12 August Friday

ദുരന്തം വിതയ്ക്കുന്ന ജന്തുജന്യരോഗങ്ങൾ

ഡോ. എന്‍ അജയന്‍ കൂടല്‍Updated: Sunday Jun 12, 2022


ലോകത്ത്‌ പലയിടത്തും വെസ്റ്റ്നൈൽ രോഗം, കുരങ്ങുപനി, വാനരവസൂരി തുടങ്ങിയ ജന്തുജന്യരോഗങ്ങൾ പടരുകയാണ്. മനുഷ്യരിൽ കാണുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. ലോകത്ത്‌ പ്രതിവർഷം 250 കോടി മനുഷ്യരിൽ ജന്തുജന്യരോഗങ്ങളുണ്ടാകുകയും 27 ലക്ഷംപേർ മരിക്കുകയും ചെയ്യുന്നതായാണ്‌ കണക്ക്‌. മനുഷ്യനും മൃഗവും  തമ്മിലുള്ള  ബന്ധമാണ്‌ ഇതിനു കാരണം. കാലമേറെയായിട്ടും ജന്തുജന്യരോഗങ്ങളിൽ ഏറ്റവും ഭീകരമായത് റാബീസ് (പേവിഷബാധ) തന്നെയാണ്.  ഇന്ത്യയിൽ ഓരോ രണ്ട് സെക്കൻഡിലും ഒരാൾക്കു വീതം നായകടി ഏൽക്കുന്നുണ്ട്‌.

പേവിഷബാധ
കൂടുതൽ പ്രകടമായ റാബീസ് ലക്ഷണം കണ്ടുകഴിഞ്ഞാൽ ഒരു വൈദ്യശാസ്ത്രത്തിനും രോഗിയെ രക്ഷിക്കാനാകില്ല എന്നത്‌ റാബീസിനെ വ്യത്യസ്തമാക്കുന്നു. ഇതൊരു വൈറസ് രോഗമാണ്. 1885 ജൂലൈ ആറിന് ലൂയി പാസ്റ്ററാണ് ലോകത്ത് ആദ്യമായി ഒരു വാക്സിൻ മനുഷ്യനിൽ പരീക്ഷിച്ചു വിജയം കണ്ടത്. പൊക്കിളിന് ചുറ്റുമുള്ള വേദനാജനകമായ 14 കുത്തിവയ്പ്‌. 135 വർഷം പിന്നിടുമ്പോൾ മേൽ ചർമത്തിനുകീഴെ ചെയ്യുന്ന ആധുനിക  ടിഷ്യൂ കൾച്ചർ വാക്സിൻ ലഭ്യമായി കഴിഞ്ഞിരിക്കുന്നു. ശാസ്‌ത്രത്തിന്റെ നേട്ടം. വേദനയില്ലാത്ത നാലു ദിവസത്തെ  (Intradermal Rabies Vaccine IDRV) കുത്തിവയ്‌പുകൾ കടിയേറ്റ ഭാഗം പരിശോധിച്ച് നിർണയിക്കുന്നു. കൈവിരൽത്തുമ്പുകൾ, നെഞ്ച്, നെഞ്ചിനു മുകളിൽ തലച്ചോറുമായി അടുത്ത ഭാഗം എന്നിവിടങ്ങളിലെ നായകടി അപകടസാധ്യത കൂട്ടും. ഐഡിആർവി ഏറെ ഫലപ്രദമാണ്‌. 0.1 മില്ലി ലിറ്റർ വാക്സിൻ മതി ഒരു കുത്തിവയ്‌പിന്. ആവശ്യമെങ്കിൽ  പ്രതിരോധ ഘടകങ്ങളടങ്ങിയ ഇമ്യൂണോ ഗ്ലോബുലിൻകൂടി ആദ്യദിവസം കുത്തിവയ്ക്കുന്നു. അമിതമായ കായികാധ്വാനം ഒഴിവാക്കണമെന്നല്ലാതെ പ്രത്യേക പഥ്യക്രമങ്ങളില്ല.

മുറിവിന്റെ പരിചരണം പ്രധാനം
കടിയേറ്റ ഭാഗം സോപ്പ്‌ (കാർബോളിക് സോപ്പ്) ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ 15 മിനിറ്റെങ്കിലും കഴുകി വൃത്തിയാക്കുക. നായ കടിച്ച മുറിവ് സാധാരണ തുന്നാറില്ല. മുറിവിൽ സെൻട്രിമൈഡ് ചേർന്ന അണുനാശിനികൾ നിർദേശിക്കുന്നില്ലെങ്കിലും ബീറ്റാഡിൻ ലായനി പുരട്ടാവുന്നതാണ്. മഞ്ഞൾ, ഇലവർഗങ്ങൾ തുടങ്ങിയവയൊന്നും അരച്ചുപുരട്ടരുത്. വേഗം ആശുപത്രിയിലെത്തിക്കുക.

