24 April Wednesday

താക്കീത്, സന്ദേശം ; ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല

അനിൽ വി ആനന്ദ്Updated: Tuesday May 24, 2022


കൊല്ലം
ഭർത്താവിന്റെ സ്വകാര്യസ്വത്തല്ല ഭാര്യയെന്നും അവർക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവും ഉണ്ടെന്നും വിസ്മയ കേസ്‌ വിധിയിൽ കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് കിരൺകുമാർ കാട്ടിയ അങ്ങേയറ്റത്തെ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിന്യായത്തിൽ കൊല്ലം ഒന്നാംക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്‌ പറഞ്ഞു.

വിസ്മയക്കും സ്വപ്നങ്ങളുണ്ടായിരുന്നു. നല്ല പ്രതീക്ഷയോടെയും പ്രത്യാശയോടെയുമായിരിക്കും കുടുംബജീവിതത്തിലേക്കു കടന്നത്. എന്നാൽ,  സ്ത്രീധനമെന്ന വിപത്ത് അവളുടെ എല്ലാ അഭിലാഷങ്ങളെയും തകർത്തു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യ സു​ഗന്ധമാണ് അവരുടെ സൽപ്പേര്. ആത്മാഭിമാനം നഷ്ടമായാൽ ജീവശ്വാസം തന്നെയാണ് ഇല്ലാതാകുന്നത്. അത്രയും വിലയില്ലാത്തവളാണോയെന്ന് വിസ്മയ ചോദിച്ചത് കോടതി ചൂണ്ടിക്കാട്ടി. എത്രമാത്രം ദുരിതമാണ് വിസ്മയ അനുഭവിച്ചതെന്ന് ആ വാക്കുകളിലുണ്ട്‌.

ഇനി നല്ലൊരു ഭാവിയില്ലെന്ന തോന്നൽ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതമാക്കുകയായിരുന്നു. ഭാര്യയെ സംരക്ഷിക്കാൻ  ബാധ്യതപ്പെട്ടയാളാണ് കിരൺകുമാർ. അതിനുള്ള ശേഷിയുമുണ്ടായിരുന്നു. എന്നിട്ടും  ഭാര്യയെ ദ്രോഹിക്കാനാണ് തീരുമാനിച്ചത്. സർക്കാർ ഉദ്യോ​ഗസ്ഥനെന്ന നിലയിൽ വിവാഹ മാർക്കറ്റിൽ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ​ഗൗരവകരമായ കാര്യമാണ്.

മികച്ച വിഭ്യാഭ്യാസം നേടി ചെറു പ്രായത്തിൽ തന്നെ സർക്കാർ സർവീസിൽ പ്രവേശിച്ചയാളാണ് കിരൺ. വയോധികരായ അച്ഛനമ്മമാരുടെ ആശ്രയവുമാണ്.തെറ്റ് മനസ്സിലാക്കാനും മാനസാന്തരത്തിനുമുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇര അനുഭവിക്കാൻ നിർബന്ധിതമായ ദുരിത പർവത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമായ തെളിവുകൾ കാണിച്ചുതരുന്നുണ്ട്. അതിനാൽ  ഇരയുടെ അവകാശവും പരി​ഗണിക്കേണ്ടതുണ്ട്.  കുറ്റകൃത്യത്തിന്റെ ​ഗൗരവം പരി​ഗണിച്ച് ശിക്ഷയിൽ ദാക്ഷിണ്യത്തിന് പ്രതി അർഹനല്ലെന്നും കോടതി നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top