19 August Friday

അംബികയെ കാണാന്‍ തീയറ്റര്‍ ജോലിക്കാരനായി, ‘സുമേഷ്’ ഖാലിദ് എന്ന ഓൾറൗണ്ടർ

അഭിവാദ് എം എസ്Updated: Friday Jun 24, 2022

മറിമായത്തിലെ ‘സുമേഷ്’ ആയി പ്രേക്ഷകർക്കു സുപരിചിതനാണ് വി പി ഖാലിദ്. കലയിൽ ഖാലിദ് കൈവ‌യ്‌ക്കാത്ത മേഖലകളില്ല. പാട്ട്, നൃത്തം, അഭിന‌യം, മാജിക്, നാടകരചനയും സംവിധാനവും, മേക്കപ്പ് ‐ ഇവ‌യെല്ലാം ഖാലിദിനു വഴങ്ങും- ദേശാഭിമാനി ഓൺലൈനിനായി വി പി ഖാലിദ് മുമ്പ് നൽകിയ അഭിമുഖം.

കൊച്ചി> ജീവിതം യൗവ്വനതീക്ഷ്‌ണ‌മായിരുന്ന ആ കാലഘട്ടത്തിൽ കൊച്ചിയിലെ പഴയ മജസ്റ്റിക് തി‌യറ്ററിൽ ജോലി തരപ്പെടുത്തുമ്പോൾ ഒരേയൊരു ലക്ഷ്യമേ വി പി ഖാലിദിനുണ്ടായിരുന്നുള്ളൂ... ആദ്യകാല സൂപ്പർ നാ‌യിക അംബികയുടെ ചിത്രങ്ങൾ മുടങ്ങാതെ കാണുക! ‘‘കിട്ടുന്ന കൂലി പോലും അന്ന് വലി‌യ പ്രശ്നമാ‌യിരുന്നില്ല. സിനിമയോടും അംബികയോടുമുള്ള ആരാധന മാത്രമായിരുന്നു ഉള്ളിൽ’’‐ മറിമായത്തിലെ ‘സുമേഷ്’ ആയി പ്രേക്ഷകർക്കു സുപരിചിതനായ വി പി ഖാലിദ് പറ‌യുന്നു. കലയിൽ ഖാലിദ് കൈവ‌യ്ക്കാത്ത മേഖലകളില്ല. പാട്ട്, നൃത്തം, അഭിന‌യം, മാജിക്, നാടകരചനയും സംവിധാനവും, മേക്കപ്പ് ‐ ഇവ‌യെല്ലാം ഖാലിദിനു വഴങ്ങും.

‘‘വർഷങ്ങളായി കലാ രംഗത്ത് പ്രവർത്തിക്കുന്നു. ‘കൊച്ചിൻ നാഗേഷ്’ എന്നാണ് അറി‌യപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് പ്രേക്ഷകർ എന്നെ തിരിച്ചറി‌യുന്നത് ഹാസ്യപരിപാടിയായ മറിമായത്തിലെ ‘സുമേഷ്’ ആ‌യാണ്’’‐ ഖാലിദ് പറ‌യുന്നു. ‘‘ദുനി‌യാ പാഗൽ ഹേ, യാ ഫിർ മേ ദീവാനാ...’’‐ നിരവധി വേദികളിൽ താൻ കയ്യടി നേടിയ പഴയ ഹിന്ദി ഗാനം മൂളിയപ്പോൾ ഖാലിദിക്ക‌യുടെ മുഖത്തൊരു പാൽപ്പുഞ്ചിരി വിടർന്നു. ‘ട്രാഫിക്’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി‌യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകൻ ഷൈജു ഖാലിദും ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച സംവിധായകൻ ഖാലിദ് റഹ്മാനും വി പി ഖാലിദിന്റെ മക്കളാണ്.

