20 April Saturday

ഒളിച്ചുകടക്കുന്ന 'ദൈവ'ത്തിനൊപ്പം...യാത്രാപരമ്പര തുടങ്ങുന്നു

കെ ആര്‍ അജയന്‍ Updated: Tuesday Jun 23, 2020

ഇളവെയിലിൽ തിളങ്ങിനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക്‌ നടുവിലൂടെ വാഹനം നീങ്ങി. തോട്ടങ്ങൾ മാറ്റിനിർത്തിയാൽ തനി കേരള ഗ്രാമം. പാടം നികത്തിയ വഴികൾ. കളനിറഞ്ഞ പാടത്ത് ഒറ്റക്കാലിൽ കൊറ്റികൾ തപസ്സിലാണ്.പാടപ്പച്ചക്കിടയിലെ തൂവെള്ള സന്ന്യാസിമാർ.ഇടയ്‌ക്കിടെ തേയിലത്തോട്ടങ്ങൾ വന്നുപോകുന്നു ചൈനീസ്‌ അതിർത്തി ജില്ലയായ അരുണാചൽ പ്രദേശിലെ തവാങ്ങിലേക്ക്‌ നടത്തിയ യാത്ര...

ഭാഗം  1

ലാമാബാരി തേയിലത്തോട്ടത്തിനരികിൽ വാഹനം നിർത്തി. റോഡ് മുറിച്ച് കടന്നു പോകുന്ന കുട്ടികളുടെ തിരക്ക്. പെൺകുട്ടികൾ മിക്കവരും സൈക്കിളിലാണ്. ഈസമയത്ത് ഇവിടെ വന്നുപെട്ടാൽ വലഞ്ഞതുതന്നെ എന്ന മട്ടിലാണ് കാർ ഡ്രൈവറുടെ ശകാരവാക്കുകൾ. ആസാമി ഭാഷയിൽ അയാൾ എന്തൊക്കെയോ പറയുന്നു. അത് കുട്ടികൾ കേൾക്കുന്നുണ്ട്. എന്നാൽ പുറത്തേക്ക് നോക്കിയിരിക്കുന്ന ഞങ്ങളോട് സ്നേഹമസൃണമായ ചിരി സമ്മാനിച്ച്  പെൺകുട്ടികൾ മറയുന്നു.

തേയിലക്കുട്ടകൾ ചുമലിലേന്തിയ സ്ത്രീകളും റോഡിനപ്പുറം കടക്കുന്നുണ്ട്. സംരക്ഷിത വനപ്രദേശമായതിനാൽ ജനങ്ങൾ റോഡ് മുറിച്ചുകടക്കുന്നതിന് വ്യക്തമായ നിർദേശമുണ്ട്. രാവിലെ ഒമ്പത് മുതൽ 9.15 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 12.45 വരെയും വൈകിട്ട് 3.45 മുതൽ നാലുവരെയും വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ്. രാവിലെ തേസ്പൂരിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഞങ്ങൾ. രാത്രിയോടെ അസം‐അരുണാചൽ അതിർത്തിയിലെ ദിരാങ്ങിൽ എത്താനാണ് പരിപാടി. അടുത്ത ദിവസങ്ങളിൽ അരുണാചലിന്റെ കയറ്റിറക്കങ്ങളിലൂടെ തവാങ്ങും ചൈന അതിർത്തിയായ ബൂംലയുമൊക്കെ ലക്ഷ്യമിട്ടാണ് യാത്ര.

ഇളവെയിലിൽ തിളങ്ങിനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക്‌ നടുവിലൂടെ വാഹനം നീങ്ങി. തോട്ടങ്ങൾ മാറ്റിനിർത്തിയാൽ തനി കേരള ഗ്രാമം. പാടം നികത്തിയ വഴികൾ. കളനിറഞ്ഞ പാടത്ത് ഒറ്റക്കാലിൽ കൊറ്റികൾ തപസ്സിലാണ്. പാടപ്പച്ചക്കിടയിലെ തൂവെള്ള സന്യാസിമാർ. ഇടയ്ക്കിടെ തേയിലത്തോട്ടങ്ങൾ വന്നുപോകുന്നു. പുല്ലു നിറഞ്ഞ സമതലമാകെ ആടുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. അസമിലെ ആടുകൾ പൊതുവെ ഉയരം കുറഞ്ഞതും പഞ്ഞിപോലെ ഭംഗിയുള്ളതുമാണ്. എത്ര നോക്കിയിരുന്നാലും മടുപ്പുതോന്നില്ല. ഷെഡ്ഡുകൾ പോലെ തോന്നിക്കുന്നതെല്ലാം വീടുകളാണെന്ന് തിരിച്ചറിയാൻ ഇത്തിരി നേരമെടുത്തു. മുള കീറികെട്ടിയ വേലിത്തലപ്പുകൾക്കുമീതെ വാഴയും തെങ്ങുമെല്ലാം ഉയർന്നുനിൽക്കുന്നു. നമ്മുടെ കുട്ടനാടൻ ഗ്രാമങ്ങളുടെ തനിപ്പകർപ്പ്.

