20 January Thursday

വാക്‌സിനുകളുടെ തലതൊട്ടമ്മ... ഡോ. ഗഗന്‍ദീപ് കാങ്‌ സംസാരിക്കുന്നു

ഡോ. ഗഗന്‍ദീപ് കാങ്‌ / ഡോ. എന്‍ മോഹന്‍ദാസ്‌Updated: Monday Dec 6, 2021

ഡോ. ഗഗന്‍ദീപ് കാങ്‌

രോഗി, വൈദ്യന്‍, മരുന്ന്,  ആശുപത്രി എന്നീ താല്‍ക്കാലിക പരിഹാരത്തില്‍ നിന്ന് പ്രതിരോധത്തില്‍ ഊന്നിയ പൊതുജനാരോഗ്യമെന്ന വലിയ പരിഹാരത്തിലേക്ക് ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ എത്തിച്ചേരാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ച ഡോ. ഗഗന്‍ദീപ് കാങ്‌ സംസാരിക്കുന്നു...

ഈ പ്രൊഫസര്‍ക്ക് എന്താണ് അധികപ്രസക്തി എന്ന് ചിന്തിക്കുന്നവര്‍  ഉണ്ടാകാം. ഇവര്‍ ഒരു സാധാരണ ഡോക്ടര്‍ അല്ല എന്നുള്ളതാണ്‌ അതിനുള്ള ഉത്തരം. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആകൃഷ്ടയായ ഗവേഷക കൂടിയാണ്.

ലോകം മുഴുവനും പടര്‍ന്നുപിടിക്കുകയും കുഞ്ഞുങ്ങളെ തെരഞ്ഞുപിടിച്ച് കൊന്നുകളയുകയും ചെയ്തിരുന്ന റോട്ടാ വൈറസ് ബാധ എന്ന ഛർദി അതിസാര  രോഗത്തിനെതിരെയുള്ള  പ്രതിരോധവുമായി  ബന്ധപ്പെട്ട ഗവേഷണത്തിലാണ്

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ്‌

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ്‌

ഇരുപത് വര്‍ഷത്തിലേറെ ഇവര്‍ മുഴുകിയത്. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കപ്പെട്ട  റോട്ടോവാക് എന്ന വാക്സിന്റെ കണ്ടെത്തലിന്  ഡോ. ഗഗന്‍ദീപ് കാങ്ങിന്റെ ഗവേഷണഫലങ്ങള്‍  വലിയ തോതില്‍ സഹായിക്കുകയുണ്ടായി. അവരുടെ സംഘത്തിന്റെ കഠിനാധ്വാനം മൂലം ഈ രോഗ ഭീകരതയും വാക്സിന്‍ ആവശ്യകതയും കൃത്യമായ കണക്കുവെച്ച്   സർക്കാരിനെ ബോധ്യപ്പെടുത്താനായി. ഇതിന്റെയൊക്കെ ഫലമായി ‘ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും, ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും’ ഭൂമിയില്‍ സന്തോഷത്തിരയിളക്കുവാന്‍ മരണവക്ത്രത്തില്‍ നിന്നും രക്ഷപ്പെട്ടുവന്ന ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 2008 ല്‍ ലോകത്ത് 4,50,000ല്‍ കൂടുതല്‍ കുട്ടികള്‍ ഈ രോഗം കാരണം മരിച്ചിട്ടുണ്ട് എന്നും ഇന്ത്യയില്‍ വര്‍ഷംതോറും ഏകദേശം ലക്ഷം കുട്ടികളാണ് ഈ വൈറസ് മൂലമുള്ള അതിസാരത്താല്‍ മരിച്ചിരുന്നത് എന്നും ഓർക്കുക.
കോവിഡ് മഹാമാരിക്കെതിരെ  വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രവർത്തകസമിതി അധ്യക്ഷയും ഡോ. ഗഗന്‍ദീപ് കാങ്ങായിരുന്നു. പിന്നീട് ഇന്ത്യാഗവണ്മെന്റ് ആ ശ്രമം ഉപേക്ഷിച്ചപ്പോള്‍ അവര്‍ സ്ഥാനം വേണ്ടെന്നുവെച്ചു. ഇപ്പോഴും കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ നമ്മുടെ രാജ്യം ശ്രദ്ധാപൂർവം കാതോര്‍ക്കുന്നത് ഡോ. കാങ്ങിന്റെ വാക്കുകള്‍ക്കാണ്‌.

