20 April Saturday

ഇൻ പേഷ്യന്റ്‌; കടുവകൾ വയനാട്ടിൽ ‘നല്ല പാഠം’ ശീലിക്കുന്നു

വി ജെ വർഗീസ്‌ varghese.desh@gmail.comUpdated: Sunday Sep 25, 2022

നാട്ടിലിപ്പോൾ ‘കടുവ’യുടെ താളമാണെങ്കിൽ  ഇവിടെ കാട്ടിൽ, നാടിന്റെ താളം തെറ്റിച്ചവർ കൂട്ടിലാണ്‌. കാടാശുപത്രിയിലെ ചികിത്സാക്കൂട്ടിൽ. അഭ്രപാളിയിലെ ‘പാലാപ്പള്ളി’ കടുവയല്ലിത്‌. വന്യതയുടെ മൃഗരൂപമായ സാക്ഷാൽ കടുവ. നാട്ടിൽ വേട്ടയാടി അശാന്തി വിതച്ചവർ വയനാട്‌ വന്യജീവി സങ്കേതത്തിലെ ആശുപത്രിയിൽ ‘നല്ല പാഠം’ ശീലിക്കുകയാണ്‌. അതിജീവന പോരാട്ടത്തിൽ കാട്ടിൽനിന്ന്‌ പുറത്താക്കപ്പെട്ടെങ്കിലും വനത്തിനുള്ളിലെ കമ്പിവലയ്‌ക്കുള്ളിൽ ഗർജിക്കുകയാണ്‌. ദിക്കുകൾ നടുങ്ങുന്നുണ്ട്‌. സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പരിചരണകേന്ദ്രത്തിലാണ്‌ ഈ കടുവകൾ വാഴുന്നത്‌. പതിനാലുകാരി ലക്ഷ്‌മിയും നാലുവയസ്സുകാരൻ കിച്ചുവും. പ്രായാധിക്യത്തിലും പരിക്കേറ്റും മറ്റുള്ളവയോട്‌ ഏറ്റുമുട്ടാൻ കഴിയാതെ ‘സ്വന്തം രാജ്യം’(ടെറിട്ടറി) വിട്ട്‌ നാടിറങ്ങിയവർ.  ഇത്തരക്കാരെ പിടികൂടി പരിചരിക്കുന്നതിനാണ്‌ ‘ആനിമൽ ഹോസ്‌പൈസ്‌ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ യൂണിറ്റ്‌’ സ്ഥാപിച്ചിട്ടുള്ളത്‌. വയനാട്‌ വന്യജീവി സങ്കേതത്തിലെ കുറിച്യാട്‌ റെയ്‌ഞ്ചിൽ കുപ്പാടി പച്ചാടി വനത്തിനുള്ളിലാണ്‌ ഈ ആതുരാലയം. തുടങ്ങിയിട്ട്‌ ആറുമാസം ആയിട്ടേയുള്ളൂ. രണ്ടുപേർ അഡ്‌മിറ്റായി. വയനാട്ടിലെ ജനവാസ മേഖലകളെ ദിവസങ്ങളോളം വിറപ്പിച്ചവർ. വളർത്തുമൃഗങ്ങളെ പിടികൂടി നാടുവാണവർ. കൂടുവച്ച്‌ കെണിയൊരുക്കിയും മയക്കുവെടിവച്ചുമാണ്‌ പിടിച്ചത്‌. ചികിത്സ പുരോഗമിക്കുകയാണ്‌. പരിക്കേറ്റ കിച്ചുവിന്റെ വലതുകൈ സുഖമാകുകയാണ്‌. ആരോഗ്യവാനായാൽ  കാട്ടിലേക്ക്‌ മടങ്ങാം. ലക്ഷ്‌മിയുടെ ശിഷ്ടകാലം ഈ ആശുപത്രിയിലാണ്‌. പല്ല‌്‌ കൊഴിഞ്ഞു. കാഴ്‌ച മങ്ങി. ജരാനരയുണ്ട്‌. പുറത്തുവിട്ടാൽ നാട്ടിലിറങ്ങും. കാട്ടിൽ അങ്കത്തിന്‌ ബാല്യമില്ല.