അസം ‐ അരുണാചൽ അതിർത്തിയിലെ ആങ്ക്‌ലിങ്‌ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിൽ

അസം ‐ അരുണാചൽ അതിർത്തിയിലെ ആങ്ക്‌ലിങ്‌ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിൽ


ഞങ്ങൾ സഞ്ചരിക്കുന്നത് ഷെയർ ജീപ്പിലാണ്. ഒരാൾക്ക്‌ 250 രൂപ. ഞങ്ങൾ അഞ്ചുപേരെക്കൂടാതെ  പിന്നിലെ സീറ്റിൽ ഒരു യുവതിയും യുവാവുമുണ്ട്. തദ്ദേശീയരാണ്.  ഞങ്ങൾ പറയുന്ന മലയാളവും തമാശകളും അവർക്ക് മനസ്സിലാകുന്നില്ല. എന്നാൽ പൊട്ടിച്ചിരികളിൽ അവരും പങ്കുചേരുന്നു. തുണിയിൽ പൊതിഞ്ഞ ചെറുതല്ലാത്ത എന്തോ രഹസ്യം അവർ സൂക്ഷിക്കുന്നു. വാഹനത്തിന്റെ എറ്റവും പിൻസീറ്റിന് ഇടയിലേക്ക് ഇടയ്ക്കിടെ അവർ നോക്കുന്നുണ്ട്. ഞങ്ങളുടെ ആകാംക്ഷ അവർക്ക് ബോധ്യപ്പെട്ടു. തുണിയിൽ പൊതിഞ്ഞുവച്ച സാധനത്തിന്റെ രഹസ്യം അവർ വെളിപ്പെടുത്തി.

മസ്ബത്തിനും തേസ്പൂരിനുമിടയിലുള്ള ഒരാങ് ഗ്രാമത്തിലുള്ളവരാണ് ഈ ദമ്പതികൾ. അവരുടെ ഗ്രാമക്ഷേത്രം പുനർനിർമാണം നടക്കുന്നു. അവിടെ സ്ഥാപിക്കാനുള്ള വിഗ്രഹമാണ് തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിട്ടുള്ളത്. വിഗ്രഹം ഇങ്ങനെ കൊണ്ടുപോയാൽ മതിയോ എന്ന് സംശയം ഉയർത്താതിരുന്നില്ല. നമ്മുടെ നാട്ടിൽ മുക്കിനുമുക്കിനുള്ള അമ്പലങ്ങളിൽപോലും വിഗ്രഹപ്രതിഷ്ഠ നടത്തുന്നത് നാലാളറിഞ്ഞാണ്. ആഘോഷമേളങ്ങളൊക്കെ പതിവാണല്ലോ. എന്നാൽ ഇവർ പറയുന്നത് വിഗ്രഹ പ്രതിഷ്ഠയുടെ മറ്റൊരു കഥ.

തേസ്പൂരിലുള്ള ഒരാൾ നിർമിച്ചുനൽകിയതാണ് വിഗ്രഹം. ഇപ്പോൾ ഇതിന് ദൈവചൈതന്യമില്ലത്രേ.  ഇതു കൊണ്ടുപോയി, കഴുകി വൃത്തിയാക്കി, രണ്ടാഴ്ചയോളം ഗ്രാമത്തിൽ ബ്രഹ്മപുത്രയുടെ കൈവഴിയായ പുഴയിൽ കെട്ടിത്താഴ്ത്തിയിടും. പുഴയിലെ ഓരും ചെളിയുമെല്ലാം വിഗ്രഹത്തിൽ നന്നായി പറ്റിപ്പിടിച്ചശേഷം പുറത്തെടുത്ത് പ്രത്യേക പൂജ നടത്തും. പറ്റിപ്പിടിച്ചത് തുടച്ചെടുക്കുന്നത് പ്രത്യേക ചടങ്ങാണ്. മറ്റെവിടെയോ നിർമിച്ച വിഗ്രഹത്തിൽ സ്വന്തം നാടിന്റെ മണ്ണും വെള്ളവുമെല്ലാം ചാലിച്ചുചേർന്നാൽ വിശ്വാസത്തിന് കരുത്തുണ്ടാവും. അതിൽനിന്ന് തുടച്ചെടുക്കുന്ന അഴുക്ക് പേരുകേട്ട പ്രസാദമാണ്. തുടർന്ന് ക്ഷേത്രത്തിനുള്ളിലുള്ള മണ്ണെടുത്ത് വിധിപ്രകാരം അരച്ച് പുരട്ടിയാണ് പ്രതിഷ്ഠ. അതിനുമുമ്പ് കുറെയേറെ കർമങ്ങളുണ്ട്. ദൈവത്തെ സ്വന്തം മണ്ണിന്റെ സ്വത്വത്തിൽ ചേർത്തുവയ്ക്കുന്ന പരമ്പരാഗത സങ്കല്പം.

പക്ഷേ, അവർക്കൊരു പ്രശ്നമുണ്ട്. ഈ കർമപരിപാടികൾ പൂർത്തിയാകുംവരെ കാര്യങ്ങൾ പരമരഹസ്യമാക്കിയേ പറ്റൂ. തങ്ങളുടെ ഗ്രാമത്തിൽതന്നെയുള്ള ചില വിഭാഗക്കാരാണ് പ്രശ്നക്കാർ. അവരറിഞ്ഞാൽ പ്രതിഷ്ഠ അനുവദിക്കില്ല. മാത്രമല്ല, ഗ്രാമത്തിൽ കലാപത്തിനുവരെ സാധ്യതയുണ്ട്.  പൗരത്വ ഭേദഗതിബിൽ ചോദ്യംചെയ്യുന്നത് ഇത്തരം പ്രാഗ് സമൂഹത്തെയാണ്. കഴിഞ്ഞ കുറേനാൾവരെ ഒത്തൊരുമയിൽ കഴിഞ്ഞ ഗ്രാമീണർക്കിടയിൽ വർഗീയതയും വംശീയതും ആളിക്കത്തിക്കാൻ പൗരത്വ പ്രശ്നം എണ്ണയൊഴിച്ചിട്ടുണ്ട്.

