25 April Thursday

ജമ്മുകാശ്മീരിനുമേല്‍ ഹിന്ദുത്വശക്തികളുടെ കടന്നാക്രമണം... വിജു കൃഷ്ണന്‍ എഴുതുന്നു

വിജൂ കൃഷ്ണന്‍Updated: Thursday Feb 23, 2023


ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം അതിന്‍റെ അനുബന്ധ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 35 എ യും 2019 ആഗസ്‌ത് 5ന് റദ്ദാക്കിയതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങളെയും നമ്മുടെ മതനിരപേക്ഷ ജനാധിപത്യത്തിന്‍റെ അടിത്തറയെത്തന്നെയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് കടന്നാക്രമിക്കുകയാണുണ്ടായത്. അത് നടപ്പാക്കുന്നതിന് രാഷ്ട്രപതി ഉത്തരവിറക്കിയും പ്രമേയങ്ങളിലൂടെയും ജമ്മുകാശ്‌മീര്‍ പുനഃസംഘടനാനിയമം കൊണ്ടുവന്നും, തികച്ചും ഏകാധിപത്യപരമായ രീതിയില്‍ ഇന്ത്യന്‍ യൂണിയനില്‍ നിന്നും ഒരു സംസ്ഥാനത്തെ തുടച്ചുനീക്കിയത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതാണ്.

അപകടകരമായ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്; ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ഭാവി അവരെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള സമ്മതമോ ഏതെങ്കിലും തരത്തിലുള്ള ജനാധിപത്യപരമായ സംവാദമോ ചര്‍ച്ചയോ കൂടാതെ തീരുമാനിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിതാദ്യമായാണ്, ഈ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കവും ഗൗരവമേറിയ ചോദ്യമുയര്‍ത്തുന്നതുമാണ്. ഒരു സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയോ, അവകാശങ്ങളില്‍ മാറ്റം വരുത്തുകയോ വേണ്ടിവന്നതായിട്ടുള്ള സന്ദര്‍ഭങ്ങളില്‍, നീണ്ട ചര്‍ച്ചകള്‍ക്കും ഭരണഘടനപ്രകാരമുള്ള പ്രക്രിയയ്‌ക്കും ശേഷമാണ് അത് നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.

ജമ്മുകാശ്‌മീരിന്‍റെ കാര്യത്തില്‍, ഫാസിസ്‌റ്റ് സംഘടനയായ ആര്‍എസ്എസിന്‍റെ നിയന്ത്രണത്തിന്‍ കീഴിലുള്ള ബിജെപി ഗവണ്‍മെന്‍റ് അത് നഗ്നമായി ലംഘിച്ചു. കാശ്‌മീരിലെ ജനങ്ങളുടെ സ്വത്വവും സ്വയംഭരണവും മാനിക്കപ്പെടുമെന്നതിന് ഇന്ത്യന്‍ ഭരണകൂടം നല്‍കിയ ദൃഢമായ ഉറപ്പാണ് ആര്‍ട്ടിക്കിള്‍ 370. വാസ്തവത്തില്‍, ആര്‍ട്ടിക്കിള്‍ 370ല്‍ ഉള്‍പ്പെടുത്തപ്പെട്ട ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് കാശ്‌മീരിലെ ജനങ്ങള്‍ സ്വമേധയാ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നത്. ഭരണഘടനാപരമായ ഈ സംരക്ഷണമാണ് കാശ്‌മീരി ജനതയ്‌ക്ക് അവരുടെ ഭാവി ഇന്ത്യയിലാണെന്നതിന് ഉറപ്പായി മാറിയത്.

എന്നാല്‍ തുടക്കം മുതല്‍തന്നെ ആര്‍ട്ടിക്കിള്‍ 370, തുടര്‍ച്ചയായി വന്ന കേന്ദ്ര ഗവണ്‍മെന്‍റുകള്‍ക്കുകീഴില്‍ ആക്രമണ വിധേയമാക്കപ്പെട്ടു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റുകളുള്‍പ്പെടെയുള്ള വിവിധ ഗവണ്‍മെന്‍റുകള്‍ ആര്‍ട്ടിക്കിള്‍ 370 പടിപ്പടിയായി ഇല്ലാതാക്കുകയും ജനവിധിയുടെ നഗ്നമായ ലംഘനത്തിലൂടെ അവര്‍ കാശ്മീരി ജനതയെ അന്യവല്‍ക്കരിക്കുകയും ചെയ്‌തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ നരേന്ദ്രമോദി ഗവണ്‍മെന്‍റില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍മേല്‍ കനത്ത പ്രഹരമാണേല്‍പ്പിച്ചത്.

