24 April Wednesday

സെനോബോട്ട് വിസ്മയമായി പുതിയ ജീവരൂപം-

സീമ ശ്രീലയംUpdated: Thursday Mar 19, 2020


റോബോട്ടുമല്ല... സാധാരണ ജീവിയുമല്ല, ശരീരത്തിനുള്ളിൽ ഓടിനടന്ന് കൃത്യസ്ഥലത്ത് സൂക്ഷ്മമായി മരുന്നെത്തിക്കും, ജലത്തിൽനിന്നും അതിസൂക്ഷ്മമായ മാലിന്യങ്ങളെവരെ നീക്കം ചെയ്യും! സെനോബോട്ട് എന്ന ‘ജീവനുള്ള റോബോട്ടിന്റെ’ കാര്യമാണ് പറഞ്ഞുവരുന്നത്. തവളയുടെ വിത്തുകോശങ്ങളിൽനിന്നു സൃഷ്ടിച്ച ഇവ ശരിക്കും റോബോട്ടുമല്ല എന്നാൽ, സാധാരണ ജീവിയുമല്ല. പുതിയൊരു ജീവരൂപം, പ്രോഗ്രാം ചെയ്യാവുന്ന ജീവരൂപം എന്നൊക്കെയാണ് ശാസ്ത്രജ്ഞർ സെനോബോട്ടുകളെ വിശേഷിപ്പിക്കുന്നത്. മഹാവിസ്മയമായ ജീവന്റെ സോഫ്റ്റ്‌വെയർ കൈപ്പിടിയിൽ ഒതുക്കി വിസ്മയപ്പെരുമഴ പെയ്യിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. സെനോപ്പസ് ലെവിസ് എന്ന ആഫ്രിക്കൻ തവളയുടെ വിത്തുകോശങ്ങളുപയോഗിച്ചു സൃഷ്ടിച്ചതിനാലാണ്‌ ഇവയെ സെനോബോട്ടുകൾ എന്നു വിളിക്കുന്നത്. ഒരു മില്ലിമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള സെനോബോട്ടുകളുടെ രംഗപ്രവേശത്തോടെ ഇവല്യൂഷണറി റോബോട്ടിക്സിന്റെ അത്ഭുത ലോകത്തിലേക്കുള്ള വാതിലുകളാണ് തുറന്നിരിക്കുന്നത്‌.

‘ജീവനുള്ള റോബോട്ടുകൾ’ സാധ്യതകൾ-
യുഎസിലെ വെർമോണ്ട് സർവകലാശാലയിലെയും ടഫ്റ്റ് സർവകലാശാലയിലെയും ഗവേഷകരാണ് ശാസ്ത്രകൽപ്പിത കഥകളെയും വെല്ലുന്ന ഈ നേട്ടത്തിനു പിന്നിൽ. വെർമോണ്ടിലെ കംപ്യൂട്ടർ ശാസ്ത്രജ്ഞനും റോബോട്ടിക്സ് വിദഗ്ധനുമായ ജോഷ്വാ ബോൺഗാർഡിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഒരു സൂപ്പർ കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് ഇത്‌ രൂപകൽപ്പന ചെയ്തെടുത്തത്. ഈ ജീവരൂപത്തെ യാഥാർഥ്യമാക്കിയത്‌ ടഫ്റ്റ് സർവകലാശാലയിലെ ജീവശാസ്ത്രജ്ഞരും. ടഫ്റ്റിലെ സെന്റർ ഫോർ റീജനറേറ്റീവ് ആൻഡ്‌ ഡവലപ്മെന്റ് ബയോളജി ഗവേഷകനായ മൈക്കൽ ലെവിനും ഡഗ്ലസ് ബ്ലാകിസ്റ്റണും ഈ ഗവേഷണത്തിൽ പ്രധാന പങ്കുവഹിച്ചു. മറ്റ് കുഞ്ഞൻ യന്ത്രങ്ങൾക്ക് സാധ്യമാകാത്ത പല കാര്യങ്ങളും ചെയ്യാൻ സെനോബോട്ടുകളെ ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്. ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കൽ, അർബുദ കോശങ്ങളിൽ കൃത്യമായി മരുന്നെത്തിക്കൽ, കോശത്തകരാറുകൾ യഥാസമയം പരിഹരിക്കൽ, സമുദ്രത്തിൽനിന്ന് ഇത്തിരിക്കുഞ്ഞു മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യൽ, അതിസൂക്ഷ്മമായ തോതിൽപ്പോലുമുള്ള റേഡിയോ ആക്റ്റീവ് മാലിന്യങ്ങളുടെയും മാരകമായ രാസവസ്തുക്കളുടെയുമൊക്കെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവയെ നീക്കം ചെയ്യൽ... ഇങ്ങനെ നീളുന്നു നൂതന ജീവരൂപത്തിന്റെ സാധ്യതകൾ. ജനിതകമാറ്റം വരുത്തിയെടുത്തുണ്ടാക്കുന്ന സൂക്ഷ്മജീവികളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ ജൈവ മെഷീനുകൾ എന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.