കാമെങ്‌ പുഴയുടെ കൈത്തോട്‌ റോഡിന്‌ കുറുകെ ഒഴുകുന്നു

കാമെങ്‌ പുഴയുടെ കൈത്തോട്‌ റോഡിന്‌ കുറുകെ ഒഴുകുന്നു


പൗരത്വ ഭേദഗതി ബിൽ കേന്ദ്രഗവൺമെന്റ് പാസാക്കുംമുമ്പാണ് ഞങ്ങളുടെ യാത്ര. എന്നാൽ അസമിലും അരുണാചൽ ഉൾപ്പെെടയുള്ള സംസ്ഥാനങ്ങളിലും നീറിപ്പുകയുന്ന വംശീയ വിവാദങ്ങളെക്കുറിച്ച് നേരത്തെതന്നെ അറിവുള്ളതാണല്ലോ. പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ കോൺസെൻട്രേഷൻ ക്യാമ്പുകൾപോലുള്ള ജയിൽവീടുകൾ നിർമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. അത്തരമൊന്ന് നേരിൽ കാണാനാകുമോ എന്ന് ശ്രമിക്കാതിരുന്നില്ല. ആർക്കും അതേക്കുറിച്ച് കൂടുതലൊന്നും അറിയില്ല. ഇവിടത്തുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുള്ളത് പ്രത്യേക ടൗൺഷിപ്പ് എന്നാണ്.

ഭൂമിശാസ്ത്രപരമായി ഇൻഡിക്‐ ഏഷ്യ,  മംഗ്ലോയിഡ്‐ഏഷ്യ പാരമ്പര്യങ്ങളുടെ ഒത്തുചേരലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളത്. ഈ രണ്ട്‌ സംസ്കാരങ്ങളുടെയും സങ്കലനം ഇവിടുത്തുകാരുടെ പൊതുസ്വത്വം ചോദ്യംചെയ്യുന്നുമുണ്ട്.  വ്യക്തമായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാനാകാത്തതിന്റെ കാരണവും ഇതാണ്. ട്രൈബൽ‐നോൺ ട്രൈബൽ എന്ന തരത്തിലേക്ക് വിഭജിക്കപ്പെടുകയാണ് ഇവിടെയുള്ളവർ.  വംശീയത മാത്രമല്ല ഇതിനുകാരണം. ഹൈന്ദവതയിൽ ഊന്നിയുള്ള ഇന്ത്യൻ സാമൂഹ്യ ഘടനയോട് പൊരുത്തപ്പെടാൻ ഇവർക്കാവുന്നില്ല എന്നതാണ് സുപ്രധാന പ്രശ്നം
.
കൽതാങ്ങിലെ റോഡരികിൽ പാർക്ക്‌ ചെയ്‌ത ഇന്ത്യൻ പട്ടാളവാഹനങ്ങൾ

കൽതാങ്ങിലെ റോഡരികിൽ പാർക്ക്‌ ചെയ്‌ത ഇന്ത്യൻ പട്ടാളവാഹനങ്ങൾ

വിശാലമായ നെൽപ്പാടങ്ങൾ. അതിനിടയിൽ അവിടവിടെ തകര വീടുകൾ. തേങ്വാലി, ഷെർഗോൺ, കലക്താങ്‌എന്നിവിടങ്ങളിലേക്കുള്ള വഴിയിലാണ് ഞങ്ങൾ. ബ്രഹ്മപുത്രയിലെത്താനുള്ള തിടുക്കത്തിലാണ് റോഡരികിലെ കൈവഴിത്തോട്. പാലം പണി പൂർത്തിയാകാത്തതിനാൽ തോട്ടിലിറങ്ങി ക്കയറിയാണ് സഞ്ചാരം. അതുകഴിയുമ്പോൾ  അരികിൽ ഒറ്റവരി തീവണ്ടിപ്പാത. മറൂമി മാർക്കറ്റിലെ ഒരു ഫിറ്റ്നസ് സെന്ററിന്റെ കൂറ്റൻ പരസ്യബോർഡ് റെയിൽവേ ട്രാക്കിലേക്ക് വീണുകിടക്കുന്നു. തീവണ്ടി ഈ റൂട്ടിൽ തൽക്കാലം നിർത്തിയിരിക്കുന്നതായി ഡ്രൈവർ പറഞ്ഞു.  അയാൾ അത്ര ഉറപ്പിച്ചുപറയുന്നതിന് കാരണം, തീവണ്ടിയുണ്ടെങ്കിൽ ഉച്ചയ്ക്കുമുമ്പുള്ള ഈ സമയത്ത് ഇവിടെ കടന്നുപോകാൻ കാത്തുകിടക്കണമത്രെ. 

