20 May Friday

ലോകം 2021

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

 

അഫ്‌ഗാനിൽ വീണ്ടും താലിബാൻ
അഫ്‌ഗാനിൽനിന്ന്‌ അമേരിക്ക പിൻവാങ്ങിയത് രാജ്യം പൂർണമായും താലിബാന് അടിയറവച്ചുകൊണ്ട്. 20 വർഷത്തിനുശേഷം താലിബാൻ വീണ്ടും അധികാരത്തിൽ. രാജ്യത്തിന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ’ എന്നുമാറ്റി. പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടു.

സോവിയറ്റ്‌ യൂണിയനും സോഷ്യലിസ്റ്റ്‌ ചേരിക്കുമെതിരെ അമേരിക്ക നടത്തിയ ശീതയുദ്ധത്തിന്റെ സന്തതിയാണ്‌ താലിബാൻ. 1978ൽ അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിൽ എത്തിയ പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ (പിഡിപി) സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പണവും ആയുധവും ഒഴുക്കി സംഘടിപ്പിച്ച മുജാഹിദീനുകളിൽനിന്നാണ്‌ താലിബാന്റെ പിറവി. കമ്യൂണിസ്റ്റ്‌ ഭരണാധികാരി നജീബുള്ളയെ വധിച്ച്‌ 25 വർഷം തികയവെയാണ്‌ വീണ്ടും അഫ്‌ഗാൻ ഭീകരരുടെ കൈപ്പിടിയിൽ എത്തിയത്‌.

കോവിഡ്‌
പുത്തൻ വകഭേദങ്ങളിലൂടെ കോവിഡ് മഹാമാരി വീണ്ടും ലോകത്തിന് ഭീഷണിയായി തുടരുന്നു. ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്കു പിന്നാലെ ഒമിക്രോൺ പുതിയ ഭീഷണിയായി. അന്താരാഷ്ട്രയാത്ര വിലക്കിയും നിയന്ത്രണം കടുപ്പിച്ചും ക്രിസ്മസ്‌, പുതുവത്സര ആഘോഷങ്ങൾ ചുരുക്കിയും ലോകം ഒമിക്രോണിനെ വരുതിയിലാക്കാൻ തത്രപ്പെട്ടു. ഡിസംബർ 22 വരെ 184 രാജ്യത്തിലായി 865 കോടി ഡോസ്‌ വാക്‌സിൻ നൽകി.

അമേരിക്കയിൽ ഭരണമാറ്റം
ഡോണൾഡ്‌ ട്രംപിന്റെ ഭ്രാന്തൻവാഴ്‌ചയ്‌ക്ക്‌ അന്ത്യംകുറിച്ച്‌ ജോ ബൈഡൻ അമേരിക്കയുടെ നാൽപ്പത്താറാമത്‌ പ്രസിഡന്റായി. ഇന്ത്യയിൽ വേരുള്ള കമല ഹാരിസ്‌ രാജ്യത്തിന്റെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി. ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കാൻ സംയുക്തസമ്മേളനം ചേരവേ യുഎസ്‌ കോൺഗ്രസിനെ വിരട്ടാൻ അനുകൂലികളെ ഇറക്കി ട്രംപ് നടത്തിയ റാലി പാർലമെന്റ്‌ ആക്രമണമായി മാറി.

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ 
പാർടിക്ക്‌ 100
1921 ജൂലൈ ഒന്നിന്‌ അതീവരഹസ്യമായി ഷാങ്‌ഹായിൽ ചേർന്ന 12 കമ്യൂണിസ്റ്റുകാരുടെ യോഗമാണ്‌ സിപിസി രൂപീകരിച്ചത്‌. 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. അതിക്രമങ്ങളെ നേരിട്ട്‌, കുമിന്താങ്ങുകളോടും ജപ്പാന്റെ അധിനിവേശ സേനയോടും പോരാടി വീണ്ടും വളർന്ന പാർടി 1949ൽ പുതുയുഗത്തിനു തുടക്കംകുറിച്ചു. ആ ഒക്‌ടോബർ ഒന്നിനാണ്‌ മൗ സെ ദൊങ്‌ ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചത്‌. ജനകീയവിപ്ലവ ചൈന കടന്നുവന്ന വഴികളും കൈവരിച്ച നേട്ടങ്ങളും പുനരവലോകനംചെയ്ത് ഭാവിയിലേക്കുള്ള കുതിപ്പിന് ഊർജം പകർന്ന്‌ ആറാം സിപിസി പ്ലീനം സംഘടിപ്പിച്ചു.

