20 April Saturday

കഥയിതു വൈശാഖം; എഴുത്തിന്റെ വഴികളെക്കുറിച്ച്‌ എൺപത്‌ പിന്നിടുന്ന വൈശാഖൻ

എ സുരേഷ്‌ sureshabhay@gmail.comUpdated: Sunday Jun 28, 2020

മനസ്സിന്റെയും പ്രകൃതിയുടെയും ലോലഭാവങ്ങളെ  കഥയിൽ ആവിഷ്‌കരിച്ച വൈശാഖന്‌ എൺപത്‌ പിന്നിടുന്നു. ദുരിതാനുഭവങ്ങളുടെ ദീർഘമായ പാളങ്ങളിലൂടെ കഠിനയാത്ര ചെയ്‌ത, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൂടിയായ കഥാകൃത്തിന്‌ ഒരുപാട്‌ പറയാനുണ്ട്‌. ബാല്യകൗമാരങ്ങളെക്കുറിച്ചും എഴുത്തിന്റെ വഴികളെക്കുറിച്ചും റെയിൽവേ ജീവിതത്തെക്കുറിച്ചും

 
മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈശാഖൻ എന്ന എം കെ ഗോപിനാഥൻനായരുടെ ജീവിതം എൺപതിലെത്തി,  ജൂൺ 27ന്‌. എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ കർമനിരതമായ ജീവിതം. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്‌  ഒരു പിറന്നാൾകൂടി നിശ്ശബ്‌ദം കടന്നുപോയി.  എന്നാൽ, മലയാളത്തിന്‌ വൈശാഖൻ സമ്മാനിച്ച നിത്യമോഹനങ്ങളായ കഥകളിൽ ജീവിതത്തിന്റെ സമകാലികത തുടിച്ചുനിൽക്കുന്നുണ്ട്‌.  പെണ്ണിന്റെ, പ്രകൃതിയുടെ നൈതിക ഭാവങ്ങളാണ്‌ മുഖമുദ്ര. വൈയക്തിക ജീവിതത്തിലെ പൊരുത്തക്കേടുകളെ സാമൂഹികതയിലെ താളഭംഗങ്ങളുമായി  അനായാസമായി കണ്ണിചേർക്കുന്ന രചനാതന്ത്രം.  അഴിമതിയുടെ, ദുരധികാരത്തിന്റെ, സ്വാർഥതയുടെ, സ്‌നേഹരാഹിത്യത്തിന്റെ മറുപുറം തേടലുകളായി മാറുന്ന ആ കഥകളെ വേദനയുടെ മന്ദഹാസങ്ങളെന്നും‌ വിളിക്കാം; എൺപതാണ്ടുപിന്നിട്ട ആ ജീവിതത്തെയും. 
 
വൈശാഖന്റെ ഭാര്യ പദ്‌മ

വൈശാഖന്റെ ഭാര്യ പദ്‌മ

? കഠിനകാലങ്ങൾ കടന്ന്‌ ജീവിതം എൺപതാണ്ടുകൾ പൂർത്തിയാക്കുന്നത്‌ ആഹ്ലാദകരമല്ലേ.
 
= ആഘോഷങ്ങൾ പതിവില്ല‌. ബാല്യത്തിൽ,  കുടുംബത്തിലെ പ്രത്യേകത കൊണ്ടാകാം, ഒരിക്കൽപോലും പിറന്നാൾ ആഘോഷിച്ചതായി ഓർമയില്ല. അക്കാലത്ത്‌ മറ്റു വീടുകളിൽ  അമ്മമാർ പിറന്നാളിന്‌ സദ്യയൊരുക്കി വിളക്കുവച്ച്‌ കുട്ടികൾക്ക്‌ വിളമ്പിക്കൊടുക്കുന്നത്‌ കണ്ടിട്ടുണ്ട്‌. അച്ഛനമ്മമാർ‌  തറവാടുകളിൽനിന്ന്‌ പിണങ്ങിപ്പിരിഞ്ഞു വന്നവരായിരുന്നു, വിവാഹത്തിന്റെ പേരിലുണ്ടായ അകൽച്ച. ഇരുവരുടെയും രണ്ടാംവിവാഹം. ആദ്യവിവാഹത്തിൽ അച്ഛന്‌ പത്തു മക്കൾ. അച്ഛന്റെ പതിനൊന്നാമത്തെയും അമ്മയുടെ രണ്ടാമത്തെയും മകനാണ്‌ ഞാൻ. വീട്ടിൽ എപ്പോഴും വഴക്കും ശണ്ഠയും‌. ആരോഗ്യവകുപ്പിൽ മിഡ്‌വൈഫായ അമ്മയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്‌ താമസവും പഠനവും പലയിടങ്ങളിലായി. ഏഴ്‌ സ്‌കൂളുകൾ. എവിടെയും അപരിചിതൻ. കൂട്ടുകാരും കുറവ്‌. മുമ്പ്‌, ആയുർദൈർഘ്യം കുറവായ കാലത്ത്‌ അറുപതും എഴുപതുമെല്ലാം വൻനേട്ടമായിരുന്നു. വൈദ്യശാസ്‌ത്രത്തിന്റെ വളർച്ച അതെല്ലാം മറികടന്നു. കഥയെഴുത്തിന്റെ അമ്പതും അറുപതും ആഘോഷിക്കുന്നവരുണ്ട്‌. എനിക്ക്‌‌, ജീവിച്ചിരിക്കുന്നു എന്നതുതന്നെ വലിയ ആഘോഷം‌.
 
