23 April Tuesday

കുറുക്കൻമൂലയല്ല; കടുവ മൂല

ബച്ചു ചെറുവാടി bachucheruvadi@gmail.comUpdated: Sunday Jan 16, 2022

വയനാട്‌ കുറുക്കൻമൂലയിൽ കടുവയ്‌ക്കായുള്ള തെരച്ചിൽ കഴിഞ്ഞിറങ്ങിയ കുങ്കി ആനകളായ കല്ലൂർ കൊന്പനും വടക്കനാട്‌ കൊന്പനുമൊപ്പം വനപാലകർ ഫോട്ടോ: എം എ ശിവപ്രസാദ്‌

കേരളത്തിൽ വനവും ജനവാസകേന്ദ്രങ്ങളും തൊട്ടുതൊട്ടാണ്‌. അതുകൊണ്ടുതന്നെ കാട്ടിൽ വെള്ളവും തീറ്റയും കിട്ടാതാകുമ്പോൾ മൃഗങ്ങൾ നാട്ടിലേക്കിറങ്ങും. കൃഷിക്കും മനുഷ്യജീവനുംതന്നെ ഭീഷണി സൃഷ്‌ടിക്കും. വയനാട്ടിലെ കുറുക്കൻമൂലയിൽ കടുവ ഇറങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ വന്യജീവികളുടെ കാടിറക്കത്തെക്കുറിച്ച്‌

മിന്നൽ മുരളിയുടെ കഥ  നടക്കുന്നത്‌ കേരളത്തിലാണെങ്കിലും സിനിമയിൽ തലങ്ങും വിലങ്ങും പായുന്ന രക്ഷകൻ എന്ന ബസ്സിന്റെയും മിന്നൽ എന്ന ഓട്ടോറിക്ഷയുടെയുമൊക്കെ റജിസ്‌ട്രേഷൻ നമ്പർ തുടങ്ങുന്നത്‌  കെഎൽ എന്ന അക്ഷരങ്ങളിലല്ല, കെഎമ്മിലാണ്‌. എന്താണ്‌ കെഎം എന്ന്‌ കണ്ടവർ കണ്ടവർ പരസ്‌പരം ചോദിച്ചു. അത്‌ കുറുക്കൻമൂലയുടെ ചുരുക്കമാണെന്ന്‌ പിന്നീടറിഞ്ഞു. കുറുക്കൻ മൂലയിൽ ക്രിസ്‌മസ്‌ കാലത്ത്‌ അടിച്ച മിന്നലിൽനിന്ന്‌ സൂപ്പർ പവർ നേടിയ വില്ലനും നായകനുമൊക്ക മൊബൈലിലും ലാപ്പിലും അരങ്ങുവാഴാൻ തുടങ്ങിയ 2021 ഡിസംബറിൽ തന്നെയാണ്‌ വയനാട്ടിലെ കുറുക്കൻമൂലക്കാർക്ക്‌  ഉറക്കം നഷ്‌ടപ്പെട്ടത്‌. കുറുക്കനല്ല, കടുവയാണ്‌ ഈ കുറുക്കൻമൂലയിലെ കഥയിലെ പ്രധാനകഥാപാത്രം. 2021 ഡിസംബറിൽ രണ്ടാഴ്‌ചക്കകം പതിനാലു വളർത്തുമൃഗങ്ങളെ  കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്‌തു ഈ കടുവ. ആരോ അറിഞ്ഞിട്ട പേരാണ്‌ കുറുക്കൻമൂല. മാനന്തവാടിയുടെ ഒരു മൂല. വനഗ്രാമമെന്ന്‌ തീർച്ചയായും വിശേഷിപ്പിക്കാം.  കടുവയുടെ ആക്രമണങ്ങളുണ്ടായി ദിവസങ്ങൾക്കു ശേഷവും  നല്ല ഭീതിയിലാണ്‌ പ്രദേശവാസികൾ. റോഡുകൾ വിജനം. വനാതിർത്തിയോട് ചേർന്ന വീട്ടിലെ ഗൃഹനാഥൻ വടയാപറമ്പിൽ മാത്യുവിനോട് കാര്യങ്ങളന്വേഷിച്ചു. ‘ഇവിടെ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. പകൽപോലും പേടിയാണ്‌. കുറച്ചുമുമ്പാണ് എന്റെ പട്ടിയെ കടുവ കടിച്ചു പരിക്കേൽപ്പിച്ചത്. സ്‌കൂളിൽ കുട്ടികളെ അയക്കാനും ഭയമാണ്’–- മാത്യു പറഞ്ഞു.

