27 February Tuesday

നൂറായിരം ഓർമകൾ

കെ വി സുധാകരൻUpdated: Friday Oct 20, 2023

100 വയസ്സിന്റെ ചരിത്ര പൂർണിമ. അതിൽ ആദ്യ 15 വർഷവും കഷ്ടജീവിതത്തിന്റെ കണ്ണീർ ദിനങ്ങൾ. പിന്നീട് എട്ടു പതിറ്റാണ്ടിലേറെ സമരഭരിതമായ സഞ്ചാരത്തിന്റെ കയറ്റിറക്കങ്ങൾ. ഒടുവിൽ ആൾക്കൂട്ടങ്ങളിലും ആരവങ്ങളിലുംനിന്നെല്ലാം ഒഴിഞ്ഞ് നാലുവർഷമായി തുടരുന്ന വിശ്രമജീവിതം. ഒക്‌ടോബർ 20ന് 100 വയസ്സ് പൂർത്തിയാക്കുന്ന വി എസ് എന്ന രണ്ടക്ഷരം കൊണ്ട് പാർടി പ്രവർത്തകരും മലയാളികളും സ്നേഹാദരവുകൾ ചൊരിയുന്ന വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദന്റെ ജീവിതത്തിന്റെ ചുരുക്കം ഇങ്ങനെ.

എങ്ങനെയാണ് വി എസ് 100 വയസ്സിന്റെ പൂർണതയിലേക്ക് എത്തിയത്? ജീവിതത്തിലെയും പോരാട്ടങ്ങളിലെയും സംഘർഷങ്ങളെയും സംത്രാസങ്ങളെയും എങ്ങനെ അതിജീവിച്ചു? കൗതുകകരവും ഒപ്പം ആവേശഭരിതവുമാണ് ആ ജീവിതത്തിന്റെ മുന്നേറ്റത്തിന്റെ പടവുകളത്രയും. അനിതര സാധാരണമായ ഇച്ഛാശക്തിയും പോരാട്ടവീറുമാണ് വി എസിന്റെ വഴികളിൽ ഊർജവും ഇന്ധനവും നിറച്ചത്. വേണ്ടത്ര തിരിച്ചറിവ് ഉണ്ടാകുന്നതിനുമുമ്പുതന്നെ നിലച്ചുപോയ വിദ്യാഭ്യാസം. ജീവിതായോധനത്തിനായി ബ്രിട്ടീഷ് സായിപ്പിന്റെ കയർ ഫാക്ടറിയിൽ തള്ളിനീക്കിയ തൊഴിലാളി ജീവിതം. അതിനിടയിൽ സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ളയുമായുള്ള കണ്ടുമുട്ടൽ. അവിടെനിന്നു തുടങ്ങി വി എസിന്റെ പൊതുജീവിതം. അത് പിന്നീട് കുട്ടനാട്ടിലെ നിസ്സ്വരരായ കർഷകത്തൊഴിലാളികളുടെ ജീവിതപാ-ഠങ്ങളിലേക്ക് കനലായും കരുത്തായും മുന്നേറി. അത്‌ അവരെ നെഞ്ചുനിവർത്തി തലയുയർത്തി അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കെൽപ്പുള്ളവരാക്കി. കെഎസ്‌കെടിയു എന്ന, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരുടെ കരുത്തുറ്റ സമര സംഘടനയായി അതു വളർന്നു. 

ചരിത്രം കോരിത്തരിച്ച പുന്നപ്ര വയലാർ സമര സംഘാടകരിൽ ഒരാളാണ്‌ വി എസ്‌. ഒളിവ് ജീവിതവും പൊലീസ് പിടികൂടലും അസ്ഥികൾപോലും പിളരുന്ന തരത്തിലുള്ള ലോക്കപ്പ് മർദനവും. മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നെ കേസ്, ജയിൽ. ഇത്തരം പ്രതിസന്ധികളെല്ലാം വി എസ്‌ കരുത്താക്കി മാറ്റി. ഒരു ജീവിതത്തിൽത്തന്നെ പല ജീവിതത്തിന്റെ പൊതു ഇടപെടൽ പ്രായോഗികമാക്കി. പാർടി നേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്നിങ്ങനെ കേരളത്തിൽ ഒരാൾക്ക് ചെന്നെത്താനാകുന്ന  പദവികളും പാർടി അദ്ദേഹത്തിന് നൽകി.