ലണ്ടനിലെ റോയല്‍ സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട (2019 ല്‍) ആദ്യ ഇന്ത്യന്‍ വനിതയും രണ്ടാമത്തെ ഇന്ത്യന്‍ സിറ്റിസനുമാണ് ഡോ. കാങ്‌. ഡോ. കാങ്ങിനു മുന്നേ  ഒരാള്‍ റോയല്‍ സൊസൈറ്റിയില്‍ എത്തിയത്  180 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു (1841ല്‍).  2016 ലെ  ലൈഫ്സയന്‍സില്‍ ഇന്‍ഫോസിസ് അവാര്‍ഡും ഡോ. കാങ്ങിനായിരുന്നു.
മാർക്‌സിസ്്‌റ്റ്്‌ സൈദ്ധാന്തികനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. വി അരവിന്ദാക്ഷന്‍ മാഷിന്റെ സ്മരണാർഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കാൻ തൃശൂരിൽ എത്തിയതായിരുന്നു അവർ.

പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം ഗഗൻദീപ്‌ കാങ്്‌,  എം എ ബേബിയിൽ നിന്ന്‌ സ്വീകരിക്കുന്നു

പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം ഗഗൻദീപ്‌ കാങ്്‌, എം എ ബേബിയിൽ നിന്ന്‌ സ്വീകരിക്കുന്നു

രോഗി, വൈദ്യന്‍, മരുന്ന്,  ആശുപത്രി എന്നീ താല്‍ക്കാലിക പരിഹാരത്തില്‍ നിന്ന് പ്രതിരോധത്തില്‍ ഊന്നിയ പൊതുജനാരോഗ്യമെന്ന വലിയ പരിഹാരത്തിലേക്ക് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ  എത്തിച്ചേരാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഡോ. ഗഗന്‍ ദീപ്‌ കാങ്‌ സംസാരിക്കുന്നു:

? കോവിഡില്‍ നിന്ന് തുടങ്ങാം എന്ന് തോന്നുന്നു. കോവിഡ് തരംഗം ശാന്തമാവുകയാണോ അതോ മൂന്നാം തരംഗം ഉണ്ടാവുമോ. അങ്ങനെയൊന്നുണ്ടായാല്‍ കേരളത്തിന് മറ്റു സംസ്ഥാനങ്ങളെക്കാള്‍  കൂടുതല്‍ ആഘാത  സാധ്യതയുണ്ടോ.

 = വളരെ ശക്തമായാണ് കേരളം ഈ പാൻഡമിക്കിനെ നേരിടാന്‍ തുടങ്ങിയത്. ആദ്യ കേസ് കേരളത്തില്‍ ആയിരുന്നു. പിന്നീട് ലോക്ക് ഡൌണ്‍   വന്നപ്പോളും മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് കേരളം കൈകാര്യം ചെയ്തത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയും ടെസ്റ്റുകളുടെ എണ്ണം കുത്തനെ കൂട്ടിയും കാര്യങ്ങള്‍ എങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത് ആ വഴിയിലൂടെ തന്നെയാണ് പോകുന്നത് എന്ന് കേരളം ഉറപ്പുവരുത്തിയിരുന്നു.

പ്രൊഫ. വി അരവിന്ദാക്ഷൻ

പ്രൊഫ. വി അരവിന്ദാക്ഷൻ

കേരളത്തിന്റെ വിജയം തുടര്‍ന്ന് നടത്തിയ സീറോളജി സർവേയില്‍ പ്രതിഫലിച്ചു. ഇന്ത്യയില്‍ നടത്തിയ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും സർവേകളില്‍ ഒരു കാര്യം  വ്യക്തമായി തെളിഞ്ഞിരുന്നു, കേരളത്തില്‍ വൈറസ് ബാധ ഉണ്ടായ ആളുകളുടെ ശതമാനം ഇന്ത്യയുടെ മറ്റു ഭാഗങ്ങളെക്കാള്‍ വളരെ താഴെയായിരുന്നു. മറ്റു പലയിടങ്ങളിലും 67 ശതമാനവും ചിലപ്പോള്‍ 80 ശതമാനം വരെയും ആയിരുന്നപ്പോള്‍ കേരളത്തില്‍ 40 ന് മുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം തന്നെ ചെയ്യേണ്ട വിധമാണ് ചെയ്തിരുന്നത് എന്നതിന്റെ തെളിവായിരുന്നു ഇത്.

ജൂൺ ജൂലൈ മാസത്തിലെ കാര്യമാണ് ഇത്. രണ്ടാമത്തെ കാര്യം, കൂടുതല്‍ കേസുകള്‍ വരുമ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ്. കേസുകള്‍ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യണം. ടെസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ കേസുകളുമില്ല. കേരളം  മറ്റു സംസ്ഥാനങ്ങളെ ക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്തിരുന്നു. അത് മാത്രമല്ല കേരളത്തിന്റെ ടെസ്റ്റിങ്‌ രീതി വൈറസ് ബാധ കൂടുതല്‍ ഉള്ള ഇടങ്ങളെ പ്രത്യേകം ഉന്നം വെച്ചുള്ളതായിരുന്നു. അതുകൊണ്ടുതന്നെ വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള സാധ്യതയും കൂടുതലായിരുന്നു.

