29 March Friday

ഡാളസിൽനിന്ന്‌ ‘ദാസ്‌’; അമേരിക്കയിലെ വീട്ടിൽനിന്ന്‌ യേശുദാസ്‌ സംസാരിക്കുന്നു

ആർ കെ ദാമോദരൻUpdated: Sunday Jun 21, 2020

അമേരിക്കയിലെ ഡാളസിലെ വീട്ടിൽ ഗന്ധർവഗായകൻ  രോഗകാലത്തെ രാഗകാലമാക്കുന്നു. സംഗീതപഠനവും സാധകവുമൊക്കെത്തന്നെ യേശുദാസിനും അഭയസ്ഥാനങ്ങൾ. സ്വയം മരപ്പണി ചെയ്‌‌തൊരുക്കിയ സ്റ്റുഡിയോയിൽ പാട്ടു  റെക്കോഡ്‌ ചെയ്യുന്ന, കോവിഡിന്റെ വിവരങ്ങളറിയാൻ നിരന്തരം നാട്ടിലുള്ള കൂട്ടുകാരെ വിളിക്കുന്ന, ജോർജ്‌ ഫ്ലോയിഡിന്റെ മരണത്തിൽ നൊമ്പരപ്പെടുന്ന ദാസേട്ടനുമായി സുഹൃത്തും കവിയും ഗാനരചയിതാവുമായ ആർ കെ ദാമോദരൻ നടത്തിയ ടെലിഫോൺ അഭിമുഖം 

 
ഡാളസ്‌‐ അവിടെയാണ്‌ ദാസ്‌, അതെ,  പാട്ടുതറവാട്ടിലെ കാരണവർ; ദാസേട്ടൻ.  താളമിട്ട്‌ അളന്ന്‌ കൃത്യമായി പറഞ്ഞാൽ പ്രസിഡന്റ്‌ ജോൺ എഫ്‌ കെന്നഡി വെടിയേറ്റുവീണ,  ഡാളസിന്റെ അതിരകത്ത്‌ ‐ പ്രഥമ ഭാര്യ സംഗീതം, ദ്വിതീയ ഭാര്യ പ്രഭ, ഇളയ മകൻ  വിശാൽ, മരുമകൾ ഡോ. വിനയ എന്നിവരുമൊത്ത്‌. മൂത്തമകൻ വിനോദ്‌  അൽപ്പം അകലെയുമുണ്ട്‌.
 
വിസ്‌തരിക്കുന്ന തോടിരാഗം പോലെ വിസ്‌തൃതമായ തൊടി. അതിൽ നല്ലൊരു വില്ല! മനോധർമ മനോഹാരിതയിൽ മുന്തിരിപ്പടർപ്പ്‌! ‘‘പാടാനൊരു വീണയും പ്രാണസഖീ നീയും പാനപാത്രം നിറയെ വീഞ്ഞും അരികിലുണ്ടെങ്കിൽ അവിടം സ്വർഗം’’‐ ഒമർഖയ്യാം കാവ്യകൽപ്പനപോലെ, പ്രണവതംബുരുവും പ്രണയപ്രഭയും പ്രവാസരസവുമൊക്കെ മേൽസ്ഥായിയിൽ തൊട്ടറിഞ്ഞ്‌ അമേരിക്കയെ, ‘അഭിരാമപുര’(ചെന്നൈ)വും  ‘അധികാരിവളപ്പും’(ഫോർട്ട്‌ കൊച്ചി) ആക്കി ജീവൽസംഗീതമാകുകയാണ്‌ അശീതിയേശുദാസ്‌.
 
