04 June Sunday

കത്തുന്ന പാടത്ത് മഴയായ് പൊഴിയാം; മാർച്ച് 27 ലോക നാടകദിനം

പ്രമോദ് പയ്യന്നൂർ pramodpynr@gmail.comUpdated: Sunday Mar 26, 2023

മാർച്ച് 27 ലോക നാടകദിനം

വരാനിരിക്കുന്ന വിപ്ലവത്തിന്റെ റിഹേഴ്സലുകളാണ് ദിശാബോധമുള്ള ഓരോ നാടകവും എന്ന അടിച്ചമർത്തപ്പെട്ടവരുടെ നാടകവേദിയുടെ (Theatre of oppressed) വക്താവായ അഗസ്റ്റോപോളിന്റെ ചിന്തകൾ പോലെ, മാറി വരുന്ന രംഗബോധങ്ങളുടെയും ദാർശനികതയുടെയും വെളിപാടുകളാണ് ലോകനാടകദിന സന്ദേശങ്ങൾ. 1961-ൽ ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടാണ് ലോകനാടകദിനം എന്ന ആശയത്തിന് നാന്ദി കുറിച്ചത്. ഫ്രാൻസിലെ ജീൻ കോറ്റ്കോ 1961-ൽ തുടക്കംകുറിച്ച ലോകനാടകദിന സന്ദേശം ഐടിഐയുടെ ക്ഷണപ്രകാരം എത്തുന്ന വിഖ്യാത സർഗസാന്നിധ്യങ്ങൾ നവചിന്തകളോടെ തുടർന്നുവരുന്നു.

ഈ വർഷത്തെ ലോകനാടകദിന സന്ദേശം സാംസ്കാരിക ലോകത്തിനു മുന്നിലേക്കായ് കരുതലോടെ കുറിച്ചിട്ടത്. ഈജിപ്ഷ്യൻ അഭിനേത്രിയും നാടകവേദിയിലും ചലച്ചിത്ര, മിനിസ്ക്രീൻ രംഗത്തും ഒരുപോലെ പ്രകാശിച്ച പ്രതിഭയുമായ സമീഹ അയൂബാണ്. 2015-ൽ കലാരംഗത്തെ ഈജിപ്തിലെ പരമോന്നത ബഹുമതിയായ നൈൽ അവാർഡ് നേടിയ സമീഹ അയൂബ് 1972 മുതൽ 1975 വരെ മോഡേൺ തിയറ്റർ രംഗത്ത് സജീവ സാന്നിധ്യമറിയിച്ച്, 1975 മുതൽ 1985 വരെ അൽ - ഖൗമി തിയറ്ററിന്റെ ഡയറക്ടർ എന്ന നിലയിൽ സർഗ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ്. 

ലോകം മുഴുവൻ ഒറ്റപ്പെട്ടതുപോലെയായി എന്ന തോന്നലുള്ള കാലത്താണ് ഞാൻ ഈ ലോകനാടകദിന സന്ദേശം നൽകുന്നതെന്ന് സമീഹ അയൂബ് മുഖവുരയായി പറയുന്നു. ദ്വീപുകളിൽ അകപ്പെട്ടതുപോലെ, അതല്ലെങ്കിൽ മൂടൽമഞ്ഞ് നിറഞ്ഞ ചക്രവാളത്തിൽനിന്നും ഓടിയകലുന്ന കപ്പലുകൾപോലെ, പ്രകാശഗോപുരങ്ങൾ കാണാതെ, അവ യാത്ര ചെയ്യുന്നു. കപ്പലിന് ദിശാബോധമേകുന്ന വെളിച്ചപ്പൊട്ടുകൾ എവിടേയും കാണുന്നതേയില്ല. എങ്കിലും പ്രത്യാശ കൈവിടുന്നില്ല നമ്മൾ. നീണ്ട അലഞ്ഞുതിരിയലുകൾക്കുശേഷം സുരക്ഷിതമായ ഒരു തുറമുഖത്ത് എത്തിച്ചേരാമെന്ന പ്രതീക്ഷയിൽ കപ്പൽ യാത്ര തുടരുകയാണ് നമ്മൾ. അലറുന്ന കടലിന്റെ നടുവിൽ...

 സമീഹ അയൂബ്

സമീഹ അയൂബ്

അസ്വസ്ഥമായ മനസ്സോടെയാണ് സമീഹ അയൂബ് വർത്തമാനകാലത്തെ നോക്കിക്കാണുന്നത്. എങ്കിലും പ്രതീക്ഷകൾ കൈവിടുന്നില്ല കാരണം നാടകം പ്രബുദ്ധതയുടെയും അതിജീവനത്തിന്റെയും കലയാകുമ്പോൾ അരങ്ങിലുയിർത്ത സമീഹ അയൂബും കൂരിരുളിൽ നക്ഷത്രങ്ങളെ കിനാവു കാണുന്നു. 