പ്രാണന്റെ വിലയുള്ള പിറന്നാൾ
 
മറക്കാനാകാത്ത പിറന്നാൾ 44‐ാം വയസ്സിലേതാണ്‌. 1984 ജൂണിന്‌ തൊട്ടുമുമ്പ്‌. റെയിൽവേയിലെ അവസാന ദിനങ്ങൾ. ഷൊർണൂരിൽ സ്‌പെഷ്യൽ ഡ്യൂട്ടി‌. പുതിയ പാളം സ്ഥാപിക്കൽ. ഭാരതപ്പുഴ കടന്ന്‌ മംഗലാപുരത്തേക്കും പാലക്കാേട്ടേക്കും തിരിയുന്ന ഭാഗത്ത്‌ ടെന്റടിച്ചാണ്‌ പണി. ശക്തമായ കാറ്റും തണുപ്പും. എനിക്ക്‌ അതികഠിനമായ ആസ്‌ത്‌മയുണ്ട്‌. ക്യാബിനിലുള്ള സ്റ്റേഷൻമാസ്റ്ററോട്‌, ഞാൻ മിണ്ടാതായാൽ ആശുപത്രിയിലെത്തിക്കണമെന്ന്‌ പറഞ്ഞിരുന്നു.  കുറച്ചുകഴിഞ്ഞപ്പോൾ സംസാരിക്കാൻ വയ്യ.  ലോറി  പാളത്തിനപ്പുറത്ത്‌ നിർത്തി, സുഹൃത്ത്‌ ജോയിയാണ്‌ ആശുപത്രിയിൽ കൊണ്ടുപോയത്‌.  ആസ്‌ത്‌മ  അനുഭവിച്ചവർക്കേ അതിന്റെ ഭീകരത മനസ്സിലാകൂ. ശ്വാസം കിട്ടാതെ വരുന്ന സ്ഥിതി അത്രഗുരുതരമാണ്‌. ശരിക്കും മരണവുമായി മുഖാമുഖം. ആ പിറന്നാളിനുശേഷം ഓരോ ദിവസവും ഉണരുന്നത്‌ സന്തോഷത്തോടെയാണ്‌,  ഞാൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോർത്ത്‌.
 
?  എഴുത്തിലേക്ക്‌ തിരിയുന്ന സാഹചര്യം.
 
= ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ആദ്യം കഥയെഴുതിയത്‌, കൈയെഴുത്തു മാസികയിൽ. കഥ അച്ചടിച്ചുവന്നത്‌ പത്തുകൊല്ലം കഴിഞ്ഞ്‌, 1964ൽ. അതിനുമുമ്പ്‌ മാതൃഭൂമിക്ക്‌ അയച്ച കഥ തിരിച്ചുവന്നു, എം ടിയുടെ മറുപടിയോടെ. ഒന്നുരണ്ട്‌ കഥകളെഴുതിയ ശേഷമാണ്‌ റെയിൽവേയിൽ ജോലികിട്ടിയത്‌. പിന്നെ ലോകം മറ്റൊന്നായി. കുറേ കാലം എഴുതിയില്ല. എഴുതിത്തുടങ്ങിയത്‌ അസ്‌തിത്വവാദത്തിന്റെ ഉത്സവകാലത്ത്‌‌. അത്തരത്തിൽ എഴുതാവുന്നതായിരുന്നു എന്റെയും പശ്‌ചാത്തലം. ജോലിചെയ്‌തത്‌ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചെറിയ സ്റ്റേഷനുകളിലായിരുന്നു. ദരിദ്രരിൽ ദരിദ്രരും പാവങ്ങളുമായ മനുഷ്യരായിരുന്നു ചുറ്റുപാടും. 1969ൽ പുറത്തുവന്ന ‘നിഴൽയുദ്ധം’ മലയാളത്തിലെ ആദ്യ റെയിൽവേ കഥയെന്ന്‌  വിശേഷിപ്പിക്കപ്പെട്ടു. ഹനുമന്തത്തിന്റെ കുതിരകൾ, നൂൽപാലം കടക്കുന്നവർ തുടങ്ങിയവയും അതേ പശ്‌ചാത്തലത്തിൽ.
 