കാടാശുപത്രി

വയനാട്ടിൽ മനുഷ്യ–-വന്യജീവി സംഘർഷം രൂക്ഷമായതോടെയാണ്‌ വന്യമൃഗങ്ങൾക്ക്‌ ആശുപത്രി എന്ന ആശയത്തിലേക്ക്‌ സർക്കാർ തിരിയുന്നത്‌. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നും മനുഷ്യനെ ആക്രമിച്ചും ഭീതിവിതയ്‌ക്കുന്ന കടുവകളെയും പുലികളെയും പിടികൂട്ടി കാട്ടിൽ വിട്ടാലും ഇവ വീണ്ടും കാടിറങ്ങാൻ തുടങ്ങിയതോടെയാണ്‌ പരിചരണകേന്ദ്രം തുറന്നത്‌. വനത്തിൽ ഇരതേടാൻ കഴിയാത്തവിധം അവശരായതിനാലാണ്‌ നാട്ടിലെത്തുന്നത്‌. ഇവയെ പിടികൂടി മൃഗശാലകളിൽ അടയ്‌ക്കാതെ  ചികിത്സിച്ച്‌  ആരോഗ്യം വീണ്ടെടുത്ത്‌ കാട്ടിലേക്ക്‌ അയക്കുകയാണ്‌ ആശയം. തുറന്നുവിടാൻ കഴിയാത്തവയ്‌ക്ക്‌ ജീവിതാവസാനംവരെ ഇവിടം അഭയമാകും. കമ്പി വലയ്‌ക്കുള്ളിലാണെങ്കിലും മൃഗശാലയിലെ നിയന്ത്രണങ്ങളില്ലാതെ കാടിന്‌ നടുവിൽ  കഴിയാം. രണ്ട്‌ ഏക്കറിലാണ്‌ കടുവയ്‌ക്കും പുലിക്കുമായി ശാസ്‌ത്രീയമായി ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്‌. അഞ്ചെണ്ണത്തിനെവരെ പരിചരിക്കാനാകും.  അടച്ചിടാനും സഞ്ചരിക്കാനും കഴിയുന്ന മുറികൾ, ബന്ധിച്ച്‌ ചികിത്സിക്കാനുള്ള കേന്ദ്രം (സ്‌ക്യൂസ്‌ കേജ്‌), ഓടാനും വിനോദത്തിനുമുള്ള പഡോക്ക്‌ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്‌. വെറ്ററിനറി കേന്ദ്രം, സ്‌റ്റോർ, സെക്യൂരിറ്റി സംവിധാനം എന്നിവയുമുണ്ട്‌.  പുല്ല‌്‌ പിടിപ്പിച്ച പഡോക്ക്‌ വിശാലമാണ്‌. ചെറിയ കുളവും കയറിക്കിടക്കാൻ മരത്തടികൾകൊണ്ടുള്ള തട്ടുകളുമുണ്ട്‌. ആശുപത്രി പൂർണമായും കാമറ നിരീക്ഷണത്തിലാണ്‌.  സന്ദർശകരെ അനുവദിക്കില്ല. പരിപാലന ചുമതലയുള്ളവർക്കും വെറ്ററിനറി സംഘത്തിനുംമാത്രമാണ്‌ പ്രവേശനം. കാലുകൾ അണുവിമുക്തമാക്കിവേണം അകത്ത്‌ കടക്കാൻ. രണ്ട്‌ റെയ്‌ഞ്ച്‌ ഓഫീസർമാരുടെ നിയന്ത്രണത്തിലാണ്‌ പ്രവർത്തനം. വെറ്ററിനറി സംഘം ദിവസവും പരിശോധന നടത്തും.