ജമ്മുകാശ്‌മീര്‍ വിഘടനപരമായ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിനെതിരായ പ്രതിവാദം

മുസ്ലീം ഭൂരിപക്ഷപ്രദേശമായ ജമ്മുകാശ്മീര്‍ 1947ല്‍ ഇസ്ലാമിക പാകിസ്താനില്‍ ചേരുന്നതിനുപകരം മതനിരപേക്ഷ ഇന്ത്യയില്‍ ചേരുന്നതാണ് അനുയോജ്യമെന്നു കരുതിയത് വിഘടനവാദപരമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തിനും മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതിനുമുള്ള മറുവാദമായി അംഗീകരിക്കപ്പെട്ടു. മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസും ഹിന്ദുമഹാസഭയും വാദിച്ചത് മതപരമായ വേറിട്ടുപോകലിന്‍റെ പാതയ്ക്കു വേണ്ടിയായിരുന്നു.

മഹാരാജാഹരിസിങ്ങിനു കീഴിലുള്ള ഏകാധിപത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ 'ക്വിറ്റ് കാശ്മീര്‍' മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടു നടത്തിയ വലിയ ബഹുജന മുന്നേറ്റത്തിന്‍റെ പരിസമാപ്തിയായിരുന്നു ഇന്ത്യയുമായുള്ള കാശ്മീരിന്‍റെ ലയനം.

ഈ മുന്നേറ്റത്തിന്‍റെ അടിത്തറ തികച്ചും മതേതരമായിരുന്നു; അതാണ് കാശ്മീരിയത്ത് സംസ്കാരം; സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെയും മതപരമായ സമന്വയത്തിന്‍റെയും പാരമ്പര്യവും അതുതന്നെ ബ്രിട്ടീഷുകാരുടെ രക്ഷാകര്‍തൃത്ത്വത്തിന്‍ കീഴില്‍ സ്വതന്ത്രമായി തുടരാനുള്ള ഹരിസിങ്ങിന്‍റെ പദ്ധതിക്കെതിരായ വ്യക്തമായ സന്ദേശമായിരുന്നു ഇത്.

ഇസ്ലാമിന്‍റെ പേരില്‍ പാകിസ്താനിലേക്കു ചേരാനുള്ള ജിന്നയുടെ ആഹ്വാനത്തെയും അവര്‍ നിരാകരിച്ചു. വളര്‍ന്നുവരുന്ന, മതേതര ജനാധിപത്യ റിപ്പബ്ലിക് ഇന്ത്യയുടെ സുപ്രധാന വിജയമായിരുന്നു അത്. ഇടതുപക്ഷത്തിന്‍റെ സ്വാധീനത്താല്‍, ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അവരുടെ ഫ്യൂഡല്‍ വിരുദ്ധ നിലപാടില്‍ ഉറച്ചുനിന്നു. 

മെജോറിട്ടേറിയന്‍ ഇസ്ലാമിക് പാകിസ്താന്‍ ഭരണകൂടം ഭൂപ്രഭുക്കളാല്‍ നിയന്ത്രിക്കപ്പെടുമെന്നത് അവര്‍ക്ക് ഉറപ്പായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ ആദ്യ പദ്ധതി ഫ്യൂഡല്‍ ഭൂവുടമസ്ഥത നിര്‍ത്തലാക്കുക എന്നതായിരുന്നു; പാക്കിസ്താന്‍ ഭരണകൂടം അതിനെ പിന്തുണയ്ക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.



1950ലെ, അബോളിഷന്‍ ഓഫ് ബിഗ് ലാന്‍ഡഡ് എസ്റ്റേറ്റ്സ് ആക്ടിനും ഡിസ്ട്രസസ് ഡെബ്റ്റേഴ്സ് റിലീഫ് ആക്ടിനും അംഗീകാരം നല്‍കുക വഴി, സമൂലമായ ഭൂപരിഷ്കരണം നടപ്പിലാക്കുകയും ഫ്യൂഡല്‍ ഭൂപ്രഭുക്കളുടെ ഭൂസ്വത്ത് നഷ്ടപരിഹാരം കൂടാതെ റദ്ദുചെയ്യുകയും കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്ത ആദ്യ സംസ്ഥാനമാണിതെന്നതിന് ചരിത്രം സാക്ഷിയാണ്.