മസ്ബത് എന്ന പട്ടണവീഥിയുടെ ഓരത്തെല്ലാം സൈക്കിൾ പാർക്കിങ്ങാണ്. ഏകദേശം ഒരു കിലോമീറ്ററെങ്കിലും വരും പാർക്കിങ്‌ ഏരിയ. രാവിലെ തീവണ്ടി കയറാൻ വരുന്നവർ വച്ചിട്ടുപോകുന്നതാണ്. ചെറിയതോതിൽ ട്രാഫിക് തടസ്സവും ഇത് സൃഷ്ടിക്കുന്നു. കേരളത്തിൽ സൈക്കിൾ പാർക്കിങ്ങിന്റെ ഇത്തരമൊരു കാഴ്ച ഇപ്പോൾ വിരളമാണ്. പകരം ബൈക്ക് ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ ആണല്ലോ നമ്മുടെ ട്രാഫിക് നിയന്ത്രിക്കുന്നത്. ദിരാങ് അസംബ്ലി മണ്ഡലത്തിലാണ് മസ്ബത്. ഞങ്ങൾ തേസ്പൂരിൽ നിന്ന് 61 കിലോമീറ്റർ പിന്നിടുന്നു. ഒന്നരമണിക്കൂർകൊണ്ട് ഓടിയെത്താനുള്ള ദൂരമേയുള്ളൂ. വഴിയിലെ തടസ്സങ്ങൾ ഒരു മണിക്കൂർ അധികമാക്കി. മസ്ബത് തേയില വളരെ പ്രശസ്തമാണ്. നിരവധി തേയിലത്തോട്ടങ്ങൾ ഈ പ്രദേശത്തുണ്ട്.  മാത്രമല്ല സാക്ഷരതയിൽ വളരെ മുന്നിൽ നിൽക്കുന്നതാണ്‌ ആസാമീസ് പ്രദേശം. പൗരാണിക ചരിത്രഭൂമികകൂടിയാണ് മസ്ബത്.  ജൂലിയിലെ ശിങ്കാരി ഗുപ്തേശ്വർ ക്ഷേത്രമാണ് പൗരാണിക ചരിത്രത്തിന്റെ പ്രധാന ശേഷിപ്പ്.

റുപ  ഗ്രാമത്തിൽ ബുദ്ധമതാനുയായികൾ വിശ്വാസത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികൾ

റുപ ഗ്രാമത്തിൽ ബുദ്ധമതാനുയായികൾ വിശ്വാസത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികൾ

ശിങ്കാരി ക്ഷേത്രത്തിലേക്കുള്ള കാൽനടയാത്രയിലെ ഇടത്താവളമാണ് മസ്ബത്. ക്ഷേത്ര സമുച്ചയമായ ശിങ്കാരി ആർക്കിയോളജിക്കൽ സർവേയുടെ കീഴിലാണ്. വർഷത്തിലൊരിക്കൽ പ്രത്യേകപൂജകൾക്ക് അനുമതിയുണ്ട്. ചൂട്ടിയ വംശക്കാരുടെ പിന്മുറക്കാരാണ് തീർഥാടകരിൽ അധികവും. പതിമൂന്നാം നൂറ്റാണ്ടുമുതൽ അസം‐ അരുണാചൽപ്രദേശിലാകെ വ്യാപിച്ചുകിടന്ന രാജവംശമാണ് ചൂട്ടിയ. ആസാമീസ് നാടോടിക്കഥകളിൽ ഗൗരി നാരായണൻ എന്ന രാജാവിനെക്കുറിച്ച് ഒരുപാടുണ്ട്. ശിങ്കാരി ക്ഷേത്രത്തെ നമ്മുടെ ആദിശങ്കരന്റെ പേരുംചേർത്ത് പ്രചരിപ്പിക്കുന്നുണ്ട്. ശങ്കരക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. ആസാമീസ് ആദിവാസി സമൂഹങ്ങളിലുണ്ടാക്കിയെടുത്ത   ഹൈന്ദവീകരണത്തിന്റെ ഭാഗമായി പിടിച്ചെടുത്തതാകാം ശിങ്കാരിക്ഷേത്രവും. അതിന്റെ തുടർച്ചയായി ശങ്കരൻ പ്രചാരത്തിൽ വന്നിരിക്കാം. കേരളത്തിൽതന്നെ ദലിത്, ജൈന പാരമ്പര്യമുള്ള ഒട്ടേറെ ക്ഷേത്രങ്ങൾ പിൽക്കാലത്ത് ഹൈന്ദവാരാധനാകേന്ദ്രമായതിന്റെ നിരവധി തെളിവുകളുണ്ടല്ലോ. ശബരിമലപോലും ഇതിൽനിന്ന് വ്യത്യസ്തമല്ല.

പൗരത്വഭേദഗതി ബിൽ കേന്ദ്രഗവണ്മെന്റ്പാസാക്കുംമുമ്പാണ്ഞങ്ങളുടെ യാത്ര. എന്നാൽ അസമിലും അരുണാചൽ ഉൾപ്പെെടയുള്ള സംസ്ഥാനങ്ങളിലും നീറിപ്പുകയുന്ന വംശീയ വിവാദങ്ങളെക്കുറിച്ച് നേരത്തേതന്നെ അറിവുള്ളതാണല്ലോ.പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ കോൺസെൻട്രേഷൻ ക്യാമ്പുകൾപോലുള്ള ജയിൽവീടുകൾ നിർമിക്കുന്നതായി വാർത്തകൾ വന്നിരുന്നു.