മനുഷ്യനും മൃഗങ്ങൾക്കും പ്രത്യേക വാക്സിനുകളാണ്‌ ഉപയോഗിക്കുന്നത്‌. നായകളെ മൂന്നുമാസം പ്രായത്തിൽ ആദ്യ വാക്സിനേഷൻ എടുക്കണം. പിന്നീട് ഒരു മാസത്തിനുശേഷം ബൂസ്റ്റർ, തുടർന്ന് വർഷംതോറും കുത്തിവയ്പുകൾ വേണം. ചികിത്സാർഥം 0, 3, 7, 14, 28 ദിവസങ്ങളിൽ അഞ്ച്‌ കുത്തിവയ്‌പ്‌; 1 മില്ലിലിറ്റർ വീതം. കന്നുകാലികളിൽ 0, 3 ദിവസങ്ങളിൽ 3 മില്ലിലിറ്റർ വീതവും 7ന് 2 മില്ലിലിറ്ററും 14, 28 ദിവസങ്ങളിൽ 1 മില്ലിലിറ്ററും എന്നതുമാണ് പുതുക്കിയ ഷെഡ്യൂൾ.

ഉടമകൾക്കും ഉത്തരവാദിത്വം
നായകളെ വളർത്തുന്നവർ ഉത്തരവാദിത്വമുള്ള ഉടമയായിരിക്കണം. നായക്ക് ലൈസൻസ് നിർബന്ധമാണെന്നും അത് തന്റെ കടമയാണെന്നുമുള്ള ബോധമുണ്ടാകണം. നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവുനായകൾ നാടിനാപത്താണ്‌. നായകളുടെ വംശവർധന  തടയുന്നതിന് പ്രചാരത്തിലുള്ള എബിസി  (Animal Birth Control), ഇഎൻഡി  (Early Neutering Dogs) പദ്ധതികൾ കൂടുതൽ ശക്തമാക്കണം.

ചെള്ളുപനി
ഇതൊരു പുതിയ രോഗമല്ല. കേരളത്തില്‍ ചെള്ളുപനി (Scrub Typhus) റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കൂടുതൽ ജാഗ്രത പുലര്‍ത്തണം.
ഒറിയന്‍സിയ സുറ്റ്സുഗാമുഷി (Orientia tsutsugamushi) എന്ന ബാക്ടീരിയയാണ് ചെള്ളുപനിക്ക് കാരണം. രോഗവാഹിയായ ചെള്ളും പേനും മൂലമുള്ള കടികള്‍ സൂക്ഷിക്കണം. മൂന്നുതരത്തിലുള്ള ടൈഫസ് രോഗം നിലവിലുണ്ട്. എപ്പിഡമിക് ടൈഫസ്, എന്‍ഡമിക് ടൈഫസ് & സ്ക്രബ് ടൈഫസ്. ഒന്നാമത്തേത് പേനിലൂടെ പകരുന്നു. രണ്ടാമത്തേതിൽ  എലിച്ചെള്ളോ പൂച്ചയുടെ മേലുള്ള ചെള്ളോ ആണ് രോഗവാഹകര്‍, പ്രത്യേകിച്ച് എലിച്ചെള്ള്. സ്ക്രബ് ടൈഫസ് രോഗമുണ്ടാക്കുന്ന ഒറിയന്റാ സുറ്റ്സുഗാമുഷി ബാക്ടീരിയ, നായുണ്ണിയുടെയും മറ്റും ലാർവകളുടെ കടിയിലൂടെയാണ് മനുഷ്യ ശരീരത്തില്‍ കടക്കുന്നത്.

രോഗപ്പകര്‍ച്ച
പേന്‍, ചിഗ്ഗേഴ്സ് ഇനത്തിലുള്ള ചെള്ള്, നായുണ്ണി, ചിലതരം സസ്തനികള്‍ തുടങ്ങിയവ നായ, അണ്ണാന്‍ പോലുള്ള ജീവികള്‍ എന്നിവയെ കടിച്ചാല്‍ അവ ബാക്ടീരിയ വാഹകരായി മാറും. ഇവയുമായുള്ള സമ്പര്‍ക്കം രോഗബാധയുണ്ടാക്കും. രോഗികളുടെ വിസര്‍ജ്യങ്ങളിലും അണുക്കളുണ്ടാകും.

