28 March Thursday

പുരുഷ ഗർഭം... വി കെ എൻ പഞ്ചതന്ത്രം-8

കെ രഘുനാഥൻUpdated: Friday May 12, 2023

ചിത്രീകരണം: മദനൻ

നൃത്തം, സംഗീതം, പിന്നെ കവിതയെഴുത്ത്‌‐ ഇതെല്ലാം കൈപ്പിടിയിലാക്കിയ ഒരു വനിതാ രത്‌നം. പത്തുവയസ്സിന്‌ മൂത്ത പ്രസ്‌തുതയെ വിദൂരമായി പ്രണയിച്ച തിരക്കഥ ഗുസ്തിക്കാരൻപയ്യൻ. കഥയിലെ നായികയും നായകനും!
പയ്യൻ തിരുവില്വാമല പരിസരത്തെ പ്രജയായിരുന്നതിനാൽ വി കെയെനുമായി സ്വാഭാവിക പരിചയമുണ്ട്‌. ഇടയ്‌ക്കിടെ സിഗരറ്റ്‌ ബീഡി തീപ്പെട്ടി പാൻപരാഗ്‌ പൊതിയുമായി കൂട്ടാലയിലേക്ക്‌ ചെല്ലും.
തിരക്കഥ‐ സംഭാഷണം, പെരിസ്‌ട്രോയിക്ക ഡോസ്‌റ്റേയ്‌വ്‌സ്‌ക്കി, തോപ്പിൽഭാസി വഴി ചുറ്റിക്കറങ്ങി ആ സ്‌ത്രീയിലെത്തും.
തിരക്കഥപ്പയ്യനെകൊണ്ടുള്ള ശല്യം വി കെ എൻ കുറെ അനുഭവിച്ചു. പിന്നെ സിഗരറ്റും പാൻപരാഗും കൊണ്ടുവന്നതല്ലേ. അത്‌ തീരുവോളം സംസാരിക്കാം എന്ന്‌ വിചാരിക്കും. അതിനിടയിൽ ഇവനെ എങ്ങനെ വധിക്കും  എന്നും മറ്റൊരു വഴി ചിന്തിച്ചു.
‐ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു. സമയം ഒത്തുവന്നില്ല ‐ പയ്യൻ ആത്മഗതം ചെയ്‌തു.
‐നീയവളെ കണ്ടോ? വി കെ എൻ ചോദിച്ചു.
‐കണ്ടു.  ഗുരുവായൂരിൽ അവളുടെ അരങ്ങേറ്റമുണ്ടായിരുന്നു. പിന്നൊരിക്കൽ ചെമ്പൈ സംഗീതോത്സവത്തിലും കണ്ടു.
നീയവളെ ദയനീയമായി പിന്തുടരുന്നു അല്ലെ
അതെ. ഒരു ഓപ്പനിങ്‌ കിട്ടുന്നില്ല.
‐അവിടെ സ്‌റ്റേജിൽ കയറി പരിചയപ്പെടാമായിരുന്നില്ലേ
വി കെ എൻ പരിഹാരമായി ചോദിച്ചു.
അയ്യോ അതുശരിയാണോ.
അതാണ്‌ ശരി, തിരക്കഥയുടെ ത്രിൽ.
‐പയ്യന്‌ സുനന്ദയെപ്പോലെയാണ്‌ എനിക്കവൾ...
അത്‌ അവൾക്കറിയുമോ
‐അതറിയില്ല.
അതറിയണം, അതിനാണ്‌ സ്‌റ്റേജിൽ കേറാൻ പറഞ്ഞത്‌.
‐എന്നെ തല്ലുകൊള്ളിക്കാനാണോ പരിപാടി?
‐ ആരും തല്ലില്ല. അതാണ്‌ ആരാധനയുടെ വഴി.
അഥവാ ആരെങ്കിലും നിന്നെ കൈവച്ചാൽ അവൾ പ്രതികരിക്കുന്നുണ്ടോ എന്നു നോക്കുക.