വാസ്തവത്തില്‍ കേരളം എല്ലാം ശരിയായിട്ടാണ് ചെയ്തുകൊണ്ടിരുന്നത്. നൂറു ശതമാനവും കുറ്റമറ്റതായിരുന്നോ എന്ന് ചോദിച്ചാല്‍ ഒരു സ്ഥലവും അങ്ങനെ കുറ്റമറ്റതായിട്ടുണ്ടായിരുന്നില്ല; പാശ്ചാത്യനാടുകള്‍ പോലും. ജൂണ്‍ ജൂലൈ വരെ  കേരളം ഒന്നാന്തരം ഇടപെടലാണ് നടത്തിയത്. അതിനു ശേഷം കൂടുതല്‍ കേസുകള്‍ കാണാന്‍ തുടങ്ങി. കൂടുതല്‍ ഉയര്‍ന്ന ടെസ്റ്റിങ്‌ ശതമാനവും, കേസുകള്‍ കൂടുതല്‍ കണ്ടത്തി രേഖപ്പെടുത്തുന്നതും, രോഗം പകരാന്‍ സാധ്യതയുള്ളവരുടെ എണ്ണക്കൂടുതലും, എല്ലാവര്‍ക്കും വേണ്ടതായ  വാക്സിനുകളുടെ അഭാവവും ഒക്കെയായിരുന്നു അതിന്റെ കാരണങ്ങള്‍.

കേരളത്തിലെ ക്ലാസ് മുറികളിലെ   അധ്യയനം

കേരളത്തിലെ ക്ലാസ് മുറികളിലെ അധ്യയനം

ഇപ്പോള്‍ നമ്മുടെ കയ്യില്‍ കേരള സീറോ സർവേയുടെ ഫലം ഉണ്ട്.  കേരളത്തില്‍ 85 ശതമാനം സീറോ പോസിറ്റിവിറ്റി ആയിട്ടുണ്ട് ഇപ്പോള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആണ് ഈ മാറ്റം വന്നിട്ടുള്ളത്. അതായത് വാക്സിനേഷന്‍ ഇപ്പോള്‍ നന്നായി നടക്കുന്നുണ്ട് എന്നർഥം.അതുകൊണ്ട് ഒരു മൂന്നാം തരംഗം ഉണ്ടായാല്‍ തന്നെയും  പുതുതായ വൈറസ് വ്യതിയാനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍  നിങ്ങളുടെ മുതിര്‍ന്നവരില്‍ 85 ശതമാനം സീറോ പോസിറ്റിവ് ആയതുകൊണ്ട് കോവിഡ് ഏതെങ്കിലും വിധത്തില്‍ അധിക കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.

എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ എനിക്ക് ചെറിയ ഉല്‍ക്കണ്ഠ ഉണ്ട്. കേരളത്തിലെ കുട്ടികള്‍ 40 ശതമാനം മാത്രമേ സീറോ പോസിറ്റിവ് ആയിട്ടുള്ളൂ. മറ്റിടങ്ങളില്‍ അത് 60 ശതമാനം ആണ് (ജൂണില്‍). അതുകൊണ്ട് സ്കൂളുകളില്‍ ടെസ്റ്റ് ചെയ്‌താല്‍ വൈറസ് ബാധിതരെ കൂടുതലായി കണ്ടെത്താന്‍ സാധ്യത ഉണ്ട്. അതിനു വേണ്ടി  കരുതിയിരിക്കുന്നത് നന്നായിരിക്കും. കുട്ടികള്‍ വലിയ തോതില്‍ അസുഖബാധിതര്‍ ആകും എന്ന് ഇതിനു അർഥമില്ല. അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് കരുതുന്നില്ല.