കടുവയെ തിരയാൻ കുങ്കിയാനകളെ കൊണ്ടുവന്ന വനം വകുപ്പിന്റെ ലോറികളുണ്ടവിടെ.  തെനംകുഴിയിൽ ജിൽസിന്റെ പറമ്പിൽ കടുവയെ പിടിക്കാനുള്ള ഇരുമ്പുകെണി ഭീതിയുടെ ഉരുക്കുചിഹ്നം പോലെ. ‘‘ഞങ്ങളുടെ മൂന്നു ആടുകളെ കടുവ കടിച്ചുകൊന്നു. പശുവിനെ  മാരകമായി പരിക്കേൽപ്പിച്ചു.’’ ജിൽസിന്റെ സഹോദരി മേരി വേദനയോടെ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളാലും വന്യമൃഗ ആക്രമണങ്ങളാലും ഗതികെട്ടിരിക്കുന്നു വയനാട്. 1980‐  -2021 കാലത്ത്‌ 146 പേരെയാണ് വന്യമൃഗങ്ങൾ കൊന്നത്‌. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 77 പേർ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 362 മൃഗങ്ങൾ കൊല്ലപ്പെട്ടു. 197 വീടുകൾ തകർന്നു. പഞ്ചായത്തിലെ ആകെ നഷ്‌ടം 20 കോടി.

അവർ എന്തിന്‌ നാട്ടിലിറങ്ങുന്നു?

‘മനുഷ്യനും മൃഗങ്ങളും പ്രകൃതിയുടെ ദാനമാണെന്നുള്ള വസ്‌തുത മനുഷ്യൻ മറന്നു തുടങ്ങിയതോടെയാണ് വന്യജീവികൾ നാട്ടിലിറങ്ങിയത്’- പരിസ്ഥിതി ശാസ്‌ത്രജ്ഞനും വയനാട് സ്വദേശിയുമായ ഡോ. വിഷ്‌ണുദാസ് പറയുന്നു.  ഇന്നു നാം നാടെന്നു പറയുന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും നിബിഡവനങ്ങളായിരുന്നു. 1950 മുതലുള്ള  കുടിയേറ്റവും കാടുവെട്ടിത്തെളിച്ചുള്ള കൃഷിയും വനമേഖലയുടെ താളം തെറ്റിച്ചു. നാഴികകളോളം സഞ്ചരിച്ച് തീറ്റ തേടുന്ന മൃഗമാണ് ആന. ആനത്താരകൾ ഇല്ലാതായത് അവയെ അസ്വസ്ഥരാക്കി. തേക്ക്, മാഞ്ചിയം തുടങ്ങിയ മരങ്ങൾ വച്ചു പിടിപ്പിച്ചതോടെ ജലസ്രോതസ്സുകൾ വറ്റി. ചൂട് കൂടി.  ഇതോടെ വന്യജീവികൾ ദാഹജലം തേടിയും കാടിറങ്ങാൻ തുടങ്ങി. മുതിർന്ന ആന ദിനം 212 ലിറ്റർ വെള്ളം കുടിക്കും. 344 ചതുരശ്ര കി.മീ. വിസ്‌തീർണമുള്ള വയനാട് വന്യജീവി സങ്കേതത്തിൽ ആയിരത്തിലേറെ ആനകളുണ്ട്. അവയ്‌ക്ക് ആവശ്യത്തിന്‌ കുടിവെള്ളമില്ലെന്നർഥം. ആവാസ വ്യവസ്ഥയിലെ  താളഭംഗങ്ങളാണ്‌ കടുവയെ കുടുക്കിയത്‌. 2018ലെ സെൻസസ് പ്രകാരം വയനാട്ടിൽ 120 കടുവകളുണ്ട്‌.   ആൺകടുവയ്‌ക്ക്‌ നൂറു ചതുരശ്ര കിലോമീറ്റർ അധീന പ്രദേശമായി വേണം. പെൺകടുവയ്‌ക്ക്‌   നാൽപ്പത്‌ ചതുരശ്ര കിലോമീറ്ററും. വയനാട്ടിൽ ഈ  സാഹചര്യം ഇല്ലാത്തതിനാൽ കടുവകൾക്കിടയിൽതന്നെ സംഘർഷമുണ്ടാകുന്നു. ലോകത്തെങ്ങും വന്യമൃഗ ആക്രമണം പൂർണമായി തടയാനായിട്ടില്ല. പ്രശ്നപരിഹാരത്തിന് വനം വകുപ്പിനെ മാത്രം ആശ്രയിക്കാതെ സാമൂഹ്യമായ നീക്കമുണ്ടാകണം. പണ്ടൊക്കെ കൃഷിയിടത്തിൽ ഇറങ്ങുന്ന മൃഗങ്ങളെ തുരത്താൻ ഏറുമാടങ്ങളിൽ കാവൽ ഇരിക്കുമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആ രീതി പുനരാരംഭിക്കാം. കാട്ടിൽ  തീറ്റയും ശുദ്ധജലവും കുറഞ്ഞതു കൊണ്ടാണ് മൃഗങ്ങൾ കാടിറങ്ങുന്നത്‌. അവ നമ്മുടെ ശത്രുക്കളല്ല. അവ കൂടി ഉണ്ടെങ്കിലേ പാരിസ്ഥിതിക സന്തുലനാവസ്ഥ ഉള്ളൂ. കാടുണ്ടെങ്കിലേ നാടുള്ളൂ. മനുഷ്യരുള്ളൂ-വിഷ്‌ണുദാസ് ഓർമിപ്പിക്കുന്നു