പ്രതികരിച്ചില്ലെങ്കിലോ
‐ചേലക്കര പഴയന്നൂർ വഴി തിരുവില്വാമല എന്ന ബോർഡ്‌ വെച്ച ബസ്സിനു കൈകാണിക്കുക. വി കെ എൻ പറഞ്ഞു. നിർത്തിയില്ലെങ്കിൽ ചാടിക്കയറുക.
പക്ഷേ, പയ്യൻ മറ്റേ ആശയം പൂർണമായി തള്ളിയില്ല. എങ്ങനെ അത്‌ സാക്ഷാൽക്കരിക്കാമെന്നായി.
‐വെരി ഈസി. വി കെ എൻ പറഞ്ഞു. സ്‌റ്റേജിൽ കയറിച്ചെന്ന്‌ അവളുടെ പാട്ടോ ഡാൻസോ കവിയരങ്ങോ എന്താച്ചാൽ അത്‌ ഒരു നിമിഷം നിർത്താൻ ആംഗ്യം കാണിക്കണം.
‐നിർത്തിയില്ലെങ്കിലോ?
‐ബസ് വരുമല്ലോ
നിർത്തിയാൽ?
‐നീ ജയിച്ചു. വലിയൊരു സദസ്സ്‌ സാക്ഷിയുമാകും. അവിടെ വെച്ചുതന്നെ നിനക്കിഷ്‌ടമുള്ളത്‌ ചെയ്യാം.
‐ ഇത്‌ നടക്കുമോ?
ധീരത എവിടെയും നിഷ്‌ഫലമായിട്ടില്ല.  ഒരു പെണ്ണും അതിനെ ബഹുമാനിക്കാതിരുന്നിട്ടുമില്ല.
‐അതൊരു പയ്യനിസമല്ലേ‐
‐ നീയാണാ പയ്യൻ.
തിരക്കഥ, കവിയരങ്ങിൽ കയറി അഭ്യാസം നിർത്താൻ പറയുന്ന രംഗമോർത്ത്‌ വി കെ എൻ അകമേ അട്ടഹസിച്ചു. തീപ്പിടിച്ചവൻ പോകുന്നത്‌ നോക്കി നിന്നു.
ഇടവേളയിൽ പ്രസ്‌തുതയുടെ ഫയൽ വരുത്തി വി കെ എൻ പരിേശാധിച്ചു. ഡിഎൻഎ, ബ്ലഡ്‌ ഗ്രൂപ്പടക്കം‐ ഇനി അറിയാനൊന്നുമില്ല. അസ്സൽ ഫയറെഞ്ചിൻ...
പിന്നത്തെ സന്ദർശനത്തിൽ തിരക്കഥയോട്‌ വികെഎൻ ചോദിച്ചു.
‐സ്‌റ്റേജിൽ കേറിയോ?
അതിനുപകരം അവളുടെ വീട്ടിൽ പോയാലോ എന്നാേലാചിക്കുകയാണ്‌.
അതിൽ സാഹസമില്ല. സാക്ഷികളായി ജനക്കൂട്ടവുമുണ്ടാകില്ല. കൈയടിയും ആർപ്പുവിളിയുമില്ല.
എനിക്ക്‌ അതൊന്നും വേണമെന്നില്ല.അവളെ മാത്രം
മതി.
‐അതുശരി, കളി വഴിതെറ്റുന്നതുകണ്ട്‌ അൽപ്പം നിരാശയോടെ വി കെ എൻ പറഞ്ഞു. പക്ഷേ, ഒരു കാര്യം നീ ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌.
അതെന്താണ്‌?
‐ ഗർഭമുണ്ടാകാതെ നോക്കണം.
‐ അതുനോക്കാം... തിരക്കഥ ഒന്നു ലജ്ജിച്ചു. ശ്രദ്ധിച്ചോളാം
‐ അവൾക്കല്ല
‐പിന്നെ?
‐ നിനക്ക്‌, വി കെ എൻ പ്രഹരിച്ചു.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top