വിറപ്പിച്ച്‌ ലക്ഷ്‌മി

വളർത്തുമൃഗങ്ങളെ കൊന്ന്‌ ദിവസങ്ങളോളം നാടിനെ വിറപ്പിച്ചാണ്‌ ലക്ഷ്‌മി കൂട്ടിലായത്‌. ജൂലൈ 20ന്‌ മീനങ്ങാടി വാകേരിയിൽനിന്നാണ്‌ പിടികൂടിയത്‌. കൂടുവച്ച്‌ ഇരയെകെട്ടി നാലുദിവസം വനപാലകർ കാത്തിരുന്നു. ചികിത്സാ കേന്ദ്രത്തിൽ ദിവസങ്ങളോളം പരിചരിച്ച ശേഷമാണ്‌ ശാരീരികക്ഷമത പരിശോധിക്കുന്നതിന്‌ പഡോക്കിലേക്ക്‌ തുറന്നത്‌. കാട്‌ കണ്ടതോടെ രക്ഷപ്പെടാനുള്ള വെമ്പലായിരുന്നു.  ഉള്ളിൽപേറുന്ന കാടിന്റെ ആഴം ഗർജനമായി.  ഇരുമ്പുവലകൾ തടസ്സമായപ്പോൾ പരാക്രമം. വനത്തിലേക്ക്‌ ചാടാനുള്ള വഴിതേടി നടന്നു. കാടിന്റെ ഓർമയിൽ മൂടിവയ്‌ക്കാനാകാത്ത ഗർജനത്തോടെ  ഇവൾ ദിക്കുകളെ നടുക്കുകയാണ്‌. ഇരുമ്പഴികൾക്കുള്ളിലെ കിളിവാതിലിലൂടെയാണ്‌ ഭക്ഷണം നൽകുന്നത്‌. ഒന്നിടവിട്ട ദിവസങ്ങളിൽ എഴ്‌ കിലോ കോഴിയിറച്ചിയാണ്‌ കൊടുക്കുന്നത്‌. പല്ലുകൾ കൊഴിഞ്ഞതിനാൽ ഇറച്ചി ചെറുകഷ്‌ണങ്ങളാക്കി നൽകും. ഒരുകണ്ണിൽ പാടമൂടി കാഴ്‌ച മങ്ങിയിട്ടുണ്ട്‌. ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചതിനാൽ ആയുസ്സ്‌ നീണ്ടെന്നാണ്‌ വനപാലകരുടെ നിഗമനം. കിച്ചുവെന്ന്‌ പേരിട്ട നാലുവയസ്സുകാരനെ മാനന്തവാടിയിലെ ജെസി എസ്‌റ്റേറ്റിൽനിന്ന്‌ മയക്കുവെടിവച്ച്‌ പിടിച്ചതാണ്‌. വലതുകൈക്ക്‌ പരിക്കേറ്റതിനാൽ ഇരതേടാൻ കഴിയാതെയാണ്‌  ജനവാസ കേന്ദ്രത്തിൽ എത്തിയത്‌. വനത്തിലേക്ക്‌ തുരത്താൻ ശ്രമിച്ചെങ്കിലും സഞ്ചരിക്കാൻ കഴിയില്ലെന്ന്‌ മനസ്സിലായതോടെ മയക്കുവെടിവയ്ക്കുകയായിരുന്നു. പോത്തിറച്ചിയാണ്‌ ഭക്ഷണം. തുറന്നുവിടുന്നതിൽ വനം വകുപ്പ്‌ ഇനിയും തീരുമാനം എടുത്തിട്ടില്ല.