? റെയിൽവേ ജോലി സാഹിത്യ പ്രവർത്തനത്തിന്‌‌ അനുകൂലമായിരുന്നോ.
 
= ബ്രിട്ടീഷ്‌ കാലത്തെ നിയമങ്ങളാണവിടെ‌. ‘നിഴൽയുദ്ധം’ എഴുതിയ സമയത്ത്‌ പലരും പറഞ്ഞു, സ്വന്തം പേരിൽ പ്രസിദ്ധീകരിക്കേണ്ടെന്ന്‌. പുതിയ പേര്‌ വേണം.  കലണ്ടർ നോക്കിയാണ്‌ ആലോചന. വൈശാഖം‐ മാർച്ച്‌, ഏപ്രിൽമാസം. എനിക്കു ആസ്‌ത്‌മ കുറവുള്ള കാലം. അങ്ങനെ മനസ്സിൽവന്നു‐ വൈശാഖൻ. ആ പേരിൽ കഥ അച്ചടിച്ചുവന്നു.
 
വൈശാഖനും കുടുംബാംഗങ്ങളും

വൈശാഖനും കുടുംബാംഗങ്ങളും

? ഹോമോസോപിയം1, ഹോമോസോപിയം‐2 തുടങ്ങിയവയിലൊക്കെ യുക്തിബോധവും ശാസ്‌ത്രാഭിമുഖ്യവും പ്രകടം. വായനയോ സ്വാധീനങ്ങളോ ഇതിലുണ്ടായിരുന്നത്‌.
 
= വീട്ടിൽ വായനക്കാരോ പാഠപുസ്‌തകമല്ലാതെ പുസ്‌തകങ്ങളോ ഉണ്ടായിരുന്നില്ല. പിറവത്ത്‌ പഠിക്കുമ്പോഴാണ്‌ സുഹൃത്ത്‌ കുര്യാക്കോസ്‌ വായനശാലയിൽ കൂട്ടിക്കൊണ്ടുപോയത്‌. അതുവരെ അങ്ങനെയൊന്ന്‌  എനിക്കറിയില്ലായിരുന്നു. ആദ്യമായി വായിച്ചത്‌ കെ ദാമോദരന്റെ ‘മനുഷ്യൻ’. എന്റെ ലോകബോധത്തിന്‌ അടിസ്ഥാനമുണ്ടാക്കിയ പുസ്‌തകം‌. ഒമ്പതിൽ പഠിക്കുമ്പോഴാണ്‌ യുക്തിവാദി എം സി ജോസഫിനെ കാണുന്നതും അദ്ദേഹം പ്രസംഗിച്ച  യോഗത്തിൽ കേൾവിക്കാരനായതും. പെരുമ്പടവം ശ്രീധരനും ഇടമറുകുമെല്ലാം അതിൽ പങ്കെടുത്തതായി‌ അറിയുന്നത്‌ പിന്നീട്‌. ഗ്രാമീണ  സ്റ്റേഷനുകളിൽ ജോലിചെയ്‌ത കാലത്ത്‌ പുസ്‌തകം ലഭിക്കാൻ പ്രയാസപ്പെട്ടു. തമിഴ്‌നാടുമായി ബന്ധമുണ്ടായതോടെയാണ്‌ വായന തിരിച്ചുകിട്ടിയത്‌. ക്ലാസിക്കുകളും ശാസ്‌ത്ര പുസ്‌തകങ്ങളും വായിച്ചു. ഡെസ്‌മണ്ട്‌ മോറിസ്‌, റിച്ചാർഡ്‌ ഡോക്കിൻസ്‌, സ്റ്റീഫൻ ഹോക്കിങ്‌ എന്നിവരെയെല്ലാം ഇഷ്ടം.
 
