25 April Thursday

സീനിയറോ...പെണ്ണല്ലേ...

എം ജഷീനUpdated: Monday Nov 7, 2022

ജോലിക്കയറ്റം കിട്ടിയ സന്തോഷത്തിലായിരുന്നു മലപ്പുറത്തുകാരിയായ അധ്യാപിക. സമീപ ജില്ലയിൽ പ്രധാനാധ്യാപികയായാണ്‌ മാറ്റം. ഇഷ്‌ടപ്പെട്ട ജോലിക്കായി  പുതിയ സ്‌കൂളിലെത്തി. സന്തോഷം അധികനാൾ നീണ്ടില്ല. സ്‌കൂളിലെ ക്ലർക്കിന്‌ വനിതാ ഹെഡ്‌മിസ്‌ട്രസിനെ പിടിച്ചില്ല. ‘പെണ്ണ്‌ പറയുന്നത്‌ കേൾക്കാൻ സൗകര്യമില്ല’ എന്നായിരുന്നു നിലപാട്‌. തുടക്കത്തിൽ നിസ്സഹകരണം. പിന്നീട്‌ പരദൂഷണം, പരിഹാസം, കുറ്റപ്പെടുത്തൽ, പാരവെപ്പ്‌.  ടീച്ചർക്ക്‌ മനസ്സുമടുത്തു. അത്‌ വിഷാദമായി, ഉറക്കമില്ലായ്‌മയിലെത്തി. ഒടുവിൽ മാനസികാരോഗ്യ ചികിത്സ വേണ്ടിവന്നു. സ്‌കൂളെന്ന്‌ കേൾക്കുമ്പോൾ  പേടിയാണിപ്പോൾ.

പത്തനംതിട്ടയിലെ  സർക്കാർ ആശുപത്രിയിലെ വനിതാ  സീനിയർ ഡോക്ടർക്കും സമാന പ്രശ്‌നം. ഒപ്പമുള്ള പുരുഷ ഡോക്ടർക്ക്‌ വനിതാ സീനിയറിനെ അംഗീകരിക്കാൻ മടി.  പറഞ്ഞാൽ കേൾക്കാത്ത ജൂനിയറിനെക്കൊണ്ട്‌ പൊറുതിമുട്ടി. കടുത്ത  മാനസികസമ്മർദമാണവർ നേരിടുന്നത്‌.    പെണ്ണാണെങ്കിൽ അവരുടെ വ്യക്തിത്വത്തെയോ കഴിവിനേയോ പദവിയേയോ അംഗീകരിക്കേണ്ടെന്ന സമീപനത്തിന്‌ ഇനിയും മാറ്റമായില്ല. എല്ലാ രംഗത്തും ഈ പ്രവണത ഏറിയും കുറഞ്ഞുമുണ്ട്‌.   നിയമ–-സാമൂഹിക ബോധമേറെയുള്ള പൊലീസ്‌–-മാധ്യമ മേഖലകൾ പോലും വിഭിന്നമല്ല. അന്വേഷണം, മൊഴി എടുക്കൽ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളിൽ വനിതാപൊലീസിന്റെ സാന്നിധ്യം കുറവാണെന്ന്‌ കാണാം.  മാധ്യമ മേഖലയിൽ വലിയ ലിംഗ അസമത്വം നിലനിൽക്കുന്നതായി കോഴിക്കോട്‌ ഐഐഎം 2021ൽ   നടത്തിയ ‘ഐ ലീഡ്‌’ സർവേ വ്യക്തമാക്കുന്നു.  

പണി തുല്യം,
കൂലി കുറവ്‌
 
കെട്ടിട നിർമാണം  ഉൾപ്പെടെ അസംഘടിത മേഖലയിൽ കൂലിയിനത്തിൽ വലിയ അന്തരമാണ്‌.  ഒരേ ജോലിക്ക്‌ പുരുഷന്റെ ദിവസവേതനം  ശരാശരി 690.09 രൂപയാണെങ്കിൽ സ്‌ത്രീയുടേത്‌  362.31 രൂപയാണെന്ന്‌ കഴിഞ്ഞ സാമ്പത്തിക അവലോകന റിപ്പോർട്ടിലുണ്ട്‌.  പണിയായുധങ്ങൾ കഴുകലടക്കമുള്ള അധിക ജോലി സ്‌ത്രീകൾക്കുണ്ടുതാനും. എന്നാലും   കൂലി കുറവ്‌.
 
