18 April Thursday

വിഷാംശമോ? ഭൂഗർഭജലവും കുടിക്കാം ; സാങ്കേതികവിദ്യ
വികസിപ്പിച്ച് സിഎസ്‌ഐആർ

അശ്വതി ജയശ്രീUpdated: Sunday Jan 16, 2022

ജലശുദ്ധീകരണ പ്ലാന്റിന്‌ സമീപം ഡോ. ബി കൃഷ്‌ണകുമാർ



തിരുവനന്തപുരം
വിഷാംശമടങ്ങിയ ഭൂഗർഭജലം കുടിവെള്ളയോഗ്യമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച്‌ തിരുവനന്തപുരത്തെ സിഎസ്‌ഐആർ എൻഐഐഎസ്‌ടി. ഭൂഗർഭജലത്തിലടങ്ങിയ പെർക്ലോറേറ്റ്‌ എന്ന വിഷപദാർഥത്തെ വിഘടിപ്പിച്ച്‌ കുടിക്കാൻ യോഗ്യമാക്കുന്ന വിദ്യയാണ്‌ കൗൺസിൽ ഓഫ്‌ സയൻസ്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്റർ ഡിസ്‌പ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജി(സിഎസ്‌ഐആർ എൻഐഐഎസ്‌ടി) വികസിപ്പിച്ചത്‌. ആലുവയിലെ കീഴ്‌മാട്‌ പഞ്ചായത്തിൽ പരീക്ഷണാർഥമുള്ള പ്ലാന്റും സ്ഥാപിച്ചു. പെർക്ലോറേറ്റിനെ വിഘടിപ്പിച്ച്‌ വിഷലിപ്തമല്ലാത്ത ക്ലോറേറ്റ്‌ ഓക്സിജനാക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയതാണ്‌ പുതിയ സാധ്യത തുറന്നത്‌.  

2012ൽ കീഴ്‌മാട്‌ പഞ്ചായത്തിലെ മൂന്ന്‌ പൊതുകിണറിൽ അമിത പെർക്ലോറേറ്റ്‌ സാന്നിധ്യം സിഎസ്‌ഐആർ കണ്ടെത്തിയിരുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 70 മൈക്രോഗ്രാം പെർക്ലോറേറ്റ്‌ മാത്രമേ ഉണ്ടാകാവൂ എന്നിരിക്കെ ഇവിടെ ലിറ്ററിൽ 40,000 ആയിരുന്നു. പ്രദേശത്തെ വ്യവസായ കേന്ദ്രങ്ങളിൽനിന്നാണ്‌ വിഷാംശം വെള്ളത്തിൽ കലർന്നത്‌. ഇത്‌ കുടിക്കുന്നത്‌ ഹൈപ്പർ തൈറോയ്‌ഡിന്‌ കാരണമാകും. തുടർന്ന്‌ പഞ്ചായത്തിലെ കുളക്കാട്‌ മേഖലയിൽ കിണറുകൾ അടച്ചു. 2021 ജൂലൈയിൽ നടത്തിയ പഠനത്തിൽ അടച്ചിട്ട കിണറുകളിലെ പെർക്ലോറേറ്റ്‌  ലിറ്ററിൽ 9090 മുതൽ 1490 മൈക്രോഗ്രാം വരെയായിരുന്നു. മേഖലയിലെ ജനങ്ങൾക്ക്‌ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സിഎസ്‌ഐആർ പ്ലാന്റ്‌ തയ്യാറാക്കിയത്‌. ജൽ ജീവൻ പദ്ധതി ധനസഹായം നൽകി. മലിനമായ ജലം പ്ലാന്റിലെത്തിച്ച്‌ വിഷ പദാർഥം ഇല്ലാതാക്കി വിതരണം ചെയ്യാം.

ദിവസം 2000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനാകുമെന്ന്‌ പദ്ധതിയുടെ ടെക്‌നോളജി ഡെവലപ്പറും പ്രോജക്ട്‌ ലീഡറുമായ ഡോ. ബി കൃഷ്‌ണകുമാർ പറഞ്ഞു. ഏറെക്കാലത്തെ പഠനത്തിലൂടെയാണ്‌ പ്ലാന്റ്‌ സ്ഥാപിച്ചത്‌. നിരവധി കുടുംബങ്ങൾക്ക്‌ ഇത്‌ സഹായമാകും–- അദ്ദേഹം പറഞ്ഞു. 14ന്‌ ഉദ്‌ഘാടനം ചെയ്ത ജലശുദ്ധീകരണ പ്ലാന്റ്‌ പരീക്ഷണാർഥം മൂന്നുമാസം പ്രവർത്തിപ്പിക്കും. ലിറ്ററിന്‌ 20 പൈസയാണ്‌ ചെലവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top