൽത്തീരത്ത് പിതൃതർപ്പണം നടത്തുന്നു. വീണ്ടും മഴ തുടങ്ങി. വഴിയിലൊക്കെ ആകെ ചെളിമയം. ക്ഷേത്രങ്ങളിൽ പോയാൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പോയാൽ കൊത്തുപണികളൊക്കെ കണ്ടു ചുറ്റി നടക്കാൻ വളരെ ഇഷ്ടമാണ്. ഇതിപ്പോ മഴയും തിരക്കും ആയതുകൊണ്ട് പെട്ടന്ന് അകമൊക്കെ ചുറ്റിയടിച്ചു പുറത്തിറങ്ങി. അച്ഛനും അമ്മയും എല്ലാ തീർത്ഥക്കുളങ്ങളിലും കുളിക്കണം എന്ന് പറഞ്ഞു പോയതാണ്, തിരക്ക് കാരണം നടന്നില്ല. നന്നായി. ആ തിരക്കിനിടയിൽ പോയി മണിക്കൂറുകൾ കാത്തുനിന്നു കഴുകിക്കളയാൻ തക്ക പാപമൊന്നും അവർ രണ്ടാളും ചെയ്‌തിട്ടുമില്ല.

അവിടുന്ന് നേരെ പോയത് കലാം ഹൗസിലേക്കാണ്. ഗൂഗിൾ മാമൻ ഉണ്ടായിരുന്നതുകൊണ്ട് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. നമ്മുടെയെല്ലാം പ്രിയങ്കരനായ, പ്രത്യേകിച്ച് കുട്ടികളെ ഒരുപാട് സ്‌നേഹിച്ചിരുന്ന സർ. ഡോക്‌ടർ. APJ അബ്‌ദുൾ കലാം എന്ന വലിയ മനുഷ്യൻ ജനിച്ചുവളർന്ന വീട്. മൂന്ന് നിലകളുള്ള ആ വീട് ഇന്ന് വളരെ അമൂല്യമായ ഒരു മ്യൂസിയമാണ്. രണ്ടാം നിലയിൽ അദ്ദേഹത്തിൻറെ ജീവചരിത്രവും നാടിന് നൽകിയ സംഭാവനകളും വളരെ മനോഹരമായി ചിത്രങ്ങളിലൂടെ പ്രദർശിപ്പിച്ചിരിക്കുന്നു. Wings of Fire (അഗ്നിച്ചിറകുകൾ) എന്ന അദ്ദേഹത്തിൻറെ ആത്മകഥയുടെ ഒരു കോപ്പി വാങ്ങണം, വായിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നതായിരുന്നു. എന്തോ നടന്നിരുന്നില്ല. ഏതായാലും അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് തന്നെ അത് സ്വന്തമാക്കാൻ ആയിരുന്നു നിയോഗം. മൂന്നാം നിലയിൽ സുവനീർ ഷോപ്പാണ്.

പിന്നെ പാമ്പൻ പാലത്തിലേക്ക്. രാമനാഥപുരത്തു നിന്ന് രാമേശ്വരത്തേക്ക് വരുമ്പോൾ രാമേശ്വരം എത്തുന്നതിനു മുൻപാണ് പാമ്പൻ പാലം സ്ഥിതിചെയ്യുന്നത്. തലേദിവസം കടന്നുപോയത് പാമ്പനിലൂടെ ആയിരുന്നെങ്കിലും രാത്രിയായിരുന്നതുകൊണ്ട് ഒന്നും കണ്ടിരുന്നില്ല. ഈ പാമ്പൻ പാലമാണ് രാമേശ്വരവും ധനുഷ്‌കോടിയും ഉൾപ്പെട്ട പാമ്പൻ ദ്വീപിനെ ഇന്ത്യൻ കരയിലേക്ക് ബന്ധിപ്പിക്കുന്നത്. 1914ൽ നിർമ്മിതമായ പാമ്പൻ പാലം ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണ്. 1988 ലാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന റോഡ് ബ്രിഡ്‌ജ്‌ നിർമ്മിതമായത്. അതുവരെ ട്രെയിനും ബോട്ടുകളും മാത്രമായിരുന്നു പാമ്പൻ ദ്വീപിലേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ. 2010 ൽ മുംബൈയിലെ ബാന്ദ്ര-വർലി സീ ലിങ്ക് തുറക്കുന്നതിനു മുൻപുവരെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലവും പാമ്പൻ ആയിരുന്നു (2.345km).

