24 April Wednesday

'ഏതോ ജന്മകല്‌പനയിൽ... '

വേണു ആലപ്പുഴUpdated: Saturday Feb 4, 2023

എസ്‌ ജാനകി, പി ബി ശ്രീനിവാസ്, പി സുശീല, വാണി ജയറാം

''പ്രിയതരമാകും ഒരുനാദം
മണിനൂപുരനാദം
ഒരുകുളിർ കാറ്റിൽ വരവായ്
നിന്നെ പിരിയാനരുതാതെ...''

മലയാളിക്ക് പ്രിയതരമായ സ്‌ത്രീനാദങ്ങളിലൊന്നാണ് വാണിജയറാം. പിരിയാനരുതാത്ത ഏതോ  മണിനൂപുരനാദം കണക്കെ മുഗ്‌ധ‌വും സ്വയംപൂർണവുമായിരുന്നു ആ സ്വരം. 'ചിരകാലകാമിത സുന്ദരസ്വപ്‌ന'വും  'ചിത്രവർണപുഷ്‌പജാല'വും 'മഞ്ഞപ്പട്ടുഞൊറിഞ്ഞു വാന'വും 'ഏതോജന്മകൽപന'യും 'ഓലഞ്ഞാലിക്കുരുവി'യുമെല്ലാം 'വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി' നിൽക്കുന്ന സംഗീതം. 1970ൽ 'ബോലേ രേ പപ്പിഹരാ' എന്ന പ്രശസ്‌ത ഗാനവുമായി ഹിന്ദിചലച്ചിത്രഗാനലോകത്ത് തുടക്കം കുറിച്ച കലൈവാണി എന്ന വാണിജയറാം 'സ്വപ്‌നം' എന്ന സലിൽചൗധരി ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. 'നിന്നെ ഞാനെന്തു വിളിക്കും' എന്നു ശ്രോതാക്കളെ വിസ്‌മയം കൂറിച്ച 'സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധിക'മായിരുന്നു ആദ്യഗാനം.

ബാല്യത്തിലേ തുടങ്ങിയതാണ് വാണിയുടെ സംഗീതസപര്യ. കടലൂർ ശ്രീനിവാസ അയ്യങ്കാർ, വീട്ടിൽവന്ന് ചേച്ചിമാരെ സംഗീതം പഠിപ്പിക്കുമ്പോൾ കേട്ട് പാടും. അഞ്ചാം വയസ്സിൽ സംഗീത പഠനം തുടങ്ങി. ചെന്നൈയിലേക്ക് താമസം മാറുന്നത് നല്ലതാണെന്ന് അയ്യങ്കാർ നിർദേശിച്ചു. അവിടെയെത്തി പഠനം തുടർന്നു. അക്കാലത്ത് ചെന്നൈയിൽ കച്ചേരി നടത്തി. ഹിന്ദിസിനിമാ ഗാനം റേഡിയോയിൽ കേൾക്കുമായിരുന്നു. ലതാമങ്കേഷ്‌ക്കറാണ് ഇഷ്‌ട‌ഗായിക. അവരുടെ പാട്ടുകേട്ടാണ് സിനിമയിൽ പാടണമെന്ന മോഹമുദിച്ചത്. ഹിന്ദിസിനിമയിൽ പാടി പേരെടുക്കണമെന്നായിരുന്നു ആഗ്രഹം.

