ഹിന്ദി സിനിമയിൽ ഉരുക്കുവനിതകൾ കളംനിറഞ്ഞുനിന്ന കാലത്താണ് തെന്നിന്ത്യയിൽനിന്ന് വഹീദ മുംബൈയിലേക്ക് വണ്ടികയറിയത്. തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ടിൽ മുഹമ്മദ് അബ്ദുറഹ്‌മാന്റെയും മുംതാസിന്റെയും നാലു പെൺമക്കളിൽ ഇളയവളായ വഹീദ കുട്ടിക്കാലത്തെ മികച്ച ഭരതനാട്യം നര്‍ത്തകിയായി അറിയപ്പെട്ടിരുന്നു. ആലിബാബയും 40 തിരുടര്‍കളും എന്ന ചിത്രത്തിലെ നര്‍ത്തകിവേഷമായിരുന്നു ആദ്യം. എന്നാല്‍ 1955ൽ 17–-ാം വയസ്സിൽ തപി ചാണക്യ സംവിധാനംചെയ്ത രൊജുലു മാരായി എന്ന സിനിമയിലെ നൃത്തമാണ് ഹിന്ദിസിനിമയിലേക്ക് വഴിതെളിയിച്ചത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ദുരന്ത പ്രണയനായകനും സംവിധായകനുമായ ഗുരുദത്തിന്റെ പ്യാസ (1957), കാഗസ് കെ ഫൂല്‍ (1959), ചൗദ് വീൻ കാ ചാന്ദ് (1960), സാഹിബ് ബീബി ഓർ ഗുലാം (1962) എന്നിവയില്‍ തുടർച്ചയായി അവർ നായികയായി. ഈ ചിത്രങ്ങളിലൂടെ വഹീദ റഹ്‌മാൻ എന്ന അഭിനേത്രി ഇന്ത്യൻ ചലച്ചിത്രപ്രേക്ഷകരുടെ ഹൃദയത്തിൽ കസേര വലിച്ചിട്ട് ഇരുന്നു.
അനശ്വര പ്രണയകഥകളിലെ അനശ്വര നായികയെന്നാൽ വഹീദ എന്ന അവസ്ഥ വന്നു. "മാസ്റ്റർ ഷോമാന്‍' ദേവാനന്ദിന്റെ വിഖ്യാതമായ ഗൈഡിലെ (1965) റോസി മാർക്കോ അഥവാ മിസ് നളിനി എന്ന ആഴമുള്ള കഥാപാത്രം ഇന്ത്യന്‍ മനസില്‍ ആഴത്തില്‍ പതിഞ്ഞു. ബോളിവുഡിലെ തലതൊട്ടപ്പന്മാരായ ദിലീപ് കുമാറും രാജ് കപൂറും രാജേഷ് ഖന്നയും രാജേന്ദ്രകുമാറും വഹീദയെ നായികയാക്കാൻ മത്സരിച്ചു. വഹീദ റഹ്‌മാന്റെ മുഗ്ധസൗന്ദര്യം ഇന്ത്യൻ സ്ത്രീത്വത്തിന്റെ അടയാളം പോലുമായി. അവരുടെ കേശാലങ്കാരവും വസ്ത്രശൈലിയും പൊട്ടിടുന്ന രീതിയുമൊക്കെ തരംഗമായി. ആൺകോയ്മ കൊടികുത്തിവാണ ബോംബെ സിനിമാവേദിയിൽ അറുപതുകളിൽ തുടങ്ങി എഴുപതുകളുടെ ആദ്യപാദംവരെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നായികയായിരുന്നു അവര്‍.
കമ്പോള സിനിമയിലും കലാമൂല്യമുള്ള സിനിമയിലും അവർ ഇടമുറപ്പിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും വേറിട്ട കഥാപാത്രങ്ങള്‍ അവരെ തേടിയെത്തി. 2002ലെ രണ്ടാംവരവിലും ഉജ്വലകഥാപാത്രങ്ങള്‍ തേടിയെത്തി. ആദ്യകാലത്ത് ഒപ്പം സജീവമായിരുന്ന മാലാ സിൻഹയും സാധനയും മുംതാസും അടക്കമുള്ളവരിൽ ഭൂരിപക്ഷവും രംഗം വിട്ടിട്ടും വഹീദ ബോളിവുഡിന്റെ വെട്ടത്തുതന്നെ നിന്നു.നമക് ഹലാൽ, ഹിമ്മത്ത് വാല, രൂപ് കി റാണി ചോരോം കാ രാജ, കൂലി പോലുള്ള തട്ടുപൊളിപ്പൻ ബോക്‌സോഫീസ് ഹിറ്റുകളിൽ പങ്കാളിയായപ്പോഴും ലംഹെ, ചാന്ദിനി, വാട്ടർ, 15 പാർക്ക് അവന്യു, ഡൽഹി 6, വിശ്വരൂപം രണ്ട് തുടങ്ങിയ സിനിമകളുടെ ഭാഗമായി. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമണ്ഡിയിലൂടെ വെബ്‌സീരീസിലും സജീവമാകുകയാണ് അവർ.
ഇസ്ലാം സ്വത്വം ഒളിച്ചുവയ്ക്കാതെയാണ് പതിറ്റാണ്ടുകളോളം വഹീദ തന്റെ താരപദവി ഉറപ്പിച്ചത്. പൊതുവെ ദക്ഷിണേന്ത്യൻ നായികാനടിമാരോട് ബോളിവുഡ് കാണിക്കുന്ന വിവേചനത്തെ സ്വന്തം വ്യക്തിപ്രഭാവംകൊണ്ടും നടനമികവുകൊണ്ടും മറികടക്കാൻ സാധിച്ച അപൂർവം നടിമാരിൽ ഒരാളാണ് വഹീദ. ബംഗാളി, തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിലും അവർ സാന്നിധ്യമറിയിച്ചു. തൊണ്ണൂറോളം സിനിമയിൽ അഭിനയിച്ച വഹീദ മലയാളത്തിൽ ഉറൂബിന്റെ കഥയെ ഉപജീവിച്ച് രാജ് മാർബ്രോസ് സംവിധാനംചെയ്ത തൃസന്ധ്യ(1972) എന്ന ചിത്രത്തിലും നായികയായി.1971ൽ അസിത് സെൻ സംവിധാനം ചെയ്ത ഖാമോഷിയിലെ മിത്ര എന്ന നഴ്‌സായി നടത്തിയ പകർന്നാട്ടത്തിന് ആദ്യത്തെ ദേശീയ ബഹുമതി. ഗൈഡിലെ കഥാപാത്രത്തിന് ഷിക്കാഗോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം.
കമൽജീത്ത് എന്നപേരിൽ സിനിമകളിൽ അഭിനയിച്ച ശശിരേഖിയെയാണ് വഹീദ ജീവിതസഖാവാക്കിയത്. ശകുൻ (1964) അടക്കം ചില ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. എഴുത്തുകാരായ സൊഹാലി രേഖിയും കാശ്വി രേഖിയുമാണ് മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..