ലക്ഷണങ്ങള്‍
* പനിയും ശരീരത്തില്‍ കറുത്ത തടിപ്പുകളും
* പ്രാണി കടിയേറ്റ് 10 ദിവസത്തിനകം ലക്ഷണങ്ങള്‍
* പനിക്കും കുളിരിനും പുറമേ തലവേദന, ശരീരവേദന, പേശീവേദന, ചുമ, വിറയല്‍, ദഹനപ്രശ്നങ്ങള്‍
* തീവ്രാവസ്ഥയില്‍ രക്തസ്രാവം, ശ്വാസവിമ്മിട്ടം, അവയവസ്തംഭനം, മരണം.
* ചുണങ്ങ്, എസ്‌കാര്‍, പ്ലീഹവീക്കം, ലിംഫ് അഡിനോപ്പതി എന്നിവ സാധാരണ അടയാളങ്ങളാണ്.

പ്രതിരോധം
പരിസര ശുചീകരണം, കൊതുകുവല ഉപയോഗം, ചെള്ള് നശീകരണം എന്നിവയിലൂടെ പ്രതിരോധിക്കാം. ഓമന മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കണം.

കുരങ്ങുവസൂരി
കുരങ്ങുപനിയും കുരങ്ങുവസൂരിയും ഒന്നാണെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്‌. ക്യാനഡയിലും ഇംഗ്ലണ്ടിലും ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്വീഡൻ എന്നിവിടങ്ങളിലും സ്പെയിനിലും പോർച്ചുഗലിലുമൊക്കെ കണ്ടെത്തിയത് കുരങ്ങുവസൂരി അഥവാ വാനര വസൂരിയാണ്. കുരങ്ങുപനി (ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ്)യാണ്‌ ഇതെന്ന്‌  തെറ്റിദ്ധരിക്കുകയാണ്‌ ഉണ്ടായത്. 1970 വരെ പതിനൊന്നിലധികം ആഫ്രിക്കൻ രാജ്യത്തിൽ കുരങ്ങുവസൂരി കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ മാത്രമുണ്ടായിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. മെയ്‌ 13നും ജൂൺ രണ്ടിനുമിടയിൽ ആഫ്രിക്കയ്‌ക്ക്‌ പുറത്ത്‌ 27 രാജ്യത്തിലായി 780 പേർക്ക്‌  വാനരവസൂരി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു.

രോഗകാരണം
ഓർത്തോപോക്സ് ജനുസിൽപ്പെട്ട പോക്സ് വൈറിഡേ(Poxviridae) കുടുംബത്തിൽപ്പെട്ട മങ്കിപോക്സ്(Monkeypox) വൈറസാണ് വാനരവസൂരി ഉണ്ടാക്കുന്നത്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക്‌ രോഗം പകരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മൃഗങ്ങളിൽനിന്ന് മനുഷ്യനിലെത്തി കൂടണയുന്ന ഒരു ജന്തുജന്യരോഗം. കുരങ്ങുപനിയിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ച വിരളമാണ്.

രോഗപ്പകർച്ച
രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം,  കിടക്ക പങ്കിടൽ, രോഗാണു കലർന്ന വസ്തുക്കൾ, രോഗമുള്ള കുരങ്ങുകൾ, ശ്വാസകോശ ജലകണങ്ങൾ (സ്രവങ്ങൾ)എന്നിവ രോഗം വ്യാപിപ്പിക്കുന്നു. സ്വവർഗാനുരാഗികളുടെ ഇടയിൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയേറെയാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും  രോഗപ്പകർച്ചയുണ്ടാകാം.

ലക്ഷണങ്ങൾ
കുരങ്ങുപനിയുടെ ലക്ഷണങ്ങളെ കൂടാതെ ലിംഫ് ഗ്രന്ധികളിലെ വീക്കം, താഴ്ന്ന രക്തസമ്മർദം, മുഖത്തും കൈകാലുകളിലും ശരീരത്തിലും പ്രത്യക്ഷപ്പെടുന്ന വസൂരിപോലുള്ള പൊള്ളലുകൾ. രോഗാരംഭകാലം ആറുമുതൽ 13 ദിവസം വരെയാണ്‌.

ഒന്നുരണ്ട്‌ ആഴ്ചയ്‌ക്കുശേഷം രോഗം ശമിക്കുകയാണ് പതിവ്. ചിലരിൽ  മൂന്ന്‌ ആഴ്ചയ്‌ക്കുശേഷം കടുക്കുന്നതായും കാണുന്നു. രണ്ടുമുതൽ നാല് ആഴ്ചവരെ ലക്ഷണം നീണ്ടുനിൽക്കും.  വാക്സിനേഷൻ നിലവിലുണ്ട്.