വാഹനത്തിൽ ഡീസൽ നിറയ്‌ക്കാൻ ഡ്രൈവർ മസ്ബത്തിലെ പമ്പിലേക്ക് കടന്നു. തൊട്ടടുത്താണ് പ്രാഥമികാരോഗ്യ കേന്ദ്രം. വയറിനുള്ളിൽ ഗുളുഗുളു  തുടങ്ങിയിട്ട് ഏറെനേരമായി. അതിനാൽ ഡോക്ടറെ കണ്ടേക്കാമെന്നുകരുതി ആശുപത്രിയിലേക്ക് കയറി.  സംഗതി നടന്നില്ല. ആശുപത്രിക്ക്ബോർഡ് മാത്രമേയുള്ളൂ. ആകെയുള്ളത് ഒരു ജീവനക്കാരൻ മാത്രം. അയാൾ പൊട്ടിപ്പൊളിഞ്ഞ ഒന്നുരണ്ട് ഗുളിക തന്നെങ്കിലും കഴിക്കാനുള്ള ധൈര്യം പോരാത്തതിനാൽ വഴിയിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത് സ്വകാര്യ ആശുപത്രിയുണ്ടെന്നും വേണമെങ്കിൽ അവിടെ കയറാമെന്നും ഡ്രൈവർ പറഞ്ഞു. മുമ്പൊരിക്കൽ ഒരു യാത്രയുടെ ഭാഗമായി അമൃത്സറിൽ ഇറങ്ങുമ്പോൾ വയറിന് അസുഖംപിടിച്ചതും ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു ഗ്ലൂക്കോസ് ഇഞ്ചക്ഷനും ഡ്രിപ്പിനും മാത്രം 3000 രൂപ ചാർജ്‌ ഈടാക്കിയതും ഓർത്തു.

എന്തായാലും ഒപ്പമുള്ള കിരൺബാബുവിന്റെ ഇഞ്ചിപ്പെരട്ട് എന്ന അപൂർവ മരുന്ന് തുണയായി. ആശുപത്രിയിൽ കയറാതെ രക്ഷപ്പെട്ടു. മസ്ബത് ജൂനിയർ കോളേജിലെ കുട്ടികൾ നീലസാരിയുടുത്ത് പുറത്തേക്കുവരുന്നു. പച്ചപ്പുനിറഞ്ഞ ഗ്രാമത്തിന് കൂടുതൽ നിറംനൽകി വഴിയോരക്കാഴ്ചകൾ. ധൂൻസേരിയിലൂടെയാണ് വാഹനം ഓടുന്നത്. ഒരുവശത്ത് പർവതക്കൂട്ടങ്ങൾ. അതിനുപിന്നിൽ ഇടതൂർന്ന കാട്. മറുവശത്ത് പാടങ്ങളെ ചുറ്റിപ്പിണഞ്ഞ് നീർച്ചാലുകൾ. കണ്ടിരിക്കാൻ തോന്നുന്ന കാഴ്ചകൾ. പെട്ടെന്ന് യാത്രയുടെ താളം മാറുന്നു. ഇരുവശവും കൊടുങ്കാട്. പണ്ടെങ്ങോ വെള്ളം ഒഴുകിപ്പോയതിന്റെ പാടുകൾ സൂക്ഷിക്കുന്ന പാറക്കൂട്ടങ്ങൾ. ഷേർ ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണ് മുന്നിൽ. അതിന്റെ പേരിനുപിന്നിൽ എന്തെങ്കിലും കഥയുണ്ടാകും.
 
നാല്‌ കിലോമീറ്റർ പിന്നിട്ടാൽ കാമെങ് ജില്ലയിലേക്ക്  കടക്കും. ആകാശംതൊടുന്ന കുന്നുകളാണ് ഞങ്ങളെ കാമെങ്ങിലേക്ക് ക്ഷണിക്കുന്നത്. അരുണാചൽ സംസ്ഥാനത്തെ ആദ്യ പടിഞ്ഞാറൻ ജില്ല. ബ്രഹ്മപുത്രയുടെ തോഴിയായ കാമെങ് പുഴയുടെ നാട്. അതിർത്തി റോഡ് ഓർഗനൈസേഷന്റെ സ്വാഗത കമാനത്തിൽ വിവിധയിടങ്ങളിലേക്കുള്ള ദൂരം അടയാളപ്പെടുത്തിയിരിക്കുന്നു. ബലേമുവിലേക്ക് വെറും മൂന്ന്‌ കിലോമീറ്റർ. പിന്നെ ഞങ്ങൾ ഈ യാത്രയിൽ പോകാത്ത കലക്താങ്ങിലേക്ക് 54 കിലോമീറ്റർ. ബാക്കിയെല്ലാം തവാങ്ങിലേക്കും അതിനടുത്ത പ്രദേശങ്ങളിലേക്കുമുള്ള ദൂരം. യാത്രയുടെ 7 മണിക്കൂർ പിന്നിടുന്നു. തേസ്പൂരിൽ നിന്ന് 188 കിലോമീറ്റർ കഴിഞ്ഞു. ദിരാങ്ങിലേക്ക് ഇനിയുമുണ്ട് 60 കിലോമീറ്റർ.

