24 April Wednesday

കർഷകസമരവും ജീവിതവും പകർത്തി ‘സീറോ കെഎം’

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021


കൊച്ചി
ഈ ചിത്രങ്ങളിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റെ കണ്ണീരും കിനാവുമുണ്ട്‌. വീറ്‌ ചോരാത്ത പോരാട്ടത്തിന്റെ കനലുണ്ട്‌. അധികാരികളേ, ഞങ്ങളുടെ ക്ഷമയും ശക്തിയും പരീക്ഷിക്കരുതേയെന്ന്‌ അവർ നീട്ടിപ്പാടുന്നു. ഭഗത്‌സിങ്ങിന്റെ ചിത്രങ്ങൾ തൂക്കി അവർ വിളിക്കുന്ന സിന്ദാബാദ്‌ ഇടിമുഴക്കങ്ങളാകുന്നു.  പത്തുമാസത്തിലേറെയായി കനത്ത മഞ്ഞിലും കൊടുംചൂടിലും പാതയോരങ്ങളിൽ കുത്തിയിരിക്കുകയാണ്‌ അവർ. ഡൽഹിയിൽ തുടരുന്ന കർഷകപ്രക്ഷോഭത്തിന്റെ ജീവൻ തുടിക്കുന്ന നിമിഷങ്ങൾ കോർത്തിണക്കി മുംബൈ കേന്ദ്രമായ സംയക്‌ ദൃഷ്‌ടി പുറത്തിറക്കിയ ഡോക്യുമെന്ററിയിൽനിന്നുള്ള കാഴ്‌ചകളാണിത്‌. കർഷകപോരാട്ടത്തോട്‌ ഐക്യം പ്രകടിപ്പിച്ച ആയിരങ്ങൾ പങ്കിട്ട്‌ ലോകമെങ്ങും കാഴ്‌ചയുടെ പുതുതരംഗമാകുകയാണ്‌ സീറോ കിലോമീറ്റർ എന്നപേരിലെ 18 മിനിറ്റ്‌ ദൈർഘ്യമുള്ള ഡോക്യുമെന്ററി.

പത്മ പുരസ്‌കാരജേതാവ്‌ സുധാരക്‌ ഓൾവെ, അമൻ കനോജിയ, ഹരീഷ്‌ ത്യാഗി, ഹാപ്പി സിങ്‌ തുടങ്ങിയ 16 പ്രമുഖർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സിൻഘുവിലും തിക്രിയിലും ഗാസിപുരിലും ഡൽഹി–-ജയ്‌പുർ ഹൈവേയിലും നിന്നുള്ള സമരക്കാഴ്‌ചകൾക്ക്‌ കറുപ്പിലും വെളുപ്പിലും ചാലിച്ച ശക്തിയും സൗന്ദര്യവുമാണ്‌. പരമ്പരാഗത വസ്‌ത്രവർണങ്ങളിൽ തിളങ്ങുന്നതാണ്‌ മഹാറാലിയുടെ ചിത്രങ്ങൾ. പ്രത്യേക താളത്തിൽ വന്നുമറയുന്ന ചിത്രങ്ങളെ കൂടുതൽ വാചാലമാക്കുന്നു ശബ്‌ദമിശ്രണം. എൻഡിടിവി ഉൾപ്പെടെ വാർത്താ ചാനലുകളിൽനിന്നുള്ള ഫൂട്ടേജുകൾ, കർഷകനേതാവ്‌ രാജേഷ്‌ ടിക്കായത്തിന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ, പഞ്ചാബി നാടോടിശീലുകൾ, ഡാണ്ടിയ താളം, ട്രാക്‌ടറുകളുടെ മുരൾച്ച ഒക്കെ  ചിത്രങ്ങളെ കൂടുതൽ ചലനാത്മകമാക്കുന്നു.

സമരക്യാമ്പിൽനിന്നുള്ള ചിത്രങ്ങൾ വാർത്തയ്‌ക്കപ്പുറം കർഷകരുടെ ജീവിതദുരിതങ്ങളെ വെളിപ്പെടുത്തുന്നു. സ്‌ത്രീകളും കുട്ടികളും വയോധികരും യുവാക്കളും ഉൾപ്പെടുന്ന യോദ്ധാക്കളുടെ മുഖങ്ങൾ, ദിനരാത്രങ്ങൾ പിന്നിട്ടിട്ടും തളരാത്ത കർഷകസമരത്തിന്റെ നിശ്‌ചയദാർഢ്യം പ്രതിഫലിപ്പിക്കുന്നു.

ഫോട്ടോഗ്രഫി പ്രൊമോഷൻ ട്രസ്‌റ്റിന്റെ മുൻകൈയോടെയാണ്‌ ഡോക്യുമെന്ററി തയ്യാറാക്കിയത്‌. ഡോക്യുമെന്ററിയുടെ രചന നിർവഹിച്ചത്‌ മലയാളി ചിത്രകാരൻ റിയാസ്‌ കോമു. ലോക ഫോട്ടോഗ്രഫി ദിനമായ 15ന്‌ പ്രമുഖ ദക്ഷിണാഫ്രിക്കൻ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ഒമർ ബാദ്‌ഷയാണ്‌ ഡോക്യുമെന്ററി  പ്രകാശിപ്പിച്ചത്‌. ഡോക്യുമെന്ററി കാണാനുള്ള ലിങ്ക്‌: http://samyakdrishti.org/vol01-issue04/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top