പാമ്പൻ പാലത്തിൽ പാർക്കിംഗ് സൗകര്യം ഇല്ലെങ്കിലും വാഹനങ്ങൾ നിർത്താൻ പോലീസ് അനുവദിക്കാറുണ്ട്. പാലത്തിൻറെ ഒത്തനടുവിൽ നിന്നുള്ള കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. കടലിനും ആകാശത്തിനും ഒരേ നിറം. ഒരു വശത്ത് നിർത്തിയിട്ടിരിക്കുന്ന നൂറുകണക്കിന് കൊച്ചു കൊച്ചു ബോട്ടുകൾ. മറുവശത്ത് മനോഹരമായ റയിൽപ്പാലം. ഭാഗ്യവശാൽ അധികം കാത്തുനിൽക്കാതെ തന്നെ അതിലൂടെ ട്രെയിൻ പോകുന്നതും കാണാൻ സാധിച്ചു. രാമേശ്വരം ഭാഗത്തേക്ക് പാലം തീരുന്നിടത്തുനിന്നും വലതുവശത്തുകൂടി താഴേക്കിറങ്ങിയാൽ ഒരു ചെറിയ ഫിഷിംഗ് വില്ലേജിലൂടെ പാമ്പൻ പാലം സ്റ്റേഷനിലെത്താം. സ്റ്റേഷൻ എന്നൊന്നും പറയാൻ കഴിയില്ല. ട്രെയിൻ നിർത്തുന്ന ഒരു സ്ഥലം. അത്രേയുള്ളൂ.

പിന്നെ പോയത് ധനുഷ്‌കോടിയിലേക്കാണ്. അതെ, ആളൊഴിഞ്ഞ പ്രേതനഗരത്തിലേക്ക്. രാമേശ്വരത്തു നിന്നും ഏകദേശം 20 കിലോമീറ്ററുകളോളം യാത്രയുണ്ട് ധനുഷ്‌കോടിക്ക്. മനോഹരമായ തീരപ്രദേശങ്ങളിലൂടെയാണ് ഡ്രൈവ്. റോഡ് നല്ലതായതിനാൽ അധികസമയമെടുത്തില്ല. ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞ ആ പൊളിഞ്ഞ പഴയ പള്ളി വലതുവശത്തായി കണ്ടപ്പോൾ വണ്ടി നിറുത്തി. പള്ളിയിലേക്കുള്ള വഴിയിൽ കച്ചവടക്കാരുടെ ബഹളം. പള്ളിയുടെ അടുത്തോ സന്ദർശകരുടേയും. പള്ളിയുടെ ഭൂരിഭാഗവും ഇടിഞ്ഞുപൊളിഞ്ഞു നശിച്ചിരിക്കുന്നു. കടൽ കൊണ്ടുപോയ ഒരു സമൂഹത്തിൻറെ ബാക്കിപത്രം. ഓലമേഞ്ഞ ചെറിയ പോസ്റ്റ് ഓഫീസും ഓർക്കാനിഷ്ടപ്പെടാത്ത പലതും ഓർമ്മിപ്പിച്ചു.