എളുപ്പമല്ല പരിഹാരം 

കേരളത്തിലെ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ വന്യമൃഗ പ്രശ്നം പൂർണമായി പരിഹരിക്കാനാവുമെന്ന് വനംവകുപ്പ് അധികൃതർ തന്നെ അവകാശപ്പെടുന്നില്ല. വനമേഖലയോട് ചേർന്ന് ധാരാളം ജനവാസ കേന്ദ്രങ്ങളുണ്ട്. വയനാട്ടിലെ ജനസംഖ്യ അടുത്ത കാലത്ത്‌ വൻതോതിൽ ഉയരുകയും ചെയ്‌തു. 1980ൽ ജില്ല രൂപീകൃതമാകുമ്പോൾ  ജനസംഖ്യ അഞ്ചു ലക്ഷത്തോളമായിരുന്നു. ഇന്ന് ഇത് 8.9 ലക്ഷം. വനം ഉണ്ടെങ്കിലേ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളും ഉള്ളൂ എന്ന തത്വമാണ് വനം വകുപ്പ് ഉയർത്തിപ്പിടിക്കുന്നത്. അതുകൊണ്ട് വനം സംരക്ഷിക്കുക എന്നതു തന്നെയാണ് വനംവകുപ്പിന്റെ പ്രധാന ലക്ഷ്യം'–- സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം പറയുന്നു. ജനവും വനവും അടുത്തിടപഴകുന്ന കേരളത്തിൽ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടുക പ്രയാസം.  വനനിയമങ്ങൾ കർക്കശമാണ്. അത് പരിസ്ഥിതിയെ നിലനിർത്തുന്നതിനാണ്. പ്രശ്നബാധിത പ്രദേശങ്ങളിലെല്ലാം കിടങ്ങുകളും സോളാർ വേലികളുമുണ്ട്. 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമും. വന്യമൃഗ ആക്രമണം ഉണ്ടാകുമ്പോൾ കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് നിർദേശം വച്ചിട്ടുണ്ട്. പല ഭാഗങ്ങളിൽ ഒരുമിച്ച് പ്രശ്നങ്ങളുണ്ടാകുമ്പോൾ ഓടിയെത്താൻ ആവശ്യമായ ജീവനക്കാരില്ല.  