ഒരു തട്ടുകടയ്ക്കുമുന്നിൽ വാഹനം നിർത്തി. വിശപ്പ് അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നു. എന്നാൽ അവിടെ കഴിക്കാൻ ഒന്നുമില്ല. ആട്ടിൻപാൽ ചേർത്ത ചായ കുടിച്ച് ഇത്തിരിനേരമിരുന്നു. അറിയിപ്പുബോർഡുകളാണ് റോഡിന് ഇരുവശവും. സഷാസ്ത്ര, സീമാബാൽ, ബലേമു കുന്ദ തുടങ്ങിയ ആസാമീസ് ഗ്രാമങ്ങളിലേക്കുള്ള വഴി ഇവിടെനിന്നാണ്.  തട്ടുകടയിലെ ചെറിയ ബെഞ്ചിൽ കഴുത്തുനിറയെ കല്ലുമാലകൾ ധരിച്ച് ഒരു വയോധികയിരിപ്പുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച അവർ വല്ലാതെ കൗതുകമുണർത്തി. പീളവീണ കണ്ണുകൾ തുറന്ന് ഞങ്ങളെ നോക്കി ചിരിച്ചു. വിഗ്രഹവുമായി വന്ന ദമ്പതികൾ അവരുടെ കാൽ തൊട്ടുവണങ്ങി.
സത്യത്തിൽ അവർ നാട്ടുറാണി തന്നെയാണ്. ഗ്രാമത്തിലെ തലമുതിർന്ന അമ്മ. ഏതാണ്ട് പത്തിരുപത് കല്ലുമാലകൾ കഴുത്തിൽ  മാറുമറച്ച് ഞാത്തിയിട്ടുണ്ട്. കൈകളിൽ ബഹുവർണത്തിലുള്ള വളകൾ മുട്ടോളം. നുണക്കുഴി കാട്ടി ചിരിക്കുന്ന മുത്തശ്ശി.  ഞങ്ങൾ അവർക്കൊപ്പം ഇരുന്ന് ചിത്രങ്ങളെടുത്തു. അതിനിടെ ഞാൻ രഹസ്യമായി ചോദിച്ചു, ‘എത്ര പ്രായമുണ്ട്?’ നുണക്കുഴി വിടർന്നു. ഒരു യുവതിയുടെ നാണത്തോടെ അവർ പറഞ്ഞു, ‘നൂറ്‌.’

ഗോത്രാചാര പ്രകാരം ആഭരണങ്ങൾ ധരിച്ച നൂറ്‌ വയസ്സുള്ള ഗ്രാമറാണിക്കൊപ്പം കെ ആർ അജയൻ

ഗോത്രാചാര പ്രകാരം ആഭരണങ്ങൾ ധരിച്ച നൂറ്‌ വയസ്സുള്ള ഗ്രാമറാണിക്കൊപ്പം കെ ആർ അജയൻ



എത്രയോ തലമുറയുടെ സ്വപ്നവും ദുഃഖവും കണ്ട അമ്മയാണ് അരികിൽ ചേർന്നിരിക്കുന്നത്. സത്യത്തിൽ അസമിന്റെ ഹൃദയം ഞങ്ങളോട് കൂടുതൽ അടുക്കുകയായിരുന്നു. ഒപ്പമുള്ളവർ തിരക്കുകൂട്ടിയതിനാൽ അവർ മെല്ലെ എണീറ്റു. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും ചിരിക്ക് ഒരു വാർധക്യവുമില്ല. തൊട്ടടുത്തുകിടക്കുന്ന വാഹനത്തിന്റെ പിൻസീറ്റിൽ കയറിയിരുന്ന് അവർ മന്ദഹസിച്ചു. ഇരുകൈയും നെഞ്ചോടുചേർത്ത് ഞങ്ങളോട് യാത്ര ചോദിച്ചു. സത്യത്തിൽ ഇത്തരം അനുഭവങ്ങളാണ് ഓരോ ഹിമാലയയാത്രയെയും ഓർമച്ചെപ്പിൽ ഒതുക്കുന്നത്. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിലേക്ക് നടക്കുമ്പോൾ മുന്നിൽ പ്രതീക്ഷയായി വന്ന സന്യാസിനിയും കേദാർ യാത്രക്കിടയിൽ കണ്ടുമുട്ടിയ യുവ ഡോക്ടർമാരുമൊക്കെ അറിയാതെ മനസ്സിലേക്ക് ഓടിക്കയറിവന്നു.

ഞങ്ങൾ യാത്ര തുടരുന്നു. ഇതുവരെക്കണ്ട എല്ലാ പുഴകൾക്കുമീതെയും കോൺക്രീറ്റ് തൂണുകൾ ഉയർന്നിട്ടുണ്ട്. ഇതാ മുന്നിൽ ഒരു അണക്കെട്ട് നിർമാണം നടക്കുന്നു. അതിനുചേർന്ന് ഒരു പാലം പണിയും പുരോഗമിക്കുന്നു. നിർമാണ പ്രവൃത്തി കാരണമാകാം പുഴയിലേക്ക് പതിക്കേണ്ട വെള്ളച്ചാട്ടം റോഡിന്‌കുറുകെ വീഴുന്നു. അതിനിടയിലുടെ കയറിയിറങ്ങിയാണ് വാഹനം മുന്നോട്ടുനീങ്ങുന്നത്.

ഒരു തട്ടുകടയ്മുന്നിൽ വാഹനം നിർത്തി.വിശപ്പ്അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നു. എന്നാൽ അവിടെ കഴിക്കാൻഒന്നുമില്ല. ആട്ടിൻപാൽ ചേർത്ത ചായകുടിച്ച്ഇത്തിരിനേരമിരുന്നു. അറിയിപ്പു ബോർഡുകളാണ് റോഡിന് ഇരുവശവും. സഷാസ്ത്ര, സീമാബാൽ, ബലേമു, കുന്ദ തുടങ്ങിയ ആസാമീസ്ഗ്രാമങ്ങളിലേക്കുള്ള വഴി ഇവിടെ നിന്നാണ്. 