പിറവി -ആഫ്രിക്കൻ തവളയിൽനിന്ന്‌
വെർമോണ്ട് സർവകലാശാലയിലെ ഡീപ് ഗ്രീൻ സൂപ്പർ കംപ്യൂട്ടർ ക്ലസ്റ്ററിൽ ഇവല്യൂഷണറി അൽഗോരിതം ഉപയോഗിച്ച് ആഫ്രിക്കൻ തവളയുടെ ഭ്രൂണ വിത്തുകോശങ്ങളെ പല രീതിയിൽ അണിനിരത്തി, പല ആകൃതിയിൽ അവ കൂടിച്ചേരുകയും വേർപിരിയുകയും ചലിക്കുകയും ചെയ്യുന്ന വിധം മനസ്സിലാക്കി വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ആയിരക്കണക്കിന് സെനോബോട്ട് ഡിസൈനുകളാണ് ഗവേഷകർ സാധ്യമാക്കിയത്. ഇവയുടെ ത്രിമാന ഘടനകളുടെ കംപ്യൂട്ടർ സിമുലേഷൻ വിശകലനം ചെയ്ത് ഏറ്റവും അനുയോജ്യമായത് മാത്രം തെരഞ്ഞെടുത്താണ് തുടർ പരീക്ഷണങ്ങളിലേക്ക് നീങ്ങിയത്. കംപ്യൂട്ടറിൽ ഡിസൈൻ ചെയ്ത ജീവരൂപങ്ങൾ യാഥാർഥ്യമാക്കുന്നതിൽ ടഫ്റ്റ് സർവകലാശാലയിലെ മൈക്കൽ ലെവിനും ഡഗ്ലസ് ബ്ലാക്കിസ്റ്റണും പ്രധാന പങ്കു വഹിച്ചു. അതിനായി ആഫ്രിക്കൻ തവളയുടെ ഭ്രൂണത്തിൽനിന്നും ഹൃദയകോശങ്ങളും ചർമകോശങ്ങളും വേർതിരിച്ചെടുത്ത് അവയെ ഓരോന്നായി വേർതിരിച്ച് ഇൻക്യുബേറ്റ് ചെയ്തു. അതിനുശേഷം അതിസൂക്ഷ്മമായി ഇവയെ മുറിച്ചും പല രീതിയിൽ കൂട്ടിയിണക്കിയുമൊക്കെ കംപ്യൂട്ടർ ഡിസൈൻ ചെയ്ത ഒരു ജീവരൂപമാക്കി മാറ്റുകയായിരുന്നു. അങ്ങനെ ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഭൂമിയിൽ ഇതുവരെയില്ലാത്ത ഒരു ജീവരൂപം യാഥാർഥ്യമായി! ഇവ ചലിക്കും , വിവിധ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം കൂടിച്ചേർന്ന് പല പാറ്റേണുകൾ സൃഷ്ടിക്കും, രണ്ടായി മുറിച്ചാൽ സ്വയം കൂടിച്ചേരുകയും ചെയ്യും! ഇത്തിരിക്കുഞ്ഞു പദാർഥങ്ങളെ വഹിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. തവളയിൽനിന്നു വേർതിരിച്ചെടുത്ത ഹൃദയകോശങ്ങളുടെ സങ്കോചവികാസങ്ങളാണ് ഈ ജൈവ റോബോട്ടുകളെ ചലിക്കാൻ സഹായിക്കുന്നത്.