നേരെ ധനുഷ്‌കോടി മുനമ്പിലേക്ക് തിരിച്ചു. അധികം ദൂരമില്ല. പണ്ട് സാധാരണ വാഹനങ്ങൾ പള്ളിയുടെ അടുത്ത് വരെയേ വരുമായിരുന്നുള്ളൂ. അവിടുന്ന് വാടകക്കെടുക്കുന്ന മാറ്റഡോർ 4x4 വാനുകളിൽ കടലിലൂടെ കുലുങ്ങി കുലുങ്ങി വേണമായിരുന്നു മുനമ്പിലേക്ക് പോകാൻ. ഇപ്പോൾ പുതിയ റോഡ് വന്നതുകൊണ്ട് എല്ലാ തരം വാഹനങ്ങളും അറ്റം വരെ പോകും. അവിടെയെത്തിയാൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ട്. പക്ഷേ സുരക്ഷാകാരണങ്ങളാൽ കടകൾ ഒന്നും തന്നെയില്ല. വെള്ളമോ ലഘുഭക്ഷണങ്ങളോ വേണമെങ്കിൽ ധനുഷ്‌കോടിയിൽ നിന്ന് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.

വണ്ടി പാർക്ക് ചെയ്‌ത്‌ ഞങ്ങൾ ബീച്ചിലേക്കിറങ്ങി. ബീച്ച് എന്ന് പറയാൻ കഴിയുമോ എന്ന് സംശയമാണ്. മുൻപ് കണ്ട പള്ളിയുടെ അടുത്തുനിന്നും അങ്ങോട്ടുള്ള പാലം പോലൊരു റോഡ് ഒഴിച്ചാൽ നാലുപാടും കടലാണ്. അധികം തിരക്കില്ല. പാർക്കിംഗ് ഏരിയ ഒഴിച്ചാൽ വൃത്തിയുള്ള മണൽ. കറുപ്പ് കലർന്ന നീല നിറമായിരുന്നു ആകാശത്തിന്. വെയിൽ ഒട്ടും ഇല്ല. അവളുടെ കൈകൾ പിടിച്ച് ചുമ്മാ നടന്നു. ചവിട്ടിയാൽ താഴ്ന്നു പോകുന്ന തരം കുഴഞ്ഞ മണൽ. അപ്പോഴത്തെ ജലനിരപ്പ് വെച്ചു പോകാൻ കഴിയുന്ന അത്രത്തോളം ഞങ്ങൾ നടന്നു.

അതിനിടക്കാണ് ഫോൺ ബീപ്പ് ചെയ്‌തത്‌. കിട്ടിയ SMS വായിച്ചപ്പോ കുട്ടിമാമാ ഞാൻ ശരിക്കും ഞെട്ടി മാമാ. Idea wishes you a pleasant stay in Sri Lanka. Roaming charges apply. ആദ്യം കരുതിയത് ഫോണിന് വട്ടായി കഴിഞ്ഞവർഷം ലങ്കയിൽ പോയപ്പോ വന്ന SMS കാണിച്ചതായിരിക്കും എന്നാണ്. പിന്നെയാണ് ഓർമ്മ വന്നത് രാവണൻറെ ലങ്ക തൊട്ടടുത്ത് തന്നെയാണല്ലോ എന്ന്. നോക്കിയാൽ കാണില്ലെങ്കിലും അടുത്തെവിടെയോ ലങ്കൻ കരയുണ്ട്. ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു അത്. നേരം പോകുംതോറും ജലനിരപ്പ് കൂടി വന്നു. ഞങ്ങൾ നടന്ന കുറേ സ്ഥലങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വേലിയേറ്റം. പ്രകൃതിയുടെ മായാജാലം. പതിയെ തിരിച്ചുനടന്നു.