? നിർമിതബുദ്ധിയും ജനിതക സാങ്കേതികതയും മനുഷ്യന്റെ ജൈവിക സങ്കൽപ്പത്തെയാകെ മാറ്റിത്തീർക്കുകയാണിപ്പോൾ. മനസ്സിന്റെ ലോലഭാവങ്ങളെയും പ്രകൃതിയെയുമെല്ലാം കഥയിൽ ആവിഷ്‌കരിച്ച താങ്കൾ  എങ്ങനെ കാണുന്നു.
 
= തമിഴ്‌നാട്‌, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ കൊച്ചു സ്റ്റേഷനുകളിൽ ജോലിചെയ്‌ത കാലത്ത്‌, സമാന്തരങ്ങളിൽ കൂട്ടിമുട്ടാതെ പോകുന്ന മനുഷ്യജീവിതവും സാങ്കേതിക പുരോഗതിയുമെന്ന യാഥാർഥ്യത്തെ മനസ്സിലാക്കാനായിട്ടുണ്ട്‌. ‘19‐ാം നൂറ്റാണ്ടിൽ ഉറങ്ങിക്കിടക്കുന്ന പ്ലാറ്റ്‌ഫോമിൽനിന്ന്‌ 21‐ാം നൂറ്റാണ്ടിലേക്ക്‌ കുതിക്കുന്ന വണ്ടിക്ക്‌ പച്ചക്കൊടി വീശുകയാണെന്ന്‌’ ഞാൻ എഴുതിയിട്ടുണ്ട്‌. ശാസ്‌ത്രവും സാങ്കേതികവിദ്യയുമെല്ലാം മനുഷ്യന്റെ ആവശ്യത്തിന്‌ ഉതകണം. എന്നാൽ മുതലാളിത്തം അതിനു തയ്യാറാകില്ല. നാനോ സാങ്കേതികതയുമെല്ലാം ഭാവിയിൽ രോഗനിർണയം നടത്താനും മരുന്ന്‌ കണ്ടെത്താനും ഉപകരിച്ചേക്കാം. എന്നാൽ ജനിറ്റിക്‌സും നിർമിതബുദ്ധിയുമെല്ലാം ‘ഫ്രാങ്കൻസ്റ്റീൻ’ സൃഷ്‌ടിപോലെ ആകാതിരിക്കണം. കൃത്രിമബുദ്ധിയുടെ അനിയന്ത്രിത കെട്ടഴിച്ചുവിടൽ ഭാവിയിൽ അപകടകരമായേക്കാമെന്ന്‌ സ്റ്റീഫൻ ഹോക്കിങ്‌ ‌ എഴുതി. ആൽഡസ്‌ ഹക്‌സിലി നേരത്തെ അത്തരമൊരവസ്ഥയെ വിഭാവനം ചെയ്‌തിരുന്നു.
 
? ശാസ്‌ത്രവും പ്രകൃതിയും മതവുമെല്ലാം പുനരാലോചനയ്‌ക്ക്‌ വിധേയമാക്കപ്പെടുന്ന കോവിഡ്‌കാല ആലോചനകൾ‌.
 
