27 April Saturday

അഭയവേദ-വികെഎന്നിന്റെ സഹധർമിണി വേദവതിയമ്മയെ സ്‌മരിക്കുന്നു...

കെ രഘുനാഥൻUpdated: Wednesday May 17, 2023

വേദവതിയമ്മയും വികെയെനും

അവധൂതനോ അരാജകത്വം തികഞ്ഞ അൽപ്പായുസ്സോ അഭയസ്ഥാനമില്ലാതെ എഴുത്തും വായനയും നഷ്ടപ്പെട്ടവനോ  ആകേണ്ടിയിരുന്ന വികെയെനെ പേനയും കടലാസും സമയാസമയം അന്നവും കൊടുത്ത്‌ വടക്കേ കൂട്ടാല തറവാടിന്റെ വടക്കുപടിഞ്ഞാറേ മൂലയിൽ സർവസ്വതന്ത്രനായ മനോസഞ്ചാരിയായി പ്രതിഷ്‌ഠിച്ചത്‌ വേദവതിയായിരുന്നു. വികെയെന്റെ ഭാര്യ വേദവതിയെ സ്‌മരിക്കുന്നു...

എല്ലാ മരണവും ഒരുപോലെയല്ല. രക്തബന്ധമില്ലെങ്കിൽപ്പോ ലും ചില വിയോഗങ്ങൾ സ്വന്തം മാതാപിതാക്കളെയോ സഹോദരങ്ങളെയൊ ഓർമിപ്പിക്കും. എന്റെ അമ്മയേക്കാൾ രണ്ടുവയസ്സ്‌ ഇളപ്പമാണെങ്കിലും വേദവതി എനിക്ക്‌ അമ്മ തന്നെ. അത്‌ പ്രായം കൊണ്ടോ തേജോമയ സാന്നിധ്യംകൊണ്ടോ മാത്രമല്ല. അവരുടെ മുഖാഭരണമായ മന്ദഹാസവും അഭയമുദ്രയുമുള്ള സ്വാഗതഭാവവുമാണ്‌. അതിജീവിച്ച ആന്തരാഗ്നികളാണ്‌.

ഒരു സംഭാഷണവും ചിരിച്ചുലയാതെ അവർക്ക്‌ പൂർത്തിയാക്കാനാവില്ല. പറ്റാത്ത ചില ചോദ്യങ്ങൾ ചോദിച്ചാൽ അവർ പറയുമായിരുന്നു– ഇത്‌ വികെയെന്നോട്‌ ചോദിക്കേണ്ട ചോദ്യമാണ്‌. പല പ്രമുഖ എഴുത്തുകാരുടെയും പത്നിമാരെ അവരുടെ പുസ്‌തകത്തിലെ ജീവചരിത്രക്കുറിപ്പുകളിലേ കാണാറുള്ളൂ. വാതിൽ മറഞ്ഞുനിൽക്കാതെ  എഴുത്തുകാരായ ഭർത്താക്കന്മാർക്കൊപ്പമിരിക്കുന്ന ഫാബി, കാത്ത, റോസി എന്നീ അപൂർവ ജനുസ്സുകളുണ്ട്‌. അടുക്കളയിൽനിന്നുള്ള അശരീരി മാത്രമാകാതെ ഇവരുടെ കൂട്ടത്തിൽ വേദവതിയുമുണ്ട്‌.

വികെയെന്റെ ഭാര്യ വേദവതിയമ്മ

വികെയെന്റെ ഭാര്യ വേദവതിയമ്മ

പരിചയപ്പെടുന്ന ആദ്യകാലത്തുതന്നെ വികെയെനെ അവർ പേര്‌ വിളിക്കുന്നതുകണ്ട്‌ അത്ഭുതപ്പെട്ടിട്ടില്ല– വി കെ എൻ കൃതികൾ വായിച്ചിരുന്നതുകൊണ്ട്‌. അതിൽ സാമ്പ്രദായിക സംബോധനകൾ ഇല്ലല്ലോ. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്നെങ്കിലും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ ഇന്ദുലേഖയെപ്പോലെ ആയിരുന്നു അവർ. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ വേദ, വികെയെനെ ഗുരുവായൂരമ്പലത്തിൽവച്ച്‌ രാത്രി വിവാഹം ചെയ്യുന്നത്‌. അപ്പോൾ വി കെ എൻ പത്താംക്ലാസുകാരനാണ്‌. ഇംഗ്ലീഷ്‌ വേദവതിയോളമില്ല. ഇംഗ്ലീഷ്‌ മീഡിയത്തിൽ പഠിച്ച അവരോടുള്ള ഏറ്റുമുട്ടലാണ്‌ വികെയെന്റെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം.