ഉദയമോ പാളി. അസ്തമയമെങ്കിലും കാണണമെന്ന് വിചാരിച്ച് ഞങ്ങൾ കാറിനടുത്തായി ഇരിപ്പുറപ്പിച്ചു. കുറേനേരം ഇരുന്നിട്ടും ആകാശം മേഘാവൃതം തന്നെ. അതുകൊണ്ട് ഏറെ സമയം കളയാതെ ഞങ്ങൾ വീണ്ടും പാമ്പൻ പാലത്തിലേക്ക് തിരിച്ചു. പാലം കഴിയുമ്പോൾ ഇടതുവശത്തായി ബീച്ച് സൈഡിൽ ഒരു ചെറിയ പാർക്കുണ്ട്. അതായിരുന്നു ലക്ഷ്യം. പാർക്കിൽ എത്തിയപ്പോഴേക്കും നേരം ഇരുണ്ടുതുടങ്ങിയിരുന്നു. ഇളം കാറ്റും നല്ല തെളിഞ്ഞ വെള്ളവും. അച്ഛനൊഴികെ എല്ലാവരും കടലിൽ ഇറങ്ങി. കുറച്ചുനേരം ആ വെള്ളത്തിൽ കിടന്നപ്പോ ക്ഷീണമെല്ലാം പമ്പകടന്നു. ശേഷം ലോഡ്‌ജിലേക്ക്.

അടുത്തദിവസം അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെടാനൊരുങ്ങി. രാമേശ്വരം വിടുന്നതിനു മുൻപ് ഹനുമാൻ ക്ഷേത്രത്തിലും ഒന്ന് കയറി. അവിടെയാണ് പണ്ട് വാനരപ്പട ലങ്കക്ക് പാലം കെട്ടിയ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ ഉള്ളത് (Floating Stones). സംഗതി കണ്ടപ്പോഴല്ലേ അത്ഭുതം. വലിയ കോറൽ കല്ലുകൾ/പാറക്കഷണങ്ങൾ. കോറൽ വെള്ളത്തിൽ പൊങ്ങിക്കിടക്കും എന്നറിയാമായിരുന്നു. പക്ഷേ അത്ര വലിയ കല്ലുകൾ കാണുന്നത് ആദ്യമായാണ്.

മധുരൈ - തേക്കടി വഴി വീട്ടിലേക്ക് പോകാം എന്ന് അഭിപ്രായം വന്നെങ്കിലും ഭാര്യയുടെ മുഖം കണ്ടപ്പോൾ വേണ്ടെന്നു വെച്ചു. ശരിയാ ഇത് ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ് അല്ലേ, തീർത്ഥാടനയാത്ര അല്ലല്ലോ. അതുകൊണ്ട് ഞങ്ങൾ നേരെ മധുരൈ - കമ്പം വഴി കൊടൈക്കനാലിൻറെ കുളിരിലേക്ക് പറന്നു.

കമ്പം കഴിഞ്ഞു കൊടൈക്കനാൽ റോഡിലേക്ക് തിരിഞ്ഞപ്പോഴേക്കും ഉച്ചയാവാറായി. ഇരുവശവും വലിയ മരങ്ങൾ നിറഞ്ഞ ആ വഴി എന്നും പ്രിയപ്പെട്ടതാണ്. അപ്പോഴാണ് വഴിയരികിൽ വലതുതുവശത്തായി ഒരു കൊച്ചു ഹോട്ടൽ കണ്ടത്. ആ കടയിൽ ഒരു ചേച്ചിയും അവരുടെ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൂച്ചകൾ, പട്ടികൾ, മുയലുകൾ, പ്രാവുകൾ, ലവ് ബേർഡ്‌സ് തുടങ്ങി ഒരുപാട് ജീവനുകൾ അവർക്ക് കൂട്ടായി അവിടെയുണ്ടായിരുന്നു. ചേച്ചി ഇടക്കിടക്ക് അവർക്കൊക്കെ ഭക്ഷണം കൊടുത്തുകൊണ്ടേയിരുന്നു. ഒരു ചായകുടിയും ടോയ്‌ലെറ്റ് സ്റ്റോപ്പും ആയിരുന്നു ഉദ്ദേശമെങ്കിലും അത് ഊണ് കഴിക്കലിൽ ചെന്നവസാനിച്ചു. 3-4 കൂട്ടം കറികളും മീൻ വറുത്തതും പച്ചമോരും. നല്ല രുചിയായിരുന്നു.

