24 April Wednesday
ഭൂട്ടോവരെ അടുപ്പക്കാർ

പാകിസ്ഥാനിലെ ആദ്യ അട്ടിമറി ലോകത്തെ അറിയിച്ചത്‌ വി പി ആർ

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


കൊച്ചി
വടക്കാഞ്ചേരി വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്ന  വി പി ആറിന്റെ ജീവിതകഥ അത്യപൂർവമായ ഇച്ഛാശക്തിയുടെയും കർമോത്സുകതയുടെയും പാഠങ്ങൾ പകരുന്നതാണ്‌. ഗുമസ്‌തനായി ആരംഭിച്ച്‌ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള പത്രപ്രവർത്തകരിൽ ഒരാളായി മാറിയ വി പി ആർ ലോകനേതാക്കളുമായിപ്പോലും ബന്ധം സ്ഥാപിച്ചു.

പഠനശേഷം മിലിട്ടറി അക്കൗണ്ട്‌സിൽ ലോവർ ഡിവിഷൻ ക്ലർക്കായാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്‌. പിന്നീട്‌ അസോസിയറ്റഡ് പ്രസ് ഓഫ് ഇന്ത്യ (എപിഐ) എന്ന വാർത്താ ഏജൻസിയുടെ പുണെ ഓഫീസിൽ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. എപിഐയുടെ സ്ഥാനത്ത് പിടിഐ ആയതോടെ പത്രപ്രവർത്തകന്റെ വേഷമണിഞ്ഞു. 1951ലെ പൊതുതെരഞ്ഞെടുപ്പിൽ പിടിഐയുടെ ഡൽഹിയിലെ ഇലക്‌ഷൻ ഡെസ്‌കിലായിരുന്നു ആദ്യ നിയമനം.

1956ൽ പഞ്ചാബിലേക്ക് നിയമിക്കപ്പെട്ടു. പിന്നാലെ പാകിസ്ഥാനിലെ ലാഹോറിൽ വിദേശകാര്യ ലേഖകനായി. 1958ൽ ലാഹോറിൽ ജോലി ചെയ്യുന്ന കാലത്താണ്‌ ജനറൽ അയൂബ്ഖാന്റെ നേതൃത്വത്തിൽ പട്ടാള വിപ്ലവം നടക്കുന്നത്‌. വിദേശ പത്രലേഖകർക്ക്‌ എന്തു വാർത്തയും കർശനമായ പരിശോധനയും സെൻസറിങ്ങും കഴിഞ്ഞശേഷമേ അയക്കാൻ പറ്റൂ എന്നതായിരുന്നു അവസ്ഥ. എന്നാൽ ഈ സംഭവം എങ്ങനേയും പുറംലോകത്തെ അറിയിക്കണമെന്ന്‌ വിപിആർ ആഗ്രഹിച്ചു. ആ രാത്രി തന്നെ ഒരു സൈക്കിളിൽ പാക്കിസ്ഥാൻ ടൈംസിന്റെ ഓഫീസിൽ ചെന്ന്‌ അച്ചടിച്ച പത്രം വാങ്ങി. അധികാരമാറ്റത്തെ സംബന്ധിച്ച പട്ടാള അധികാരികളുടെ ഔദ്യോഗിക പത്രക്കുറിപ്പ്‌ അതിലുണ്ടായിരുന്നു. അതിൽ തന്നെ ആവശ്യമായ വെട്ടലും കൂട്ടിച്ചേർക്കലുമൊക്കെ നടത്തി വിപിആർ പുറംലോകത്തിനാവശ്യമായ വാർത്ത തയ്യാറാക്കി. അന്ന്‌ ലാഹോൽ നിന്ന്‌ ഇന്ത്യയിലേക്ക്‌  ദിവസവും ഒരു വിമാനം വന്നുപോയിരുന്നു. ഇന്ത്യൻ എയർലൈൻസ്‌ മാനേജരെ വിളിച്ചുണർത്തി കാര്യങ്ങൾ ധരിപ്പിച്ച്‌ പത്രം ഏല്പിച്ചു. മാനേജരിൽ നിന്നും വിമാനത്തിന്റെ പൈലറ്റ്‌ വഴി അത്‌ ഡൽഹിയിലെ പിടിഐ ഓഫീസിലുമെത്തി. വാർത്ത പുറംലോകമറിഞ്ഞു.

1964ൽ പിടിഐ വിട്ട് യുഎൻഐയിൽ ചേർന്നു. 1965 മുതൽ 1971 വരെ യുഎൻഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജരായി. 1978ൽ യുഎൻഐ വിട്ട് മാതൃഭൂമിയിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ പി കേശവമേനോൻ 1979ൽ അന്തരിച്ചപ്പോൾ പത്രാധിപരായി. 1984ൽ മാതൃഭൂമിയിൽനിന്ന് രാജിവച്ചു. 1989ൽ പ്രസ് അക്കാദമിയുടെ കോഴ്‌സ് ഡയറക്ടറായി. 1992ൽ ചെയർമാനും. ഇന്ത്യ-–-ചൈന യുദ്ധം, ബംഗ്ലാദേശ് പ്രശ്‌നം, വിയറ്റ്‌നാം യുദ്ധം എന്നിവയും റിപ്പോർട്ട്‌ ചെയ്‌തു. ഇന്ത്യ-–-ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമിലാണ്‌ യുദ്ധമുന്നണിയിൽനിന്ന് റിപ്പോർട്ട് ചെയ്തത്‌.
 

