26 April Friday

വാഗൺ കൂട്ടക്കൊല ; മരണവണ്ടിയുടെ ചൂളംവിളി

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

സ്വാതന്ത്ര്യസമരം മലബാറിൽ ശക്തിപ്രാപിക്കുന്നതിനിടെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ്‌ വാഗൺ ട്രാജഡി. ക്രൂരമായ കൂട്ടക്കൊലയാണ്‌ 1921 നവംബർ 19ന്‌ നടന്നത്‌. മലബാർ കലാപത്തിനോടനുബന്ധിച്ച് പിടികൂടിയവരെ കോയമ്പത്തൂർ ജയിലിലടയ്‌ക്കാൻ തിരൂരിൽനിന്നാണ്‌ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തിക്കയറ്റിയത്.സ്വാഭാവിക മരണമെന്ന്‌ തോന്നിക്കുംവിധം ബ്രിട്ടീഷ്‌ സർക്കാർ സമരക്കാരെ കൊന്നൊടുക്കുകയായിരുന്നു.

പലപ്പോഴായി പട്ടാളക്കാർ പിടികൂടിയ രണ്ടായിരത്തോളം സമരക്കാരെ 32 തവണയായി ആൻഡമാനിലേക്കും കോയമ്പത്തൂരിലേക്കും നാടുകടത്തി. കേണൽ ഹംഫ്രിബ്, സ്‌പെഷ്യൽ ഓഫീസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരാണ്‌ ഇതിന് നേതൃത്വം നൽകിയത്. നവംബർ 10 മുതൽ മലബാർ കലാപത്തിന്റെ പേരിൽ നിരവധി പോരാളികളെ അറസ്റ്റ് ചെയ്തിരുന്നു. മലബാറിലെ ജയിലുകൾ സമരക്കാരാൽ നിറഞ്ഞുകവിഞ്ഞു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ നിരവധി പേർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയാണ്‌ പൊലീസ് പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവർക്കെതിരെ ചുമത്തിയ കുറ്റം.

നവംബർ 19ന്‌ രാവിലെ 7.15നാണ് തീവണ്ടി തിരൂരിൽനിന്ന് പോത്തന്നൂരിലേക്ക് പുറപ്പെട്ടത്. പോത്തന്നൂരിലെത്തിയത് രാത്രി 12ന്‌. വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെയായിരുന്നു മണിക്കൂറുകൾ നീണ്ട യാത്ര. എംഎസ് എം എൽവി-117 ചരക്കുതീവണ്ടിയിലെ മൂന്നു മുറിയിലായി നൂറുകണക്കിനു പേരെ കയറ്റി. കഷ്ടിച്ച് 50 പേർക്കുമാത്രം നില്‍ക്കാവുന്ന മുറിയുടെ വാതിലുകൾ പുറത്തുനിന്ന് പൂട്ടി. ഇരുട്ടിൽ അവ‍ര്‍ പ്രാണവായുവിനായി പിടഞ്ഞു. വാഗണിൽനിന്ന് ഉയര്‍ന്ന വിലാപം അധികൃതർ വകവച്ചില്ല. വണ്ടി ഷൊർണൂരും ഒലവക്കോട്ടും അൽപ്പസമയം നിർത്തിയപ്പോഴും തുടർന്ന നിലവിളികൾ പട്ടാളം കേട്ടതായിപ്പോലും നടിച്ചില്ല. പോത്തന്നൂരിലെത്തിയപ്പോഴേക്കും പലരും മരിച്ചു. മരിക്കാത്തവർ ജീവച്ഛവങ്ങളായി. വാതിൽ തുറന്നുനോക്കിയപ്പോൾ കണ്ടത്ത്‌ മരണവെപ്രാളത്തിൽ പരസ്‌പരം മാന്തിപ്പൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചുകിടന്ന 70 മൃതദേഹമാണ്‌. ഇതോടെ വണ്ടി തിരൂരിലേക്കുതന്നെ തിരിച്ചയച്ചു.

പ്രഹസനമായ 
അന്വേഷണം
സംഭവം അന്വേഷിക്കാൻ മലബാർ കാര്യങ്ങൾക്കുള്ള സ്‌പെഷ്യൽ കമീഷണർ എ ആർ നാപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സർക്കാർ നിയമിച്ചു. മങ്കട കൃഷ്ണവർമ രാജ, കല്ലടി മൊയ്തൂട്ടി സാഹിബ്, മഞ്ചേരി രാമയ്യർ എന്നിവരായിരുന്നു അംഗങ്ങൾ. ദ്വാരങ്ങളും വലക്കെട്ടുള്ളതുമായ വാഗൺ പെയിന്റ് ചെയ്തപ്പോൾ ദ്വാരങ്ങൾ അടഞ്ഞുപോയെന്നും ആളുകളെ കയറ്റാൻ പറ്റിയ വാഗൺ ആവശ്യപ്പെടാത്തതിനാലാണ് ചരക്ക്‌ വാഗൺ നൽകിയതുമെന്ന വിചിത്രമൊഴിയാണ്‌ റെയിൽവേ നൽകിയത്‌.

വാഗൺ നിർമിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്‌പെക്ടർമാരുമാണ് കുറ്റക്കാർ എന്നായിരുന്നു കമ്മിറ്റി റിപ്പോർട്ട്‌. 32 വ്യത്യസ്ത യാത്രകളിലായി 2500 തടവുകാരെ കടത്താൻ ഇതേപോലുള്ള രണ്ടു ബോഗി ഉപയോഗിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും അപകടം ഉണ്ടായിട്ടില്ലെന്നും വാഗണിൽ സമരക്കാരെ കൊണ്ടുപോയതിനെ ന്യായീകരിച്ച്‌ റിപ്പോർട്ട്‌ പറയുന്നു. റെയിൽവേ സർജന്റ് ആൻഡ്രൂസ്, പൊലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി കേസെടുത്തെങ്കിലും കോടതി രണ്ടു പേരെയും വെറുതെ വിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top