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ്‌

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ്‌

? ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ആദ്യമായി, 2002 ല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് SARS– COV1(സാര്‍സ് – കോവി 1)  എന്ന മഹാമാരി ആയിരുന്നു. അത്  ചൈനയില്‍ ആയിരുന്നു. വവ്വാലുകളില്‍ നിന്നും മനുഷ്യരില്‍ എത്തിയ വൈറസ് ആയിരുന്നു അതിന്റെയും രോഗഹേതു. ഒരു വർഷം കൊണ്ട് ആ  മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞു  .  ഇപ്പോഴിതാ SARS – COV 2  (സാര്‍സ് – കോവി 2) എന്ന  കോവിഡ് 19 എത്തിയിരിക്കുന്നു. അടിക്കടി പ്രത്യക്ഷപ്പെടുന്ന ഇത്തരം മഹാമാരികളില്‍ നിന്ന് മനുഷ്യകുലം എന്തെങ്കിലും പഠിക്കുന്നുണ്ടോ?  ജനിതകമാറ്റത്തിനും (Mutation ) കൂടിക്കലരുകള്‍ക്കും (Recombination) വിധേയമാകാന്‍ പാകത്തിന് വവ്വാലുകളുടെ ഉള്ളില്‍ ധാരാളം വൈറസ്സുകളുണ്ടുതാനും. അപ്പോള്‍ ഏതുനിമിഷം വേണമെങ്കിലും വേറൊരു മഹാമാരി അശനിപാതം കണക്കെ വീണ്ടും ഭൂമിയില്‍  പതിച്ചുകൂടെ.

= SARS-COV  ഒന്നും രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടെന്ന് ഞാന്‍ കരുതുന്നു. SARS-COV 1  ല്‍ രോഗലക്ഷണങ്ങളുള്ള വൈറസ് ബാധിതനായ വ്യക്തിയില്‍ നിന്നുമാത്രമേ രോഗം പകരുമായിരുന്നുള്ളു. എന്നാല്‍ SARS-COV 2  ല്‍ (കോവിഡ് 19) രോഗലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകര്‍ അവരറിയാതെ രോഗം പരത്തുമായിരുന്നു. ആകെ 800 മരണങ്ങളും 8000 ത്തോളം കേസുകളും മാത്രമേ SARS-COV 1  ല്‍ ഉണ്ടായിട്ടുള്ളൂ. കാരണം ഒരാള്‍ക്ക്‌ അസുഖം വന്നു എന്നറിഞ്ഞാല്‍ അയാളെ മാറ്റിപ്പര്‍പ്പിക്കുക എളുപ്പമായിരുന്നു.

 കൊവിഡില്‍ വൈറസ് ബാധിതര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ ആരെ മാറ്റി നിര്‍ത്തും? കോവിഡ് 19, SARS-COV 1 നെ അപേക്ഷിച്ച് അപകടം കുറവുള്ളതായത് നമ്മുടെയൊക്കെ ഭാഗ്യം. ഇതില്‍ നിന്നെല്ലാം നമ്മള്‍ എന്തു പഠിച്ചു എന്ന് ചോദിച്ചാല്‍ വളരെ പെട്ടെന്ന് വാക്സിന്‍ ഉണ്ടാക്കാന്‍ പഠിച്ചു എന്ന് ഉത്തരം. ഇരുപത് വര്‍ഷം മുമ്പ് ആയിരുന്നെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ല. 10 മാസം കൊണ്ട് വാക്സിന്‍ ഉണ്ടാക്കിയെടുക്കാന്‍ ശാസ്ത്രത്തിനു ഇപ്പോള്‍ കഴിയുന്നുണ്ട്. ഇത് ഭാവിയില്‍ സംഭവിച്ചേക്കാവുന്ന മഹാമാരികളിലും ഗുണം ചെയ്യും. ഭാവിയില്‍ ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ല എന്ന് കരുതുന്നത് മൗഢ്യമാണ്. ഇത്തരം മഹാമാരികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായേക്കാവുന്ന  25 തരം വൈറസ്സുകളെങ്കിലും നിലവില്‍ ഉണ്ട് എന്ന് നാം മനസ്സിലാക്കണം. അവക്കെതിരെ നാം കരുതിയിരിക്കേണ്ടതുണ്ട്.

? ഇപ്പോഴുള്ള ഈ മഹാമാരിക്ക് എന്തു സംഭവിക്കും. പൂർണമായും കെട്ടടങ്ങുമോ. അതോ ഇതൊരു സ്ഥിരസാന്നിധ്യമായി (Endemic) നമ്മുടെ ഇടയില്‍ തന്നെ കാണുമോ.

= ഇതൊരു Endemic  ആയി മാറും എന്നാണു ഞാന്‍ കരുതുന്നത്. SARS-COV1  നെ പോലെ ഇതിനെയും പൂർണമായും തുടച്ചുനീക്കാന്‍ കഴിയുമെന്ന് തുടക്കത്തില്‍ ചിലര്‍ വിചാരിച്ചിരുന്നു. അതിശക്തമായ രോഗവ്യാപന നിയന്ത്രണ പരിപാടികളിലൂടെ SARS COV1 ല്‍ അത് സാധ്യമായി. എന്നാല്‍ കോവിഡ് 19 ല്‍ അത് നടക്കില്ല. ഇതൊരു Endemic ആയി ഇവിടെ തുടരും.