ചുരം കയറിത്തുടങ്ങിയതും തണുപ്പ് കൂടി വന്നു. കൊടൈക്കനാൽ എത്താറായപ്പോഴാണ് താഴെ കഴിക്കാൻ കയറിയ ഹോട്ടലിൽ വെച്ച് കണ്ട ഹോം സ്‌റ്റേ നടത്തുന്ന ചേച്ചി തന്ന കാർഡിനെപ്പറ്റി ഓർത്തത്. അവരെ വിളിച്ചു ലൊക്കേഷൻ മനസ്സിലാക്കി നേരെ അങ്ങട് വിട്ടു. ചെന്നപ്പോൾ നല്ല കിടിലൻ സ്ഥലം. പുറകുവശത്തേക്കുള്ള താഴ്വര വ്യൂ മാരകം. മൂന്ന് വലിയ റൂമുകൾ ഉള്ള ബ്ലോക്ക് ഞങ്ങൾക്ക് വെറും 1200 രൂപക്ക് തരാമെന്നു പറഞ്ഞപ്പോൾ ഒന്നും നോക്കിയില്ല, ഡീൽ ഉറപ്പിച്ചു.

സാധനങ്ങളൊക്കെ വെച്ച് ഞങ്ങൾ പുറത്തിറങ്ങി. പ്രത്യേകിച്ച് ഒരു പ്ലാനുമില്ലായിരുന്നു. ലേക്ക് പരിസരത്ത് എത്തിയപ്പോഴേക്കും മഴ തുടങ്ങി. അധികം വൈകാതെ കനത്തു. തണുപ്പ് കൂടി. അപ്പോഴാണ് ഒരു ഐസ് ക്രീം വണ്ടി കണ്ടത്. കാൽ അറിയാതെ ബ്രേക്കിൽ അമർന്നു. ഒന്നാലോചിച്ചു നോക്കിക്കേ - മഴ, ലേക്ക് സൈഡിൽ പാർക്ക് ചെയ്‌ത വണ്ടി, ഹസാർഡ് ലൈറ്റ് - അകത്ത് സന്തോഷത്തോടെ ഐസ് ക്രീം നുണയുന്ന പ്രിയപ്പെട്ടവർ. ഒരുപാട് കാലം കൂടിയാണ് ഇങ്ങനൊക്കെ. വല്ലാത്ത സന്തോഷം. ആ ഇരുപ്പിൽ അങ്ങ് മുകളിലേക്ക് പോയാലും നുമ്മ പെരുത്ത് ഹാപ്പിയായിരുന്നു.

മഴ കുറഞ്ഞപ്പോഴേക്കും നേരം പോയി. അപ്പോഴാണ് കേട്ട് മാത്രം പരിചയമുള്ള വട്ടക്കനാൽ എന്ന സ്ഥലം ഓർമ്മവന്നത്. നേരെ അങ്ങോട്ട് തിരിച്ചു. വട്ടക്കനാലിലേക്കുള്ള ഡ്രൈവ് മനോഹരമാണ്. സിറ്റിക്കുള്ളിൽ നിന്ന് തന്നെ താഴേക്ക് ഇടതൂർന്ന മരങ്ങൾക്കും സപ്പോട്ട തോട്ടങ്ങൾക്കും ഇടയിലൂടെ ഒരു ഇടുങ്ങിയ വഴി. ഒരു ചെറിയ ചുരം ഇറങ്ങുന്നതുപോലെ. കൃത്യം ഒരു വാഹനത്തിന് കടന്നുപോകാം. ഏതെങ്കിലും വാഹനം എതിരേ വന്നാൽ കുടുങ്ങി. മുന്നോട്ടോ പിന്നോട്ടോ സ്ഥലമുള്ളിടത്തേക്ക് മാറ്റിക്കൊടുക്കണം. താഴെയെത്തിയാൽ ഒരു ചെറിയ കവലയാണ്. വാഹനങ്ങൾ അവിടെ വരെയേ പോകൂ.