പരിഹാരം കർഷക പക്ഷത്തുനിന്ന്

മൂന്നു പതിറ്റാണ്ടായി വന്യമൃഗശല്യ പ്രതിരോധ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിക്കുന്ന ജോസ് കാട്ടിക്കുളം  സൂക്ഷ്‌മമായി വിഷയത്തെ സമീപിക്കുന്നത്‌. ‘വനമേഖലയിലെ വന്യമൃഗശല്യം പൂർണമായി ഇല്ലാതാക്കാൻ സർക്കാരോ വനംവകുപ്പോ മാത്രം ശ്രദ്ധിച്ചാൽ സാധ്യമല്ലെന്നാണ് ഇത്രയും കാലത്തെ അനുഭവത്തിൽനിന്ന് പഠിച്ചത്‌’–- ജോസ് പറയുന്നു, കൊച്ചു കൊച്ചു വനമേഖലകൾ. അതിനു ചുറ്റും ആൾ താമസം. വനത്തിൽ തീറ്റയും വെള്ളവും കിട്ടാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ മൃഗങ്ങൾ കൃഷി യിടങ്ങളിലിറങ്ങുന്നത് സ്വാഭാവികം. വനമേഖലയെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് കൃത്യമായി വേർതിരിക്കുകയാണ് ആദ്യം വേണ്ടത്.  കിടങ്ങുകളും വേലികളും പോര. കർണാടകയിലെ ഹസനിൽ സ്ഥാപിച്ച ആധുനിക രീതിയിലുള്ള വല വിജയകരമാണ്. പാലക്കാട് ഐഐടി രൂപകൽപ്പനചെയ്‌ത ഉരുക്കുവടങ്ങളുള്ള വല സ്ഥാപിക്കാൻ കിലോമീറ്ററിന് 75 ലക്ഷം രൂപ വേണം. ഇത്തരം വേലികൾ ഭേദിക്കാൻ വന്യമൃഗങ്ങൾക്ക് സാധിക്കില്ല. 2100 കിലോമീറ്ററാണ് വയനാട്ടിലെ വനാതിർത്തി. ഇതിൽ 1000 കിലോമീറ്റർ ഈ വേലി സ്ഥാപിച്ചാൽ പ്രശ്‌നം പകുതി കുറയും. വിളനാശത്തിന്‌ കർഷകർക്ക്  നൽകുന്ന നഷ്ടപരിഹാരം അപര്യാപ്‌തമാണ്‌. ഒരു ഹെക്ടർ നെൽകൃഷി നശിച്ചാൽ 18,000 രൂപയാണ് നൽകുന്നത്. ഇത്രയും കൃഷി നടത്താൻ 75,000 രൂപയെങ്കിലും വേണം. നഷ്ടപരിഹാരത്തിനുള്ള 10,000ലേറെ അപേക്ഷകൾ ഇപ്പോഴും ഫയലിലാണ്‌.

തേക്കും യൂക്കാലിപ്റ്റ്‌സും മുറിച്ചു മാറ്റി വനങ്ങൾക്കു അനുയോജ്യമായ മരങ്ങൾ വച്ചു പിടിപ്പിച്ചാൽ കാട്ടിലെ ചൂട് കുറയും, ജലനഷ്ടം ഒഴിവാകും. കാടിനും മൃഗങ്ങളുടെ സഞ്ചാരത്തിനും ഏറെ ദോഷം ചെയ്യുന്ന സെന്ന, ജൂപിറ്റേറിയം, കൊങ്ങിണി തുടങ്ങിയ വിദേശ സസ്യങ്ങൾ വേരോടെ പിഴുതു മാറ്റണം. ഇതിന്‌ സർക്കാർ 10 കോടി നീക്കിവച്ചത് ആശാവഹമാണ്. വന്യമൃഗങ്ങളുടെ ക്രമാതീതമായ വർധന കാടിന്റെ വിസ്‌തൃതിക്ക് ആനുപാതികമായി നിജപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പഠിച്ചതിൽ നിന്നുള്ള അനുഭവത്തിൽ ജോസ് വിശദീകരിക്കുന്നു. അമേരിക്കയിൽ ചിലയിടത്ത്‌ മാനിന്റെ എണ്ണം കണക്കിലേറെ വർധിച്ചപ്പോൾ അധികമുള്ളവയെ കൊല്ലുകയായിരുന്നു. ഓസ്ട്രേലിയയിൽ കങ്കാരുവിന്റെ വർധന പലതരം പ്രശ്നങ്ങളുണ്ടാക്കിയപ്പോഴും അധികമുള്ളവയെ കൊന്നു. ഹിമാചൽ പ്രദേശിൽ ശല്യക്കാരായ കുരങ്ങുകളെ കൊല്ലാൻ തീരുമാനിച്ചു. ശല്യക്കാരായ ഒറ്റയാൻമാരെ വനം വകുപ്പിന് പിടിച്ച് അവരുടെ ഭാഗമാക്കാം. ഒരുകാലത്ത് ജനത്തെ ഭീതിയിലാക്കി വിഹിരച്ച വടക്കനാട് കൊമ്പനെ പിടിച്ച് മെരുക്കിയെടുത്ത് ഇന്ന് കടുവയെ തിരയാൻ ഉപയോഗിക്കുന്നത് തന്നെ ഉദാഹരണം.