മഹാരാജാവിന്‍റെ ഏകാധിപത്യ ഭരണത്തിനെതിരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയും നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ ഫ്യൂഡല്‍ വിരുദ്ധ, ജനാധിപത്യ അവകാശങ്ങള്‍ ഉന്നയിച്ച്, മതപരമായ അതിര്‍ത്തികള്‍ ഭേദിച്ച് അണിനിരന്ന കാശ്മീരികളുടെ പുരോഗമനാത്മക, മതേതരപാരമ്പര്യത്തിനു വിരുദ്ധമായി രാജവാഴ്ചയെ പിന്തുണയ്ക്കുന്നതിന് വര്‍ഗീയ നിലപാടിലുറച്ചുനിന്നുകൊണ്ട് എല്ലാ പിന്തിരിപ്പന്‍ ഫ്യൂഡല്‍ ഘടകങ്ങളെയും അണിനിരത്തുകയായിരുന്നു ആര്‍എസ്എസ്.

ജമ്മുവില്‍ പ്രജാപരിഷത്തിന്‍റെ ബാനറില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ആര്‍എസ്എസ്, സ്വാതന്ത്ര്യലബ്ധിയുടെ അവസാനഘട്ടത്തില്‍, 1947 ജൂണ്‍ജൂലൈ മാസങ്ങളില്‍പോലും എന്തിന്, സ്വാതന്ത്ര്യത്തിന്‍റെ തലേദിവസംപോലും കാശ്മീര്‍ ഇന്ത്യയില്‍ ചേരുന്നതിനെ എതിര്‍ത്തുകൊണ്ട്, സ്വതന്ത്ര രാജ്യം എന്ന മഹാരാജാവിന്‍റെ ആവശ്യത്തെ പിന്തുണച്ചു. പാക്കിസ്താനി പിന്തുണയുള്ള അക്രമകാരികളെ ചെറുക്കുന്നതിനുവേണ്ടി കാശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ അണിനിരന്നപ്പോള്‍ ആര്‍എസ്എസ് ചിത്രത്തിലെവിടെയുമുണ്ടായിരുന്നില്ല.

വിഭജനം ഇന്ത്യയുടെയും പാക്കിസ്താന്‍റെയും വിവിധ ഭാഗങ്ങളില്‍ അക്രമമഴിച്ചുവിട്ടപ്പോള്‍ കാശ്മീര്‍ താഴ്വര വര്‍ഗീയാതിക്രമങ്ങളില്‍നിന്ന് മുക്തമായിരുന്നു. മഹാരാജാവിന്‍റെ പിന്തുണയോടെ ജമ്മുവിന്‍റെ സമീപപ്രദേശങ്ങളില്‍ പ്രജാപരിഷത്തിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ഭീകരമായ വര്‍ഗീയ സംഘട്ടനങ്ങളില്‍ ജമ്മുവിലെ നിഷ്കളങ്കരായ നിരവധി മുസ്ലീങ്ങള്‍ കൂട്ടക്കൊലയ്ക്കിരയായി.

വിരോധാഭാസമെന്നു പറയട്ടെ, ഫ്യൂഡല്‍ രാജവാഴ്ചയുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെയും പിണിയാളുകളായി സ്വതന്ത്ര ജമ്മുകാശ്മീരിനായി പ്രവര്‍ത്തിച്ച ഇതേ ശക്തികളാണ്, 1948ല്‍ അധിനിവേശം നടത്തിയ പാക്കിസ്താന്‍റെ കൂലിപ്പട്ടാളത്തെ ചെറുക്കുന്നതിന് ഒന്നും ചെയ്യാതിരുന്ന ഇതേ ശക്തികളാണ് ഇപ്പോള്‍ ദേശസ്നേഹികളുടെ വേഷമെടുത്തണിയുന്നത്.

കാശ്മീരിലെ ജനങ്ങളെ അന്യവല്‍ക്കാന്‍ ഇതേ ശക്തികള്‍ ഇപ്പോള്‍ അധികസമയം പണിയെടുക്കുന്നു. തങ്ങളുടെ കേന്ദ്ര അജന്‍ഡകളിലൊന്നായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനുവേണ്ടി, തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്ന വര്‍ഗീയവാദികളായ ആര്‍എസ്എസിന്‍റെ ശരീരത്തില്‍ തറച്ച ഒരു മുള്ളായിരുന്നു ശക്തമായ മതനിരപേക്ഷ നിലപാടുള്ള ജമ്മുകാശ്മീര്‍. മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുള്ള ആവശ്യവും അവര്‍ സജീവമായി നിലനിര്‍ത്തി.

