25 April Thursday

വന്യജീവി സംരക്ഷണം വെല്ലുവിളികളേറെ

ഡോ. പേരോത്ത് ബാലകൃഷ്ണൻUpdated: Sunday Oct 10, 2021


സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുക, അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവ പ്രകൃതിയുടെ സംതുലിതാവസ്ഥയ്‌ക്ക് അനിവാര്യമാണ്.ജന്തുജന്യരോഗങ്ങൾ പ്രത്യേകിച്ച്‌  കോവിഡ്, നിപാ, എബോള, സാർസ്, കുരങ്ങുപനി തുടങ്ങിയവ ലോകത്ത്‌ കടുത്ത വെല്ലുവിളി ഉയർത്തുമ്പോൾ  ഇതിന്‌ പ്രാധാന്യമേറെ.

ചില നാഴികക്കല്ലുകൾ
1952 -ലാണ്‌ ഇന്ത്യൻ വന്യജീവിബോർഡിന്റെ രൂപീകരണം. വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതിയും പിന്നീട്‌ ഉണ്ടായി. എഴുപതുകളിൽ  ആരംഭിച്ച പ്രൊജക്റ്റ് ടൈഗറും 92 ൽ പ്രൊജക്റ്റ് എലിഫന്റും ആഗോള ശ്രദ്ധ നേടി. ആവാസവ്യവസ്ഥ, ജീവജാലങ്ങൾ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന അന്താരാഷ്ട്ര സംരക്ഷണ ഉടമ്പടികളിലും രാജ്യം അംഗമായി. 80-ലെ വന (സംരക്ഷണ) നിയമവും 86 -ലെ പരിസ്ഥിതി സംരക്ഷണ നിയമവും ഇവയുമായി ബന്ധപ്പെട്ട്‌ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും വന്യജീവി ആവാസവ്യവസ്ഥകളെയും വന്യജീവി ഇടനാഴികളെയും സംരക്ഷിക്കാനുള്ള ഗൗരവമായ ശ്രമങ്ങളുടെ ഭാഗമാണ്. ഇന്ന്‌ രാജ്യത്തുള്ള 104 ദേശീയോദ്യാനങ്ങൾ, 566 വന്യജീവി സങ്കേതങ്ങൾ, 97 കൺസർവേഷൻ റിസർവുകൾ, 214 കമ്യൂണിറ്റി റിസർവുകൾ അടക്കം 981 സംരക്ഷിത പ്രദേശങ്ങളുടെ ശൃംഖല; കൂടാതെ, 51 കടുവാ സങ്കേതങ്ങൾ, 32 ആന സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം  വന്യജീവി സംരക്ഷണ ശ്രമങ്ങൾക്ക്‌ വലിയ പിന്തുണയാണ്‌ നൽകുന്നത്‌.

ആവാസവ്യവസ്ഥയുടെ  ശോഷണം
നിയമങ്ങളും സംരക്ഷണത്തിനുള്ള പദ്ധതികളുമെല്ലാം ഉണ്ടെങ്കിലും വന്യജീവികളും അവയുടെ ആവാസവ്യവസ്ഥകളും  നിരവധി ഭീഷണികൾ നേരിടുകയാണ്‌. പല ജീവികളും വംശനാശത്തിന്റെ വക്കിലുമാണ്‌. 

ആവാസവ്യവസ്ഥകളുടെ നാശവും  ഇത്തരം സ്ഥലങ്ങളിലേക്കുള്ള അധിനിവേശ സസ്യങ്ങൾ, കീടങ്ങൾ, എന്നിവയുടെ കടന്നു കയററ്റവും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഈ മേഖലകളിലേക്കുള്ള  മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും അനിയന്ത്രിതമായ ഇടപെടൽ ജന്തു-ജന്യ രോഗങ്ങളുടെ പകർച്ചാസാധ്യത കൂട്ടാനും ഇടയാക്കും. നാൾക്കുനാൾ വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ സുപ്രധാന കാരണവും വിസ്തൃതവും അനുയോജ്യവുമായ ആവാസവ്യവസ്ഥകളുടെ  അഭാവമാണ്.   മാംസത്തിനായും കൊമ്പ്, തേറ്റ തുടങ്ങിയവയ്‌ക്കായും വന്യജീവികളുടെ വേട്ടയാടൽ ഇപ്പോഴും രാജ്യത്ത്‌  വ്യാപകമാണ്. വേട്ടയാടൽ തീവ്രമായി നടക്കുന്ന മധ്യ, വടക്കുകിഴക്കൻ ഇന്ത്യയിലെ കാടുകളെല്ലാംതന്നെ വന്യജീവികൾ കുറഞ്ഞ  ‘ശൂന്യ  വനങ്ങളാണ്’. ജന്തു-ജന്യ രോഗങ്ങളുടെ പകർച്ചാസാധ്യത ഏറ്റവും കൂടുതൽ ഇത്തരം ഇടങ്ങളിലാണ്. വനാതിർത്തികൾ, കടൽ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്‌ അടക്കമുള്ള മാലിന്യ നിക്ഷേപം വന്യജീവികൾക്ക് വൻ ഭീഷണിയാണ്. ഇവയ്‌ക്കെല്ലാം പുറമെ കാലാവസ്ഥാ വ്യതിയാനം സൂക്ഷ്മ പരിസ്ഥിതികളെ ആശ്രയിക്കുന്ന പല വന്യജീവി വർഗങ്ങളെയും ഭൂമിയിൽ നിന്ന് തുടച്ചുനീക്കിയേക്കാം.   

സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗവേഷണം, പൊതുജനങ്ങളിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്‌ടിക്കൽ, സർക്കാർ ഇതര സംഘടനകളെയും വനമേഖലയിലെയും അതിർത്തിയിലെയും ജനങ്ങളെയും സംരക്ഷണപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തൽ എന്നിവയും വന്യജീവികളുടെയും മനുഷ്യരുടെയും നിലനിൽപ്പിന് പ്രധാനമാണ്.

(തൃശൂർ കേരള വന ഗവേഷണ സ്ഥാപന(കെഎഫ്‌ആർഐ)ത്തിലെ ശാസ്‌ത്രജ്‌ഞനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top