വളരെ ബുദ്ധിമുട്ടുതോന്നിയ യാത്ര.- മണ്ണിടിഞ്ഞ വഴിയിൽ തെന്നിത്തെറിച്ചാണ് വാഹനമോടുന്നത്. മൂത്രമൊഴിക്കണമെന്ന നിരന്തര അഭ്യർഥനയെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി. ഇരുട്ടുവീഴും മുമ്പ് ഈ റോഡ് കടന്നു പോയേ തീരൂവെന്ന വാശിയിലാണ് ഡ്രൈവർ. നിർത്തിയശേഷം വാഹനത്തിൽ കയറാൻ താമസമുണ്ടായത് ഡ്രൈവറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇതിനിടെ ചിലർ ചെറുതായി മിനുങ്ങി. അതാണ് കൂടുതൽ അസ്വസ്ഥതക്കുകാരണം. ഇനി വഴിയിൽ ഒരിടത്തും നിർത്തില്ലെന്ന് ഡ്രൈവർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. എത്ര കണ്ടിരിക്കുന്നുവെന്ന പരിഹാസച്ചിരിയോടെ ഞങ്ങൾ ഡ്രൈവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പട്ടാള ട്രക്കുകൾ ഓടിയതിനാൽ വഴിയിലാകെ ചാലുകളും ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ആംങ്കെലിങ് എന്ന ഗ്രാമപ്പട്ടണത്തിൽ എത്തുകയാണ്. ബുദ്ധ കഥകളുറങ്ങുന്ന ആംങ്കെലിങ് മൊണാസ്ട്രിയുടെ വഴിസൂചനയുണ്ട്. അവിടെയും പാലവും റോഡുമെല്ലാം കെട്ടിയുയർത്താൻ കൂറ്റൻ പാറകൾ തല്ലിപ്പൊട്ടിക്കുകയാണ് വഴിവക്കിൽ തൊഴിലാളികൾ. ഇടതുവശം കറുത്ത കാടാണ്.  വലതുവശത്തെ താഴ്വരയിൽ കോടമഞ്ഞുറയുന്നു. വഴിക്കരികിൽ പട്ടാള വാഹനങ്ങൾ നിർത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രധാന പ്രദേശമാണിത്. റോഡിന്റെ സുരക്ഷാവേലി തകർത്ത് പുഴയൊഴുകുന്നു. കൽതാങ് എത്തുന്നതിന്റെ സൂചന വന്നുതുടങ്ങി.

വഴിയിൽ ബുദ്ധസ്തൂപങ്ങളും വർണ തോരണവും നിരവധിയുണ്ട്. അകലെ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന താഴ്വരയിൽ  പ്രശസ്തമായ ഗ്യൂട്ടോ മൊണാസ്ട്രിയുടെ സൂചകം  ഉയർന്നുനിൽക്കുന്നു. അതുകഴിഞ്ഞാൽ ആസാമിനോട് ഞങ്ങൾ വിടപറയുകയാണ്.  അരുണാചലിലേക്ക് കടക്കാൻ ചെറിയ ദൂരമേയുള്ളൂ. ടെൻസിൻഗാൻ എന്ന സ്ഥലത്തെ ഒരു ഹോട്ടലിന്‌ മുന്പിൽ വാഹനം നിർത്തി.  ചായയും പലഹാരങ്ങളുമൊക്കെ കിട്ടുന്ന, സൂനം ഹോട്ടൽ.

പട്ടാളവണ്ടികൾ നിരനിരയായി നീങ്ങുന്ന സിംതുക്കിൽ ആസാം അവസാനിക്കുന്നു.  ഇടുങ്ങിയ പാറക്കെട്ടുകൾ നിറഞ്ഞ വഴിയാണ് അരുണാചലിലേക്ക്. നന്നായി മലയിടിച്ചിലുണ്ട്.  ഇവിടെനിന്ന് റുപ പട്ടണത്തിലേക്ക് 21 കിലോമീറ്ററുണ്ട്. ജിഗാക് എന്ന ഗ്രാമം 10 കിലോമീറ്റർ അടുത്താണ്. ഒറ്റയിരിപ്പിലുള്ള യാത്ര ഞങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. എങ്ങനെയും ദിരാങ്ങിലെത്തി അന്ന് അവിടെ തമ്പടിക്കുകയാണ് ലക്ഷ്യം. റുപ പട്ടണത്തിന്റെ ബോർഡ് കണ്ടതോടെയാണ് ആശ്വാസമായത്.  നഗരത്തെ ചുറ്റി പുഴയൊഴുകുന്ന റുപ.

ക്രിസ്തുവിനും ഏഴ് നൂറ്റാണ്ടുമുമ്പ് ടിബറ്റിലെ രാജാവായിരുന്ന സോങ്സെൻ ഗാംപോയുമായി ബന്ധപ്പെട്ടതാണ് രുപയുടെ ചരിത്രം. അതിന് സാക്ഷ്യമായ തെളിവുകളുടെ അഭാവം നിലനിൽക്കുന്നുവെങ്കിലും ഇവിടത്തുകാരുടെ പൊതുവായ വിളിപ്പേര് ഷെർതൂക്പൻ എന്നാണ്. സോങ്സെൻ ഗാംപോയുടെ വിളിപ്പേര് ആയിരുന്നുവത്രെ ഇത്. ഷേർഗോൺ, ജിഗാവോൺ, മുഷാക്സിങ്, മിങ്മചൂർ, ജിക്സി, ഗോർബോ തുടങ്ങിയ പേരുകളിലുള്ള ബുദ്ധിസ്റ്റ് ഗ്രാമങ്ങളെ പൊതുവെ വിളിച്ചിരുന്നതും ഇതേപേരിലാണ്.

