20 April Saturday

വീടിനടുത്ത്‌ ജോലി ചെയ്യാം; 
ഐടി സ്‌പേസ്‌ വർധിക്കും

ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Feb 4, 2023

കൊച്ചി ഇൻഫോപാർക്ക്


കൊച്ചി
വീടിനടുത്ത്‌ ജോലി ചെയ്യാൻ കൂടുതൽ അവസരം ഒരുക്കാനൊരുങ്ങി ഇൻഫോപാർക്ക്‌. വർക് നിയർ ഹോം പദ്ധതിക്കായി സർക്കാർ ബജറ്റിൽ നീക്കിവച്ച 50 കോടി രൂപ ഇൻഫോപാർക്കിന്‌ മുതൽക്കൂട്ടാകും. ഇൻഫോപാർക്ക്‌ ഇതിനായി ആവിഷ്‌കരിച്ച പദ്ധതികൾക്ക്‌ ഇത്‌ ഗതിവേഗം കൂട്ടും. കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ കെട്ടിടങ്ങൾ ഉപയോഗിച്ച്‌ ഇന്റഗ്രേറ്റഡ്‌ ട്രാൻസ്‌പോർട്ട്‌ ആൻഡ്‌ വർക് സ്‌പേസ്‌ എന്ന കാഴ്‌ചപ്പാടിലാണ്‌ വർക് നിയർ ഹോം സൗകര്യങ്ങൾ ഒരുക്കുക. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരത്തിലൊരു ആശയം.

ലോക ഐടി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായ കൊച്ചി ഇൻഫോപാർക്ക്‌ കൂടുതൽ കരുത്തോടെ മുന്നോട്ടുകുതിക്കാൻ ബജറ്റിൽ അനുവദിച്ച 35.75 കോടി രൂപ സഹായിക്കും. ഇതിൽ 21 കോടി ഒന്നാംഘട്ടത്തിന്റെ ഭാഗമായ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന്‌ ചെലവഴിക്കും. 3.5 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിന്‌ 300 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതുവഴി ഇൻഫോപാർക്കിന്റെ ഐടി സ്‌പേസ്‌ വർധിക്കും. വർധിച്ചുവരുന്ന ഐടി ഓഫീസുകളുടെ ആവശ്യകതയ്‌ക്ക്‌ ഇത്‌ പരിഹാരമാകും. കൂടുതൽ നിക്ഷേപം ആകർഷിക്കാനും വഴിയൊരുക്കും.

വിവിധ ഇൻഫോപാർക്കുകളുടെ മാർക്കറ്റിങ്ങിനും പ്രചാരണത്തിനുമാണ്‌ 1.25 കോടി. കൊരട്ടി ഇൻഫോപാർക്കിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും അകത്തളസൗകര്യങ്ങൾ മെച്ചപ്പെടുത്താനും 10 കോടി ഉപയോഗിക്കും. ഇൻഫോപാർക്ക്‌ രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നിയമതടസ്സം നീക്കാൻ 3.5 കോടിയും ഉപയോഗപ്പെടുത്തും. 

സോഫ്‌റ്റ്‌വെയർ 
കയറ്റുമതിയിലൂടെ 8500 കോടി
ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ ലഭിച്ചത്‌ 8500 കോടി രൂപ. സോഫ്‌റ്റ്‌വെയർ കയറ്റുമതി വരുമാനത്തിൽ 2190 കോടിയുടെ വർധനയുണ്ടായി. 35 ശതമാനം വളർച്ച. 2020–-21ൽ കയറ്റുമതിയിലൂടെ 6310 കോടി രൂപ ലഭിച്ചു. 15 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ്‌ ഇൻഫോപാർക്കിൽ കമ്പനികൾക്കായി ഒരുങ്ങുന്നത്‌. നിലവിൽ 572 കമ്പനികൾ ഇവിടെയുണ്ട്‌.  

ഐടി മന്ദിരങ്ങൾക്കായി മൂന്നരലക്ഷം ചതുരശ്രയടി സ്ഥലം ഇൻഫോപാർക്കിൽ ഒരുങ്ങുന്നു. ഐബിഎം സോഫ്റ്റ്‌വെയർ ലാബ് ഉൾപ്പെടെ വൻ ഐടി കമ്പനികളും ഇൻഫോപാർക്കിലേക്ക്‌ പ്രവർത്തനം വ്യാപിപ്പിച്ചു. എച്ച്‌സിഎൽ ടെക്‌ അടക്കമുള്ള ആഗോള ഐടി ഭീമന്മാരും ഇൻഫോപാർക്കിലെ നിക്ഷേപം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. അതിവേഗ 5ജി സാങ്കേതികവിദ്യ നിലവിൽ ഇൻഫോപാർക്കിലെ എല്ലാ കമ്പനികൾക്കും ലഭ്യമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top