അടിച്ചമര്‍ത്തല്‍ അഴിച്ചുവിടുന്നു; സംസ്ഥാന പദവി സംബന്ധമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു

പാര്‍ലമെന്‍റില്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള, മോദിയുടെ രണ്ടാം വരവില്‍ ബിജെപി, ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസിന്‍റെ പ്രധാന അജന്‍ഡ കൂടുതല്‍ അക്രമാസക്തമായി നടപ്പാക്കുകയാണ്. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന പദവിക്കുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ടു; നിയമസഭയോടുകൂടി, ജമ്മു കാശ്മീരും ഒരു നിയമസഭയുമില്ലാതെ ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി ജമ്മുകാശ്മീര്‍ വിഭജിക്കപ്പെട്ടു. രണ്ടും യൂണിയന്‍ സര്‍ക്കാരിന്‍റെ അധികാരത്തില്‍ കീഴിലായിരിക്കും.

നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കീഴില്‍ കേന്ദ്രത്തില്‍ ബിജെപി ഗവണ്‍മെന്‍റ് തങ്ങളുടെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കുതിരകയറുകയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍  ഘടനയ്ക്കുമേലുള്ള ഗുരുതരമായ ഭീഷണിയാണ്. മാത്രവുമല്ല, ഇന്ത്യന്‍ യൂണിയനിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങള്‍ക്കുമേലും പിരിച്ചുവിടലിന്‍റെ വാള്‍ തൂങ്ങിക്കിടക്കുകയാണ്; സംസ്ഥാനങ്ങള്‍  സ്വയം ഭരണാധികാരം ഇല്ലാത്തതോ അല്‍പം മാത്രം സ്വയം ഭരണാധികാരം ഉള്ളതോ ആയ, യൂണിയന്‍ ഗവണ്‍മെന്‍റിന്‍റെ കേവലം അനുബന്ധങ്ങളായി അധഃപതിക്കുകയെന്ന ഭീഷണിയും ഇതോടെ നിലവില്‍ വന്നു.

കാശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയപാര്‍ടികളുമായോ സംസ്ഥാനങ്ങളുമായോ ജനാധിപത്യപരമായ ഒരു കൂടിയാലോചനയും നടന്നില്ലെന്നു മാത്രമല്ല, എല്ലാ പാര്‍ലമെന്‍ററി മാനദണ്ഡങ്ങളും ലംഘിക്കപ്പെടുകയും ചെയ്തു. ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം സംസ്ഥാനത്തെ ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ അഴിച്ചുവിടപ്പെട്ടു. സംസ്ഥാനം മൊത്തമായും അടച്ചുപൂട്ടലിന്‍ കീഴിലായി; ഇന്‍റര്‍നെറ്റുള്‍പ്പെടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടു.

ദശലക്ഷക്കണക്കിന് ഫോണ്‍ ലൈനുകള്‍ കട്ട് ആക്കി; പൊതുഗതാഗതം നിര്‍ത്തലാക്കി; ഓഫീസുകളും കടകളും അടഞ്ഞുകിടന്നു; പത്രങ്ങളും കേബിള്‍ ടിവിയും നിര്‍ത്തലാക്കി. ബാരിക്കേഡുകളും മുള്ളുവേലികളും എണ്ണമറ്റ സായുധസേനകളും ചേര്‍ന്ന് സംസ്ഥാനത്തെ ഒരു സൈനികത്താവളമാക്കി മാറ്റി. അവിടെ ജനങ്ങള്‍ നീണ്ടകാലത്തെ കര്‍ഫ്യൂവിലായിരുന്നു. ജമ്മുകാശ്മീരിലെ എല്ലാ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളും രണ്ടു മുന്‍ മുഖ്യമന്ത്രിമാരും സിപിഐ എമ്മിന്‍റെ കേന്ദ്ര കമ്മിറ്റി അംഗവും നാലുതവണ സിപിഐ എമ്മിന്‍റെ എംഎല്‍എയായിരുന്ന യൂസഫ് തരിഗാമിയും ഒപ്പം നൂറുകണക്കിനാളുകളുമുള്‍പ്പെടെ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആക്കപ്പെട്ടു.

