മലയാളത്തിലാണ് കൂടുതൽ പാടിയതെങ്കിലും അർഹമായ അംഗീകാരം കിട്ടിയില്ലെന്നത് വാണിജയറാമിന്റെ ദുഃഖമായിരുന്നു. മലയാളത്തെക്കാൾ കുറച്ച് പാടിയ മറ്റ് ഭാഷകളിൽനിന്നെല്ലാം ഏറെ ബഹുമതികൾ ലഭിച്ചു. മലയാളത്തിൽ അവസാനകാലത്ത് പാടിയ ശ്രദ്ധേയമായ 'ഓലഞ്ഞാലി കുരുവീ' (2014ൽ '1983' എന്ന ചിത്രത്തിൽ) എന്ന ഗാനത്തിന് സംസ്ഥാന പുരസ്‌കാരം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും കേരളം തന്നെ മറന്നില്ലെന്നതിനു തെളിവായി ഈ പാട്ടിനുള്ള ക്ഷണത്തെ അവർ കണ്ടു. മുംബൈയിലായിരുന്നു റെക്കോഡിങ്.
പി ജയചന്ദ്രനാണ് കൂടെ പാടിയത്. ആ പാട്ടിനെക്കുറിച്ച് ഇഷ്‌ടംപറയുമ്പോൾതന്നെ മലയാളത്തിൽ പാടി മതിയായിട്ടില്ലെന്നായിരുന്നു അവരുടെ പ്രതികരണം.മലയാളത്തിലാണ് തനിക്ക് ആസ്വാദകർ ഏറെയെന്നും ഗൾഫിലും മറ്റും പരിപാടി അവതരിപ്പിക്കാൻ ചെല്ലുമ്പോൾ ലഭിക്കാറുള്ള സ്നേഹബഹുമാനം ആഹ്ലാദിപ്പിച്ചതായും അവർ പറഞ്ഞു.

എൽ ആർ ഈശ്വരിക്കും എസ് ജാനകിക്കുമൊപ്പം
എട്ടാം വയസിൽ ആദ്യ കച്ചേരി
തമിഴ്‌നാട്ടിൽ വെല്ലൂരിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. ദുരൈസ്വാമി‐ പത്മാവതി ദമ്പതികളുടെ ആറ് പെൺമക്കളിൽ അഞ്ചാമത്തെവൾ. അമ്മ പത്മാവതി അറിയപ്പെടുന്ന വീണാ വിദുഷി. ചെന്നൈയിൽ ടി ആർ ബാലസുബ്രഹ്മണ്യം, ആർ എസ് മണി എന്നിവരുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. എട്ടാം വയസിൽ ചെന്നൈ ആകാശവാണിയിൽ കച്ചേരി നടത്തി പ്രശംസ നേടി. ക്വീൻസ് മേരി കോളേജിൽനിന്ന് ബിഎ ഇക്കണോമിക്‌സ് ബിരുദം. പഠനകാലത്ത് ഇന്റർ യൂണിവേഴ്‌സിറ്റി ഡിബേറ്റിൽ ഒന്നാം സമ്മാനം നേടിയ ടീമിലെ ഏക പെൺകുട്ടി. പഠനം കഴിഞ്ഞപ്പോൾ എസ്ബിടിയിൽ ജോലി. സെക്കന്തരാബാദിലായിരുന്നു നിയമനം. അവിടെവെച്ച് 68 ഫെബ്രുവരി നാലിന് വിവാഹം. ഭർത്താവ് ജയറാം സിത്താർ വാദകനും സംഗീത പ്രേമിയും.