കാടിറങ്ങി കടുവകൾ

വയനാട്ടിൽ നാട്ടിലെത്തുന്ന കടുവകളുടെയും പുലികളുടെയും വാർത്തകളാണ്‌ നിത്യേന. വനാതിർത്തികളെല്ലാം ഭീതിയിലാണ്‌. നിരവധി വളർത്തുമൃഗങ്ങളാണ്‌  ഇരകളാകുന്നത്‌. വനപാലകരും കർഷകരും ആക്രമിക്കപ്പെടുന്നു. 2020 ആഗസ്‌തിൽ പുൽപ്പള്ളി ബസവൻകൊല്ലിയിൽ യുവാവിനെ കടുവ കൊന്നുതിന്നു. വനംവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കടുവകളുള്ളത്  വയനാട്‌ വന്യജീവി സങ്കേതത്തിലാണ്‌. 2018ലെ സെൻസസിൽ 120 കടുവകളാണുള്ളത്‌. മുതുമല, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളോട്‌ ചേർന്നാണ്‌ വയനാട്‌ സങ്കേതം. ഇതും എണ്ണം വർധിക്കാൻ കാരണമാണ്‌. കുറുക്കൻമൂലയിലെ കടുവയെ കേരളം അറിഞ്ഞു. രണ്ട് മാസത്തോളം പ്രദേശത്ത്‌ വിലസി. വനം, പൊലീസ്‌ സേനകൾ ആഞ്ഞുശ്രമിച്ചിട്ടും കുരുക്കാനായില്ല. പിടിക്കാൻ യുദ്ധസമാന നീക്കങ്ങളായിരുന്നു . ഇരുനൂറോളം സേനാംഗങ്ങളാണ് ദൗത്യത്തിനുണ്ടായിരുന്നത്. കുങ്കിയാനകൾ ദിവസങ്ങളോളം തിരഞ്ഞു. അഞ്ച് കൂട്‌ സ്ഥാപിച്ചു. എന്നിട്ടും  ഇരുപതോളം വളർത്തുമൃഗങ്ങളെ കൊന്ന്‌ നാടുവാണു. പിടികൊടുക്കാതെ ഒടുവിൽ കാടുകയറി.

       

ഗുണമേന്മയുള്ള  ചികിത്സയും ജീവിതവും

ഇരതേടാൻ കഴിയാതെ നാട്ടിലിറങ്ങി ഭീതി പരത്തുന്ന കടുവകൾക്കും പുലികൾക്കും ഗുണമേന്മയുള്ള  ചികിത്സയും ജീവിതവുമാണ്‌ സാന്ത്വന പരിചരണ കേന്ദ്രത്തിൽ നൽകുന്നത്‌.  മൃഗശാലകളിൽ നിയന്ത്രണമുണ്ട്‌. കൂടുതൽ മൃഗങ്ങളെ പ്രവേശിപ്പിക്കാനും കഴിയില്ല. ഈ  സാഹചര്യത്തിലാണ്‌  ‘ആനിമൽ ഹോസ്‌പൈസ്‌ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ യൂണിറ്റ്‌’ സ്ഥാപിച്ചത്‌. ചികിത്സയ്‌ക്കുശേഷം കാട്ടിൽ വിടാൻ കഴിയുന്നവയെ അങ്ങനെ ചെയ്യാം. കൂടുതൽ വികലാംഗത്വമുള്ളവയെ ആശുപത്രിയിൽ തന്നെ സംരക്ഷിക്കേണ്ടി വരും.

ഡോ. അരുൺ സക്കറിയ, ചീഫ്‌ വെറ്ററിനറി സർജൻ

പ്രധാന ചുവടുവയ്‌പ്പ്‌

വന്യമൃഗ പരിചരണത്തിൽ വലിയ മുന്നേറ്റമാണ്‌  ആനിമൽ ഹോസ്‌പൈസ്‌ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ യൂണിറ്റ്‌. വയനാട്‌ വന്യജീവി സങ്കേതത്തിനും മറ്റു രണ്ട്‌ വനം ഡിവിഷനുകളോടും ചേർന്നുള്ള  ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന പരിക്കേറ്റതും അല്ലാത്തതുമായ കടുവകളെയും പുലികളെയും പിടികൂടി പരിചരിക്കാൻ കഴിയും. മനുഷ്യ–-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിലുള്ള പ്രധാന ചുവടുവയ്‌പ്പാണിത്‌.

എസ്‌ നരേന്ദ്രബാബു, വയനാട്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top