ഒന്നു തീർച്ച. ഭാര്യയിൽനിന്ന്‌ ഇത്രയേറെ ഗുരുകുല വിദ്യാഭ്യാസം കിട്ടിയ മറ്റൊരു ഭർത്താവുണ്ടാകില്ല. സ്‌ത്രീകളിൽനിന്നാണ്‌ വി കെ എൻ രൂപപ്പെടുന്നതുതന്നെ. ബുദ്ധിസൗന്ദര്യം എന്ന ഇന്റലക്‌ച്വൽ ബ്യൂട്ടി അനുഗ്രഹിച്ച അഞ്ച്‌ സ്‌ത്രീകളാണ്‌ പല ജീവിതഘട്ടങ്ങളിലായി വികെയെന്റെ തേരാളികൾ. പക്ഷേ വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ്‌ വി കെ എൻ ഒളിപ്പിച്ച്‌ പിടിക്കുന്നത്‌ ഒരാളിൽനിന്നുമാത്രം– വേദവതിയിൽനിന്ന്‌.

അവരിൽനിന്ന്‌ വി കെ എൻ പഠിക്കാത്ത ചില പാഠങ്ങളുണ്ട്‌. ഏത്‌ പ്രക്ഷുബ്ധതയിലും ഉലയാത്ത ഭാവം. (വികെ എൻ മരിച്ച ദിവസം അത്‌ ബോധ്യപ്പെട്ടതാണ്‌) അഭയമുദ്രയുള്ള സ്വാഗതഭാവം, അതിഥി ദേവോഭവ എന്ന സംസ്‌കാരം. ശത്രുക്കളോട്‌ ഫലിതം പറയുന്ന സാഹസഭാവം– ഇതൊന്നും വികെയെന്‌ പഠിക്കാൻ കഴിഞ്ഞിട്ടില്ല– പഠിച്ചിരുന്നെങ്കിൽ വി കെ എൻ, വി കെ എൻ ആകുമായിരുന്നില്ലല്ലൊ...

രണ്ട്‌

വികെയെനിൽനിന്ന്‌ നീതിയുക്തം വേർപിരിയാവുന്ന നിരവധി കഠിന സന്ദർഭങ്ങൾ ഭാര്യയെന്ന നിലയിൽ വേദവതിക്ക്‌ ഉണ്ടായിട്ടുണ്ട്‌. വി കെ എൻ സൃഷ്ടിക്കുന്ന ചോദ്യങ്ങൾക്ക്‌ അയൽക്കാരോടും ബന്ധുജനങ്ങളോടും ഉത്തരം പറയേണ്ട / വ്യാഖ്യാനിക്കേണ്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്‌.  സമാധാന പ്രാവുകളെ വളർത്തുന്ന ശാന്തിദൂതനായിരുന്നില്ലല്ലോ വി കെ എൻ. മകനെക്കുറിച്ചുള്ള ആധിയും വേർപാടും. എഴുത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും പ്രശ്‌നങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുകൾ– വി കെ എൻ നിയന്ത്രണം വിട്ടുപോയ ആ കാലങ്ങളിൽ സ്വസ്ഥതയന്വേഷിച്ച്‌ സ്വന്തം വീട്ടിലേക്ക്‌ പോവുകയല്ല വേദവതി ചെയ്യുന്നത്‌. വടക്കേ കൂട്ടാലയിൽത്തന്നെ ഏതാപത്തിനേയും സഹചാരിയാക്കുന്ന ആത്മസ്ഥൈര്യത്തോടെ സ്വയം ഒരു വിഷഹാരിയാവുകയാണ്‌. ഈ തീരുമാനമാണ്‌ വികെയെന്റെ ഭാവി നിർണയിച്ചത്‌. വേദവതി കൂട്ടാലയിലെ ‘വി കെ എൻ ഗേറ്റ്‌’  കടന്നുപോയിരുന്നെങ്കിൽ വി കെ എൻ അവശേഷിക്കുമായിരുന്നില്ല. ആ പിടിച്ചുനിൽപ്പിന്‌ വികെയെനും വി കെ എൻ സാഹിത്യവും വി കെ എൻ വായനക്കാരും അവരോട്‌ കടപ്പെട്ടിരിക്കുന്നു.

