24 April Wednesday

ഇന്ത്യക്ക് വിശക്കുന്നു ; പട്ടിണിസൂചികയില്‍ 94–-ാം സ്ഥാനം

സാജൻ എവുജിൻUpdated: Sunday Oct 18, 2020


ന്യൂഡൽഹി
ഇന്ത്യയിലെ പട്ടിണിയുടെ സാഹചര്യം ഗുരുതരമെന്ന്‌ ആഗോള വിശപ്പ്‌ സൂചിക റിപ്പോർട്ട്‌. സുഡാനോപ്പം സൂചികയിൽ ഇന്ത്യ 94–-ാം സ്ഥാനത്ത്. പോഷകാഹാരക്കുറവ്‌, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളർച്ചമുരടിപ്പ്‌‌ എന്നിവയാണ്‌ ഇന്ത്യയെ പിന്നോട്ടടിച്ചത്. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ശ്രീലങ്ക, നേപ്പാൾ,  മ്യാന്മർ എന്നീ അയൽരാജ്യങ്ങൾ ഏറെ മുന്നില്‍. എത്യോപ്യ, അംഗോള, താൻസാനിയ, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾക്കും പിന്നിലാണ്‌  ഇന്ത്യ.

മോശം പ്രകടനത്തിനു കൂടുതൽ പോയിന്റ്‌ എന്ന നിലയിലാണ്‌ സൂചിക. പൂജ്യം പോയിന്റാണ്‌ ഏറ്റവും മികച്ച സ്‌കോർ. ഏറ്റവും മോശം 100 പോയിന്റും. 107 രാജ്യമുള്ള  പട്ടികയിൽ അഞ്ചിൽ താഴെ ‌പോയിന്റോടെ ചൈന, ക്യൂബ, ബ്രസീൽ, കുവൈത്ത്‌, ചിലി തുടങ്ങിയ 17 രാജ്യം ‌ ഏറ്റവും മുന്നിൽ. ഇന്ത്യക്ക്‌  27.2  പോയിന്റ്.

ഇന്ത്യക്കാരിൽ 14 ശതമാനം കടുത്ത പോഷകാഹാരക്കുറവ്‌ നേരിടുന്നതായി അനുബന്ധ റിപ്പോർട്ടിൽ പറയുന്നു. ശിശുക്കളിലെ ഭാരക്കുറവില്‍ ദക്ഷിണേഷ്യയിൽ ഏറ്റവും മോശംസ്ഥിതി ഇന്ത്യയിലാണ്, 17.3 ശതമാനം. ശിശുമരണനിരക്ക്‌ 3.7 ശതമാനം‌.  37.4 ശതമാനം കുട്ടികള്‍ക്കും വളർച്ച മുരടിപ്പ്‌. ദാരിദ്ര്യനിർമാർജ്ജനത്തിൽ കേന്ദ്രസർക്കാരിന്റെ പൂർണ പരാജയമാണെന്ന് റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നത്‌.

കഴിഞ്ഞവർഷം 117 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 102–-ാം സ്ഥാനത്തായിരുന്നു. കൺസേൺ വേൾഡ്‌വൈഡ്‌‌, വേൾഡ്‌ ഹംഗർ എയ്‌ഡ്‌ എന്നീ സംഘടനകളാണ് സൂചിക തയ്യാറാക്കുന്നത്‌. വികസിതരാജ്യങ്ങളെ പട്ടികയില്‍ പരിഗണിക്കാറില്ല.   

 

  

കോടീശ്വര സ്വത്ത്‌ പെരുകി
മുകേഷ്‌ അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്തിൽ ഒരുവർഷത്തിനിടെ വൻ വർധന. അംബാനിയുടെ  സ്വത്ത്‌ 3730 കോടി ഡോളർ പെരുകിയെന്ന്‌ ‘ഫോർബ്‌സ്‌ മാഗസിൻ’ വെളിപ്പെടുത്തി. വര്‍ധന 73 ശതമാനം. അംബാനിയുടെ മൊത്തം ആസ്‌തി 8870 കോടി ഡോളറായി. അദാനിയുടെ സ്വത്ത്‌ 61 ശതമാനം വർധിച്ച്‌ 2520 കോടി ഡോളറായി. ശിവ്‌ നാടാറുടെ സമ്പത്ത്‌ 2040 കോടി ഡോളറായി. രാധാകൃഷ്‌ണൻ ദമനി (1540 കോടി ഡോളർ), ഹിന്ദുജ സഹോദരങ്ങൾ (1280 കോടി ഡോളർ), സൈപ്രസ്‌ പൂനവാല (1150 കോടി ഡോളർ), പല്ലൻജി മിസ്‌ത്രി (1140 കോടി ഡോളർ), ഉദയ്‌ കൊട്ടക്‌ (1130 കോടി ഡോളർ), ഗോദ്‌റജ്‌ കുടുംബം (1100 കോടി ഡോളർ), ലക്ഷ്‌മി മിത്തൽ (1030 കോടി ഡോളർ) എന്നിങ്ങനെയാണ്‌ സ്വത്ത്‌‌. ആദ്യ 10 സ്ഥാനത്തുള്ളവരുടെ സ്വത്ത്‌  മൊത്തം 51,750 കോടി ഡോളറായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top