മാറിയ സാഹചര്യത്തിൽ വാനരവസൂരിയെയും ജാഗ്രതയോടെ കാണണം. വന്യമൃഗങ്ങളുടെ (പ്രത്യേകിച്ച് കുരങ്ങുകൾ) മാംസം, രക്തം, സ്രവങ്ങൾ, വ്രണങ്ങൾ എന്നിവയുമായുള്ള സമ്പർക്കം ഒഴിവാക്കണം. മാംസം നന്നായി വേവിച്ച് കഴിക്കണം.

വെസ്റ്റ്നൈൽ ഡിസീസ്
വെസ്റ്റ്നൈൽ ഡിസീസ്  പുതിയ രോഗമല്ല. 1937 ൽ ഉഗാണ്ടയിലെ വെസ്റ്റ്നൈലിലാണ് ഈ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ’56ൽ കാക്കകളിലും പ്രാവിനങ്ങളിലും കണ്ടെത്തി. 99–-2010ൽ അമേരിക്കയിൽ രോഗബാധയെത്തിയപ്പോഴാണ് പൊതുജനാരോഗ്യശ്രദ്ധ രോഗം പരത്തുന്ന കൊതുകുകളിലെത്തുന്നത്. കേരളത്തിൽ  ആലപ്പുഴയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്‌–- 2011 ൽ.

ജപ്പാൻ ജ്വരമുണ്ടാക്കുന്ന ഫ്ളേവി വൈറിഡേ(Flaviviridae) കുടുംബത്തിലെ ഫ്ളേവി വൈറസ് ജനുസിൽപ്പെട്ട വൈറസുകളാണ്‌ രോഗത്തിനും കാരണം. രോഗം ബാധിച്ച പക്ഷികളുടെയും (പ്രധാനമായും കാക്കകൾ) മറ്റും രക്തം കുടിക്കുന്ന ക്യൂലെക്സ് ഇനത്തിൽപ്പെട്ട രോഗവാഹകരായ കൊതുകുകളുടെ കടിയിലൂടെയാണ് മനുഷ്യർക്ക് രോഗം പകരുന്നത്. സന്ധ്യമുതൽ പ്രഭാതംവരെയുള്ള ഇത്തരം കൊതുകുകടി അപകടംതന്നെ. രോഗബാധയേറ്റ മൃഗങ്ങളുമായോ മൃഗങ്ങളുടെ രക്തവുമായോ സമ്പർക്കവും സൂക്ഷിക്കണം. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗം പകരില്ല എന്നത് ഏറെ ആശ്വാസകരമാണ്.

രോഗബാധയേൽക്കുന്ന 150 പേരിൽ ഒരാൾക്കു മാത്രമേ ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടാകാൻ സാധ്യതയുള്ളൂ. 4/5 പേർക്കും ഒരു  ലക്ഷണവും ഉണ്ടായെന്നുവരില്ല. കുട്ടികളെയും 60 വയസ്സ് കഴിഞ്ഞവരെയും പ്രത്യേകിച്ച് അർബുദം, ഡയബറ്റീസ്, ഹൈപ്പർടെൻഷൻ, വൃക്കരോഗങ്ങൾ എന്നീ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെയുമാണ് സാധാരണ രോഗം ബാധിക്കുക. 60–-80 ശതമാനം രോഗികളിൽ രോഗലക്ഷണംതന്നെ ഉണ്ടാകണമെന്നില്ല.

ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി, തൊലിയിൽ ചൊറിച്ചിലും പാടുകളും, ലിംഫ് ഗ്രന്ഥി വീക്കം, തീവ്രാവസ്ഥയിൽ തലച്ചോറിന് ബലക്ഷയം, തളർവാതം തുടങ്ങി കോമാ സ്റ്റേജിൽവരെ എത്തുന്നു.  രോഗം മാറിയാലും ക്ഷീണവും ബുദ്ധിമുട്ടുകളും ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും.

രോഗ നിർണയം
എലിസാ, ആർടിപിസിആർ ടെസ്റ്റുകളിലൂടെ രോഗം നിർണയിക്കാം.ഭോപാൽ, ഹിസ്സാർ തുടങ്ങി രാജ്യത്ത് പല പരിശോധന ലാബുകളിലും രോഗനിർണയ സൗകര്യമുണ്ട്. പക്ഷികളുടെ പരിശോധനയ്ക്കായി തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് ലാബ് സുസജ്ജമാണ്. മനുഷ്യരിൽ ലക്ഷണങ്ങൾക്ക്‌ അനുസൃതമായ ചികിത്സയല്ലാതെ പ്രത്യേക ചികിത്സയോ വാക്സിനേഷനോ ഇല്ല. കൊതുകുനശീകരണവും കൊതുകു കടിയേൽക്കാതെ മുൻകരുതലെടുക്കുകയും പ്രധാനമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top