വികെയെനെ വി കെ എൻ എന്നുതന്നെ വിളിച്ചതുപോലെ പോകെപ്പോകെ വികെയെനെ ഒരു വി കെ എൻ കഥാപാത്രമായി കാണാൻ വേദവതി ശീലിച്ചു. സംഭവിക്കുന്നതെല്ലാം വി കെ എൻ സാഹിത്യത്തിലെന്നപോലെ അസംബന്ധമായ സത്യങ്ങൾ!ആ കഥാപാത്രങ്ങൾക്ക്‌ ഭരണഘടനയോ കാലമോ സമൂഹനിയമങ്ങളോ കുടുംബബന്ധങ്ങളോ രാഷ്‌ട്രീയമോ ഒന്നും ബാധകമല്ലല്ലോ. അവരുടെ വർത്തമാനകാലം അതിഥികളിലോ തപാലുകളിലോ ദൈനംദിന ഫോൺവിളികളിലോ മാത്രം ഒതുങ്ങി; അല്ലെങ്കിൽ വിശാലമായി.  വി കെ എൻ ഒരു സ്വതന്ത്ര രാഷ്‌ട്രമായി, റിപ്പബ്ലിക്കായി. വേദവതി അതിന്റെ പതാകയുമായി.

ലോകത്തിനും വികെയെനും മധ്യത്തിലെ തുലാസുപോലെ വേദവതി ജീവിച്ചു. വികെയെന്റെ മുമ്പിലിരുന്ന്‌ പരുങ്ങുന്നവർ രക്ഷാമാർഗത്തിനായി അവരുടെ മുഖത്തേക്ക്‌ നോക്കും.  പലരും വികെയെനെ സന്ദർശിക്കാനായി വരുന്നത്‌ മദ്യക്കുപ്പിയും കരുതിയായിരുന്നു. ‘ഇതിവിടെ പറ്റില്ലാട്ടാ’, എന്നവർ വിലക്കുന്നത്‌ അേങ്ങയറ്റം മൃദുലമായ ഭാഷയിലാണ്‌. മൃദുവിന്‌ തീക്ഷ്‌ണം എന്നൊരു ഗൂഢാർഥമുണ്ടോ എന്ന്‌ കുപ്പിക്കാരന്റെ മുഖം കണ്ടാൽ നമുക്ക്‌ തോന്നും. മറ്റൊരവസരത്തിൽ വേദവതിയുടെ അസാന്നിധ്യത്തിൽ വി കെ എൻ അവരെ സമാധാനിപ്പിക്കും. സാരമില്ല. ആയമ്മക്ക്‌ കസ്‌റ്റംസിലായിരുന്നു ഉദ്യോഗം...

വികെയെനെ സന്ദർശിക്കാൻ പറ്റുമോ എന്ന്‌ ഫോണിൽ ആരായുന്നവർക്ക്‌ വികെയെന്റെ സമ്മതമില്ലാതെതന്നെ അവർ അനുവാദം നൽകുമായിരുന്നു. ആ തീരുമാനം ഒരിക്കലും വി കെ എൻ തിരുത്തിയിരുന്നില്ല.  

കുന്നംകുളത്തെ യൂണിറ്റി ആശുപത്രിയിൽ കോവിലന്റെ നിർബന്ധപ്രകാരം വികെയെന്‌ കിടക്കേണ്ടി വന്നിട്ടുണ്ട്‌. അതിന്റെ പേരിൽ ഇരുവരുടേയും വാക്കുതർക്കത്തിന്‌ സാക്ഷിയാവേണ്ടിയും വന്നിട്ടുണ്ട്‌. വികെയെന്റെ ജീവന്‌ വില തോന്നിയതുകൊണ്ടാണെന്ന്‌ കോവിലൻ. ആ വിലപ്പെട്ട ജീവൻ ആശുപത്രിയിൽ പൂട്ടിയിടേണ്ടതല്ലെന്ന്‌ വി കെ എൻ.