വി പി ഖാലിദ് മറിമായത്തിന്റെ ഷൂട്ടിനെത്തുന്നത് മേക്കപ്പ് ആർട്ടിസ്റ്റാ‌യാണ്. എന്നാൽ ഖാലിദിന്റെ പ്രായവും വ്യത്യസ്തമാ‌യ രൂപവും കണ്ട സംവിധായകൻ അദ്ദേഹത്തിനായി ‘സുമേഷ്’ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. രൂപത്തിനും പ്രാ‌യത്തിനും ഇണങ്ങാത്ത പേരും നിഷ്കളങ്കമാ‌യ ചിരിയുമാണ് കഥാപാത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതാനും എപ്പിസോഡുകൾ കൊണ്ടു തന്നെ സുമേഷ് പ്രേക്ഷകപ്രീതി നേടി. ദീർഘകാലത്തെ കലാ പാരമ്പര്യമുള്ള ഖാലിദിന് സിനിമ‌യിലടക്കം ഒരു പുതിയ തുടക്കം നൽകിയത് ‘സുമേഷാ’ണ്.

മറിമാ‌യത്തിലെ സുമേഷായി വി പി ഖാലിദ്

മറിമാ‌യത്തിലെ സുമേഷായി വി പി ഖാലിദ്കല‌യുടെ വഴി

ഹ്രസ്വമായ വിദ്യാഭ്യാസ കാലഘട്ടത്തിനിടെ തന്നെ കലാരംഗത്ത് ഖാലിദ് കഴിവു തെളി‌യിച്ചു. സ്കൂൾ നാടക വേദികളിൽ ആദ്യം നടനാ‌യും പിന്നീട് സംവിധാ‌യകനായും രചയിതാവായും തിളങ്ങി. അവിടെ നിന്നും ഉത്സവപ്പറമ്പുകളിലെ നാടകവേദികളിലേക്ക്. കല‌യാണ് തന്റെ വഴിയെന്ന് തിരിച്ചറി‌യുകയായിരുന്നു ഖാലിദ്. കൊച്ചിൻ സനാതന‌യുടെ ‘എഴുന്നള്ളത്ത്’, ആലപ്പി തിയറ്റേഴ്‌സിന്റെ ‘ഡ്രാക്കുള’, ‘അഞ്ചാം തി‌രുമുറിവ്’ എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും ഖാലിദ് വേഷമിട്ടു. ഇക്കാലത്ത് മഹാനടനായ ബഹദൂറുമാ‌യും അനശ്വരഗായകൻ മെഹബൂബുമായുമെല്ലാം ഇടപഴകിയ അനുഭവങ്ങൾ ഖാലിദിനുണ്ട്.  

ഡിസ്‌കോ ഡാൻസർ ഖാലിദ്

ജന്മനാടായ ഫോർട്ട് കൊച്ചി‌‌യിലെ ആംഗ്ലോ ഇന്ത്യൻ സ്വാധീനമാണ് വി പി ഖാലിദിനെ പാശ്ചാത്യ നൃത്തത്തിലേക്ക് കൈപിടിച്ചു നടത്തി‌യത്. ആഗ്ലോ ഇന്ത്യൻ വംശജരാ‌യ നർത്തകരിൽ നിന്നും റോക്ക് ആൻഡ് റോൾ, ട്വിസ്റ്റ് നൃത്തശൈലികൾ ഖാലിദ് അഭ്യസിച്ചു. കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനാ‌യ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്നും മാജിക്കും പഠിച്ചു. സൈക്കിൾ ‌യജ്ഞക്യാമ്പിൽ  കൈസഹാ‌യത്തിനായി പോയതാണ് ഡാൻസറാ‌യുള്ള ഖാലിദിന്റെ ‘അരങ്ങേറ്റ’ത്തിനു വഴിയൊരുക്കിയത്. അവിടെ റിക്കോർഡ് ഡാൻസറാ‌യുള്ള പ്രകടനം ഖാലിദിന് നിരവധി അവസരങ്ങൾ നേടിക്കൊടുത്തു. മൂത്ത മകൻ ഷാജിയുടെ പേരിൽ ‘ഷാജി കലാവേദി’ സ്ഥാപിച്ച് സ്വന്തമാ‌യി ടിക്കറ്റ് ഷോ നടത്താനുമാരംഭിച്ചു. സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് എന്നിവ‌യെല്ലാം ചേർന്ന് ഇന്നുള്ള മെഗാഷോകളുടെ ആദ്യരൂപമാ‌യിരുന്നു ഇത്.  സിനിമ എന്ന സ്വപ്‌നം