? എന്തുകൊണ്ട് മഹാമാരികള്‍... ആരാണ്  തെറ്റുകാര്‍.

= മനുഷ്യര്‍. ഇത് പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ മഹാമാരി. മനുഷ്യര്‍ കാലാവസ്ഥയെ പൂർണമായും മാറ്റിമറിക്കുകയാണ്. നോക്കൂ, കാലം തെറ്റി പെയ്യുന്ന മഴ കണ്ടില്ലേ? വേനല്‍ പ്രതീക്ഷിക്കുന്ന സമയത്ത് പ്രളയം ഉണ്ടാകുന്നു. നമ്മള്‍ ഈ ഭൂഗോളത്തെ ചൂടുപിടിപ്പിക്കുന്നു, ഭൂമിയെ, ജലത്തെ, വായുവിനെ ഒക്കെ മലീമസമാക്കുന്നു. നൂറു വര്‍ഷം കൊണ്ട് നമ്മള്‍ അത്രയേറെ നാശമുണ്ടാക്കിയിട്ടുണ്ട്. ഒരർഥത്തില്‍ പ്രകൃതിയുടെ തിരിച്ചടിയാണിത്‌.

? വാക്‌സിനുകളെക്കുറിച്ച് എന്തുകൊണ്ടാണ് ഇത്രയേറെ രാജ്യാന്തര അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്. ചില രാജ്യങ്ങള്‍ ചില വാക്സിന്‍ അംഗീകരിക്കുന്നില്ല. വാക്സിന്‍ ശാസ്ത്രനിർമിതമല്ലേ. ശാസ്ത്രം എല്ലായിടത്തും ഒന്നല്ലേ. ഗുണനിലവാരത്തെക്കുറിച്ചുള്ള സംശയങ്ങള്‍ മാത്രമാണോ ഇതിനുള്ള കാരണം.

= വലിയ തോതിലുള്ള ദേശീയവാദം ഇതിനു പുറകില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. തങ്ങളുടെ  വാക്സിന്‍ ആണ് ഏറ്റവും നല്ലത് എന്ന വാദം ഓരോ രാജ്യത്തിനും ഉണ്ട്. അമേരിക്ക, യു കെ യോട് പറയും നിങ്ങളുടെ ആസ്‌ട്രസെനിക്ക ഞങ്ങള്‍ ഉപയോഗിക്കില്ല. വാസ്തവത്തില്‍ യുകെ ക്ക് സ്വന്തമായി വാക്സിന്‍നിർമാണശാല ഇല്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ നിർമാണസാമഗ്രികള്‍ മൊത്തമായി ആസ്ത്രസെനിക്കക്ക് കൊടുക്കുന്നത്. യുകെ മറ്റൊരു വാക്സിനും ഉപയോഗിക്കില്ല, ചൈനീസ് വാക്സിന്‍ അവര്‍ക്ക് വേണ്ട. ഓരോ വാക്സിനുകള്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം.

? നമുക്ക് ധാരാളം  ഡോക്ടര്‍മാരുണ്ട്. പക്ഷേ, താങ്കളെ പോലെ ഗവേഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ കുറവാണ്.  എന്തുകൊണ്ട് ഇത് സംഭവിക്കുന്നു. കൂടുതൽ പേരും പണത്തിനും പ്രതാപത്തിനും പുറകെ പോകുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്.

= ഇന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ പോലും പഠിപ്പിക്കുന്നത് ജനങ്ങള്‍ ഇന്ന്  അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ അവരെ എങ്ങനെ സഹായിക്കാം എന്നാണ്. ഒരു വര്‍ഷമോ പത്തുവര്‍ഷമോ അപ്പുറത്ത് ഉണ്ടായേക്കാവുന്ന ഒരു പ്രശ്നത്തിന് എന്തു പരിഹാരം കാണും എന്നല്ല. ആ ചിന്തയാണല്ലോ ഗവേഷണത്തിലേക്ക് നയിക്കുന്നത്. നിങ്ങള്‍  പ്രശ്നം എന്തെന്ന് അറിയണം. അതിനു ഭാവിയില്‍ എന്തു പരിഹാരം വേണ്ടിവരും എന്ന് കാണണം. പക്ഷേ, നിങ്ങളെ  പഠിപ്പിക്കുന്നു  നിങ്ങള്‍ ഇന്ന്, ഇപ്പോള്‍, സേവിച്ചാല്‍ മതി.നിങ്ങള്‍ പണമുണ്ടാക്കാനായി സേവിച്ചാലും ജീവകാരുണ്യപ്രേരിതരാ യി സേവിച്ചാലും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഈ  ചിന്താഗതി മാറിയാലേ കൂടുതല്‍ ആളുകള്‍ ഗവേഷണ തല്‍പ്പരരാകൂ.