ആ പാട്ട്‌ ഒരുപക്ഷേ,  വീട്ടുതടങ്കലിലായിരിക്കാം. ആ കൂട്ട്‌, അവിടെ ഒറ്റയ്‌ക്ക്‌ പാടുന്ന പൂങ്കുയിലായിരിക്കാം. ആ വീട്ടുസദിരിന്‌ സദസ്യരില്ലായിരിക്കാം. സ്വന്തം ശബ്‌ദലേഖനമുറിയിൽ ഗാനഗന്ധർവൻ മാത്രമായിരിക്കാം. അപ്പോഴും സ്വയംമറന്ന്‌ പാടുന്നുണ്ട്‌, ഉപാസകന്റെ ഉദാത്താനുദാത്തങ്ങൾ ഉൾക്കൊള്ളുന്നുമുണ്ട്‌. ഈ നാദശരീരതപസ്സ്‌ നാട്ടുസുഹൃദ്‌ശബ്‌ദശരങ്ങളാൽ ഇടയ്‌ക്കിടെ ചഞ്ചലപ്പെടാറുണ്ട്‌. നിമിഷമാത്രയിൽ സ്വരസഞ്ചാരംചെയ്‌ത്‌  അശരീരി വാങ്‌മയമാകാറുണ്ട്,‌ പലർക്കും ആ സ്‌നേഹഗായകൻ!
 
ആലപ്പുഴ ഉഴുവ പുതിയകാവിൽ ഈ സൗഹൃദാന്വേഷണം നിത്യാനുഭവമായുള്ള  സഹപാഠി സംഗീതബന്ധുവുണ്ട്‌‐ ഡോ. ചേർത്തല ഗോവിന്ദൻകുട്ടി ഭാഗവതർ. തൃപ്പൂണിത്തുറ രാധാലക്ഷ്‌മിവിലാസം കോളേജിലെ ഗാനഭൂഷണസതീർഥ്യൻ. പ്രിൻസിപ്പൽ കുമാരസ്വാമിയുടെ കണ്ണിലുണ്ണിയും കണ്ണിലെ കരടും! അധികം അറിയപ്പെടാതെയും പറയപ്പെടാതെയും കഴിയുന്ന ആത്മസുഹൃത്ത്‌. ‘എടാപോടാ’ ബന്ധമുള്ളവൻ! അപൂർവരാഗംപോലെ വൈക്കം പ്രതാപനും വടക്കൻ പറവൂരിലെ ഡോ. സി എം രാധാകൃഷ്‌ണനും എനിക്കുമൊക്കെ ദാസേട്ടൻ പാട്ടുകുടുംബാംഗമാകാറുണ്ട്‌. 
 
ദാമൂ എന്ന സ്‌നേഹസംബോധനയുമായി ദാസേട്ടൻ അടുത്തിടെ എന്റെ കാതിലെത്തി.‌ ജൂൺ ഏഴിന്‌‌, ഡാളസിൽ നിന്ന്‌. അന്നെന്റെ വിവാഹവാർഷികദിനം. ആശംസാവിരുത്തത്തിൽ ആരംഭം. മൂകാംബികാ ദേവ്യനുഗ്രഹങ്ങൾ എനിക്കും രാജലക്ഷ്‌മിക്കും നേർന്ന്‌ ദാസേട്ടനും പ്രഭച്ചേച്ചിയും വിശേഷങ്ങൾ പങ്കുവച്ചു. പറഞ്ഞതിൽ പലതും ‘രസികപ്രിയ’കളാകുമെന്നതിനാൽ  വരമൊഴിയണിയുകയാണ്‌, ഈ അഭിമുഖരൂപത്തിൽ.
യേശുദാസിന്റെ ഡാളസിലെ വില്ല

യേശുദാസിന്റെ ഡാളസിലെ വില്ല

? സംഗീതം അറിയുക എന്നാൽ അത്‌ ജീവിതത്തിൽ പകർത്തുക എന്നതാണെന്ന്‌ ഗാന്ധിജി പറഞ്ഞിട്ടുണ്ടല്ലോ. ആചരിച്ച്‌ ആലപിക്കാനായിട്ടുണ്ടോ.
 