ആധുനികലോകം അഭിമുഖീകരിക്കുന്ന സംഘർഷങ്ങൾ, യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പകയുടെയും ദുരയുടെയും അതിരുകൾ ഇവയുടെയെല്ലാം പരിണതഫലം അസ്ഥിരതയാണ്. നമ്മുടെ ഭൗതിക ജീവിതത്തെ മാത്രമല്ല, ആത്മീയതയേയും മനഃസമാധാനത്തെയും ഇത് ഇല്ലായ്മചെയ്യും– എന്ന് സമീഹ അയൂബ് ഈ വർഷത്തെ ലോകനാടകദിന സന്ദേശത്തിൽ എടുത്തു പറയുന്നു.

അതിരുകളുടേതായിരുന്നില്ല നമ്മുടെ ലോകം. സംവേദന സാധ്യതകൾ ഏറിയ വിവരസാങ്കേതികവിദ്യയുടെ വർത്തമാന കാലത്തേക്കാൾ മാനവരാശി ചരിത്രകാലങ്ങളിലും കൂടുതലായി പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. പക്ഷെ... അന്ന് മനുഷ്യർ ഒരിക്കലും ഇത്രത്തോളം അകലുന്നവരും വിയോജിപ്പുള്ളവരും ആയിരുന്നില്ല. സമകാലിക ലോകം നമുക്കുമേൽ അടിച്ചേൽപ്പിക്കുന്ന നാടകീയമായ വിരോധാഭാസം അസംബന്ധങ്ങളുടെ ഘോഷയാത്രപോലെ ഇവിടെ ദർശിക്കാം. ഭൂമിശാസ്ത്രപരമായ അതിർത്തികളുടെയും സംഘർഷങ്ങളുടെയും പിരിമുറുക്കങ്ങളുടെയും തടസ്സങ്ങൾ തകർത്തെറിയുന്ന ആശയവിനിമയങ്ങൾക്കും നേർക്കാഴ്ചകൾക്കും എവിടെയൊക്കെയോ ഇടർച്ച സംഭവിച്ചിരിക്കുന്നു. സംഘബോധത്തിന്റെ കരുത്താർന്ന ഒത്തുചേരലിൽനിന്നും നമ്മെ അകറ്റുന്ന വ്യതിചലനങ്ങളിൽ മനുഷ്യത്വത്തിന്റെ വ്യാസം ചുരുങ്ങിവരുന്നു.

മാനവികതയുടെ യഥാർഥസത്തയിൽ അധിഷ്ഠിതമായ തികച്ചും മാനുഷികമായ സർഗക്രിയയാണ് നാടകം. ഒരിക്കലും കാലിൽ ചെളി പുരണ്ട മനസ്സോടെ തിയറ്ററിനകത്തേക്ക്‌ വരരുതെന്ന സ്റ്റാൻസ്ലാവ്സ്ക്കിയുടെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ട് സമീഹ അയൂബ് പറയുന്നു. പൊടിയും അഴുക്കും പുറത്തുവിടുക. ആശങ്കകളും വഴക്കുകളും മാറ്റിവയ്ക്കുക. അത് കലയിൽനിന്നുള്ള ശ്രദ്ധതിരിപ്പിക്കും. രംഗവേദിയിൽ കയറുന്ന മനുഷ്യന് ഒരേയൊരു ജീവൻ മാത്രമേയുള്ളൂ. എന്നാൽ ആ ജീവന് വിഭജിക്കുവാനും ഈ ലോകത്ത് നാം കണ്ടറിഞ്ഞ അനേകം ജീവിതാനുഭവങ്ങളായും കഥാപാത്രങ്ങളായും മാറുവാനുമുള്ള കഴിവുണ്ട്. അങ്ങനെ അരങ്ങ് ജീവൻ പ്രാപിച്ച്, തളിരിട്ട് വളർന്ന് പൂചൂടി മറ്റുള്ളവരിലേക്ക്‌ സുഗന്ധം പരത്തുന്നു.