വട്ടക്കനാലിന്റെ പ്രത്യേകത ഇവിടെ കുറച്ചെങ്കിലും സഞ്ചാരികൾക്ക് അറിയാമായിരിക്കും. കൂടുതൽ പറയാൻ ഗ്രൂപ്പ് നിയമങ്ങൾ തടസ്സമാണെങ്കിലും കുറച്ചെങ്കിലും പറയാതെ വയ്യ. മാജിക്ക് മഷ്‌റൂംസ് എന്ന Psychedelic Shrooms ന്റെ ഉത്ഭവസ്ഥലങ്ങളിൽ ഒന്നാണ് വട്ടക്കനാൽ. വിദേശികളും സ്വദേശികളുമായ ഒരുപാട് സഞ്ചാരികൾ ഇവിടെ വരാറുണ്ട്. സെപ്റ്റംബർ - നവംബർ ആണ് സീസൺ ടൈം. മഴ പെയ്യുന്ന സമയം.

വട്ടക്കനാലിൽ നിന്നാണ് ഡോൾഫിൻസ് നോസ് വ്യൂ പോയിന്റിലേക്ക് ട്രെക്ക് ചെയ്‌ത്‌ പോകേണ്ടത്. ഉള്ള ഇമ്മിണി സ്ഥലത്ത് പാർക്ക് ചെയ്‌ത്‌ ചെന്നപ്പോഴേക്കും സഞ്ചാരികൾ അവിടെ പോയി തിരിച്ചു വന്നു തുടങ്ങിയിരുന്നു. എങ്കിലും ഞാനും സഹധർമ്മിണിയും അനിയനും കുറച്ചു ദൂരം പോയിനോക്കി. പോയിവരാൻ കുറഞ്ഞത് 45 മിനുട്ട് എങ്കിലും വേണം എന്ന് തിരിച്ചുവന്നിരുന്ന ഒരു മലയാളി ടീം പറഞ്ഞു. മഴ കാരണം നല്ല വഴുക്കലുള്ള വഴി, മാത്രമല്ല നേരം ഇരുട്ടിത്തുടങ്ങി. അതുകൊണ്ട് പോകേണ്ട എന്നു വെച്ചു ഞങ്ങൾ തിരിച്ചു കയറി.

കവലയിൽ നിന്ന് മുകളിലേക്ക് ഒരു വഴിയുണ്ട്. അവിടെയാണ് ഗ്രാമവാസികളുടെ വീടുകൾ. നല്ല കയറ്റമാണ്. ചുമ്മാ നടന്നുവരാം എന്ന് പറഞ്ഞ് ഞാനും അനിയനും മുകളിലേക്ക് പോയി. ചുവപ്പ് നിറഞ്ഞ ആകാശം. മനോഹരമായ സൂര്യാസ്തമനം കണ്ട് മതിമറന്നു നിൽക്കുമ്പോഴാണ് അധികം ദൂരെയല്ലാതെ കുറച്ചു കാട്ടുപോത്തുകൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും ഒരു ചേച്ചി സ്‌കൂട്ടറിൽ കയറ്റം കേറി വന്നു. ചേച്ചിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് പോത്തുകളുടെ സമരം. ചേച്ചിയോടാ കളി. വണ്ടി അവിടെത്തന്നെ സൈഡിൽ പാർക്ക് ചെയ്ത് ചേച്ചി ഷോർട്ട് കട്ടിലൂടെ നടന്ന് പോയി കട്ട ഹീറോയിസം കാണിച്ചു. പോത്തുകൾ മാത്രമല്ല ഇടക്ക് പുലിയും ഇറങ്ങുമെന്ന് ചേച്ചി പറഞ്ഞതോർത്തപ്പോ ഞങ്ങളും സ്ഥലം വിട്ടു. വഴിയിൽ, അതും ഒരു വളവിൽ തന്നെ ഒരു വണ്ടി പണിമുടക്കിയതുകൊണ്ട് കുറച്ചു നേരം ബ്ലോക്കിൽ കുടുങ്ങി. വൈകാതെ തണുപ്പ് അസഹ്യമായിത്തുടങ്ങി. അതുകൊണ്ട് ഭക്ഷണം കഴിച്ചു വേഗം ഹോം സ്റ്റേയിലേക്ക് ചേക്കേറി.