ഹിന്ദുത്വശക്തികളുടെ പൈശാചികമായ അജന്‍ഡയെ ചെറുത്തുതോല്‍പ്പിക്കുക

ജമ്മുകാശ്മീരിലെ ജനങ്ങളോടുള്ള വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവഹേളനത്തിനുപുറമേ, ബിജെപി ഗവണ്‍മെന്‍റിന്‍റെ പൈശാചികമായ അജന്‍ഡയും മറനീക്കി പുറത്തുവരികയാണ്. മുസ്ലീങ്ങളല്ലാത്തവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനായി സംസ്ഥാനത്തിന്‍റെ ജനസംഖ്യാപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിന് നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള സമാന്തരമായ അഭ്യാസത്തിന് അവര്‍ തുടക്കമിട്ടു. അതിനായി നിയോജകമണ്ഡലങ്ങളുടെ പുനഃക്രമീകരണം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ ഇതുവരെയും ധൈര്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്. 

കാശ്മീരിന്‍റെയും അതിന്‍റെ നേതാക്കളുടെയും ചരിത്രത്തിനുമേല്‍ വിഷം ചീറ്റുകയും വലിയതോതില്‍ ദുഷ്പ്രചാരണം നടത്തുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയും പിന്തുണയോടെയും ഭിന്നിപ്പിക്കല്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വര്‍ഗീയ കാമ്പെയ്നുകളില്‍ മുഴുകുന്ന തിരക്കിലാണവര്‍. വ്യാജവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും ജനങ്ങളെ അന്യവല്‍കരിക്കുകയും ചെയ്യുന്ന ട്രോള്‍ സേനകളാണ് സംഘപരിവാറിന്‍റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. സ്ഥിരതാമസക്കാര്‍ ഒഴികെ മറ്റുള്ളവര്‍ ഭൂമി വാങ്ങുന്നതും തൊഴില്‍ നേടുന്നതും ഉള്‍പ്പെടെ തടയുന്ന പ്രത്യേക വ്യവസ്ഥകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ആര്‍ട്ടിക്കിള്‍ 371 നിലനില്‍ക്കേ, ജമ്മുകാശ്മീരിനുമാത്രമാണ് പ്രത്യേക വ്യവസ്ഥകള്‍ ഉള്ളതെന്നതരത്തില്‍ ആസൂത്രിതമായ ഒരു പ്രചരണം നടത്തുകയുണ്ടായി.

മഹാരാഷ്ട്ര, ഗുജറാത്ത്, അരുണാചല്‍പ്രദേശ്, ആസാം, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഗോവ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രത്യേക വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 5ഉം 6ഉം ഷെഡ്യൂള്‍ ആദിവാസികളുടെ/ഗോത്രവര്‍ഗക്കാരുടെ ഉടമസ്ഥതയിലുള്ള/കൈവശംവച്ചിട്ടുള്ളതുമായ  ഭൂമിയുടെ സംരക്ഷണത്തിനായുള്ളതാണ്. ഈ പ്രത്യേക വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്, ഒരു പ്രത്യേക പ്രദേശത്തിന്‍റെയോ ഒരു സംസ്ഥാനത്തിന്‍റെയോ പ്രത്യേക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും അതിന്‍റെ ഫെഡറല്‍ സ്വഭാവവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമാണ്.

സ്ഥിരംതാമസപദവിയില്‍ കൃത്രിമം നടത്തിക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവിടെ സ്ഥിരതാമസമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഭരണഘടനയിലെ സെക്ഷന്‍ 32 എ റദ്ദാക്കിയതാണ് ഇത് സാധ്യമാക്കിയത്. കാശ്മീരില്‍ ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും ഭൂമി സ്വന്തമാക്കാം എന്ന തരത്തില്‍ ബിജെപി നടത്തുന്ന കാമ്പെയ്ന്‍ ആ സംസ്ഥാനത്തെ ജനസംഖ്യാസ്വഭാവത്തില്‍, മാറ്റം വരുത്തുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനാണ്.  വെസ്റ്റ് ബാങ്കിലെ ജനസംഖ്യാസ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിന് ജൂതക്കുടിയേറ്റക്കാരെ പ്രോത്സാഹിക്കുന്നതിനായി സയണിസ്റ്റ് ഇസ്രയേല്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചത്.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്നപേരില്‍ പുതിയ പൊളിച്ചുനീക്കലുകളും ബുള്‍ഡോസര്‍രാജും നടപ്പിലാക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ അവരുടെ കിടപ്പാടവും കടകളും കൃഷിഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ കഴിയുകയാണ്. ഭയത്തിന്‍റെയും അപമാനത്തിന്‍റെയും അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കുകയാണ്.