? അത് മാത്രമാണോ കാരണം. ആധുനികവൈദ്യത്തിന്റെ പ്രയോക്താക്കള്‍ ആയിട്ടുള്ള ഇന്ത്യന്‍ ഡോക്ടര്‍മാർ എത്രമാത്രം ആധുനികര്‍ ആണ്.  അവരെ ഗവേഷണ വിമുഖര്‍ ആക്കുന്നത് ശാസ്ത്രീയവീക്ഷണത്തിന്റെ (Scientific temper)  കുറവുകൊണ്ട്‌ കൂടി ആയിക്കുടെ.

ഡോ. ഗഗന്‍ദീപ് കാങ്‌

ഡോ. ഗഗന്‍ദീപ് കാങ്‌

=  ദൈനംദിന ചികിത്സകളില്‍  നമ്മുടെ ഡോക്ടര്‍മാർ കറകളഞ്ഞ ശാസ്ത്രം തന്നെയാണോ   പ്രയോഗിക്കുന്നത്? ചിലര്‍ വൈദ്യ തുടർ  വിദ്യാഭ്യാസത്തില്‍ സ്വയമേവ വ്യാപൃതരാവുകയും തന്റെ മേഖലയിലെ നൂതന  കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്.  മറ്റു ചിലര്‍ എംബിബിഎസ്‌ കാലത്ത് പഠിച്ച അറിവുകള്‍ വെച്ച് ചികിത്സിക്കുന്നതില്‍  പൂർണ തൃപ്തി അടയുന്നവരാണ്. നമ്മുടെ മെഡിക്കല്‍ കോളേജുകള്‍, ഉയര്‍ന്ന തുടര്‍ വൈദഗ്്‌ധ്യം  നേടുന്നതിനു  വേണ്ടിയോ  ലൈസെന്‍സ് പുതുക്കുന്നതിനുവേണ്ടിയോ ആവശ്യപ്പെടുന്നില്ല. വൈദ്യശാസ്ത്രത്തിന്  അതിന്റെ പ്രയോക്താക്കളെ  എങ്ങനെ നിരന്തരം പഠനോത്സുകരാക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. ഗവേഷണം മറ്റൊരു വെല്ലുവിളി ആണ്. അതിനു കുറെ സമയവും  (Protective time)കൂടുതല്‍ ആളുകളും (Critical mass) ആവശ്യമുണ്ട്. ഇവിടെ ഒരാള്‍ ഒറ്റയ്ക്ക് ഒരു കാര്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍ അമേരിക്കയില്‍ അതേ കാര്യത്തില്‍ 200 പേര്‍ വ്യാപരിക്കുന്നുണ്ടാകും. ആരായിരിക്കും പുരോഗമിക്കുക?

അതുതന്നെയാണ്്. എന്തുമാത്രം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്‌ അല്ലെങ്കില്‍ എളുപ്പമാണ് ഇന്ത്യയില്‍ മെഡിക്കല്‍ ഗവേഷണം നടത്തുക എന്നത്. നമ്മുടെ ജനങ്ങളുടെയും  സര്‍ക്കാരിന്റെയും  ഇതിനോടുള്ള മനോഭാവം ഏതു തരത്തില്‍ ആണ്.

= ഇന്ത്യയിലെ മെഡിക്കല്‍ ഗവേഷണത്തെക്കു റിച്ച് പറയുമ്പോള്‍ അതിനുള്ള സര്‍ക്കാര്‍ വക പണംമുടക്കിനെ (Funding)  ക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. മൂന്നുവര്‍ഷത്തേക്കുള്ള ഒരു പ്രോജക്റ്റ് ആണ് നിങ്ങള്‍ക്ക് കിട്ടുക.  ഇരുപതു വര്‍ഷം കൊണ്ട് ലക്ഷ്യം കാണാനിടയുള്ള ഒരു ഗവേഷണം നടത്താനാണ് തുനിയുന്നതെങ്കില്‍ അത് ഈ മൂന്ന് വര്‍ഷ കാലാവധിയില്‍ നടക്കില്ല. അപ്പോള്‍ നിങ്ങള്‍ അതിനെ മൂന്ന് വര്‍ഷത്തേക്കുള്ള പല പ്രൊജെക്ടുകള്‍ ആക്കി മുറിക്കണം. അഥവാ ചെറു കഷ്ണങ്ങള്‍ ആയി മുറിക്കാവുന്ന വലിയ പ്രശ്നങ്ങള്‍ മാത്രമേ ഒരാള്‍ക്ക്‌ ഗവേഷണത്തിനായി തെരഞ്ഞെടുക്കാന്‍ കഴിയൂ.