പരിസ്ഥിതി സൗഹൃദം
പ്ലാസ്റ്റിക്കും വിവിധ ലോഹങ്ങളുമടക്കം പല പദാർഥങ്ങൾ അടങ്ങിയകുഞ്ഞൻ റോബോട്ടുകളെ സൃഷ്ടിക്കാൻ കഴിയുമെങ്കിലും ഉപയോഗശൂന്യമായി ഇവ ഉപേക്ഷിക്കപ്പെടുമ്പോൾ ഇതിലെ പ്ലാസ്റ്റിക് അടക്കമുള്ള പല പദാർഥങ്ങളും പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. സെനോബോട്ടുകൾ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ഇവയുടെ ആയുസ്സ് ഏതാണ്ട് ഒരാഴ്ച മാത്രമാണ്. ജൈവകോശങ്ങളായതുകൊണ്ടു തന്നെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഇവ ജൈവ വിഘടന വിധേയവുമാണ്. കോശങ്ങൾ പരസ്പരം എങ്ങനെ ആശയവിനിമയം നടത്തുന്നു, അവയെ ഏതൊക്കെ രീതിയിൽ കൂട്ടിയിണക്കാം, അവയെ കംപ്യൂട്ടർ സഹായത്തോടെ എങ്ങനെ റീപ്രോഗ്രാം ചെയ്യാം തുടങ്ങി ജീവ രഹസ്യങ്ങളുടെ അൽഗോരിതം ശാസ്ത്രജ്ഞരുടെ കൈപ്പിടിയിൽ ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്.




അനന്തസാധ്യതകൾ, ആശങ്കകളും
ജനിതക എൻജിനിയറിങ് സങ്കേതങ്ങളിലൂടെ സൃഷ്ടിക്കുന്ന ജനിതക മാറ്റം വരുത്തിയ ജീവജാലങ്ങളും സിന്തറ്റിക് ബയോളജി ഗവേഷണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ജീവരൂപങ്ങളും ക്രിസ്പർ, പ്രൈം എഡിറ്റിങ് പോലുള്ള നൂതന ജീൻ എഡിറ്റിങ് സങ്കേതങ്ങളും ഇവല്യൂഷണറി റോബോട്ടിക്സുമൊക്കെ ജീവനെക്കുറിച്ചും ജീവരൂപങ്ങളെക്കുറിച്ചും ഇന്നോളമുള്ള ധാരണകളെ തിരുത്തിക്കുറിച്ചു കൊണ്ടിരിക്കുകയാണ്. ജീവന്റെ മഹാരഹസ്യങ്ങൾ കൈപ്പിടിയിൽ ഒതുക്കി നടത്തുന്ന ഇത്തരം പരീക്ഷണങ്ങൾ അനന്ത സാധ്യതകൾക്കും അറ്റമില്ലാത്ത പ്രതീക്ഷകൾക്കും ഒപ്പം ആശങ്കകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.

പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ചു നടത്തുന്ന ഇത്തരം പരീക്ഷണങ്ങളുടെ ധാർമിക നൈതിക പ്രശ്നങ്ങളാണ്‌ ചിലർ ഉയർത്തുന്നത്‌. പരിസ്ഥിതിയെ തകിടം മറിക്കുന്ന പുതിയ ജീവരൂപങ്ങളും മാരക ജൈവായുധങ്ങളുമൊക്കെ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന ആശങ്കയും ഏറെ. മേരി ഷെല്ലിയുടെ പ്രശസ്ത സയൻസ് ഫിക്ഷൻ ആയ ഫ്രാങ്കൻസ്റ്റൈനിലെ ഫ്രാങ്കൻസ്റ്റൈൻ എന്ന ശാസ്ത്രജ്ഞന്റെ അവസ്ഥയിലേക്കാകുമോ ഇത്തരം ഗവേഷണങ്ങൾ മനുഷ്യനെ എത്തിക്കുക എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. എന്നാൽ ജീവ രഹസ്യങ്ങൾ അതിസൂക്ഷ്മ തലത്തിൽ മനസ്സിലാക്കുക, ജനിതക രോഗങ്ങളെയും മാരക രോഗങ്ങളെയും പേടിക്കേണ്ടാത്ത ഒരു കാലം സാധ്യമാക്കുക, ശരീരത്തിനുള്ളിൽ ഓടിനടന്ന് അറ്റകുറ്റപ്പണികൾ നടത്തുന്ന, നൂതന ഔഷധങ്ങളുടെ നിർമാണം സാധ്യമാക്കുന്ന, ജലാശയങ്ങളിൽനിന്നു മാരകമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന , ഇന്ധനങ്ങളുടെ പുതുതലമുറ സൃഷ്ടിക്കാൻ സഹായിക്കുന്ന നൂതന ജീവരൂപങ്ങളെ യാഥാർഥ്യമാക്കാനും ലോകം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനുമാണ് തങ്ങളുടെ ശ്രമം എന്നാണ് ഈ രംഗത്തെ ഗവേഷകരുടെ അവകാശവാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top