= തിരക്കുകളിൽ  മാറ്റിവച്ച  പുസ്‌തകങ്ങൾ ലോക്‌ഡൗൺ കാലത്ത്‌ വായിച്ചു. ഏറ്റവും ആകർഷിച്ചത്‌ യുവാൽ നോവ ഹരാരിയുടെ ‘സാപിയൻസ്‌’, ‘ഹോമോ ദിയൂസ്‌’, വി ജെ ജയിംസിന്റെ ‘നിരീശ്വരൻ’ എന്നിവ. ഹോമോ ദിയൂസിൽ മഹാമാരികളുടെ വരവിനെക്കുറിച്ച്‌ പറയുന്നു. സാമ്രാജ്യത്വത്തോടൊപ്പം ശാസ്‌ത്രവും പകർച്ചവ്യാധികളും ലോകസഞ്ചാരം നടത്തിയിരുന്നു. ക്യാപ്‌റ്റൻ കുക്ക്‌ 1778ൽ ഹവായ്‌ ദ്വീപുകളിൽ ചെല്ലുമ്പോൾ 50 ലക്ഷത്തോളം ആദിമനിവാസികളുണ്ടായിരുന്നു. വീനസ്‌  സൂര്യനുകുറുകെ പോകുന്നതിനെ മനസ്സിലാക്കാനായിരുന്നു യാത്ര.  ഭൗമശാസ്‌ത്രജ്ഞരും സസ്യശാസ്‌ത്രജ്ഞരും തുടങ്ങി വിഭിന്ന ശാഖകളിലെ ഗവേഷകരും അനുഗമിച്ചിരുന്നു. സംഘം മടങ്ങാനായപ്പോഴേക്കും ദ്വീപിൽ പകർച്ചവ്യാധി ബാധിച്ച്‌ തദ്ദേശീയരിൽ പകുതിയും മരിച്ചു. സാമ്രാജ്യങ്ങളോടൊപ്പമാണ്‌ മഹാമാരികളും ലോകവ്യാപനം നടത്തിയതെന്ന്‌ ഹരാരി പറയുന്നു. സ്‌പാനിഷ്‌ ഫ്ലൂ, ടൈഫോയ്‌ഡ്‌, സിഫിലിസിസ്‌ തുടങ്ങിയവ കപ്പൽകയറി വന്നതാണ്‌. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടങ്ങൾപോലും എങ്ങനെ തിരിച്ചിടപ്പെടുമെന്നാണ്‌  ‘നിരീശ്വര’നിൽ പറയുന്നത്‌.
  
? മതത്തിന്റെയും വിശ്വാസത്തിന്റെയും തിരിച്ചുവരവിനുവേണ്ടിയും വാദങ്ങൾ ഉയരുന്നുണ്ടല്ലോ.
 
= യൂറോപ്യൻ നവോത്ഥാനം പഴമയെ വിട്ട്‌ പുതിയ ചിന്തകൾക്കും ശാസ്‌ത്രത്തിനും വളരാൻ അവസരം സൃഷ്ടിച്ചപ്പോൾ നമ്മൾ ബഹുഭൂരിപക്ഷത്തിനും  അറിവ്‌ നിഷേധിച്ചു‌. പാരമ്പര്യത്തിൽ അള്ളിപ്പിടിച്ചുനിൽക്കുന്ന യാഥാസ്ഥിതികർക്ക്‌ പുതുമയെ ഉൾക്കൊള്ളാനാകില്ല. ഇന്ത്യൻ നവോത്ഥാനവും കേരളീയ നവോത്ഥാനവും പുതിയ ചിന്താഗതികൾക്ക്‌ വഴിയൊരുക്കി. മതാന്ധതയിൽനിന്ന്‌ രക്ഷപ്പെടാൻ കഴിഞ്ഞതാണ്‌ കേരളത്തിന്റെ വിജയപാഠം. അയ്യാവൈകുണ്‌ഠരും നാരായണഗുരുവും ബ്രഹ്‌മാനന്ദ ശിവയോഗിയും മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾവരെ നടത്തിയ പ്രവർത്തനങ്ങൾ പൊതുജനക്ഷേമത്തിനും ജനകീയാരോഗ്യത്തിനും നമ്മുടെ നാട്ടിൽ അടിത്തറയിട്ടു. എന്നാൽ നിയമങ്ങൾ ലംഘിച്ച്‌ കൂട്ടപ്രാർഥനകൾ നടത്തി ആ നേട്ടങ്ങളുടെ അടിത്തറ തകർക്കാൻ ശ്രമിക്കുന്നവർ ഇവിടെയുമുണ്ട്‌. ആരാധനാലയങ്ങളല്ല, ആരോഗ്യപ്രവർത്തകരും പൊലീസും ഫയർഫോഴ്‌സും ജനപ്രതിനിധികളുമാണ്‌ നമുക്ക്‌ രക്ഷയായത്‌. 
 
? ദുരിതകാലങ്ങളിലും മനുഷ്യർ ദൈവങ്ങളിൽ‌ രക്ഷതേടുന്നുണ്ട്‌.
 