തുണിക്കടകളിൽ ‘സെയിൽസ്‌ ഗേളും’ ‘സെയിൽസ്‌ ബോയി’യും തമ്മിലും അന്തരം പ്രകടമാണ്‌.  കടകളിൽ ജോലിക്കിടയിൽ ഇരിക്കാമെന്ന നിയമം വന്നെങ്കിലും  അതൊന്നും പൂർണമായി നടപ്പാവുന്നില്ല.  
 
‘പരാതി 
ആരോട്‌ പറയാൻ’
 
വിജി പെണ്‍കൂട്ട്

വിജി പെണ്‍കൂട്ട്

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾക്ക്‌ പരാതി പറയാൻ മടിയാണ്‌.  പറഞ്ഞാൽ സ്ഥലംമാറ്റമോ പിരിച്ചുവിടലോ ഉറപ്പാണ്‌.  തിരുവനന്തപുരത്തെ സമീരയുടെ അനുഭവം വിചിത്രമാണ്‌.  പരസ്യകമ്പനിയിലെ ജോലിക്കിടെ ചുമതല നൽകുന്നതിൽ   വിവേചനമുണ്ടെന്ന്‌ പരാതിപ്പെട്ടു. ഒട്ടും വൈകാതെ മറ്റൊരു ജില്ലയിലേക്ക്‌ സ്ഥലം മാറ്റമായി. പിരിച്ചുവിടാനും സാധ്യതയുണ്ടത്രേ.  ഒരേ യോഗ്യതയും അനുഭവപരിചയവും ഉണ്ടെങ്കിലും പ്രോജക്ടുകൾ വരുമ്പോൾ ഏകോപന ചുമതലയിൽ സ്‌ത്രീ ഉണ്ടാവില്ല. 
 
പ്രതിഷേധം അറിയിച്ചാൽ  പ്രതികാരസമീപനമായി. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്‌തിരുന്ന തൃശൂരുകാരി സുൽഫത്തിന്‌ മൂന്ന്‌  മാസമായി ജോലിയില്ല. സഹപ്രവർത്തകനെതിരെ പരാതി പറഞ്ഞതാണ്‌  പണിപോകാൻ കാരണം. ജീവനക്കാർ ഒന്നിച്ചുള്ള വിനോദയാത്രയ്‌ക്കിടെ കയറിപിടിച്ച ആൾക്കെതിരെ  ഉടമയോട്‌ പരാതി പറഞ്ഞതാണ്‌ കുറ്റം. എന്നാൽ  പരാതിക്ക്‌ കാരണക്കാരനായ സഹപ്രവർത്തകൻ ജോലിയിൽ  തുടരുന്നു.
 
‘പരാതികൾ പുറത്ത്‌ വരാത്തതിന്‌  കാരണം നിലനിൽപ്പ്‌ തന്നെയാണ്‌. പിരിച്ചുവിടൽ,  മോശം പ്രചാരണം, സ്ഥലമാറ്റം എന്നിങ്ങനെ പേടിച്ച്‌  സഹിച്ച്‌ നിൽക്കുന്നവരാണ്‌ ഏറെയും ’ –-അസംഘടിത മേഖലാ  തൊഴിലാളി യൂണിയൻ നേതാവ്‌ വിജി പെൺകൂട്ട്‌ പറയുന്നു. നല്ല  സൗഹാർദാന്തരീക്ഷമുള്ള തൊഴിലിടങ്ങളേറെയുണ്ട്‌.  യാത്രകളും കലാപരിപാടികളും  മറ്റ്‌ ഇടപെടലുകളുമായി സജീവമായ ഇടങ്ങൾ.  എന്നാൽ അതില്ലാത്ത ഇടങ്ങളുണ്ടാവുന്നു എന്നതാണ്‌ ആശങ്ക. അതിന്‌  സമീപനം മുതൽ അജ്ഞത വരെ കാരണമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top