രംഗവേദിയിൽ നിറവേറ്റപ്പെടുന്നത് ജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങളാണ്. അത് ഉൽപ്പാദിപ്പിക്കപ്പെടുന്നത് ശൂന്യതയിൽനിന്നാണ്. ജീവിതത്തിന് മഹത്വം നൽകുന്നത് നമ്മൾ തന്നെയാണ്. കലയുടെ വെളിച്ചം നമുക്ക് അജ്ഞതയുടെയും തീവ്രവാദത്തിന്റെയും ഇരുട്ടിനെ നേരിടാൻ കരുത്ത് പകരുന്നു. സമൂഹജീവിതത്തെ ഊർജ്വസ്വലവും അർഥപൂർണവുമാക്കുവാൻ അരങ്ങിൽ വിയർക്കുന്നവരുടെ സമയം, കണ്ണുനീർ, രക്തം, ഞരമ്പുകൾ എല്ലാം സത്യം, നന്മ, സൗന്ദര്യം എന്നീ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്നവരാണ് കലാസമൂഹം. നാടകവേദിയിൽ തോളോട് തോൾ ചേർന്ന് നമ്മുടെ ശബ്ദത്തിനു മുകളിലേക്ക്‌ ഉറക്കെ വിളിക്കുവാൻ, മനുഷ്യത്വത്തിന്റെ നഷ്ടമായ സത്തയെ ഓരോരുത്തരുടെയും ഉള്ളറകളിൽ തിരയുവാൻ നേരിനായ് മനഃസാക്ഷികളെ ഉണർത്തുവാൻ നമുക്ക് സാധിക്കട്ടെ. സ്നേഹം, സഹാനുഭൂതി, സ്വാതന്ത്ര്യം എന്നിവ ഈ ഭൂമിയിൽ നിലനിൽക്കേണ്ടതുണ്ട്. വംശീയത, രക്തരൂക്ഷിതമായ സംഘർഷങ്ങൾ, തീവ്രവാദം എന്നിവ ഈ ഭൂമിയിൽ  നടന്നിട്ടുണ്ടെന്നതും ഇനിയും നടന്നുകൊണ്ടേയിരിക്കുമെന്നുമുള്ളതും യാഥാർഥ്യമാണ്. അതിനാൽ നിങ്ങളുടെ കാലുകൾ ചുവടുറപ്പോടെ മുന്നോട്ടു വയ്ക്കുക. യുദ്ധങ്ങളുടെയും രക്തരൂക്ഷിതമായ സംഘട്ടനങ്ങളുടെയും ചെളിവെള്ളം രംഗവേദിയുടെ വാതിൽക്കൽ ഉപേക്ഷിക്കുക. വർഗീയതയ്ക്കും, പകയ്ക്കുമപ്പുറം നമ്മൾ മനുഷ്യരാണെന്ന് അഭിമാനിക്കാവുന്ന ഉറപ്പാണ് തിയറ്റർ കൂട്ടായ്മയിലൂടെ നമ്മൾ നേടി എടുക്കേണ്ടത്. പ്രബുദ്ധതയുടെ സന്ദേശ വാഹകരാകണം നാടകക്കാർ. മനുഷ്യ ജീവിതത്തിന്റെ നേരുകൾ ആവിഷ്കരിക്കുവാൻ നമുക്ക് ഒരുമിച്ച് വ്യാപരിക്കാം. ഒരേ ഒരു ലോകത്തിനും മനുഷ്യത്വത്തിനും വേണ്ടി.

Necessity of Art എന്ന ശീർഷകത്തിൽ ഏണസ്റ്റ് ഫിഷർ എഴുതിയ പുസ്തകം കലയും മനുഷ്യനുമായുള്ള പൊക്കിൾക്കൊടി ബന്ധത്തേയാണ് അടയാളപ്പെടുത്തുന്നത്. Necessity of Theatre എന്ന പേരിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റ് തലവനായ പോൾവുഡ് റഫ് എഴുതിയ ഗ്രന്ഥം പുതിയ കാലത്തിന്റെ പോയറ്റിക്സ് ആണെന്ന് ആധുനിക കലാനിരൂപകർ വിലയിരുത്തിയിട്ടുണ്ട്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രത്തെ നവശൈലിയിൽ  Necessity of Theatre മുന്നോട്ടുവയ്ക്കുന്നു. ഈ ചിന്തകൾക്കൊപ്പം പറക്കുന്നതും പുതുകാലത്തെ അർഥയുക്തമായി വ്യാഖ്യാനിച്ചെടുക്കുന്നതുമായ ചിന്തകളാണ് ഓരോ വർഷത്തേയും വൈവിധ്യമാർന്ന ലോക നാടക ദിന സന്ദേശങ്ങളിലൂടെ പ്രകാശിതമാകുന്നത്. അവയോരോന്നും മാനവീകതയുടെയും സമഭാവനയുടെയും പ്രതിരോധത്തിന്റെയും അഗ്നിയാളുന്ന ചിന്തകളാകുന്നുവെന്ന് ഈ വർഷത്തെ സമീഹ അയൂബിന്റെ ലോകനാടകദിന സന്ദേശവും സാക്ഷ്യപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top