നല്ല തണുപ്പായിരുന്നതുകൊണ്ട് എഴുന്നേൽക്കാൻ കുറച്ചു വൈകി. ചെക്ക് ഔട്ട് ചെയ്‌ത്‌ ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി.മഴയില്ല. മൊബൈൽ നെറ്റ്‌വർക്ക് താൽക്കാലികമായി പണിമുടക്കിയതുകൊണ്ട് വണ്ടിയിലുള്ള GPS വെച്ചാണ് പോക്ക്. അതുകൊണ്ട് നല്ല മുട്ടൻ ഒരു പണി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യം കാണിച്ച ഷോർട്ട് കട്ട് എടുത്ത് നേരെ ചെന്നിറങ്ങിയത് ഒരു ഡെഡ് എൻഡിലേക്കാണ്. കുത്തനെയുള്ള ഇറക്കത്തിൽ വഴി തീർന്നു. ഇടതുവശത്ത് വലിയ കുഴിയും. തിരിക്കാൻ സ്ഥലവുമില്ല. റിവേഴ്‌സ് വലിക്കുന്നുമില്ല. വണ്ടി 4X4 ആയിരുന്നെങ്കിൽ എന്നോർത്തുപോയി. അവസാനം വേറെ വഴിയില്ലാതെ എല്ലാവരെയും വണ്ടിയിൽ നിന്ന് ഇറക്കി പോയ അത്രയും ദൂരം റിവേഴ്‌സ് എടുത്തു കയറേണ്ടി വന്നു. ക്ലെച്ച് കത്തി പുക വന്നെങ്കിലും ഭാഗ്യം കൊണ്ട് ക്രെയിൻ വിളിക്കാതെ പുറത്തെത്തി; വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും പറ്റിയതുമില്ല.

ക്ഷീണം തീർക്കാൻ വീണ്ടും മസാല ദോശ തന്നെ വേണ്ടി വന്നു. എല്ലാവരും ഉഷാറായി. ശേഷം പളനി - വാൽപ്പാറ - വാഴച്ചാൽ - അതിരപ്പിള്ളി വഴി വീട് പിടിക്കാം എന്നായി. പളനിയിലേക്ക് ചുരമിറങ്ങുന്ന വഴി നല്ല മഞ്ഞുണ്ടായിരുന്നു. ഒരുപാട് വെള്ളച്ചാട്ടങ്ങളും. എവിടെ നിർത്തിയാലും വ്യൂ പോയിന്റ് ആണെന്ന് തോന്നും. ഇടക്ക് കേറിയ ചായക്കടയിൽ നിന്നുള്ള വ്യൂ മാരകമായിരുന്നു.പുറകുവശത്തെ മലഞ്ചെരുവിലൂടെ മഞ്ഞ് ഒഴുകി നീങ്ങുന്നു.