= സത്യം ജീവിതചര്യയാക്കിയതുകൊണ്ടാണല്ലോ അദ്ദേഹം ‘മഹാത്മാ’ എന്ന്‌ വിളിക്കപ്പെട്ടത്‌. ഉപാസനാസംഗീതജ്ഞരായ ത്രിമൂർത്തികളൊക്കെ ജീവിതം സംഗീതവുമായി ശ്രുതിചേർത്തവരാണ്‌, നാദർഷികൾ. ത്യാഗരാജസ്വാമികളൊന്നുമായില്ലെങ്കിലും അത്യാധുനിക സമൂഹത്തിലെ സുഖഭോഗരാജന്മാർ ആകാതിരിക്കാൻ ശ്രമിക്കണം. ഞാൻ, ശ്രുതിശുദ്ധ സംഗീതജീവിതം നയിക്കാൻ ഏറെ ത്യജിച്ചു. ചിട്ടവട്ടങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അത്‌ മനസ്സിലാകും. ഭൂതകാല ദാരിദ്ര്യം ഏറെ പഠിപ്പിച്ചു, ആദ്യഗുരുനാഥനായി. പ്രത്യക്ഷ ഗുരുദൈവങ്ങൾ കുഞ്ഞൻവേലു ആശാൻ തൊട്ട്‌ ചെമ്പൈ സ്വാമിവരെ വേറെയും. അവരിൽനിന്നൊക്കെ അൽപ്പം ഗുരുത്വം കിട്ടി. ആ ഗുരുത്വത്താൽ നേടിയ ‘ലഘുത്വ’മാണ്‌ ഈ എളിയ സംഗീതജീവിതം, അത്രതന്നെ.
 
? പ്രവാസജീവിതം എന്തിനായിരുന്നു. എങ്ങനെയുണ്ട്‌.
 
= പത്തുമുപ്പത്‌ വർഷം മുമ്പ്‌ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ്‌ സ്റ്റേറ്റ്‌സിലേക്ക്‌ പറന്നത്‌. ‘ഞാനും എന്റെ പാട്ടും’ മാത്രം എന്ന സ്വാർഥതയുണ്ടായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ. പിന്നെ, അന്നത്തെ  പാട്ടുതിരക്കിനിടയിൽ അൽപ്പം തനിയാവർത്തന സമയ വിശ്രമം! മക്കൾ മൂവരും പഠിച്ചത് അമേരിക്കയിൽ‌. മൂത്തവൻ വിനോദിനും ഇളവയൻ വിശാലിനും ഇവിടെയാണ്‌ ജോലി.
 
ഞാൻ പാന്റ്‌സും ഹൈനെക്‌ കോളർ ബനിയനും കൂളിങ്‌ ഗ്ലാസും ധരിച്ച്‌ ഡാളസിൽ വഴിനടക്കാറുണ്ട്‌. ആരും തിരിച്ചറിയില്ല. ‘സെൽഫി ചിത്രമിത്ര’മാക്കാനും വരില്ല.  സ്റ്റാച്യു ഓഫ്‌ ലിബർട്ടിയുടെ നാട്ടിൽ സെലിബ്രിറ്റി സ്റ്റാറ്റസില്ലാത്ത കേവലമൊരു പൗരൻ!
 
? സംഗീതം, സാധകം.
 
