23 April Tuesday

മറന്നുവച്ച ഫോണിൽ സത്യം തെളിഞ്ഞു

അനിൽ വി ആനന്ദ്Updated: Monday May 23, 2022


കൊല്ലം
വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സഹായകമായത്‌ അയാളുടെതന്നെ ഫോൺ. വിസ്മയ മരിച്ചദിവസം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കിരൺ ഫോൺ മുറിയിൽ മറന്നുവച്ചു. പൊലീസെത്തി റൂം സീൽ ചെയ്തതോടെ ഫോണിലെ തെളിവ് നശിപ്പിക്കാൻ കഴിയാതായി. സ്ത്രീധനവുമായി ബന്ധപ്പെട്ട സംസാരങ്ങളടക്കം ഈ ഫോണിൽനിന്നു ലഭിച്ചത്‌ വഴിത്തിരിവായി.

ഓട്ടോമാറ്റിക് കോൾ റെക്കോഡിങ് സംവിധാനമുണ്ടായിരുന്ന ഫോണിൽ സംഭാഷണങ്ങളെല്ലാം സൂക്ഷിക്കപ്പെട്ടിരുന്നു. വിസ്മയയുമായും കുടുംബവുമായും തർക്കം തുടങ്ങിയശേഷം സ്ത്രീധനകാര്യങ്ങൾ ഫോണിലൂടെ സംസാരിക്കാതിരിക്കാൻ കിരൺകുമാർ ശ്രദ്ധിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ വാട്സാപ്‌ കോളിലൂടെ മാത്രം സംസാരിക്കാനും ശ്രമിച്ചു.  ഇക്കാര്യം സഹോദരിയുമായുള്ള ഒരു സംഭാഷണത്തിൽ കിരൺ പറയുന്നുണ്ട്. സ്വർണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ആരുമായി സംസാരിക്കരുതെന്നും കോൾ റെക്കോഡ് ചെയ്യാൻ സാധ്യതയുണ്ടെന്നുമായിരുന്നു സംഭാഷണം. സ്ത്രീധനവുമായി ബന്ധപ്പെട്ട വാദം സ്ഥാപിക്കാൻ ഈ കോൾ റെക്കോഡ് പ്രോസിക്യൂഷനു സഹായകമായി.  

കിരൺകുമാറിന്റെയും വിസ്മയയുടെ അമ്മയുടെയും ഫോണിൽനിന്നാണ് കൂടുതൽ ഡാറ്റകൾ കണ്ടെടുത്തത്. കിരണിന്റെ ഫോണിൽനിന്നു മാത്രം ഡിലീറ്റ് ചെയ്തതും അല്ലാത്തതുമായ അഞ്ചുലക്ഷത്തിലേറെ ഡാറ്റകളാണ് എടുത്തത്. ഇവ വിശകലനം ചെയ്ത് കേസുമായി ബന്ധപ്പെട്ടവ സൈബർസെൽ ക്രോഡീകരിച്ചു.

കണ്ടെടുത്ത ഓഡിയോ സംഭാഷണങ്ങളും ചാറ്റുകളും കോടതിയിൽ സമർപ്പിക്കാനായി  പകർത്തിയെഴുതാൻ ഡിവൈഎസ്‌പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോ​ഗിച്ചിരുന്നു. ഓഡിയോ പലതവണ കേട്ട് ഒരു വരിപോലും തെറ്റാതെ എഴുതിയെടുക്കുക എന്ന വെല്ലുവിളി സംഘം വിജയകരമായി പൂർത്തിയാക്കി.

സ്ത്രീധനം നൽകരുത്, 
സര്‍ക്കാര്‍ കൂടെനിന്നു
വിസ്മയയ്ക്ക് നീതി ലഭിച്ചെന്നും സര്‍ക്കാരിനും കൂടെനിന്നവര്‍ക്കും നന്ദിയുണ്ടെന്നും അച്ഛൻ ത്രിവിക്രമൻനായർ പറഞ്ഞു. കിരൺ കുറ്റക്കാരനാണെന്ന വിധികേട്ടശേഷം കോടതിക്കു മുന്നിൽ പ്രതികരിക്കുകയായിരുന്നു ത്രിവിക്രമൻനായർ.

ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ എന്റെ കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. ഒപ്പമുണ്ടെന്നും ഏത് ഏജൻസിയെക്കൊണ്ട് വേണമെങ്കിലും അന്വേഷിപ്പിക്കാമെന്നും എന്തുസഹായവും നൽകാമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മികച്ച അന്വേഷണ ഉദ്യോ​ഗസ്ഥരെത്തന്നെ നിയോ​ഗിച്ചു. മികച്ച പ്രോസിക്യൂട്ടറെത്തന്നെ തന്നു. സമൂഹത്തിന്റെ ജാ​ഗ്രതയും കേസിനു തുണയായി. സർക്കാരിനും പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോ​ഗസ്ഥർക്കും എല്ലാവർക്കും നന്ദി–- ത്രിവിക്രമൻനായർ പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top