ചുരമിറങ്ങി പളനിയുടെ ഔട്ടറിലൂടെ വാൽപ്പാറ റോഡിൽ കയറി. വീണ്ടും നെൽപ്പാടങ്ങൾ, കരിമ്പുംതോട്ടങ്ങൾ, വാഴത്തോപ്പുകൾ, തുടങ്ങിയ മനോഹരമായ വഴിയോരക്കാഴ്ചകൾ. അടുത്ത സ്റ്റോപ്പ് മനോഹരമായ ആളിയാർ ഡാം ആയിരുന്നു. നല്ല കാലാവസ്ഥയായിരുന്നതുകൊണ്ട് ചുമ്മാ നടന്നു. ദൂരയാത്രകളിൽ ഇടക്കുള്ള ഈ നടപ്പ് വളരെ നല്ലതാണ്. ഒരേ ഇരുപ്പ് ഇരുന്നാൽ പെട്ടന്ന് ക്ഷീണിക്കും. അവിടുന്നങ്ങോട്ട് വനപ്രദേശമാണ്, ചുരവും (ആനമലൈ ടൈഗർ റിസേർവ്). ആനമലയിൽ നിന്ന് നല്ലൊരു നാടൻ ഊണും തട്ടി യാത്ര തുടർന്നു. വൈകാതെ വനം തീർന്ന് തേയിലത്തോട്ടങ്ങൾ തുടങ്ങി. വളഞ്ഞുപുളഞ്ഞ വഴികൾ. വാൽപ്പാറ ടൗണിലേക്ക് കേറാതെ ഞങ്ങൾ ഷോളയാർ റോഡിലേക്ക് തിരിഞ്ഞു.

ഷോളയാർ ഡാം പിന്നിട്ടപ്പോഴേക്കും പോലീസ് ചെക്കിങ്ങ് ഉണ്ടായിരുന്നു. പേപ്പേഴ്സ് എല്ലാം ഓക്കേ ആയിരുന്നതുകൊണ്ട് പെട്ടന്ന് തീർന്നു. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിഞ്ഞ് നേരെ അതിരപ്പിള്ളി റോഡിലേക്ക് കയറി. ഡ്രൈവ് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള റോഡുകളിൽ ഒന്നാണ് ഇത്. പക്ഷേ റോഡ് വളരെ മോശം. ഞാൻ നല്ലോണം ക്ഷീണിച്ചിരുന്നു. അനിയനോട് ഓടിച്ചോളാൻ പറഞ്ഞ് സ്‌കൂട്ടാവാതെ വഴിയില്ലായിരുന്നു. മലക്കപ്പാറ കഴിഞ്ഞപ്പോഴേക്കും വീണ്ടും മഴ തുടങ്ങി. വഴിയേ കനത്തു. അതൊന്നും വകവെക്കാതെ വാഴച്ചാലും അതിരപ്പിള്ളിയിലും കേറി. ചാലക്കുടി പുഴ കുത്തിയൊലിച്ചൊഴുകുന്നു. ഇടക്ക് മഴക്ക് ചെറിയ ശമനമുണ്ടായിരുന്നെങ്കിലും അതിരപ്പിള്ളിയിൽ നിന്ന് തിരിച്ചുകയറിയപ്പോഴേക്കും അത്യാവശ്യം നല്ലതുപോലെ നനഞ്ഞു.

ഏകദേശം രാത്രി എട്ടരയോടെ വീട്ടിലെത്തി. ക്ഷീണം കൊണ്ട് അമ്മയും ഭാര്യയും എത്തിയപാടേ സൈഡായി. സ്വസ്ഥമായി ഒന്ന് കുളിച്ച് ഉറങ്ങാൻ കിടന്നപ്പോഴേക്കും പതിനൊന്നായി. പുറത്തെ മഴയുടെ ശബ്ദത്തിലും കാതിൽ ചാലക്കുടി പുഴ ഇരമ്പിപ്പായുന്നുണ്ടായിരുന്നു.

യാത്ര തന്നെ ജീവിതം!

(മസ്കറ്റില്‍ Saud Bahwan Group ല്‍ സീനിയര്‍ സെയില്‍സ് മാനേജര്‍ ആണ് അഭിഷേക് രാജ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top