കാടിറങ്ങുന്നവർ

സംസ്ഥാനത്തെ വന്യജീവി –മനുഷ്യസംഘർഷങ്ങളെക്കുറിച്ച് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ വൈ മുഹമ്മദ് അൻവർ പറയുന്നത്‌ ഇങ്ങനെ: കേരളത്തിൽ കാർഷിക വിള നശിപ്പിക്കുന്ന വന്യജീവികളിൽ ഒന്നാമൻ കാട്ടുപന്നിയാണ്‌. രണ്ടാമതായി കുരങ്ങൻ. മൂന്നാമതായി മാത്രമാണ്‌ ആന. കാടിന്‌ വെളിയിലെത്തുന്ന പന്നി തിരിച്ചുപോകില്ല. പാമ്പാണ്‌ മനുഷ്യ ജീവന്‌  മറ്റൊരു ഭീഷണി. കേരളത്തിൽ 120ലേറെ ഇനം പാമ്പുണ്ടെങ്കിലും പത്തിൽ താഴെ ഇനത്തിന്‌ മാത്രമാണ്‌ വിഷമുള്ളത്‌.

ഉത്രയെ കടിച്ച മൂർഖൻ 

2020 മെയ്‌ ഏഴിനാണ്‌ അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്താൻ ഭർത്താവ്‌ അടൂർ പറക്കോട്‌ സ്വദേശി സൂരജ്‌ (27) പാമ്പിനെ ഉപയോഗിക്കുന്നത്‌. (കേസ്‌ തെളിയിക്കാൻ രൂപീകരിച്ച വിദഗ്‌ധസംഘത്തിൽ അംഗമായിരുന്നു മുഹമ്മദ്‌ അൻവർ). സൂരജ്‌ പറഞ്ഞ കള്ളങ്ങളിൽനിന്നാണ് സംഘം കേസ്‌ തെളിയിച്ചത്‌.  ജനൽ വഴി മൂർഖൻ കയറി, വാതിൽ തുറന്ന്‌ കിടന്നപ്പോൾ അകത്തെത്തി ഉത്രയെ കടിച്ചു എന്നൊക്കെയായിരുന്നു സൂരജിന്റെ വാദം.  ഒന്നരമീറ്റർ നീളമാണ്‌ മൂർഖനുണ്ടായിരുന്നത്‌. 1.25 മീറ്റർ ഉയരമുള്ള ജനൽ വഴി അതിന്‌ കടക്കാനാവില്ല. മുറി തുറന്നുകിടന്നപ്പോൾ പകൽ അകത്ത്‌ കയറിയ മൂർഖൻ രാത്രിയിൽ കടിക്കാൻ സാധ്യതയില്ല. രാത്രിയാകുന്നതോടെ ഒളിക്കാൻ പറ്റുന്നയിടങ്ങളിൽ കയറിയിരിക്കുന്നതാണ്‌ രീതി.  മൂർഖന്‌ തെർമൽ സെൻസിങ്‌ കഴിവില്ല. ചലനത്തിലാണ്‌ അത്‌ ശ്രദ്ധിക്കുന്നത്‌. ചലനമില്ലെങ്കിൽ  കടിക്കില്ല. നല്ല ഉറക്കത്തിലുള്ള ഉത്രയെ അർധരാത്രി സ്വയം മുറിയിൽ വന്ന്‌ കടിക്കാനിടയില്ല. മറ്റൊന്ന്‌ അടുത്തടുത്ത്‌ കടിയേറ്റു എന്നതാണ്‌. മൂർഖൻ അങ്ങനെ കടിക്കാനുള്ള സാധ്യതയുമില്ല. കടിയേറ്റ സ്ഥലങ്ങളിൽ വിഷപ്പല്ലുകൾ ആഴ്‌ന്നിറങ്ങിയത്‌ രണ്ടുരീതിയിലായിരുന്നു. പാമ്പിനെ കൊണ്ടുവന്ന്‌ ബലമായി കടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക്‌ എത്താൻ ഇത്തരം കാര്യങ്ങൾ മതിയായിരുന്നു. ഡമ്മി പരീക്ഷണത്തിലൂടെ അത്‌ തെളിയിക്കാനുമായി.