ഡിഗ്രി കഴിഞ്ഞപ്പോൾ എസ് ബി ടിയിൽ ജോലി. സെക്കന്ദരാബാദിൽ നിയമനം. കുടുംബസമേതം അങ്ങോട്ടു മാറി. അവിടെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുടുംബം മുംബൈയിലേക്ക്. വാണിജയറാം എന്ന പാട്ടുകാരിയുടെ വളർച്ചയിൽ ഭർത്താവ് ജയറാമിന്റെ പിന്തുണ വലുത്. ഹിന്ദുസ്ഥാനി പഠിക്കാൻ നിർബന്ധിച്ചതും ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനെ ഗുരുവായി കണ്ടെത്തിയതും അദ്ദേഹം. എസ് ബി ടിയിലെ ജോലി രാജിവെച്ചു. ഒരു കൊല്ലത്തോളം ഹിന്ദുസ്ഥാനി പഠിച്ച് ലൈറ്റ് കൺസേർട്ടുകൾ ചെയ്യാൻ തുടങ്ങി. വാണിയുടെ സംഗീതത്തിനുവേണ്ടി ജയറാമും ജോലി വിട്ടു.

ഋഷികേശ് മുഖർജിയുടെ 'ഗുഡ്ഡി'യിൽ പാടിയത്  സ്വപ്‌നസാഫല്യമായി. ഉസ്‌താദാണ് ഗുഡ്ഡിയുടെ സംഗീത സംവിധായകൻ വസന്ത് ദേശായിയ്‌ക്ക് പരിചയപ്പെടുത്തിയത്. വസന്ത് സംവിധായകൻ ഋഷികേശ് മുഖർജിയെയും. 70 ഡിസംബർ 22നായിരുന്നു റിക്കോർഡിങ്. ജയാബച്ചന്റെ ആദ്യ ചിത്രമായിരുന്നു ഗുഡ്ഡി. അതിലെ  'ബോലേ രേ പപ്പി ഹരാ' എന്ന പാട്ടിന് ഹിന്ദിയിൽ മികച്ച രാഗാ ബേസ്ഡ് സോങ്ങിനുള്ള ടാൻസൻ സമ്മാനം വാണിക്ക് ലഭിച്ചു. പിന്നാലെ നൗഷാദ്, ചിത്രഗുപ്‌ത്, മദൻമോഹൻജി, ജയദേവ്ജി, ആർ ഡി ബർമൻ, കല്യാൺജി‐ ആനന്ദ്ജി എന്നിവരുടെയൊക്കെ പടങ്ങളിൽ പാടി. അന്നൊരു റെക്കോഡിങ്ങിന് ചെന്നൈയിൽ ചെന്നപ്പോൾ കേരളത്തിൽനിന്ന് നിർമാതാവ് ശിവൻ ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ 'സ്വപ്നം' എന്ന ചിത്രത്തിൽ പാടാനുള്ള ക്ഷണം. 73 ഫെബ്രുവരി ഒന്നിനായിരുന്നു അത്. സംഗീത സംവിധായകൻ സലിൽ ചൗധരിയാണെന്നു കേട്ടപ്പോൾ വലിയ താൽപര്യമായി. ഒ എൻവിയുടെതായിരുന്നു വരികൾ.

മലയാളത്തിൽ സലിൽചൗധരി സംഗീതം നൽകിയ ഒട്ടുമിക്ക ഗാനങ്ങളും വാണിയാണ് പാടിയത്. വിഷുക്കണിയിലെ 'കണ്ണിൽപ്പൂവ്', മദനോത്സവത്തിലെ 'ഈ മലർക്കന്യകൾ', എയർഹോസ്റ്റസിലെ 'ഒന്നാനാം കുന്നിന്മേൽ', രാഗത്തിലെ 'നാടൻ പാട്ടിലെ മൈന', അപരാധിയിലെ 'മാമലയിലെ പൂമരം പൂത്തനാൾ', രാസലീലയിലെ 'ആയില്യം പാടത്തെ പെണ്ണേ', സെന്റ് തോമസിലെ 'ധൂ ധൂം തന ധൂം തനനനനന' തുടങ്ങിയവയെല്ലാം ആസ്വാദക പ്രിയങ്ങൾ. എം കെ അർജ്ജുനൻ‐ ശ്രീകുമാരൻ തമ്പി ടീമിന്റെ ഒട്ടേറെ പാട്ടുകളും പാടി.തിരുവോണപ്പുലരിയിൽ, എന്റെ കൈയിൽ പൂത്തിരി, തേടിത്തേടി ഞാനലഞ്ഞു, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഒരുപ്രേമലേഖനം എഴുതി മായ്ക്കും, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, സീമന്തരേഖയിൽ ചന്ദനം ചാർത്തിയ തുടങ്ങി എല്ലാം മികച്ചവ. വയലാർ, ദേവരാജൻ, പി സുശീല ടീം പോലെ അക്കാലത്ത് ശ്രീകുമാരൻ തമ്പി, എം കെ അർജ്ജുനൻ, വാണിജയറാം ടീം ഉണ്ടായിരുന്നല്ലൊ.