ഉത്തരംമുട്ടിയ കോവിലൻ ആ  ക്രൂരകൃത്യം ചെയ്‌തു. വടേക്ക കൂട്ടാലയിലേക്ക്‌ ഫോൺ വിളിച്ചു. വികെയെന്റെ രോഗാവസ്ഥ വേദവതിയെ ധരിപ്പിച്ചു. അടിയന്തര ട്രീറ്റ്‌മെന്റ്‌ അനിവാര്യം. എന്നിട്ട്‌ ഫോൺ വികെയെന്‌ കൈമാറി. വേദവതി പറഞ്ഞതൊന്നും കോവിലൻ കേട്ടില്ല. പക്ഷേ, വി കെ എൻ കേട്ടു. ഫോൺ കോവിലന്‌ നീട്ടിയിട്ട്‌ കട്ടിലിൽ ചെന്നുകിടന്നു. നാലാംദിവസം ചികിത്സ പൂർത്തിയായിേട്ട തിരുവില്വാമലയിലേക്ക്‌ പോയുള്ളൂ.

മൂന്ന്‌

മൂന്നാല്‌ വർഷമായി ഓർമത്തെറ്റുകളിലേക്ക്‌ അവർ വഴുതുന്നത്‌ ദുഃഖകരമായ അനുഭവമായിരുന്നു. ഡൽഹിയിലും തലശേരിയിലും കോയമ്പത്തൂരുമൊക്കെ അലയുന്ന മനസ്സ്‌. ആവർത്തിക്കുന്ന ചോദ്യങ്ങൾ. അരനൂറ്റാണ്ട്‌ പിന്നിലേക്കുള്ള മനസ്സഞ്ചാരം. അവസാനകാലം വികെയെന്‌ ഉണ്ടായിരുന്നപോലുള്ള ചരിത്ര സഞ്ചാരമല്ല, നട്ടുച്ചയും പാതിരയും വേനലും വർഷവും മാറി വരുന്ന കുടുംബ കാര്യങ്ങൾ... പക്ഷേ, അവരുടെ തേജസ്സാർന്ന സാന്നിധ്യം അവസാന ശ്വാസംവരെ വേദവതിയെ അനുഗ്രഹിച്ചു.

വേദവതിയമ്മ

വേദവതിയമ്മ

‌ഒരീച്ചയോ ഉറുമ്പോ ശല്യപ്പെടുത്താതെ പുതുവസ്‌ത്രങ്ങളോടെ, ആഭരണങ്ങളോടെ അവരെ സന്തോഷിപ്പിക്കാൻ രമ ശ്രദ്ധിച്ചു. അവസാന നാളുകളിൽപ്പോലും എത്ര അവശമായ കിടപ്പിലും ആതിഥ്യമര്യാദയോടെ എഴുന്നേറ്റിരിക്കാൻ അവർ പരിശ്രമിക്കുന്നതുകണ്ടാൽ നമ്മുടെ രോഗങ്ങൾ നിസ്സാരവൽക്കരിക്കപ്പെടുമായിരുന്നു. 

ബാഹ്യരൂപത്തിൽ വികെയെനും വേദവതിയും തമ്മിൽ പൊരുത്തമില്ല. വികെയെന്റെ കഴുത്തിലെ വിവാഹമാല്യത്തിലും താഴെയാണ്‌ അവരുടെ ഉയരം. പക്ഷേ, വിശ്വാസത്തിലും ബഹുമാനത്തിലും സ്വന്തം ശിരസ്സിനൊപ്പമായിരുന്നു മറ്റാർക്കും നൽകാത്ത സ്ഥാനം വി കെ എൻ അവർക്ക്‌ നൽകിയത്‌. അവധൂതനോ അരാജകത്വം തികഞ്ഞ അൽപ്പായുസ്സോ അഭയസ്ഥാനമില്ലാതെ എഴുത്തും വായനയും നഷ്ടപ്പെട്ടവനോ  ആകേണ്ടിയിരുന്ന വികെയെനെ പേനയും കടലാസും സമയാസമയം അന്നവും കൊടുത്ത്‌ വടക്കേ കൂട്ടാല തറവാടിന്റെ വടക്കുപടിഞ്ഞാറേ മൂലയിൽ സർവസ്വതന്ത്രനായ മനോസഞ്ചാരിയായി പ്രതിഷ്‌ഠിച്ചത്‌ വേദവതിയായിരുന്നു.

2004  ജനുവരി 25 നുശേഷം വി കെ എൻ ഇല്ലാത്ത വീട്‌ എന്ന്‌ വടക്കേ കൂട്ടാലയിൽ ചെല്ലുമ്പോൾ ഒരിക്കലും തോന്നിച്ചിട്ടില്ല. വികെയെന്റെ അതേ അർഥത്തിലല്ലെങ്കിലും മറ്റൊരർഥത്തിൽ വേദവതി അവിടെയുണ്ടായിരുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top