മരണം കുറഞ്ഞു

പാമ്പ്‌ കടിയേറ്റ്‌ മരിക്കുന്നവരുടെ എണ്ണം മൂന്നുവർഷത്തിനുള്ളിൽ മൂന്നിലൊന്നായി കുറഞ്ഞു. 2017‐2019 കാലത്ത്‌ പ്രതിവർഷം ശരാശരി 110 പേർ മരിച്ച സ്ഥാനത്ത്‌ 2021ൽ മരണസംഖ്യ മുപ്പതാക്കി കുറയ്‌ക്കാൻ കഴിഞ്ഞു. മറ്റ്‌ വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരിക്കുന്നവരുടെ പത്തുമടങ്ങായിരുന്നു പാമ്പു കടിയേറ്റുള്ള മരണം. അത്‌ കുറയ്‌ക്കാൻ പാമ്പ്‌ പിടിത്തം ശാസ്‌ത്രീയമാക്കൽ, കടിയേറ്റാൽ ഉടൻ ചികിത്സ നേടാൻ പ്രേരിപ്പിക്കൽ, ബോധവൽക്കരണം എന്നിവയിലൂടെയാണ് സാധിച്ചത്. 

സോളാർ വേലി

വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘട്ടനം കുറയ്‌ക്കാൻ നിരവധി കാര്യങ്ങൾ വനംവകുപ്പ്‌ ചെയ്‌തു വരുന്നു. ബോധവൽക്കരണം, നേച്ചർ ക്യാമ്പുകൾ, പരിസ്ഥിതി പ്രാധാന്യം എടുത്തു കാട്ടുന്ന പ്രചാരണം തുടങ്ങിയവ അതിൽ ചിലതുമാത്രം. അതേസമയം വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക്‌ ഇറങ്ങുന്നത്‌ തടയുകയെന്നതുതന്നെയാണ്‌ പ്രധാനം. അതിന്‌ വലിയ പ്രതിസന്ധിയാകുന്നത്‌ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയാണ്‌. വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് തടയാൻ ഫലപ്രദം സോളാർ ഫെൻസിങ്‌ ആണ്‌. നിലത്തുനിന്ന്‌ അരയടി ഉയരത്തിലാണ് ലൈൻ വലിക്കുന്നത്. വള്ളിച്ചെടികൾ കയറി പലയിടങ്ങളിലും ഇവ ‘നിർവീര്യ’മാകുന്നതാണ്‌ മറ്റൊരുപ്രശ്‌നം.

ചീറ്റകളുടെ രണ്ടാംവരവ്‌

ബ്രിട്ടീഷ്‌ ഭരണത്തിൽനിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ ഒരു ജീവിവർഗം രാജ്യത്തുനിന്ന്‌ തുടച്ചുനീക്കപ്പെട്ടിരുന്നു, ഏഷ്യൻ ചീറ്റകൾ. അവശേഷിച്ചിരുന്ന മൂന്നുചീറ്റകളെ 1947ൽ ഇന്നത്തെ ഛത്തീസ്‌ഗഢ്‌ ഉൾപ്പെടുന്ന മേഖലയിലെ നാട്ടുരാജാവ്‌ വിനോദത്തിനായി വെടിവച്ചുകൊന്നു. 1952ൽ ഏഷ്യൻ ചീറ്റകൾ നാമാവാശേഷമായെന്ന്‌ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. പതിറ്റാണ്ടുകൾ നീണ്ട കോടതി വ്യവഹാരങ്ങൾക്ക് ഒടുവിൽ 2021ൽ ആഫ്രിക്കൻ ചീറ്റകളെ ഇറക്കുമതി ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി. അതുപ്രകാരം എട്ടു ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിൽ എത്തിക്കാനും മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ സംരക്ഷിക്കാനും പദ്ധതിയൊരുങ്ങി. ലോകത്ത് ആദ്യമായാണ് ഒരു മാംസഭോജിയെ സംരക്ഷണത്തിനായി ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്നത്‌. ഇവ ഇര പിടിക്കാൻ മണിക്കൂറിൽ 70 മൈൽ (112 കിലോമീറ്റർ) വേഗതയിലാണ്‌ പുൽമേടുകൾക്കിടയിലൂടെ പായുന്നത്‌.  

(തയ്യാറാക്കിയത്‌: സുനീഷ്‌ ജോ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top