അന്നത്തെ എല്ലാ പ്രഗത്ഭ സംഗീത സംവിധായകരുടെയും ഗാനങ്ങൾ വാണി പാടിയിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ 'മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം', 'കാറ്റു ചെന്നു കളേബരം തഴുകി', 'ഇളംമഞ്ഞിൻ നീരോട്ടം', ദേവരാജൻ മാഷിന്റെ 'നവനീതചന്ദ്രികേ തിരിതാഴ്‌ത്തൂ', എ ആർ റഹ്മാന്റെ അച്ഛൻ ആർ കെ ശേഖറിന്റെ 'ആഷാഢമാസം', രാഘവൻ മാഷിന്റെ 'നാദാപുരം പള്ളിയിലെ', 'പൊന്നും കുടത്തിനൊരു പൊട്ടു വേണ്ടെന്നാലും', ജോയിയുടെ 'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ', എ ടി ഉമ്മറിന്റെ 'ആതിരാ പൂങ്കുരുന്നിനു താലി ചാർത്താനായ്', 'നിമിഷങ്ങൾ തോറും വാചാലമാകും', ശ്യാമിന്റെ 'നായകാ പാലകാ', 'ഓണവില്ലിൻ താളവും', എം എസ് വിശ്വാഥന്റെ 'പത്മതീർത്ഥക്കരയിൽ', 'ഏതു പന്തൽ കണ്ടാലുമത് കല്യാണപ്പന്തൽ', ജേൺസൺന്റെ 'ഏതോജന്മ കല്‌പ‌നയിൽ' തുടങ്ങിയവ ഓർമയിൽ മായാത്തവ.

വാണിയുടെ നാദമധുരിമയിൽ മലയാളത്തിന്റെ ചുണ്ടിലൂറുന്ന  കുറേ ഭക്തിഗാനങ്ങളും. അദ്വൈതാമൃതവർഷിണി, നിലവിളക്കിൻ തിരിനാളമായ് വിടർന്നു, തൃപ്രയാറപ്പാ ശ്രീരാമാ, സപ്‌തസ്വരങ്ങളാടും, ശരണം തരണമമ്മേ, അമ്മേ നാരായണാ ദേവീ നാരായണാ, തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ.. ഭക്തിലീനങ്ങളാണ് അവയുടെയൊക്കെ ആലാപനം. ബാബുരാജ് സംഗീതം നൽകിയ 'കൃഷ്‌ണ‌പ്രിയദളം കബരിയിൽ തിരുകി..' എന്ന ഗാനത്തോട് തനിക്കേറെ പ്രിയമായിരുന്നെന്ന് അവർ പറഞ്ഞിരുന്നു. ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലും ഗുജറാത്തിയിലും ഒഡിയയിലുമടക്കം പതിനായിരത്തോളം പാട്ടുകൾക്ക് സ്വരമാധുരി സമ്മാനിച്ച വാണിയെത്തേടി മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം മൂന്നു തവണ എത്തി. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും അർഹമായ അംഗീകാരങ്ങൾ നൽകി ആദരിച്ചു. മലയാളസിനിമയുടെ സുവർണ കാലത്തുവന്ന് കുറേ നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞത് 'ഏതോ ജന്മകല്‌പന'യായി അവർ കരുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top