തിബറ്റിലെ രാജാവായിരുന്ന സോങ്‌  ടെങ്‌ ഗാംബോ

തിബറ്റിലെ രാജാവായിരുന്ന സോങ്‌ ടെങ്‌ ഗാംബോ


നദിയാൽ ചുറ്റപ്പെട്ട നഗരമെന്ന് ആദ്യകാഴ്ചയിൽ തോന്നിയത് സത്യമാണ്. ദിനിക്, സിഡിങ്, ദോബ്ളോ എന്നീ നദികളാണ് റുപയുടെ അതിർത്തി നിർണയിക്കുന്നത്. എന്നാൽ തെങ്കാ നദിയുടെ കരയിലുള്ള പട്ടണം എന്നാണ്  റുപ അറിയപ്പെടുന്നത്. എല്ലാ നദികളും ചേരുന്നുവെന്ന അർഥത്തിലാകണം ഈപേര് നൽകിയതെന്ന് ഡ്രൈവർ പറഞ്ഞു. ചിലപ്പോൾ അത് ശരിയായിരിക്കാം. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമാണിത്. പ്രധാന നഗരമായ ബോംഡിലയിലേക്ക് 14 കിലോമീറ്റർ മാത്രമാണ് ദൂരം.  യാത്ര തുടങ്ങിയ തേസ്പൂരിൽ നിന്ന് 135 കിലോമീറ്റർ. 1962 ലെ ഇന്ത്യ‐ചൈന യുദ്ധത്തിൽ നിരവധിപേർ ജീവൻ പൊലിച്ച പ്രദേശമാണിത്.

ഗ്യൂട്ടോ മൊണാസ്ട്രിസത്തിന് പേരുകേട്ടയിടമാണ് ഈ പ്രദേശം. 14‐ാം ദലൈലാമയുടെ ആസ്ഥാനമായ മെക്ലിയോട്ട് ഗഞ്ചിനോട്് സാമ്യംതോന്നുന്നു. ഒരു ഹിമാലയൻ യാത്രക്കൊടുവിൽ മെക്ലിയോട്ട്ഗഞ്ചിലെത്തി, ധരംശാലയുടെ തെരുവുകളിലൂടെ അലഞ്ഞുനടന്നത് വെറുതെയോർത്തു.

പതിനഞ്ചാംനൂറ്റാണ്ടിൽ ടിബറ്റിൽ രൂപപ്പെട്ടതാണ് ഗ്യൂട്ടോ മൊണാസ്ട്രിസം. ടിബറ്റിലെ ചൈനീസ് കടന്നുകയറ്റത്തോടെ അത് ഇന്ത്യയിലേക്ക് പറിച്ചുനടുകയായിരുന്നുവെന്നാണ് ചരിത്രം.  ശാക്യമുനിയാൽ ബന്ധപ്പെട്ട താന്ത്രിക് ബുദ്ധി സത്തിന്റെ പ്രയോഗവഴിയാണ് ഗ്യൂട്ടോ പരീക്ഷിക്കുന്നത്. മിത്തുംസംസ്കാരവും ചരിത്രവുമെല്ലാം ഇഴപിരിക്കാൻ ആകാത്തവിധം കൂടിച്ചേർന്നതാണ് ഗ്യൂട്ടോ മൊണാസ്ട്രിസം.
ഒരുകാലത്ത് ടിബറ്റിലെ ലാസയിലായിരുന്നു ഈ മൊണാസ്ട്രി. ദലൈലാമയുടെ പ്രവാസത്തിനൊപ്പം ഇന്ത്യയിലേക്ക് പറിച്ചുനട്ടതാണ്. അതിലൊന്നാണ് റുപയിൽ പ്രവർത്തിക്കുന്നത്. എന്നാൽ പ്രവാസത്തിനുമുമ്പുതന്നെ ഈ മൊണാസ്ട്രി ഹിമാചലിൽ പ്രവർത്തിച്ചിരുന്നതായി വിശ്വസിക്കുന്നു. ബുദ്ധിസത്തിന്റെ സുപ്രധാന ധാരയായ ഗെലുങ്ങിന്റെ ഇന്ത്യയിലെ ആദ്യ പഠനകേന്ദ്രമാണിത്. ഗീഷെ പഠനത്തിന് ശേഷമുള്ള ഉന്നത ബൗദ്ധിക രീതിയായാണ് ഗ്യൂട്ടോ. ബുദ്ധിസത്തിന്റെ പ്രയോഗരീതികൂടിയാണിത്. ചൈനീസ് അധിനിവേശം വന്നതോടെ, 1950കളിൽ ഇന്ത്യയിലേക്ക് ആയിരത്തിലധികം ബുദ്ധസന്യാസിമാരാണ് ഓടിയെത്തിയത്. ഇതിൽ 1959‐60 കാലത്തെത്തിയ ഗ്യൂട്ടോസന്യാസിമാർ ഡൽഹൗസിയിൽ ഒത്തുചേർന്ന് രൂപംകൊടുത്തതാണ് അരുണാചലിലെ ഒട്ടുമിക്ക ബുദ്ധാശ്രമങ്ങളും . (തുടരും)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top