മ്യാൻമറിലും മാലിയിലും പട്ടാള അട്ടിമറി
മ്യാന്മറിൽ വീണ്ടും പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചു . ഓങ് സാങ്‌ സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കി. മാലിയിലെ ഇടക്കാല സർക്കാരിലെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സൈന്യം പുറത്താക്കി.

മാർപാപ്പ ഇറാഖിൽ
ഇറാഖ്‌ സന്ദർശിച്ച ആദ്യ മാർപാപ്പ എന്ന ഖ്യാതി പോപ്പ്‌ ഫ്രാൻസിസ്‌ സ്വന്തമാക്കി.  മാർപാപ്പ ഇറാഖിലെ പരമോന്നത ഷിയ മുസ്ലിം മതപണ്ഡിതൻ‌ ഗ്രാൻഡ്‌‌ അയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ചയും നടത്തി.

ഛാഡ്‌ പ്രസിഡന്റിനെ വധിച്ചു
മുപ്പത്‌ വർഷത്തിലധികമായി ഛാഡ്‌ പ്രസിഡന്റായിരുന്ന ഇദ്രിസ്‌ ഡെബി ഇറ്റ്‌നോ കൊല്ലപ്പെട്ടു. ഏപ്രിൽ 11നു നടന്ന തെരഞ്ഞെടുപ്പിൽ ഡെബി ജയിച്ചതായി തെരഞ്ഞെടുപ്പുകമീഷൻ പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകമാണ്‌ സംഭവം.

ഫ്ലോയ്‌ഡ് വധം
കറുത്ത വംശജൻ ജോർജ്‌ ഫ്ലോയ്‌ഡിനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ മുൻ മിനപോളിസ്‌ പൊലീസുകാരൻ ഡെറിക്‌ ഷോവിൻ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. ഇരുപത്തിരണ്ടര വർഷം തടവിനു ശിക്ഷിച്ചു. 

ആക്രമണം തുടർന്ന്‌ 
ഇസ്രയേൽ
പലസ്‌തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ കടന്നുകയറ്റം തുടരുന്നു. ഗാസ മുനമ്പിൽ ആഗസ്‌തിൽ തുടർച്ചയായി 11 ദിവസമാണ്‌ ആക്രമണം നടത്തിയത്‌. വിഷവാതക റോക്കറ്റുകൾവരെ ഉപയോഗിച്ചു.  ഇസ്രയേൽ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയിലെ പ്രമേയം അമേരിക്ക എതിർത്തു. ഇസ്രയേലിൽ 12 വർഷം നീണ്ട നെതന്യാഹു യുഗം അവസാനിച്ചു.  തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രിയായി.

ബംഗ്ലാദേശിന്റെ പിറവിക്ക്‌ 50
പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്ന്‌ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായും വേറിട്ടു നിന്ന കിഴക്കൻ പാകിസ്ഥാന്റെ സ്വാതന്ത്ര്യ സ്വപ്‌നം സാധ്യമാക്കിയത്‌ ഇന്ത്യയാണ്‌. 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ‍ വിമോചനം നേടി.

പാരിസ്‌ ഉടമ്പടിയിൽ തിരിച്ചെത്തി അമേരിക്ക
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ്‌ ഉടമ്പടിയിൽ അമേരിക്ക തിരിച്ചെത്തി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നത്‌ വികസിത രാജ്യങ്ങളുടെ ബാധ്യതയാക്കുന്ന 2015ലെ പാരിസ് ഉച്ചകോടി ഉടമ്പടിയിൽനിന്ന്‌ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.