അത് പല രീതിയില്‍ ഗവേഷണപുരോഗതിയെ തടയും. വലിയപ്രശ്നപരിഹാരത്തിന് വലിയ ഗവേഷണപദ്ധതികളും വലിയ വിഭവശേഷിയും വേണ്ടിവരും. പക്ഷേ, നമ്മുടെ ഗവര്‍മെന്റിന്  ഈ രീതിയാണ് താല്പര്യം. കുറച്ച് അവിടെ, കുറച്ച് ഇവിടെ, കുറച്ച് മറ്റൊരിടത്ത്.

? ഇന്ത്യന്‍ ശാസ്ത്ര ഗവേഷണരംഗത്ത് സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം എത്രമാത്രം നിലനില്‍ക്കുന്നുണ്ട്.

=   ലിംഗ വിവേചനത്തിന്റെ പ്രശ്നം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അത് ശാസ്ത്ര രംഗത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും ആണ് എനിക്ക് തോന്നുന്നത്. ഇത് സമൂഹത്തില്‍ എല്ലായിടത്തുമുണ്ട്. സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം വേണമെന്നും അവരും തൊഴില്‍ വിപണിയില്‍ ഉണ്ടാകണമെന്നും ഒരു സമൂഹം ചിന്തിക്കുകയാണെങ്കില്‍ സമൂഹത്തിലും ശാസ്ത്ര രംഗത്തും സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെടും. സ്ത്രീകള്‍ കുറേപ്പേര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും അത് പിന്നീട് ഉപയോഗശൂന്യമായിപ്പോകുന്നു. അവരില്‍ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നുണ്ടെന്നു നമുക്കൊക്കെയും നന്നായറിയാം. അതിനു കാരണക്കാര്‍ സ്ത്രീകളല്ലെന്നും സാമൂഹ്യഘടനയാണ് അവരെക്കൊണ്ടു അത് ചെയ്യിക്കുന്നതെന്നും നമുക്കറിയാം.

? ശുദ്ധ ജലം, പരിസരശുചിത്വം എന്നിവ റോട്ട വൈറസ് വ്യാപനത്തെ  തടയുന്നില്ല എന്ന്   താങ്കള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. അതായത് രോഗപ്രതിരോധത്തില്‍ ഏറ്റവും വലിയ പങ്കുള്ളത് വക്സിനുകള്‍ക്ക് മാത്രം ആണ് എന്നാണു അതിന്റെ അര്‍ഥം. ഇത് റോട്ട വൈറസിനു മാത്രം ബാധകമായതാണോ അതോ എല്ലാ സാംക്രമിക രോഗങ്ങള്‍ക്കും ബാധകമാണോ.

= നമ്മുടെ കുടൽ വഴി വരുന്ന എല്ലാ വൈറസ്സുകള്‍ക്കും ബാധകമാണ്. വാക്സിനുകള്‍ ഇല്ലാതെ വൈറസുകളെ ചെറുക്കുക വളരെ പ്രയാസമാണെന്ന് പൊതുവില്‍ പറയാം.കുടലുവഴിയും ശ്വാസനാളം വഴിയും പകരുന്ന (Respiratory and Enteric )  വൈറസ്സുകളെ ജലം വഴിയോ പരിസരശുചിത്വം വഴിയോ തടയാനാകില്ല. അതുകൊണ്ടാണല്ലോ അമേരിക്ക റോട്ട വൈറസ് വാക്സിന്‍ ഉപയോഗിക്കുന്നത്. ഏറ്റവും നല്ല വെള്ളവും, പരിസരവും അവര്‍ക്ക് ഉള്ളതല്ലേ.അവരാണ് വാക്സിന്‍ ആദ്യം ഉപയോഗിച്ചത്.

ഇന്ത്യയില്‍ റോട്ട വൈറസ്‌ ബാധ കുഞ്ഞുങ്ങളെ കൊല്ലുമ്പോള്‍ അമേരിക്കയില്‍ അത് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ആക്കുകയെ ചെയ്യുന്നുള്ളൂ. അതൊഴിവാക്കാനാണ് അവര്‍ വാക്സിന്‍ ഉപയോഗിക്കുന്നത്. വൈറസ്സുകള്‍ വലിയ ‘ജനാധിപത്യവാദികള്‍’ ആണ്. അവ എല്ലാവരെയും ഒരുപോലെ കൈകാര്യം ചെയ്യും. ബാക്ടീരിയയെ നല്ല വെള്ളവും നല്ല പരിസരവും കൊണ്ട് ചെറുക്കാം.അവിടെ വാക്സിന്‍ മാത്രം മതിയാവുകയും ഇല്ല. അവയ്ക്ക്  എല്ലാ കാലത്തും വാക്സിന്‍ വേണ്ടിവരില്ല. നല്ല വെള്ളവും പരിസരശുചിത്വവും ഏര്‍പ്പെടുത്താനായാല്‍ വാക്സിന്‍ പിൻവലിക്കാം.