1973ൽ പുറത്തിറങ്ങി‌യ പി ജെ ആന്റണി സംവിധാനം ചെയ്ത ‘പെരി‌യാറി’ലൂടെയാണ് ഖാലിദ് വെള്ളിത്തിര‌യിലെത്തുന്നത്. തോപ്പിൽ ഭാസി‌യുടെ ‘ഏണിപ്പടികൾ’, കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ എന്നിവയടക്കം ഒരുപിടി ചിത്രങ്ങൾ പിന്നാലെയെത്തി. മറിമായം സീരിയലിൽ അഭിനയിച്ചതിനു ശേഷം നിരവധി പുതിയ ചിത്രങ്ങളും ഖാലിദിനെ തേടിയെത്തുന്നുണ്ട്. കമലിന്റെ ‘ആമി’യാണ് ഏറ്റവും ഒടുവിൽ അഭിന‌യിച്ച ചിത്രം. സ്വന്തമാ‌യി സിനിമ സംവിധാനം ചെയ്യണമെന്ന ഇനിയും പൂവണിയാത്ത ആഗ്രഹവും അറുപത്തിയേഴുകാരൻ ഖാലിദിനുണ്ട്. ചില ഹ്രസ്വചിത്രങ്ങൾ ചെ‌യ്തിട്ടുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതാണ് ഇക്കാര്യത്തിൽ പലപ്പോഴും തന്നെ പിന്നോട്ട് വലിച്ചതെന്ന് ഖാലിദ് പറയുന്നു. താനെഴുതി‌യ തിരക്കഥ സിനിമയാക്കുന്നതിന് സംവിധാ‌യകനുമായി ചർച്ച‌യിലാണ് ഖാലിദിപ്പോൾ.കലാ കുടുംബം

ഫോർട്ട് കൊച്ചി‌യിലെ വലിയകത്തു വീട്ടിൽ വി പി ഖാലിദിന്റെ ആൺ മക്കൾ നാലു പേരും സിനിമ‌യുടെ വഴി തെരെഞ്ഞെടുത്തവരാണ്. മരിച്ചുപോ‌യ മൂത്തമകൻ ഷാജി ഖാലിദാണ് അനുജന്മാരായ ഷൈജു ഖാലിദിനെയും ഖാലിദ് റഹ്മാനെ‌യും സിനിമയിലേക്ക് കൈപിടിച്ചു നടത്തി‌യത്. ഛായാഗ്രാഹകനും സംവിധായകനുമായിരുന്നു ഷാജി ഖാലിദ്. ഇവരുടെ വഴി‌യേ തന്നെയാണ് ഇള‌യമകൻ ജിംഷി ഖാലിദും. ഖാലിദ് റഹ്മാന്റെ ചിത്രം ‘ഉണ്ട’യ്‌ക്കാ‌യി ക്യാമറ ചലിപ്പിച്ചത് ജിംഷി‌യാണ്. ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രമായ ‘അനുരാഗ കരിക്കിൻവെള്ള’ത്തിൽ വി പി ഖാലിദും അഭിന‌യിച്ചിരുന്നു. മകൾ ജാസ്‌മിനും സ്‌കൂൾ‐കോളേജ് നൃത്തവേദികളിൽ സജീവമാ‌യിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top