ജീവിതചര്യകളിലെ ചിട്ടകൾ വി എസിന്റെ പ്രത്യേകതയാണ്‌. കർശനമായ വ്യായാമം, മിതമായ ഭക്ഷണം, ഇടവേളകളില്ലാത്ത പൊതുജീവിതം. ജനങ്ങൾക്കിടയിൽ നിറയാൻ സ്വന്തമായ ഭാഷയും സംസാരരീതിയും വികസിപ്പിച്ചെടുത്തു. അക്ഷരശുദ്ധിയും ഭാഷാപ്രയോഗങ്ങളിലെ കയറ്റിയിറക്കങ്ങളും ഊന്നലുകളും താളക്രമങ്ങളും ഫലപ്രദമായി കോർത്തിണക്കി. പണിയെടുക്കുന്ന മനുഷ്യരുടെ ജീവിത പരിസരങ്ങളിൽനിന്ന് പെറുക്കിയെടുത്ത പദപ്രയോഗങ്ങൾകൊണ്ട് പ്രസംഗ വിസ്മയങ്ങൾ തീർത്തു. രാഷ്ട്രീയ എതിരാളികളുടെ നെഞ്ച്‌ പൊള്ളിക്കുംവിധം വിമർശമുന്നയിച്ചു. "തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം' എന്ന കവിതാശകലം ചൊല്ലി എതിരാളികളുടെ കണ്ണുതുറപ്പിച്ചു. രാജ്യത്തിനുവേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചെന്നു പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കാൻ നോക്കിയ നരേന്ദ്ര മോദിയെ ‘അതുകൊണ്ട് മോദിയുടെ കുടുംബം രക്ഷപ്പെട്ടു. പക്ഷേ, രാജ്യം കുളംതോണ്ടി’ എന്ന് പരിഹസിച്ചു. മലയാള മനോരമ ഉൾപ്പെടെ മാധ്യമങ്ങൾക്ക്‌ അവരുടെ വേദികളിൽചെന്ന് മറുപടിനൽകി. കർഷക പോരാട്ടത്തെ വെട്ടിനിരത്തലെന്ന്‌ അപഹസിച്ചവരെക്കൊണ്ടുതന്നെ, നെൽവയൽ സംരക്ഷണ സമരമായിരുന്നു അതെന്ന് പറയിപ്പിച്ചു.

ആധുനിക സാങ്കേതികവിദ്യയുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയും പ്രചാരകൻകൂടിയായിരുന്നു വി എസ്‌. കൊച്ചി സ്മാർട്ട് സിറ്റി ദുബായ് കമ്പനിക്ക് തീറെഴുതാനുള്ള അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ നീക്കത്തെ ചെറുത്തുതോൽപ്പിച്ചു. പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വിളക്കിച്ചേർത്തു. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്ന നിലയിൽ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടാകുംവരെ വി എസ്‌ സമരപഥങ്ങളിൽ നിറഞ്ഞുനിന്നു. ഇടവേളകൾ അറിയാത്ത ആ പോരാട്ട ജീവിതത്തിലെ അവസാനത്തെ പ്രസംഗം 2019 ഒക്ടോബർ 23ന് പുന്നപ്ര പറവൂർ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയതായിരുന്നു.

പുന്നപ്ര – വയലാർ സമരത്തിന്റെ 73–ാം വാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബർ 23ന്  പുന്നപ്ര രക്തസാക്ഷിദിന  പൊതുസമ്മേളനം പറവൂർ രക്തസാക്ഷി മണ്ഡപത്തിൽ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം) ഫോട്ടോ: ഷിബിൻ ചെറുകര

പുന്നപ്ര – വയലാർ സമരത്തിന്റെ 73–ാം വാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബർ 23ന് പുന്നപ്ര രക്തസാക്ഷിദിന പൊതുസമ്മേളനം പറവൂർ രക്തസാക്ഷി മണ്ഡപത്തിൽ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം) ഫോട്ടോ: ഷിബിൻ ചെറുകര

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top