= വീട്ടിലിരുന്ന്‌ പ്രാർഥിച്ചാലും മതി. അതുകൊണ്ട്‌ ദൈവങ്ങൾക്ക്‌ ഒരു പ്രശ്‌നവുമില്ല എന്നൊരു പാഠംകൂടി പഠിപ്പിച്ചു, കോവിഡ്‌കാലം. മുതലാളിത്ത രാജ്യങ്ങളിലാണ്‌ രോഗവും മരണവും ഏറ്റവും നാശം വിതച്ചത്‌. ചരിത്രത്തിന്റെ വിരുദ്ധോക്തിയാണിത്‌. മനുഷ്യൻ പ്രകൃതിയോടും ഇതരജീവികളോടും കാണിച്ച  ക്രൂരതകൾ മാപ്പർഹിക്കാത്തതാണ്‌. സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാട്‌ അൽപം പോലുമില്ലാത്ത രാജ്യങ്ങൾ കോവിഡ്‌ ഭീഷണിയിൽ തകർന്നടിയുമ്പോഴാണ്‌ കേരളം  ലോകത്തിന്റെ പ്രതീക്ഷയാകുന്നത്‌. മതാന്ധതയ്‌ക്ക്‌ പകരം മതേതര ആത്മീയതയാണ്  ഉണ്ടാകേണ്ടത്‌. അടച്ചിരിക്കാൻ ഇടമില്ലാതെ മരിച്ചുവീഴുന്ന മനുഷ്യരെ കാണാൻ അതിനേ കഴിയൂ. അല്ലെങ്കിൽ യുദ്ധങ്ങളും മഹാമാരികളും ഇനിയും കാണേണ്ടിവരും.
 
? പാളങ്ങൾ കിതയ്‌ക്കുകയും പാവങ്ങളുടെ ചോരവീണ് നനയുകയും ചെയ്യുന്ന പുതിയ കാലത്തെ മുൻ റെയിൽവേ ഉദ്യോഗസ്ഥൻ എങ്ങനെ കാണുന്നു.
 
= രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ്‌ റെയിൽവേ. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക്‌ യാത്രചെയ്യാനുതകേണ്ടത്‌. എന്നാൽ അതും അപ്രാപ്യമാകുന്നു‌. 1974ലെ റെയിൽവേ സമരകാലത്ത്‌ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്‌. വീണ്ടുമൊരു ഗ്രഹണകാലമാണ്‌ ഇന്ത്യൻ റെയിൽവേക്ക്‌ ഇന്ന്‌. പണമുള്ളവർക്ക്‌  മാറ്റിവയ്‌ക്കപ്പെടുകയാണ്‌ സർവീസുകൾ. കുടിയേറ്റത്തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ കൊണ്ടുപോയില്ല. റെയിലും റോഡും പാലങ്ങളും പണിതവർ പൊട്ടിക്കീറിയ കാലുമായി ദൂരം താണ്ടുന്ന ദാരുണ കാഴ്‌ച‌. അഭയാർഥികളാക്കപ്പെടുന്ന സ്വന്തം ജനത. ഇന്ത്യയെ നിർമിച്ചവർ‌. അവരുടെ കണ്ണീർ തുടയ്‌ക്കാൻ ഭരിക്കുന്നവർക്ക്‌ താൽപ്പര്യമില്ല. ഒരു ദിവസം, അവരുടെ  പുതിയ തലമുറ ചോദിക്കും, ഈ രാജ്യം ആരുടേതാണെന്ന്‌. അണുബോംബിനെക്കാൾ പ്രഹരശേഷിയുണ്ടാകും ആ രോഷത്തിന്‌.
 
? ‘വീട്‌ എനിക്കൊരു അഭയമല്ലായിരുന്നു’ എന്ന്‌ എഴുതിയിട്ടുണ്ട്‌. എന്നാൽ വിവാഹശേഷം അതിന്‌ മാറ്റം വന്നു എന്നു തോന്നുന്നു.
 
= ശരിയാണ്‌. പദ്‌മ ജീവിതത്തിലെത്തിയതുമുതൽ കരുതലും സ്‌നേഹവുമെന്തെന്നറിഞ്ഞു. കഠിനരോഗ കാലങ്ങളെയൊക്കെ താണ്ടി അവൾ പിന്നെയും ജീവിച്ചു, മക്കളെയും പേരക്കുട്ടികളെയും ലാളിച്ചു. 1998 ജൂണിൽ അന്തരിച്ചു. മക്കൾ പ്രവീൺ, പ്രദീപ്‌, പൂർണിമ. പ്രദീപും പൂർണിമയും മക്കളോടും മരുമക്കളോടുമൊപ്പം ബംഗളൂരുവിലും ചിറ്റൂരിലുമാണ്‌. ഞാൻ മൂത്തമകൻ പ്രവീണിനോടൊപ്പം തൃശൂരിലും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top