=  മാനവികതയുടെ ശ്രുതിചേർത്ത ജീവിതങ്ങളായിരുന്നു മഹാത്മജിയുടേതും എബ്രഹാം ലിങ്കന്റേതും. അതുകൊണ്ടുതന്നെ മാതൃരാജ്യമായ ഇന്ത്യയിലും സുഹൃദ്‌ രാജ്യമായ അമേരിക്കയിലും സംഗീതപഠനവും സാധകവുമൊക്കെ സാധ്യമാകുന്നുണ്ട്‌.
രങ്കരാമാനുജയ്യങ്കാരുടെ ‘കൃതിമണിമാലൈ’, ഡോ. എം എൻ ദണ്ഡപാണി, ഡി പട്ടമ്മാൾ എന്നിവരുടെ ‘രാഗപ്രവാഹം’ തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിച്ച്‌ 72 മേളകർത്താ രാഗങ്ങളെയും സ്‌ഫുടംചെയ്‌തെടുക്കുകയാണിപ്പോൾ. അനുസ്വരംവച്ച്‌ അടുത്ത സ്വരത്തിലേക്ക്‌ ലയിച്ചുചേർന്നാലേ ഭാവം സംഭവിക്കൂ. ഭാവം കൊണ്ടുവന്നില്ലെങ്കിൽ സംഗീതം, സാങ്കേതികം മാത്രമാകും! ‘സംഗതി’ അതാണ്‌, അതുവച്ചുള്ള ഭാവാവിഷ്‌കാരം തന്നെയാണ്‌ ഈ സമ്യക്കായ ഗീതം. ഗമക പ്രയോഗം കൂടിയാകുമ്പോൾ അഴകൊഴുകുന്ന സംഗീത സരസ്വതീപ്രവാഹമാകും അവൾ. പിന്നെ ഇവിടത്തെ വീട്ടിൽ ഞാൻ സ്വന്തമായി മരപ്പണി ചെയ്‌തൊരുക്കിയ റെക്കോർഡിങ്‌ സ്റ്റുഡിയോയിൽ നാട്ടിൽനിന്ന്‌ അയച്ചുതരുന്ന  ട്രാക്കുകൾ നാദമിശ്രണം ചെയ്‌ത്‌ അയക്കാറുണ്ട്‌. ഏറ്റവും പുതുതായി ഇങ്ങനെ പാടിയത്‌ ‘കേശു ഈ വീടിന്റെ നാഥനി’ലെ ‘പുന്നാരപ്പൂങ്കാറ്റിൽ ഒരു കുഞ്ഞാഞ്ഞിലിച്ചോട്ടിൽ’ എന്ന സോളോ ഗാനം‌.
 
? ടിവി‐സിനിമ കാഴ്‌ചകൾ
 
= സിനിമ, സീരിയൽ, സ്‌പോർട്‌സ്‌ ഒക്കെ കാണാറുണ്ട്‌.  സ്റ്റാർ പ്ലസിലെ  ‘ദേവോം കാ ദേവ്‌ മഹാദേവ്‌’ സീരിയലിനോടാണ്‌ പ്രിയം. ഇത്‌ പറയുമ്പോൾ, എനിക്ക്‌ എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള ടിഡിഎം ഹാളിൽ കുത്തിയതോട്‌ ശിവരാമൻനായർ സാറിന്റെയടുത്ത്‌ (1955‐56) പാട്ട്‌ പഠിച്ചത്‌ ഓർമവരുന്നു. അന്നവിടെ  കല്യാണിമേനോൻ ഒക്കെ വിദ്യാർഥിനികളായുണ്ട്‌. ഫോർട്ട്‌ കൊച്ചിയിൽനിന്ന്‌ നടരാജസർവീസിലെത്തുന്ന എന്നെ വനിതാക്ലാസിൽ ഇരുത്തില്ല. ആ ക്ലാസുകഴിഞ്ഞ്‌ ക്ഷീണിതനായാൽ  മറ്റൊരു ദിവസമാകാം നിനക്ക്‌ ക്ലാസ്‌ എന്ന്‌ പറഞ്ഞുവിടും. പിന്നെ മാഷ്‌ പറയുന്ന ദിവസം പഠനത്തിന്‌ ‘നടന്നു’വരണം. ‘എന്റെ ശിവനേ’ എന്ന്‌ വിളിച്ചുപോകും! 
 
? കോവിഡ്‌കാല ആശങ്കകൾ.
 
= ഇത്‌ രോഗകാലം. ഞാൻ രാഗകാലങ്ങളെ എന്നിൽ നിലനിർത്തി അനുകൂല ഊർജം നേടുന്നു. ചിന്തിച്ചാൽ അന്തമില്ല. അതിതീവ്രമാണ്‌ ഇവിടത്തെ അവസ്ഥ.  ഫെബ്രുവരി ഏഴിന്‌ നാട്ടിൽനിന്ന്‌ വന്നതാണ്‌. നാലുമാസമായി പുറംലോകം കണ്ടിട്ട്‌!  നാട്ടിലാണങ്കിലും  വെറുതെ അലയാറില്ല. അതിനാൽ ഈ ഏകാന്ത സാഹചര്യം  പണ്ടേ പരിചിതം. പിന്നെ നമ്മൾ മലയാളികളുടെ ശുചിത്വശീലവും ഭക്ഷണശീലവും  ഋതുചര്യകളും അൽപ്പം അച്ചടക്കവും ഒക്കെ പാലിച്ചാൽ കോവിഡ്‌‐19നെ നമുക്ക്‌ ചിരിച്ച്‌ നേരിടാം, മരിച്ച്‌ മാറിടേണ്ടിവരില്ല!
 