സ്വയംഭരണാവകാശത്തില്‍ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോര്‍ച്ചയ്ക്കൊപ്പം ജനാധിപത്യത്തിന്‍റെ നിഷേധവും ജനാധിപത്യപരമായ അവകാശങ്ങളുടെ അടിച്ചമര്‍ത്തലുകളുമുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റുകളെ അട്ടിമറിക്കുകയും കേന്ദ്ര സംരക്ഷണയില്‍ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തുകയും ചെയ്തു.

സംസ്ഥാനത്തെ/പ്രത്യേകിച്ച് കാശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് നേരിട്ടത്. വെടിവെപ്പുകളും അറസ്റ്റുകളുമുണ്ടായി. പെല്ലറ്റ് പ്രയോഗത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് കണ്ണിനു മുറിവേറ്റതിലൂടെ കാഴ്ച നഷ്ടപ്പെട്ടു. നിരവധി പേരെ കാണാതായി, നിരവധി പേര്‍ കൊല്ലപ്പെട്ടു. സായുധ സേനയിലെ വലിയൊരു വിഭാഗവും പാരാമിലിട്ടറി സേനയും സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്.

ജനവാസകേന്ദ്രങ്ങളില്‍ കരിനിയമമായ എഎഫ്എസ്പിഎ തുടരുകയാണ്.  പാക്കിസ്താന്‍ സഹായം നല്‍കുകയും  ഒത്താശ നല്‍കുകയും ചെയ്യുന്ന ഭീകരവാദത്തിന്‍റെ വളര്‍ച്ചയ്ക്കും വിഘടനവാദത്തിന്‍റെ ഉയര്‍ച്ചയ്ക്കും ഇടയാക്കിയ അന്യവല്‍ക്കരണവും അസംതൃപ്തിയും ആളിക്കത്തിച്ചത്, ജമ്മുകാശ്മീരില്‍ ജനാധിപത്യത്തെ കിരാതമായി അടിച്ചമര്‍ത്തിയതും ആര്‍ട്ടിക്കിള്‍ 370 നു കീഴിലുള്ള സ്വയം ഭരണാധികാരത്തില്‍ ശോഷണമുണ്ടായതും മൂലമാണ്.

തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന യുവജനങ്ങള്‍ക്കിടയില്‍ അന്യവല്‍ക്കരണവും അസ്വസ്ഥതയും വര്‍ധിക്കുന്നതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് വഴിയൊരുക്കി. ഉദ്യാനകൃഷിയെയും വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കുകയും അത് ജനങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തുന്നതിനിടയാക്കുകയും ചെയ്തു. ദാരിദ്ര്യവും പട്ടിണിയും കോവിഡ് മഹാമാരിക്കാലത്തെ പരിതാപകരമായ ആരോഗ്യസംവിധാനങ്ങളുമെല്ലാം പ്രശ്നത്തെ കൂടുതല്‍ വഷളാക്കി. ഗവണ്‍മെന്‍റ് രാഷ്ട്രീയമായ മുന്‍കൈയൊന്നുമെടുക്കാതിരിക്കുന്നത് തുടരുകയും ജനാധിപത്യാവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തത് അസംതൃപ്തി വളരുന്നതിനുള്ള മണ്ണൊരുക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. ഈ സാഹചര്യം നമ്മുടെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ്.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകാശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേകപദവി റദ്ദാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞതും കാശ്മീരിലെ ജനങ്ങളുടെ ഇച്ഛാശക്തിയെ തകര്‍ക്കുന്നതിനും കാശ്മീരിന്‍റെ ജനസംഖ്യാപരമായ ഘടന മാറ്റിമറിക്കുന്നതിനും ഇടയാക്കി. ഇന്ത്യന്‍ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ പൗരരും ഒന്നിച്ചുവരേണ്ടതും കാശ്മീരിന്‍റെ സ്വയംഭരണവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്കൊപ്പം തോളോടുതോളുരുമ്മി സംയുക്തമായി അണിനിരക്കേണ്ടതും അനിവാര്യമായിട്ടുള്ള കാലമാണിത്.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top