ഗ്ലാസ്‌ഗോ ഉച്ചകോടി
ഒക്ടോബർ 31 മുതൽ നവംബർ 12 വരെ ഗ്ലാസ്ഗോയിൽ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി നടന്നു. പാരിസ്‌ ഉടമ്പടി പ്രാവർത്തികമാക്കാൻ ലോകരാഷ്ട്രങ്ങൾ സ്വീകരിച്ച നടപടി  വിലയിരുത്തുകയായിരുന്നു പ്രധാന അജൻഡ. ആഗോളതാപനം 1.5 ഡിഗ്രിയായി പരിമിതപ്പെടുത്താനും 2050 ആകുമ്പോഴേക്കും കാർബൺ വികിരണം പൂർണമായും ഇല്ലാതാക്കാനുമുള്ള നടപടികൾ ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സഹകരിച്ചു പ്രവർത്തിക്കാൻ അമേരിക്കയും ചൈനയും തമ്മിൽ ധാരണയിലെത്തി.

ജി 7 ഉച്ചകോടി
യുകെയിലെ കോൺവാളിൽ ജി 7 ഉച്ചകോടിയിൽ സമ്പന്ന രാഷ്ട്രങ്ങളെ ചൈനയ്ക്കെതിരെ അണിനിരത്താനുള്ള അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ ശ്രമം പാളി.

പാൻഡോറ പേപ്പർ
നൂറ്റിനാൽപ്പതിലധികം മാധ്യമസ്ഥാപനവുമായി ചേർന്ന്‌ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ്‌ ഇൻവെസ്റ്റിഗേറ്റീവ്‌ ജേണലിസ്റ്റ്‌സ്‌ നടത്തിയ അന്വേഷണത്തിൽ ലോകനേതാക്കളുടെയും പ്രമുഖരുടെയും വിദേശരാജ്യങ്ങളിലെ അനധികൃത നിക്ഷേപവിവരം പുറത്തുവന്നു. 90 രാജ്യത്തുനിന്നുള്ള മുന്നൂറിലധികം രാഷ്ട്രീയ നേതാക്കൾ, കോടീശ്വരന്മാർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരമാണുള്ളത്‌.  1.19 കോടി രഹസ്യ രേഖയാണ്‌ പുറത്തുവിട്ടത്‌.

ബഹിരാകാശ ടൂറിസം
സെപ്തംബർ 16ന്‌ ആദ്യമായി ബഹിരാകാശ വിദഗ്‌ധരല്ലാത്ത നാല്‌ വിനോദസഞ്ചാരികൾ ബഹിരാകാശത്ത്‌ എത്തി. മൂന്നുദിവസം ഇവർ ഭൂമിയെ വലംവച്ചു.

ചൈന ചൊവ്വയിൽ
ജീവന്റെ സാധ്യതകൾ തേടി ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ വാഹനം ചൊവ്വയിൽ ഇറങ്ങി. സോവിയറ്റ്‌ യൂണിയനും അമേരിക്കയ്ക്കുംശേഷം ചൊവ്വയിൽ പേടകം ഇറക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ്‌ ചൈന.

ശ്രീലങ്കയിൽ ഭക്ഷ്യക്ഷാമം
അവശ്യവസ്തുക്കളുടെ പൂഴ്‌ത്തിവയ്പ്‌ തടയാൻ പൊതുസുരക്ഷാ ഓർഡിനൻസ്‌ ഇറക്കി ശ്രീലങ്കൻ സർക്കാർ. ആഗസ്ത്‌ 31നാണ്‌ ഓർഡിനൻസ്‌ ഇറക്കിയത്‌. രാജ്യത്ത്‌ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

സൂര്യനെ തൊട്ട്‌
2018 ആഗസ്ത്‌ നാസ 12നു നാസ വിക്ഷേപിച്ച പാർക്കർ പേടകം ഈവർഷം ഏപ്രിലിൽ സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top