?ഓൺലൈൻ സംഗീതപഠനത്തെപ്പറ്റി.
 
= ഗുരുമുഖത്തുനിന്ന്‌ കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല. ഓൺലൈൻസംഗീതം ‘ഒപ്പിക്കൽ സംഗീത’മാണ്‌. ദക്ഷിണാമൂർത്തിയെ ധ്യാനിച്ച്‌ ദക്ഷിണവച്ച്‌ ഗുരുവിൽനിന്നാണ്‌   അഭ്യസിക്കേണ്ടത്‌.  ദക്ഷിണദിക്കിലേക്ക്‌ തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂർത്തിസ്വരൂപനായ ഗുരു. അഭിമുഖമായിരിക്കുന്ന  ജ്ഞാനജിജ്ഞാസു. ഇവിടെ യഥാർഥ അറിവ്‌, ആചാര്യനിറവ്‌, അനുഗ്രഹമായി അരുമശിഷ്യരിലേക്ക്‌ സംക്രമിക്കും. ഗൂഗിൾഗുരുവിനോ ഓൺലൈൻഗുരുവിനോ ‌സാങ്കേതികമായി നിങ്ങളിലേക്ക്‌ കടന്നുവരാനാകുമെങ്കിലും സർഗാത്മകമായി പ്രവേശിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ സംഗീതപഠനം കുട്ടികൾ നടത്തുന്നുണ്ടെങ്കിൽ ‌ തൽക്കാലം നടക്കട്ടെ. ഉപരിപഠനത്തിന്‌ എന്തായാലും ഇതുവേണ്ട.
 
? മറ്റ്‌ പ്രവർത്തനങ്ങൾ, യാത്രകൾ.
 
= വീടിന്‌ പിന്നിൽ അൽപ്പം കൃഷി. മുന്തിരി, വെണ്ട, തക്കാളി. പഴയ ചിത്രരചനയൊന്നുമില്ല. സംഗീതപുസ്‌തകപ്പുഴുവായി ഇങ്ങനെ അരിച്ചുനടക്കും. കായികവിനോദങ്ങൾ ടെലിവിഷനിൽ കാണും. യാത്രകൾ കുറവാണ്‌. സംഗീതയാത്രകൾ മാത്രം.
 
? ജോർജ്‌ ഫ്ലോയ്‌ഡിന്റെ കറുത്തകൊലയെപ്പറ്റി.
 
= ‘ശ്വസിക്കാൻ പറ്റുന്നില്ലെന്ന്’‌ പറഞ്ഞതുപോലെ വിശ്വസിക്കാൻ പറ്റുന്നില്ല!  ഏറെയേറെ സങ്കടകരം. വാക്കുകൾപോലും കുഴഞ്ഞുവീഴുന്നു.
 
? കേരളത്തിലേക്ക്‌.
 
= വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഇപ്പോൾ ഈ ആഗ്രഹം, അത്യാഗ്രഹത്തിനുമപ്പുറമല്ലേ. ഈ മാർച്ച്‌ 31ന്‌ അപ്പച്ചന്റെ പിൻഗാമിയായി, വണക്കമാസ സംഗീതപരിപാടിക്ക്‌ ഫോർട്ട്‌ കൊച്ചി അധികാരിവളപ്പ്‌ കപ്പേളയിൽപ്പോലും എത്താനായില്ല!   ഈ ആതുരാവസ്ഥയും ആകുലാവസ്ഥയുമൊക്കെ മാറി ‘ആനന്ദഭൈരവി’യുടെ ആവണിപ്പുലരി വരട്ടെ. നോക്കാം. അന്ന്‌, അപ്പോൾ, അവിടെ കാണാമെന്നുകരുതാം.
 
മംഗളം ചൊല്ലി മറുതലയ്‌ക്കലെ ഗന്ധർവൻ മൗനമാകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top