24 April Wednesday

വനിതാ​ദിനം: വൗ വീക്കിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023

തിരുവനന്തപുരം> മാറ്റത്തിന്റെ കഥയറിഞ്ഞും പറഞ്ഞും ആടിയും പാടിയും കലാ ഉത്സവത്തിന്റെ ഏഴുനാളുകൾക്കായി വാതിൽതുറന്ന് വൗ വീക്ക് (വേൾഡ് ഓഫ് വുമെൻ). കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് വനിതാ​ദിന വരാഘോഷത്തിന്റെ വേദിയാകുന്നത്. തിങ്കൾ മുതൽ 12 വരെയാണ് മേള. അമ്പെയ്‌ത്ത്‌, ജ്വല്ലറി ആർട്ട്‌, ആം​ഗ്യഭാഷാ, മാക്രേം കലാപരിചയം, ആർട്ട്‌ തെറാപ്പി, മൺപാത്രനിർമാണം, ഫയർ ഡാൻസ്, അനിമൽ ഫ്ലോ, ക്രിയേറ്റീവ് റൈറ്റിങ്, മൂവ്മെന്റ് തിയറ്റർ, ഒഡീസി നൃ-ത്തം, ഇന്റർവ്യു ക്രാക്കിങ്, ഇമോട്ടി കോൺ തുടങ്ങിയവയിൽ പരിശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കും.

വെള്ളി മുതൽ ഞായർ വരെ വൈകിട്ട് ആറിന് വനിതകളുടെ കലാപ്രകടനങ്ങൾ അരങ്ങേറും. വെള്ളിയാഴ്ച ആർദ്ര സാജന്റെ ബീറ്റ് ബോക്സിങ്, സജിത മഠത്തിന്റെ നാടകാവിഷ്കാരം ‘കാളി’, ശാന്തിപ്രിയയുടെ ബാവൂൾ സം​ഗീതാവതരണം, പുള്ളുവൻപാട്ട്‌ എന്നിവ അരങ്ങേറും.  ശനിയാഴ്ച ജാനകി ഈശ്വർ, അഭയ ഹിരൺമയി എന്നിവരുടേയും  രാ​ഗവല്ലി ബാൻഡിന്റെയും  അവതരണവുമുണ്ടാകും.

ഞായറാഴ്ച ദിവ്യ, സേബാ ടോമി, രൂപ രേവതി, ഗൗരി ലക്ഷ്മി എന്നിവരുടെ സം​ഗീതനിശയും നടക്കും. വനിതാദിനമായ ബുധനാഴ്ച വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 18 സ്ത്രീകൾക്കുള്ള പുരസ്കാരം വിതരണം മന്ത്രി ആർ ബിന്ദു നിർവഹിക്കും.  വ്യാഴാഴ്ച വൈകിട്ട് ഒമ്പതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വനിതകളുടെ രാത്രിനടത്തം സംഘടിപ്പിക്കും. ക്രാഫ്റ്റ്സ് വില്ലേജിൽനിന്ന് സമുദ്രാ ബീച്ച് വരെയാണ് നടത്തം.

വൗ വീക്കിന്റെ പ്രധാന വേദിയുടെ ആർട്ട്‌ വർക്കിനും സംഘാടനത്തിനും പിന്നിൽ സ്ത്രീകളാണെന്ന് ക്രാഫ്റ്റ്സ് വില്ലേജ് സിഇഒ ശ്രീപ്രസാദ് പറഞ്ഞു. ​ഗൗതമി, ​ഗോകുൽ എന്നിവരാണ് കലാമേളയുടെ ക്യൂറേറ്റർമാർ. മുപ്പതോളം വനിതാ സംരംഭകരുടെ സ്റ്റാളുകളും മേളയ്ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top