?  ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, കോവിഡ് വൈറസ് ഉണ്ടാക്കിയ ജീവിത ദുരിതങ്ങള്‍ കുറയ്്‌ക്കുന്നതിനുവേണ്ടി ഇന്ത്യക്ക് കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നുണ്ടോ.

ഡോ. ഗഗൻദീപ്‌ കാങ്ങും ഡോ. എൻ മോഹൻദാസും അഭിമുഖത്തിനിടെ

ഡോ. ഗഗൻദീപ്‌ കാങ്ങും ഡോ. എൻ മോഹൻദാസും അഭിമുഖത്തിനിടെ

= ഇന്ത്യാ ഗവര്‍മെന്റ്  ജനങ്ങളെ കുറേക്കൂടി വിശ്വാസത്തില്‍ എടുക്കണമായിരുന്നു. മുകളില്‍ നിന്നും താഴേക്ക്‌ അടിച്ചേല്‍പ്പിക്കുന്നപോലുള്ള നടപടികൾ ഒഴിവാക്കണമായിരുന്നു.

എല്ലാത്തിനെയും ഒരു ക്രമസമാധാനപ്രശ്നം എന്ന നിലയില്‍ കാണാതെ പൊതുജനാരോഗ്യ പ്രശ്നമായി കാണണമായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ഇടപെടുവിച്ചിരുന്നു എങ്കില്‍ വൈറസ് വ്യാപനം കുറെക്കൂടി എളുപ്പത്തില്‍ തടയാമായിരുന്നു.

ഉദാഹരണത്തിന് കേരളത്തില്‍ നിങ്ങള്‍ വലിയ തോതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് അത് ചെയ്തത്. രാജ്യത്തിന്റെ മറ്റൊരിടത്തും അത് നടന്നില്ല. മഹാമാരിയെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിനു ചെയ്യാന്‍ കഴിഞ്ഞതും മറ്റു സംസ്ഥാനങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതും തമ്മിലുള്ള വ്യത്യാസം അതാണ്‌.

? ഈ മഹാമാരിക്കാലത്ത്  താങ്കള്‍ കേരളത്തെ നിരീക്ഷിച്ചുവരികയാണല്ലോ. കേരളത്തിന്റെ ഇടപെടലുകളെ അംഗീകരിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ  ഭാവി ആരോഗ്യനയ രൂപീകരണത്തിനു എന്തു ഉപദേശമാണ് കൊടുക്കുക. കോവിഡ് നിയന്ത്രണത്തിനു മാത്രമല്ല, മറ്റു ആരോഗ്യവിഷയങ്ങളിലും എന്തുതരം പ്രവര്‍ത്തനമാണ് കേരളം ചെയ്യേണ്ടത് .

= കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതകള്‍ എപ്പോഴുമുണ്ടല്ലോ. കേരളത്തില്‍ എല്ലാം ഭദ്രമായിരുന്നു എന്നൊന്നും അർഥമില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നും സാധാരണ കാണാത്ത ഡിഫ്ത്തീരിയയുടെ വ്യാപനം കേരളത്തില്‍  നടക്കുന്നുണ്ട്. അതുകൊണ്ട് പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള അവബോധവും അവയെക്കുറിച്ചുള്ള നിരന്തര പഠനവും, അവക്കെതിരെയുള്ള നിയന്ത്രണമാർഗങ്ങള്‍ കൊണ്ടുവരുന്നതിന്നും ആ  നിയന്ത്രണമാർഗങ്ങളുടെ പ്രയോഗക്ഷമത മനസ്സിലാക്കുന്നതിനും സഹായിക്കും. അതുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട വിവരശേഖരണ സംവിധാനവും,കൂടുതല്‍ ആവര്‍ത്തിച്ചുള്ള  നിരീക്ഷണവും,  പലകുറി പരിശോധിച്ചുറപ്പിക്കപ്പെടേണ്ട രോഗപ്രതിരോധനയ സമീപനങ്ങളും (Strategy) ആണ്‌ കേരളത്തിനു ഇനി വേണ്ടത്   .

(ദേശാഭിമാനി വാരികയിൽ നിന്ന്‌)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top