വാണിയും സൗരയൂഥമേറി ഒ എൻ വിയും
വാണിജയറാം മലയാളത്തിൽ ഗായികയായെത്തിയതിനൊപ്പമാണ് ഒ എൻ വി എന്ന പാട്ടെഴുത്തുകാരനെയും കൈരളിക്ക് ലഭിക്കുന്നത്. 1973ൽ ‘സ്വപ്‌നം’ എന്ന ചിത്രത്തിൽ ‘സൗരയൂഥത്തിൽ വിടർന്നോരു...’ എന്ന ഗാനവുമായാണ് വാണിയുടെ വരവ്. പി കേശവദേവും തോപ്പിൽ ഭാസിയും ചേർന്നൊരുക്കിയ തിരക്കഥയിൽ ബാബു നന്ദൻകോട് സംവിധാനം ചെയ്‌ത ചിത്രം. നിർമാതാവ് ശിവനാണ് വാണിയുടെ പേര് സംഗീത സംവിധായകൻ സലിൽ ചൗധരിയോട് നിർദേശിച്ചത്.
ഗാനരചന ബാലമുരളി. കവിതയും നാടക ഗാനങ്ങളുമെഴുതുന്ന ഒ എൻ വി അന്ന് ആ പേരിലാണ് സിനിമയിൽ പാട്ടെഴുതിയത്. തൂലികാനാമത്തിനു പകരം കവിയുടെ സ്വന്തം പേര് വെക്കണമെന്ന് നിർമാതാവിന് നിർബന്ധം. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് സാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുള്ള കാലം. പ്രശ്‌നം തീർക്കാൻ മുഖ്യമന്ത്രി സി അച്യുതമേനോനെ സമീപിച്ചു. വിദ്യാഭ്യാസമന്ത്രിയെ കണ്ട് അനുമതി വാങ്ങാനായിരുന്നു നിർദേശം. അനുമതിലഭിച്ചതോടെ ഗാനരചന ഒ എൻ വി എന്ന് ആദ്യമായി മുദ്രിതമായി. ഒന്നര പതിറ്റാണ്ടു മുമ്പ് പാട്ടെഴുതി തുടങ്ങിയ ഒ എൻ വിക്ക് സിനിമയിൽ സ്വന്തം പേര് വീണ്ടെടുക്കുന്നതിന് ആ പാട്ടും സിനിമയുമാണ് നിമിത്തമായത്. അതു പാടിക്കൊണ്ട് വാണിയും മലാളത്തിന്റെ സ്വന്തമായി.
ഓലഞ്ഞാലി കുരുവിയുടെ കൂട്ടിൽ
വാണിജയറാമും പി ജയചന്ദ്രനും ഒരുമിച്ചുള്ള യുഗ്മകങ്ങൾ പലതും ആസ്വാദകർ ഹൃദയത്തിലേറ്റിയവ. 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരു നീ’ അക്കൂട്ടത്തിൽ മികവുറ്റത്. പ്രായമെത്തിയ കാലത്ത് പാടിയതെങ്കിലും ഇരുവരുടെയും ശബ്ദത്തിൽ തുളുമ്പിനിന്ന യുവത്വം ആരെയും വിസ്‌മയിപ്പിക്കുന്നതായി. ആ ഗാനം മലയാളത്തിന്റെ സൂപ്പർ ഹിറ്റുകളിലൊന്ന്. വാണിജയറാം അതിന്റെ ട്രാക്ക് പാടിയത് തനിച്ചായിരുന്നു. സോളോ ഗാനമെന്ന നിലയിലാണ് താൻ പാടിയതെന്നും പിന്നീട് ഡ്യുയറ്റ് ആക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്. എങ്കിലും പെൺ‐ ആൺ സ്വരചേർച്ചയിൽ ആസ്വാദകരെ കുളിരണിയിക്കുന്ന അപൂർവ ഗാനമായി അത്. അത്രയധികം ഇണക്കത്തോടെയാണ് ഇരുവരുടെയും ശബ്ദങ്ങൾ ആ പാട്ടിൽ ലയഭംഗി തീർക്കുന്നത്. ആ പാട്ട് അവർക്കും ഏറെ ഇഷ്ടമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..