29 March Friday

എൺപതിലും ബാല്യത്തിന്റെ ആഹ്ലാദം : സേതു

പ്രത്യേക ലേഖകൻUpdated: Wednesday Aug 24, 2022


കൊച്ചി
‘‘എൺപതാംവയസ്സിൽ എനിക്കിത്‌ രണ്ടാംബാല്യം. 40 പുസ്‌തകം രചിച്ചതിൽ രണ്ട്‌ ബാലസാഹിത്യംമാത്രം. രണ്ടിനും അവാർഡും കിട്ടി. രണ്ടാമത്തെ ബാലസാഹിത്യത്തിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിക്കുമ്പോൾ  ഈ 80–-ാംവയസ്സിലും ബാല്യത്തിന്റെ ആഹ്ലാദം നിറയുന്നു’’–-- ചേക്കുട്ടി എന്ന നോവലിന്‌, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം ലഭിച്ച നോവലിസ്‌റ്റ്‌ സേതു, ആലുവയ്‌ക്കടുത്ത്‌ കടുങ്ങല്ലൂരിലെ വീട്ടിലിരുന്ന്‌ സന്തോഷം ‘ദേശാഭിമാനി’യുമായി പങ്കുവച്ചു. 

‘അപ്പുവും അച്ചുവും’ എന്ന ആദ്യ ബാലസാഹിത്യകൃതിക്ക്‌ സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുരസ്‌കാരവും അബുദാബി ശക്തി അവാർഡും ലഭിച്ചു. ‘അടയാളങ്ങൾ’ എന്ന നോവലിന്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

‘‘ചേക്കുട്ടി എന്നാൽ ചേറിനെ അതിജീവിച്ച കുട്ടിയെന്നാണ്‌. എന്റെ ജന്മനാടായ ചേന്ദമംഗലത്തിന്റെ അതിജീവനത്തിലൂടെ ചേക്കുട്ടിപ്പാവകൾക്ക്‌ ജീവൻവയ്ക്കുന്നതാണ്‌ നോവലിന്റെ ഇതിവൃത്തം. ചേന്ദമംഗലത്തിന്റെ ജീവിതതാളംതന്നെ കൈത്തറിയുമായി ബന്ധപ്പെട്ടതാണ്‌. 2018ലെ പ്രളയത്തിൽ വെള്ളവും ചെളിയുംകയറി നശിച്ച കൈത്തറിത്തുണികളിൽനിന്ന്‌ ചേക്കുട്ടിപ്പാവ നിർമിച്ച്‌ ചേന്ദമംഗലം അതിജീവനം കണ്ടെത്തി. ലക്ഷ്‌മിമേനോനും ഗോപിനാഥ്‌ പാറയിലുമാണ്‌ ഈ ആശയവുമായി വന്നത്‌. നോവലിന്‌ അവാർഡ്‌ ലഭിച്ചപ്പോൾ അവരും സന്തോഷം പങ്കുവയ്ക്കാൻ വിളിച്ചു’’–-സേതു പറഞ്ഞു.

രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡിനും -(പേടിസ്വപ്നങ്ങൾ, പാണ്ഡവപുരം), വയലാർ അവാർഡ്‌, മുട്ടത്തുവർക്കി അവാർഡ്‌, ഓടക്കുഴൽ പുരസ്‌കാരം എന്നിവയ്ക്കും സേതു അർഹനായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top