ഭൂട്ടോവരെ അടുപ്പക്കാർ
രാജ്യാതിർത്തികൾ തടസ്സമില്ലാതെ എന്നും സ്‌കൂപ്പുകൾക്കൊപ്പം തലയെടുപ്പോടെനിന്ന അപൂർവം പത്രപ്രവർത്തകരിലൊരാൾ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിമുതൽ പുതുതലമുറവരെ വി പി ആർ എന്ന്‌ വിളിക്കുന്ന വി പി രാമചന്ദ്രന്റെ സത്യനിഷ്ഠ, വിശ്വാസ്യത, ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള പ്രതിബദ്ധത ആർക്കും മാതൃകയാണ്‌. വിസ്മയിപ്പിക്കുന്ന ഒട്ടനവധി അനുഭവങ്ങളുടെ പരമ്പരയായിരുന്നു ആ ജീവിതം.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഏതെങ്കിലും ജോലിക്കായി പുണെക്ക്‌ വണ്ടികയറിയ വി പി ആർ, ദേശീയ വാർത്താ ഏജൻസിയായ പിടിഐയുടെ ടെലിപ്രിന്റർ ഓപ്പറേറ്ററായി. അവിടെനിന്ന്‌ കഠിന പ്രയത്നത്താലാണ്‌ രാജ്യത്തെ പത്രപ്രവർത്തകരുടെ മുൻനിരയിലേക്കുയർന്നത്‌. പിടിഐയിൽനിന്ന്‌ യുഎൻഐയിലേക്ക്‌ മാറിയ വി പി ആർ പിന്നീട്‌ ‘മാതൃഭൂമി’യിലെത്തി.
ഗതാഗതസൗകര്യങ്ങൾപോലുമില്ലാത്ത അസമിലും ഇന്ത്യ–--ചൈന യുദ്ധകാലത്ത്‌ പട്ടാളവേഷത്തിൽ പട്ടാളത്തിനൊപ്പം സഞ്ചരിച്ച്‌ യുദ്ധരംഗത്തും ആഭ്യന്തരകലാപങ്ങൾ സ്ഥിരമായ പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളിലും ജോലി ചെയ്തു. പിടിഐയുടെ വിദേശകാര്യലേഖകനായിരിക്കെയാണ്‌ പത്രലോകത്ത്‌ ശ്രദ്ധേയനായത്‌. ആറുവർഷം പാകിസ്ഥാനിൽനിന്ന്‌ വി പി ആർ റിപ്പോർട്ട്‌ ചെയ്തു. സാധാരണക്കാർമുതൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിലുള്ളവർവരെ സൗഹൃദം സ്ഥാപിക്കാനായി. പാക്‌പത്രങ്ങൾക്കും വാർത്ത നൽകും. പാക്‌ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയായിരുന്നു സുഹൃത്തുക്കളിൽ ഏറ്റവും അടുത്തയാൾ.

വി പി ആർ ഇന്ത്യയിൽ തിരിച്ചെത്തി കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ഇന്ദിരാഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള പത്രലേഖകനായി. ബംഗ്ലാദേശ്‌ പ്രശ്നത്തെച്ചൊല്ലി ഇന്ത്യ–-പാക്‌ സംഘർഷം നിലനിൽക്കുന്ന കാലത്ത്‌ സോവിയറ്റ്‌ യൂണിയനിൽ സന്ദർശിച്ചു. ഉഗാണ്ടയിലെ സ്വേച്ഛാധിപതി ഈദി അമീൻ അഭിമുഖം നൽകിയ അപൂർവം പത്രലേഖകരിലൊരാളായിരുന്നു വി പി ആർ. 1969ലെ കോൺഗ്രസ്‌ പിളർപ്പിന്റെ കാലത്ത്‌ ഇരുഭാഗത്തേയും വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ നൽകി. അടിയന്തരാവസ്ഥയെ എതിർത്ത വി പി ആറിനെ തരംതാഴ്ത്തി സാധാരണ റിപ്പോർട്ടറാക്കാനും ഡൽഹിയിൽനിന്ന്‌ മാറ്റാനും യുഎൻഐ ഡയറക്ടർ ബോർഡിനുമേൽ സമ്മർദമുണ്ടായി. ഇൻഡസ്ട്രിയൽ റിപ്പോർട്ടർ എന്ന സ്ഥാനം ഏറ്റെടുത്ത്‌ പുതിയ വാർത്തകൾ സൃഷ്ടിച്ചു. അങ്ങനെ ഇന്ത്യൻ പത്രരംഗത്ത്‌ വികസനോന്മുഖ ജേർണലിസം എന്ന ശാഖയ്‌ക്കും തുടക്കമായി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾമൂലം അംഗീകാരങ്ങൾക്കൊപ്പംതന്നെ എതിർപ്പുകളും നേരിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top